യെശയ്യാവ് 48:17-22
യെശയ്യാവ് 48:17-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നെ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു. നിന്റെ സന്തതി മണൽപോലെയും നിന്റെ ഗർഭഫലം മണൽത്തരിപോലെയും ആകുമായിരുന്നു. നിന്റെ പേർ എന്റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു. ബാബേലിൽനിന്ന് പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ട് ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ. അവൻ അവരെ ശൂന്യപ്രദേശങ്ങളിൽക്കൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവൻ അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവൻ പാറ പിളർന്നപ്പോൾ വെള്ളം ചാടി പുറപ്പെട്ടു. ദുഷ്ടന്മാർക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 48:17-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിനക്ക് നന്മയുണ്ടാകാൻ അഭ്യസിപ്പിക്കുകയും നീ പോകേണ്ട വഴിയിൽ നിന്നെ നയിക്കുകയും ചെയ്യുന്ന ഞാനാണ് നിന്റെ ദൈവമായ സർവേശ്വരൻ.” ഹാ, നീ എന്റെ കല്പനകൾ ശ്രദ്ധിച്ചു കേട്ടിരുന്നെങ്കിൽ! നിന്റെ സമാധാനം ഒരു നദിപോലെയും നിന്റെ നീതി കടലിലെ തിരമാലകൾപോലെയും ആകുമായിരുന്നു. നിന്റെ സന്തതികൾ മണൽപോലെയും നിന്റെ പിൻഗാമികൾ മണൽത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്നിൽനിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിപ്പിക്കുകയോ ഇല്ലായിരുന്നു. ബാബിലോണിൽനിന്നു പുറപ്പെടുക; കൽദായരെ വിട്ട് ഓടിപ്പോകുക, സന്തോഷത്തോടെ ഇതു പ്രഖ്യാപിക്കുക, ഇതു പ്രസ്താവിക്കുക, സർവേശ്വരൻ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു ഭൂമിയുടെ അതിർത്തികളോളം പറയുവിൻ. അവിടുന്ന് അവരെ മരുഭൂമികളിൽകൂടി നയിച്ചപ്പോൾ അവർക്കു ദാഹിച്ചില്ല; അവിടുന്ന് അവർക്കുവേണ്ടി പാറയിൽനിന്നും വെള്ളം ഒഴുക്കി; അവിടുന്നു പാറ പിളർന്നു, വെള്ളം കുതിച്ചു ചാടി. “ദുഷ്ടന്മാർക്ക് സമാധാനമില്ല” എന്ന് സർവേശ്വരൻ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 48:17-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യിസ്രായേലിന്‍റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ശുഭകരമായി പ്രവർത്തിക്കുവാൻ നിന്നെ അഭ്യസിപ്പിക്കുകയും നീ പോകേണ്ട വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നെ. അയ്യോ, നീ എന്റെ കല്പനകൾ കേട്ടനുസരിച്ചെങ്കിൽ കൊള്ളാമായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു. നിന്റെ സന്തതി മണൽപോലെയും നിന്റെ ഗർഭഫലം മണൽതരിപോലെയും ആകുമായിരുന്നു. നിന്‍റെ പേര് എന്‍റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യുകയില്ലായിരുന്നു.” ബാബേലിൽനിന്ന് പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കൽദയരെ വിട്ട് ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിക്കുവിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ,“ യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുവിൻ. യഹോവ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്ക് ദാഹിച്ചില്ല; അവിടുന്ന് അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവിടുന്ന് പാറ പിളർന്നപ്പോൾ വെള്ളം ചാടി പുറപ്പെട്ടു. “ദുഷ്ടന്മാർക്കു സമാധാനം ഇല്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 48:17-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു. നിന്റെ സന്തതി മണൽപോലെയും നിന്റെ ഗർഭഫലം മണൽതരിപോലെയും ആകുമായിരുന്നു. നിന്റെ പേർ എന്റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു. ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ. അവൻ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവൻ അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവൻ പാറ പിളർന്നപ്പോൾ വെള്ളം ചാടിപുറപ്പെട്ടു. ദുഷ്ടന്മാർക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 48:17-22 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിനക്കു നന്മയായുള്ളത് നിന്നെ പഠിപ്പിക്കുകയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ആകുന്നു ഞാൻ. അയ്യോ! നീ എന്റെ കൽപ്പനകൾ കേട്ട് അനുസരിച്ചിരുന്നെങ്കിൽ, നിന്റെ സമാധാനം ഒരു നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആകുമായിരുന്നു! നിന്റെ പിൻഗാമികൾ മണൽപോലെയും നിന്റെ മക്കൾ എണ്ണമറ്റ ധാന്യമണികൾപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുമ്പിൽനിന്ന് ഒരിക്കലും മായിക്കപ്പെടുകയോ നശിച്ചുപോകുകയോ ചെയ്യുമായിരുന്നില്ല.” ബാബേലിനെ ഉപേക്ഷിക്കുക, ബാബേല്യരിൽനിന്ന് ഓടിപ്പോകുക! ഉല്ലാസഘോഷത്തോടെ ഇതു പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക. ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുക, “യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുക. അവിടന്ന് അവരെ മരുഭൂമിയിൽക്കൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവിടന്ന് അവർക്കുവേണ്ടി പാറയിൽനിന്ന് ജലം ഒഴുക്കി; അവിടന്നു പാറയെ പിളർന്നു അങ്ങനെ വെള്ളം പൊട്ടിപ്പുറപ്പെട്ടു. “എന്നാൽ ദുഷ്ടർക്കു സമാധാനമില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.