യാക്കോബ് 2:20-26

യാക്കോബ് 2:20-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വ്യർഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ? നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണമായി എന്നും നീ കാണുന്നുവല്ലോ. അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അത് അവനു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽതന്നെ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയയ്ക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.

യാക്കോബ് 2:20-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മൂഢനായ മനുഷ്യാ, പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം നിഷ്ഫലമെന്നു ഞാൻ തെളിയിച്ചുതരണമോ? നമ്മുടെ പിതാവായ അബ്രഹാം തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിപീഠത്തിൽ സമർപ്പിച്ചു. അങ്ങനെ പ്രവൃത്തികളിലൂടെയാണല്ലോ അദ്ദേഹം നീതികരിക്കപ്പെട്ടത്. അബ്രഹാമിന്റെ പ്രവൃത്തികളോടൊപ്പം വിശ്വാസവും വർത്തിച്ചു എന്നും, വിശ്വാസം പ്രവൃത്തികളാൽ പൂർണമാക്കപ്പെട്ടു എന്നും നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതുകൊണ്ട് അദ്ദേഹത്തെ നീതിമാനായി അംഗീകരിച്ചു’ എന്ന വേദലിഖിതം സത്യമായി; അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെ, മനുഷ്യൻ പ്രവൃത്തികൾകൊണ്ടാണ് നീതിമാനായി അംഗീകരിക്കപ്പെടുന്നതെന്ന് നിങ്ങൾ അറിയുന്നു; കേവലം വിശ്വാസംകൊണ്ടല്ല. റാഹാബ് എന്ന വേശ്യയും അംഗീകരിക്കപ്പെട്ടത് പ്രവൃത്തികളിൽ കൂടിയാണ്. അവൾ ഇസ്രായേല്യചാരന്മാരെ സ്വീകരിക്കുകയും മറ്റൊരു വഴിയിലൂടെ അവരെ പുറത്തേക്കു പറഞ്ഞയയ്‍ക്കുകയും ചെയ്തു. ആത്മാവില്ലാത്ത ശരീരം നിർജീവമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും നിർജീവമായിരിക്കും.

യാക്കോബ് 2:20-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്ന് ഗ്രഹിക്കുവാൻ നിനക്കു മനസ്സുണ്ടോ? നമ്മുടെ പിതാവായ അബ്രാഹാം തന്‍റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്. അവന്‍റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ. “അബ്രാഹാം ദൈവത്തെ വിശ്വസിക്കുകയും അത് അവനു നീതിയായി കണക്കിടുകയും ചെയ്തു” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാവുകയും, അവനു ദൈവത്തിന്‍റെ സ്നേഹിതൻ എന്നു പേർ ലഭിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാൽ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. അതുപോലെ രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്ളുകയും വേറൊരു വഴിയായി പറഞ്ഞയക്കുകയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതു പോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.

യാക്കോബ് 2:20-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ? നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു? അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ. അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടതു? ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.

യാക്കോബ് 2:20-26 സമകാലിക മലയാളവിവർത്തനം (MCV)

വിഡ്ഢിയായ മനുഷ്യാ, പ്രവൃത്തികൾ ഇല്ലാത്ത വിശ്വാസം നിഷ്‌പ്രയോജനമാണ് എന്നു മനസ്സിലാക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? നമ്മുടെ അബ്രാഹാം പിതാവ് മകൻ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലേ നീതീകരിക്കപ്പെട്ടത്? അദ്ദേഹത്തിന്റെ വിശ്വാസം പ്രവൃത്തിയോടു ചേർന്നു പ്രവർത്തിച്ചെന്നും പ്രവൃത്തിയാൽ വിശ്വാസം പൂർത്തീകരിക്കപ്പെട്ടുവെന്നും നിങ്ങൾ കാണുന്നല്ലോ? “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി” എന്നുള്ള തിരുവെഴുത്ത് ഇങ്ങനെ നിറവേറുകയും അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെ മനുഷ്യൻ വിശ്വാസംകൊണ്ടുമാത്രമല്ല, മറിച്ച് അവർ ചെയ്യുന്ന പ്രവൃത്തികൾകൊണ്ടുമാണ് നീതിനിഷ്ഠരായി കണക്കാക്കപ്പെടുന്നത്. അതുപോലെ രാഹാബ് എന്ന ഗണികയും ആ ചാരന്മാരെ സ്വീകരിക്കുകയും അവരെ വേറൊരു വഴിക്കു പറഞ്ഞയയ്ക്കുകയും ചെയ്തപ്പോൾ പ്രവൃത്തികളാലല്ലേ നീതീകരിക്കപ്പെട്ടത്? ആത്മാവില്ലാത്ത ശരീരം നിർജീവം ആയിരിക്കുന്നതുപോലെ, പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.