യാക്കോബ് 4:1-11
യാക്കോബ് 4:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്ന്? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ? നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല. നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല. വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നുവോ? എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോട് എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുത്; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.
യാക്കോബ് 4:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ഇടയിൽ കലഹങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എന്തുകൊണ്ട്? നിങ്ങളുടെ അവയവങ്ങളിൽ പോരാട്ടം നടത്തുന്ന ഭോഗേച്ഛയല്ലേ അതിനു കാരണം? നിങ്ങൾ മോഹിക്കുന്നതു പ്രാപിക്കുന്നില്ല; അതുകൊണ്ട് നിങ്ങൾ കൊല്ലുന്നു. നിങ്ങൾ അത്യധികമായി ആഗ്രഹിക്കുന്നെങ്കിലും നേടുവാൻ കഴിയുന്നില്ല. അതുകൊണ്ട് നിങ്ങൾ ശണ്ഠ കൂടുകയും പോരാടുകയും ചെയ്യുന്നു. നിങ്ങൾക്കു വേണ്ടതു ലഭിക്കാത്തത് ദൈവത്തോടു ചോദിക്കാത്തതുകൊണ്ടാണ്. നിങ്ങൾ അപേക്ഷിച്ചിട്ടും കിട്ടാതിരിക്കുന്നത് നിങ്ങളുടെ ഭോഗങ്ങളിൽ ചെവിടേണ്ടതിനു ദുരാഗ്രഹത്തോടെ യാചിക്കുന്നതുകൊണ്ടാണ്. അവിശ്വസ്തരായ ജനമേ! ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? അതുകൊണ്ട് ലോകത്തിന്റെ മിത്രമാകുവാൻ ആഗ്രഹിക്കുന്ന ഏതൊരുവനും തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു. ‘നമ്മിൽ കുടികൊള്ളുന്ന ആത്മാവ് തീവ്രമായ ആഗ്രഹങ്ങളോടുകൂടിയതാണ്’ എന്ന വേദലിഖിതം വൃഥാകഥനമാണെന്നു വിചാരിക്കുന്നുവോ? ദൈവമാകട്ടെ വളരെയധികം കൃപാവരം നല്‌കുന്നു. അതുകൊണ്ടാണ് ‘ദൈവം അഹങ്കാരികളെ എതിർക്കുകയും എളിയവർക്കു കൃപാവരം അരുളുകയും ചെയ്യുന്നു’ എന്ന് എഴുതിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ ദൈവത്തിനു വിധേയരാക്കുക; പിശാചിനോടു ചെറുത്തു നില്‌ക്കുക; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തെ സമീപിക്കുക; എന്നാൽ ദൈവവും നിങ്ങളുടെ അടുത്തുവരും. പാപികളേ! നിങ്ങളുടെ കരങ്ങൾ വെടിപ്പാക്കുക; കപടഭക്തരേ! നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുക. നിങ്ങൾ ദുഃഖിച്ചു വിലപിച്ചു കരയുക. നിങ്ങളുടെ ചിരി കരച്ചിലായും, സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ മുമ്പിൽ നിങ്ങൾ താഴുക; എന്നാൽ അവിടുന്നു നിങ്ങളെ ഉയർത്തും. സഹോദരരേ, നിങ്ങൾ അന്യോന്യം ദുഷിക്കരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ നിയമസംഹിതയെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു. നീ നിയമത്തെ വിധിക്കുന്നവനാണെങ്കിൽ അതിനെ അനുസരിക്കുന്നവനല്ല, പ്രത്യുത വിധികർത്താവാണ്.
യാക്കോബ് 4:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങളുടെ ഇടയിൽ കലഹവും തർക്കവും എവിടെനിന്ന് വന്നു? അത് നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗതാല്പര്യങ്ങളിൽ നിന്നല്ലയോ? നിങ്ങൾ ആഗ്രഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും നേടുന്നില്ല; നിങ്ങൾ കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കാത്തതുകൊണ്ട് പ്രാപിക്കുന്നില്ല. നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗതാല്പര്യങ്ങൾക്കായി ചെലവിടേണ്ടതിന് തെറ്റായി യാചിക്കുകകൊണ്ട് ഒന്നും ലഭിക്കുന്നില്ല. വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവൻ ദൈവത്തിന്‍റെ ശത്രുവായി തന്നത്താൻ ആക്കുന്നു. “അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നു” എന്നു തിരുവെഴുത്ത് വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ട് “ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുകയും താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിൻ; വിലപിക്കുകയും ദുഃഖിക്കുകയും കരയുകയും ചെയ്യുവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. സഹോദരന്മാരേ, അന്യോന്യം കുറ്റപ്പെടുത്തരുത്; തന്‍റെ സഹോദരനെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നവൻ ന്യായപ്രമാണത്തെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രെ.
യാക്കോബ് 4:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ? നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല. നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല. വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ? എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.
യാക്കോബ് 4:1-11 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളുടെ മധ്യത്തിൽ സംഘട്ടനങ്ങളും കലഹങ്ങളും ഉണ്ടാകാൻ എന്താണു കാരണം? നിങ്ങളുടെ ഉള്ളിൽ പോരാടുന്ന ദുർമോഹങ്ങളിൽനിന്നല്ലേ അവ ഉണ്ടാകുന്നത്? ആഗ്രഹിക്കുന്നവ ലഭിക്കാതെ വരുമ്പോൾ നിങ്ങൾ കൊലപാതകംവരെ ചെയ്യുന്നു; ഒട്ടേറെ മോഹിച്ചിട്ടും കിട്ടാതെ വരുമ്പോൾ കലഹിക്കുന്നു, സംഘട്ടനം നടത്തുന്നു. നിങ്ങൾക്കു ലഭിക്കാതെ പോകുന്നതിന്റെ കാരണമോ; ദൈവത്തോട് അപേക്ഷിക്കുന്നില്ല എന്നതാണ്. നിങ്ങൾ യാചിക്കുന്നെങ്കിലും ലഭിക്കുന്നില്ല; കാരണം, സുഖഭോഗങ്ങൾക്കുവേണ്ടി ചെലവിടണം എന്ന ദുരുദ്ദേശ്യത്തോടെയാണ് നിങ്ങൾ യാചിക്കുന്നത്. അപഥസഞ്ചാരികളേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു. “നമ്മിൽ വസിക്കാനായി, ദൈവം അയച്ച ആത്മാവ് തന്നോടുള്ള പ്രതിബദ്ധത മറ്റാരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല” എന്നു തിരുവെഴുത്തു പറയുന്നത് നിരർഥകമോ? ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്, “ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു” എന്നു തിരുവെഴുത്തു പറയുന്നത്. അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക. വിലാപത്തോടെ ദുഃഖിച്ചു കണ്ണുനീരൊഴുക്കുക; നിങ്ങളുടെ ആഹ്ലാദം ദുഃഖമായും ആനന്ദം വിഷാദമായും തീരട്ടെ. കർത്തൃസന്നിധിയിൽ വിനയാന്വിതരായിരിക്കുക, അപ്പോൾ കർത്താവ് നിങ്ങളെ ഉയർത്തും. സഹോദരങ്ങളേ, പരസ്പരം അപവാദം പറയരുത്. സഹോദരങ്ങൾക്കു വിരോധമായി സംസാരിക്കുകയോ അവരെ വിധിക്കുകയോ ചെയ്യുന്ന ആൾ ന്യായപ്രമാണത്തിനു വിരുദ്ധമായി സംസാരിക്കുകയും അതിനെ വിധിക്കുകയുംചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുമ്പോൾ നീ അതിനെ പാലിക്കുകയല്ല, അതിന്റെ വിധികർത്താവായി മാറുകയാണ്.