യെശയ്യാവ് 52:1-12
യെശയ്യാവ് 52:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സീയോനേ, ഉണരുക, ഉണരുക; നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർമിയും അശുദ്ധനും നിന്നിലേക്കു വരികയില്ല. പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റ് ഇരിക്ക; ബദ്ധയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്‍വാൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതേ പീഡിപ്പിച്ചു. ഇപ്പോഴോ എന്റെ ജനത്തെ വെറുതേ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാൻ ഇവിടെ എന്തു ചെയ്യേണ്ടൂ എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു. അതുകൊണ്ട് എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്ന് അവർ അന്ന് അറിയും. സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവതങ്ങളിന്മേൽ എത്ര മനോഹരം! നിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും. യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും. വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടു പോരുവിൻ; അശുദ്ധമായതൊന്നും തൊടരുത്; അതിന്റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിർമ്മലീകരിപ്പിൻ. നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിൻപട ആയിരിക്കും.
യെശയ്യാവ് 52:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സീയോനേ, ഉണരുക, ഉണരുക; ശക്തി സംഭരിക്കുക. വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ മനോഹരവസ്ത്രം ധരിച്ചുകൊള്ളുക. പരിച്ഛേദനം നടത്താത്തവരും അശുദ്ധരും ഇനി നിന്നിൽ പ്രവേശിക്കുകയില്ലല്ലോ. ബദ്ധനസ്ഥയായ യെരൂശലേമേ, പൊടി കുടഞ്ഞുകളഞ്ഞ് എഴുന്നേല്‌ക്കുക. ബദ്ധയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ബന്ധനം അഴിച്ചുമാറ്റുക. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “വില വാങ്ങാതെയാണു നിങ്ങൾ വിൽക്കപ്പെട്ടത്. ഇപ്പോൾ വില കൂടാതെതന്നെ നിങ്ങളെ വീണ്ടെടുക്കും.” ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: എന്റെ ജനം മുമ്പ് ഈജിപ്തിലേക്കു പ്രവാസത്തിനു പോയി. പിന്നീട് അസ്സീറിയാക്കാർ അകാരണമായി അവരെ പീഡിപ്പിച്ചു; അവിടുന്നു ചോദിക്കുന്നു: “എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടു പോകുന്നതു കാണുമ്പോൾ ഞാൻ എന്തു ചെയ്യണം? അധിപതിമാർ അവരെ പരിഹസിക്കുന്നു. എന്റെ നാമം നിരന്തരം ദുഷിക്കപ്പെടുന്നു. എന്റെ ജനം എന്റെ നാമം അറിയും. ഞാനാണ് ഇതു പറയുന്നതെന്ന് അവർ അന്ന് അറിയും. ഇതാ, ഞാനിവിടെയുണ്ട്.” സമാധാനത്തിന്റെ സദ്‍വാർത്തയുമായി വരുന്ന സന്ദേശവാഹകന്റെ പാദങ്ങൾ പർവതമുകളിൽ എത്ര മനോഹരം! അയാൾ നന്മയും ശാന്തിയും രക്ഷയും വിളംബരം ചെയ്യുന്നു. “നിന്റെ ദൈവം വാഴുന്നു” എന്നു സീയോനോടു പറയുന്നു. നിന്റെ കാവല്‌ക്കാർ ഒത്തുചേർന്ന് ഉറക്കെ ആനന്ദഗീതം ആലപിക്കുന്നു. സർവേശ്വരൻ സീയോനിലേക്കു മടങ്ങി വരുന്നത് അവർ നേരിട്ടു കാണുന്നു. യെരൂശലേമിന്റെ ശൂന്യസ്ഥലങ്ങളേ, ആർത്തുഘോഷിക്കുവിൻ. സർവേശ്വരൻ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. യെരൂശലേമിനെ അവിടുന്നു മോചിപ്പിച്ചിരിക്കുന്നു. അവിടുന്നു തന്റെ വിശുദ്ധകരം എല്ലാ ജനതകൾക്കും പ്രത്യക്ഷമാക്കിയിരിക്കുന്നു. നമ്മുടെ ദൈവത്തിൽ നിന്നുള്ള രക്ഷ സർവലോകവും ദർശിക്കും. പോകുവിൻ, പോകുവിൻ, ബാബിലോണിൽനിന്നു പോകുവിൻ. അശുദ്ധമായതൊന്നും സ്പർശിക്കരുത്. സർവേശ്വരന്റെ ആലയത്തിലെ പാത്രങ്ങൾ വഹിക്കുന്നവരേ, നിങ്ങൾ ബാബിലോണിൽനിന്നു പുറത്തു പോകുവിൻ. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. നിങ്ങൾ തിടുക്കം കാട്ടേണ്ടാ, വേഗം ഓടുകയും വേണ്ടാ. സർവേശ്വരൻ നിങ്ങളുടെ മുമ്പിൽ നടക്കും. ഇസ്രായേലിന്റെ ദൈവം നിങ്ങളുടെ പിമ്പിൽ നിങ്ങൾക്കു കാവല്‌ക്കാരനായിരിക്കും.
യെശയ്യാവ് 52:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊള്ളുക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ളുക; ഇനിമേലിൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരുകയില്ല. പൊടി കുടഞ്ഞുകളയുക; യെരൂശലേമേ, എഴുന്നേറ്റ് ഇരിക്കുക; ബദ്ധയായ സീയോൻ പുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.” യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ജനം പണ്ടു പരദേശവാസം ചെയ്യുവാൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു. ഇപ്പോൾ എന്‍റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കുകകൊണ്ടു ഞാൻ ഇവിടെ എന്ത് ചെയ്യേണ്ടു” എന്നു യഹോവ അരുളിച്ചെയ്യുന്നു; “അവരുടെ അധിപതിമാർ പരിഹസിക്കുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്‌പ്പോഴും ദുഷിക്കപ്പെടുന്നു” എന്നും യഹോവ അരുളിച്ചെയ്യുന്നു. “അതുകൊണ്ട് എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ട് ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.” സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: “നിന്റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! നിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും. യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. സകലജനതകളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ വെളിപ്പെടുത്തിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളെല്ലാം നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും. വിട്ടു പോരുവിൻ; വിട്ടു പോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുത്; അതിന്റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ. നിങ്ങൾ തിടുക്കത്തോടെ പോവുകയില്ല, ഓടിപ്പോവുകയുമില്ല; യഹോവ നിങ്ങൾക്ക് മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്ക് പിൻപട ആയിരിക്കും.
യെശയ്യാവ് 52:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല. പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റു ഇരിക്ക; ബദ്ധയായ സീയോൻ പുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്‌വാൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു. ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാൻ ഇവിടെ എന്തു ചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു. അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും. സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! നിന്റെ കാവല്ക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും. യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും. വിട്ടു പോരുവിൻ; വിട്ടുപോരുവിൻ; അവിടെ നിന്നു പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവിൽ നിന്നു പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിർമ്മലീകരിപ്പിൻ. നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിമ്പട ആയിരിക്കും.
യെശയ്യാവ് 52:1-12 സമകാലിക മലയാളവിവർത്തനം (MCV)
സീയോനേ, ഉണരുക, ഉണരുക, ശക്തി ധരിച്ചുകൊൾക! വിശുദ്ധനഗരമായ ജെറുശലേമേ, നിന്റെ പ്രതാപവസ്ത്രം ധരിച്ചുകൊൾക. പരിച്ഛേദനം ഏൽക്കാത്തവനും അശുദ്ധരും ഇനിമേൽ നിന്നിലേക്കു വരികയില്ല. ജെറുശലേമേ, നിന്റെ പൊടി കുടഞ്ഞുകളക; എഴുന്നേൽക്കുക, സിംഹാസനസ്ഥനാകുക. ബന്ദിയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ചങ്ങലകൾ അഴിച്ചുകളയുക. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിലവാങ്ങാതെ ഞാൻ നിന്നെ വിറ്റുകളഞ്ഞു, ഇപ്പോൾ വിലകൂടാതെ നീ വീണ്ടെടുക്കപ്പെടും.” കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുൻകാലത്ത് എന്റെ ജനം ജീവിക്കുന്നതിനായി ഈജിപ്റ്റിലേക്കു പോയി; ഇപ്പോഴിതാ, അശ്ശൂരും അവരെ പീഡിപ്പിച്ചു. “ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത്?” യഹോവ ആരായുന്നു. “കാരണം എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോയിരിക്കെ അവരുടെ ഭരണാധികാരികൾ അലമുറയിടുന്നല്ലോ,” യഹോവ അരുളിച്ചെയ്യുന്നു. “അങ്ങനെ എന്റെ നാമം ദിവസംമുഴുവനും നിരന്തരം ദുഷിക്കപ്പെടുന്നു.” അതുകൊണ്ട്, എന്റെ ജനം എന്റെ നാമം അറിയും; അതിനാൽ, ഞാൻ, ഞാൻതന്നെയാണ് അതു പ്രവചിച്ചത് എന്ന് ആ നാളിൽ അവർ അറിയും. അതേ, അതു ഞാൻതന്നെ. സുവാർത്ത കൊണ്ടുവരികയും സമാധാനം പ്രഘോഷിക്കുകയും ശുഭവർത്തമാനം കൊണ്ടെത്തിക്കുകയും രക്ഷ വിളംബരംചെയ്യുകയും സീയോനോട് “നിന്റെ ദൈവം വാഴുന്നു,” എന്നു പറയുകയുംചെയ്ത്, പർവതസാനുക്കൾ താണ്ടിവരുന്നവരുടെ പാദങ്ങൾ എത്ര മനോഹരം! ശ്രദ്ധിക്കുക! നിന്റെ കാവൽക്കാർ അവരുടെ ശബ്ദമുയർത്തും; അവർ ഒരുമിച്ച് ആനന്ദത്താൽ ആർപ്പിടും. യഹോവ സീയോനെ മടക്കിവരുത്തുന്നത് അവർ അഭിമുഖമായി ദർശിക്കും. ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ, ആനന്ദത്താൽ ഒരുമിച്ച് പൊട്ടിയാർക്കുക. കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, അവിടന്ന് ജെറുശലേമിനെ വീണ്ടെടുത്തിരിക്കുന്നു. എല്ലാ ജനതകളുടെയും ദൃഷ്ടിയിൽ യഹോവ തന്റെ വിശുദ്ധഭുജം വെളിപ്പെടുത്തിയിരിക്കുന്നു, ഭൂമിയുടെ സകലസീമകളും നമ്മുടെ ദൈവത്തിന്റെ രക്ഷ കാണും. യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക! അശുദ്ധമായതൊന്നും സ്പർശിക്കരുത്! യഹോവയുടെ മന്ദിരത്തിലെ പാത്രങ്ങൾ ചുമക്കുന്നവരേ, അതിന്റെ നടുവിൽനിന്ന് പുറപ്പെടുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ ഓടിപ്പോകുകയോ ഇല്ല; കാരണം യഹോവ നിങ്ങൾക്കുമുമ്പായി പോകും, ഇസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിന്നിൽ കാവൽക്കാരനായിരിക്കും.