യാക്കോബ് 1:12-18
യാക്കോബ് 1:12-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കർത്താവ് തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്. എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
യാക്കോബ് 1:12-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരീക്ഷണങ്ങൾ നേരിടുമ്പോൾ ഉറച്ചു നില്‌ക്കുന്നവൻ അനുഗൃഹീതൻ; എന്തെന്നാൽ പരീക്ഷണങ്ങളെ അതിജീവിക്കുന്നവന്, തന്നെ സ്നേഹിക്കുന്നവർക്കു ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ജീവകിരീടം ലഭിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത്. എന്തെന്നാൽ തിന്മയാൽ ദൈവത്തെ പരീക്ഷിക്കുവാൻ സാധ്യമല്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. മറിച്ച് ഓരോരുത്തൻ സ്വന്തം ദുർമോഹത്താൽ ആകൃഷ്ടനായി വഴിതെറ്റിപ്പോകുവാൻ പരീക്ഷിക്കപ്പെടുന്നു. മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂർണവളർച്ചയിലെത്തുമ്പോൾ മരണത്തെ ഉളവാക്കുന്നു. എന്റെ പ്രിയ സഹോദരരേ, ആരും നിങ്ങളെ വഴിതെറ്റിക്കരുത്. എല്ലാ നല്ല ദാനങ്ങളും തികവുറ്റ വരങ്ങളും ഉന്നതത്തിൽനിന്ന്, പ്രകാശഗോളങ്ങളുടെ സ്രഷ്ടാവായ പിതാവിൽനിന്നുതന്നെ വരുന്നു. ദൈവത്തിനു മാറ്റമോ, ഗതിഭേദംകൊണ്ടുള്ള നിഴലോ ഇല്ല. തന്റെ സൃഷ്‍ടികളിൽ നാം ആദ്യഫലം ആകേണ്ടതിന്, ദൈവം തന്റെ സ്വന്തം ഇച്ഛയാൽ സത്യത്തിന്റെ വചനംകൊണ്ടു നമ്മെ ജനിപ്പിച്ചു.
യാക്കോബ് 1:12-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പരിശോധന സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; എന്തുകൊണ്ടെന്നാൽ അവൻ പരിശോധനകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുത്. എന്തെന്നാൽ ദൈവത്തെ ദോഷങ്ങളാൽ പരീക്ഷിക്കുവാൻ കഴിയുന്നതല്ല; ദൈവം ആരെയും പരീക്ഷിക്കുന്നതുമില്ല. എന്നാൽ സ്വന്തമോഹത്തിൽ കുടുങ്ങി വശീകരിക്കപ്പെടുന്നതിനാൽ ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നു. അങ്ങനെ മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം പൂർണ്ണവളർച്ച പ്രാപിച്ചിട്ട് മരണത്തെ പ്രസവിക്കുന്നു. എന്‍റെ പ്രിയ സഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്. എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു ചാഞ്ചല്യമോ, നിഴൽ മാറുന്നതു പോലുള്ള മാറ്റമോ ഇല്ല. നാം അവന്റെ സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന് അവൻ തന്‍റെ ഇഷ്ടത്താൽ സത്യത്തിന്‍റെ വചനംകൊണ്ട് നമ്മെ ജനിപ്പിച്ചിരിക്കുന്നു.
യാക്കോബ് 1:12-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു. എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
യാക്കോബ് 1:12-18 സമകാലിക മലയാളവിവർത്തനം (MCV)
പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും. പ്രലോഭിപ്പിക്കപ്പെടുമ്പോൾ, “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ആരും പറയരുത്. ദൈവം തിന്മയാൽ പ്രലോഭിതനാകുന്നില്ല; അവിടന്ന് ആരെയും പ്രലോഭിപ്പിക്കുന്നതുമില്ല. എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. ഈ ദുർമോഹങ്ങൾ ഗർഭംധരിച്ചു പാപത്തെ ജനിപ്പിക്കുന്നു; പാപം പൂർണവളർച്ചയെത്തി മരണത്തെ ജനിപ്പിക്കുന്നു. എന്റെ പ്രിയസഹോദരങ്ങളേ, വഞ്ചിക്കപ്പെടരുത്. ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല. നാം അവിടത്തെ സൃഷ്ടികളിൽ ഒരുവിധത്തിലുള്ള ആദ്യഫലമാകേണ്ടതിന്, സത്യത്തിന്റെ വചനത്തിലൂടെ നമുക്കു ജന്മമേകാൻ, അവിടന്ന് പ്രസാദിച്ചു.