യാക്കോബ് 2:14-17

യാക്കോബ് 2:14-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ സഹോദരരേ, ഒരുവൻ വിശ്വാസമുണ്ട് എന്നു പറയുകയും അവന് അതനുസരിച്ചുള്ള പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? അവന്റെ വിശ്വാസം അവനെ രക്ഷിക്കുവാൻ പര്യാപ്തമാണോ? വിശപ്പടക്കാൻ ആഹാരവും നഗ്നത മറയ്‍ക്കാൻ വസ്ത്രവും ഇല്ലാതെ വലയുന്ന ഒരു സഹോദരനോടോ സഹോദരിയോടോ അവർക്ക് ആവശ്യമുള്ളതു കൊടുക്കാതെ “നിങ്ങൾ സമാധാനത്തോടുകൂടി പോയി തണുപ്പകറ്റി മൃഷ്ടാന്നം ഭക്ഷിക്കുക” എന്നു നിങ്ങളിൽ ആരെങ്കിലും പറയുന്നെങ്കിൽ അതുകൊണ്ട് എന്താണു പ്രയോജനം? അതുകൊണ്ട് പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം സ്വതേ നിർജീവമാകുന്നു.

യാക്കോബ് 2:14-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്‍റെ സഹോദരന്മാരേ, ഒരുവൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറയുകയും പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്ത് പ്രയോജനം? ആ വിശ്വാസത്താൽ അവനു രക്ഷ പ്രാപിക്കുവാൻ സാധിക്കുമോ? ഒരു സഹോദരനോ, സഹോദരിയോ വസ്ത്രവും ദൈനംദിന ആഹാരവും ഇല്ലാതിരിക്കെ നിങ്ങളിൽ ഒരുവൻ അവരോട്: “സമാധാനത്തോടെ പോയി തണുപ്പകറ്റുകയും വിശപ്പടക്കുകയും ചെയ്‌വിൻ” എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്ക് കൊടുക്കാതിരുന്നാൽ ഉപകാരമെന്ത്? അങ്ങനെ പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം സ്വതവേ നിർജ്ജീവമാകുന്നു.

യാക്കോബ് 2:14-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ? ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു? അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.

യാക്കോബ് 2:14-17 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? ആ വിശ്വാസം അയാളെ രക്ഷിക്കുമോ? ഒരു സഹോദരനോ സഹോദരിക്കോ വസ്ത്രം ധരിക്കാനില്ലാതെയും പ്രതിദിന ആഹാരത്തിനുള്ള മാർഗം ഇല്ലാതെയും ഇരുന്നാൽ നിങ്ങളിൽ ഒരാൾചെന്ന് അയാളോട്: “വീട്ടിൽപോയി തീകായുകയും മൃഷ്ടാന്നഭോജനം കഴിക്കുകയുംചെയ്ത് സ്വസ്ഥമായിരിക്കൂ” എന്നു പറയുന്നതല്ലാതെ, അയാളുടെ സംരക്ഷണത്തിനു വേണ്ടതൊന്നും ചെയ്യുന്നില്ലെങ്കിൽ എന്തു പ്രയോജനം? ഇപ്രകാരമാണ് പ്രവൃത്തിയില്ലാത്ത വിശ്വാസം സ്വയം നിർജീവമായിരിക്കുന്നത്.