യെശയ്യാവ് 49:14-18
യെശയ്യാവ് 49:14-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ മക്കൾ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു. തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നുകൂടുന്നു. എന്നാണ, നീ അവരെയൊക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 49:14-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ സീയോൻ പറഞ്ഞു: “സർവേശ്വരനെന്നെ ഉപേക്ഷിച്ചു; എന്റെ സർവേശ്വരനെന്നെ മറന്നു.” മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്‍ക്കു മറക്കാൻ കഴിയുമോ? പെറ്റമ്മ തന്റെ കുഞ്ഞിനോടു കരുണ കാട്ടാതിരിക്കുമോ? അവർ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. നോക്കുക, നിന്നെ എന്റെ ഉള്ളങ്കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. നിന്നെ പുനഃസ്ഥാപിക്കുന്നവർ നിന്നെ നശിപ്പിച്ചവരെ മറികടക്കുന്നു. നിന്നെ ശൂന്യമാക്കിയവർ നിന്നെ വിട്ടകലുന്നു. ചുറ്റും നോക്കുവിൻ. അവർ ഒരുമിച്ചുകൂടി നിന്റെ അടുക്കലേക്കു വരുന്നു. സർവേശ്വരനായ ഞാൻ ശപഥം ചെയ്യുന്നു. മണവാട്ടി ആഭരണം അണിയുംപോലെ നീ അവരെ സ്വീകരിക്കും.
യെശയ്യാവ് 49:14-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്‌പ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ മക്കൾ തിടുക്കത്തോടെ വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു. തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നു കൂടുന്നു. എന്നാണ, നീ അവരെ എല്ലാം ആഭരണംപോലെ അണിയുകയും ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്ക് കെട്ടുകയും ചെയ്യും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 49:14-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ മക്കൾ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു. തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 49:14-18 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ സീയോൻ, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറഞ്ഞു. “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ? തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ? ഒരു അമ്മ മറന്നാലും ഞാൻ നിങ്ങളെ മറക്കുകയില്ല! ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. നിന്റെ മക്കൾ വേഗം വരും, നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകും. കണ്ണുയർത്തുക, ചുറ്റുപാടും വീക്ഷിക്കുക; ഇവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു. ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നീ അവരെയെല്ലാം ഒരു ആഭരണംപോലെ അണിയും; ഒരു മണവാട്ടിക്കെന്നപോലെ അവർ നിനക്ക് അലങ്കാരമായിത്തീരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.