യാക്കോബ് 3:2-10
യാക്കോബ് 3:2-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ട് അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ. കപ്പലും എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അങ്ങനെതന്നെ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; നാവും ഒരു തീ തന്നെ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതി ലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിനു തീ കൊളുത്തുകയും നരകത്താൽ അതിനു തീ പിടിക്കയും ചെയ്യുന്നു. മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈ വക എല്ലാം മനുഷ്യജാതിയോടു മെരുങ്ങുന്നു, മെരുങ്ങിയുമിരിക്കുന്നു. നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കാവതല്ല; അത് അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്. അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
യാക്കോബ് 3:2-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാമെല്ലാവരും പലവിധത്തിൽ തെറ്റുകൾ ചെയ്യുന്നു. സംഭാഷണത്തിൽ പിഴ വരുത്താത്തവൻ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ടു നയിക്കുവാൻ കഴിവുള്ള ഉത്തമ മനുഷ്യനായിരിക്കും. കുതിരയെ അധീനമാക്കുന്നതിനുവേണ്ടി അതിന്റെ വായിൽ കടിഞ്ഞാണിടുന്നു; അങ്ങനെ അതിന്റെ ശരീരത്തെ മുഴുവനും നാം നിയന്ത്രിക്കുന്നുവല്ലോ. കപ്പലിന്റെ കാര്യംതന്നെ നോക്കുക. അത് എത്ര വലുതായാലും, ശക്തമായ കാറ്റിന്റെ സഹായംകൊണ്ട് ഓടുന്നതായാലും ഒരു ചെറിയ ചുക്കാൻകൊണ്ട് അമരക്കാരൻ ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അതുപോലെ നാവും വളരെ ചെറിയ ഒരവയവമാണെങ്കിലും വലിയ കാര്യങ്ങളെക്കുറിച്ചു വീരവാദം നടത്തുന്നു. എത്ര വലിയ വനമായാലും മുഴുവൻ കത്തി നശിക്കുവാൻ ഒരു തീപ്പൊരി മതി. നാവും ഒരു അഗ്നി തന്നെ. അതു നമ്മുടെ അവയവങ്ങളുടെ മധ്യത്തിൽ തിന്മയുടെ ഒരു പ്രപഞ്ചമാണ്. നമ്മുടെ സത്തയെ ആകമാനം അതു മലിനമാക്കുന്നു. അതു ജീവിതത്തെ സമൂലം നരകാഗ്നിക്ക് ഇരയാക്കുന്നു. ഏതു തരം മൃഗത്തെയും പക്ഷിയെയും ഇഴജന്തുവിനെയും ജലജീവിയെയും മനുഷ്യനു മെരുക്കിയെടുക്കാം; മെരുക്കിയിട്ടുമുണ്ട്. എന്നാൽ നാവിനെ മെരുക്കുവാൻ ഒരു മനുഷ്യനും സാധ്യമല്ല. അത് അടക്കാനാവാത്ത ദോഷവും മാരകമായ വിഷവും നിറഞ്ഞതാണ്. നമ്മുടെ പിതാവായ സർവേശ്വരനെ നാവുകൊണ്ട് നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. ഒരേ വായിൽനിന്നു തന്നെ ഈശ്വരസ്തുതിയും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല.
യാക്കോബ് 3:2-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുവൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആയി, തന്‍റെ ശരീരത്തെ മുഴുവനും കടിഞ്ഞാണിടുവാൻ കഴിവുള്ളവൻ ആകുന്നു. കുതിരയെ അനുസരിപ്പിക്കുവാൻ വായിൽ കടിഞ്ഞാൺ ഇടുന്നതിനാൽ അതിന്‍റെ ശരീരം മുഴുവനും നാം തിരിക്കുന്നുവല്ലോ. കപ്പലും, എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു താൻ ആഗ്രഹിക്കുന്ന ദിക്കിലേക്ക് തിരിക്കുന്നു. അങ്ങനെ തന്നെ നാവും ചെറിയ അവയവം എങ്കിലും വലിയ കാര്യങ്ങളെക്കുറിച്ച് വീരവാദം പറയുന്നു. തീർച്ചയായും, ഒരു ചെറിയ തീപ്പൊരി വലിയ കാട് കത്തിക്കുന്നു; അതെ നാവും ഒരു തീ ആകുന്നു; അനീതിയുടെ ലോകം തന്നെ. അങ്ങനെ നാവും അവയവങ്ങളിൽ ഒന്നായി ശരീരത്തെ മുഴുവനും ദുഷിപ്പിക്കുകയും പ്രകൃതിചക്രത്തെ കത്തിക്കുകയും ചെയ്യുന്നു; നരകത്തിലെ തീയാൽ തന്നെ കത്തിക്കുന്നു. എല്ലാ തരം മൃഗങ്ങളും, പക്ഷികളും, ഇഴജാതികളും, ജലജന്തുക്കളും മനുഷ്യരോട് ഇണങ്ങുന്നു; ഇണക്കിയുമിരിക്കുന്നു. എന്നാൽ നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കുവാൻ സാധ്യമല്ല; അത് നിയന്ത്രിക്കുവാനാവാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്. അതേ നാവിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടാക്കപ്പെട്ട മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്‍റെ സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് ഉചിതമല്ല.
യാക്കോബ് 3:2-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ. കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു. മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു. നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു. അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
യാക്കോബ് 3:2-10 സമകാലിക മലയാളവിവർത്തനം (MCV)
പലതിലും ഇടറിവീഴുന്നവരാണ് നാമെല്ലാവരും. ഒരാൾക്ക് വാക്കിൽ പിഴവു സംഭവിക്കാതിരുന്നാൽ, അയാൾ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള പക്വമതിയാണ്. കുതിരയെ അനുസരിപ്പിക്കാൻ നാം അതിന്റെ വായിൽ ചെറിയ ഒരു കടിഞ്ഞാണിട്ട് ആ മൃഗത്തെ മുഴുവനായും തിരിക്കുന്നു. കപ്പലിന്റെ ഉദാഹരണവും അതുപോലെതന്നെ. അതു വളരെ വലുപ്പമുള്ളതും, കാറ്റിന്റെ ശക്തിയാൽ ഓടുന്നതും ആണെങ്കിലും കപ്പിത്താൻ ഒരു ചെറിയ ചുക്കാൻകൊണ്ട് അതിനെ തിരിച്ച് തനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നു. അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു. നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അതു തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു. എല്ലാവിധ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും കടൽജീവികളും മെരുങ്ങുന്നവയാണ്; മനുഷ്യൻ ജീവജാലങ്ങളെ മെരുക്കിയുമിരിക്കുന്നു. എന്നാൽ നാവിനെ മെരുക്കാൻ ആർക്കും സാധ്യമല്ല. അത് അടങ്ങാത്ത ദോഷമാണ്; മാരകമായ വിഷം നിറഞ്ഞതുമാണ്. നാം നമ്മുടെ കർത്താവും പിതാവുമായവനെ സ്തുതിക്കുന്ന അതേ നാവുകൊണ്ടുതന്നെ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ശപിക്കുന്നു. ഇങ്ങനെ ഒരേ വായിൽനിന്ന് സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരങ്ങളേ, ഇത് ഉചിതമല്ല.