യെശയ്യാവ് 45:5-12

യെശയ്യാവ് 45:5-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്‍ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്‍ടിക്കുന്നു, യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. ആകാശമേ, മേലിൽ നിന്നു പൊഴിക്കുക; മേഘങ്ങൾ നീതിയെ വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അതു സൃഷ്‍ടിച്ചിരിക്കുന്നു. നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന് അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണ്: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവനു കൈ ഇല്ല എന്നും പറയുമോ? അപ്പനോട്: നീ ജനിപ്പിക്കുന്നത് എന്ത് എന്നും സ്ത്രീയോട്: നീ പ്രസവിക്കുന്നത് എന്ത് എന്നും പറയുന്നവന് അയ്യോ കഷ്ടം! യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ച് എന്നോടു ചോദിപ്പിൻ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ച് എന്നോടു കല്പിപ്പിൻ. ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്‍ടിച്ചു; എന്റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകല സൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.

യെശയ്യാവ് 45:5-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാനാകുന്നു സർവേശ്വരൻ; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നിനക്ക് എന്നെ അറിഞ്ഞുകൂടെങ്കിലും ഞാൻ നിന്നെ കരുത്തനാക്കും. അങ്ങനെ ഭൂമിയുടെ കിഴക്കേ അറ്റംമുതൽ പടിഞ്ഞാറേ അറ്റംവരെയുള്ളവർ ഞാനാണു സർവേശ്വരൻ എന്നും ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും അറിയട്ടെ. വെളിച്ചവും ഇരുളും സൃഷ്‍ടിച്ചതു ഞാനാണ്. സുഖവും ദുഃഖവും ഏർപ്പെടുത്തിയതും ഞാൻതന്നെ. ഇവയ്‍ക്കെല്ലാം കാരണഭൂതനായ സർവേശ്വരൻ ഞാനാകുന്നു. ആകാശമേ, ഉയരത്തിൽനിന്നു വർഷിക്കുക. മേഘങ്ങൾ നീതി ചൊരിയട്ടെ. ഭൂതലം പൊട്ടിത്തുറക്കട്ടെ. രക്ഷ മുളച്ചുയരട്ടെ, നീതി മുളച്ചു പൊങ്ങാൻ ഇടയാകട്ടെ. സർവേശ്വരനായ ഞാനാണ് ഇതെല്ലാം സൃഷ്‍ടിച്ചത്. തന്റെ ഉടയവനോട് ഏറ്റുമുട്ടുന്നവനു ഹാ ദുരിതം! ഒരു മൺപാത്രം അതിന്റെ നിർമിതാവിനോട് ഏറ്റുമുട്ടുന്നതുപോലെയാണത്! “നീ ഉണ്ടാക്കുന്നത് എന്ത്? നീ നിർമിക്കുന്നതിനു കൈപ്പിടിയില്ലല്ലോ” എന്ന് അതിനു രൂപം നല്‌കിയവനോടു കളിമണ്ണു ചോദിക്കുമോ? “എന്തിനെനിക്കു ജന്മം നല്‌കി?” എന്നു പിതാവിനോടോ “എന്തിനെന്നെ പ്രസവിച്ചു?” എന്നു മാതാവിനോടോ ചോദിക്കാൻ തുനിയുന്നവനു ഹാ ദുരിതം! ഇസ്രായേലിന്റെ പരിശുദ്ധനും സ്രഷ്ടാവുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ മക്കളെക്കുറിച്ച് എന്നോടു ചോദ്യം ചെയ്യാൻ നീ തുനിയുന്നുവോ? ഞാൻ എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ചു നീ എനിക്ക് ആജ്ഞ നല്‌കുന്നുവോ? ഞാൻ ഭൂമിയെയും അതിലുള്ള മനുഷ്യരെയും സൃഷ്‍ടിച്ചു. ആകാശമേലാപ്പു നിവർത്തിയതു ഞാനാണ്. അതിലെ സകല നക്ഷത്രജാലങ്ങൾക്കും ഞാൻ ആജ്ഞ നല്‌കുന്നു.

യെശയ്യാവ് 45:5-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്‍റെ അര മുറുക്കിയിരിക്കുന്നു. സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. ആകാശമേ, മേലിൽനിന്നു പൊഴിക്കുക; മേഘങ്ങൾ നീതി വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ; അത് നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അത് സൃഷ്ടിച്ചിരിക്കുന്നു. “നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന് അയ്യോ കഷ്ടം; മെനയുന്നവനോടു കളിമണ്ണ്: ‘നീ എന്തുണ്ടാക്കുന്നു’ എന്നും കൈപ്പണി: ‘അവനു കൈ ഇല്ല’ എന്നും പറയുമോ? അപ്പനോട്: ‘നീ ജനിപ്പിക്കുന്നത് എന്ത്?’ എന്നും സ്ത്രീയോട്: ‘നീ പ്രസവിക്കുന്നത് എന്ത്?’ എന്നും പറയുന്നവനു അയ്യോ കഷ്ടം!” യിസ്രായേലിന്‍റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വരുവാനുള്ളതിനെക്കുറിച്ച്, എന്‍റെ മക്കളെക്കുറിച്ച് നീ എന്നെ ചോദ്യം ചെയ്യുമോ? എന്ത് ചെയ്യണമെന്ന് എന്‍റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് നീ എനിക്ക് പറഞ്ഞുതരുമോ? ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്‍റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.

യെശയ്യാവ് 45:5-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു. ആകാശമേ, മേലിൽനിന്നു പൊഴിക്കുക; മേഘങ്ങൾ നീതിയെ വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു. നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ? അപ്പനോടു: നീ ജനിപ്പിക്കുന്നതു എന്തു എന്നും സ്ത്രീയോടു: നീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം! യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിൻ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിൻ. ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.

യെശയ്യാവ് 45:5-12 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല; ഞാനല്ലാതെ വേറൊരു ദൈവവുമില്ല. നീ എന്നെ അംഗീകരിച്ചിട്ടില്ലെങ്കിലും ഞാൻ നിന്നെ ശക്തിപ്പെടുത്തും; സൂര്യോദയസ്ഥാനംമുതൽ അസ്തമയംവരെ എല്ലായിടത്തുമുള്ള ജനം ഞാനല്ലാതെ വേറൊരു ദൈവം ഇല്ലെന്ന് അറിയേണ്ടതിനുതന്നെ. ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല. ഞാൻ വെളിച്ചം നിർമിക്കുന്നു, അന്ധകാരം ഉളവാക്കുന്നു, ഞാൻ അഭിവൃദ്ധി കൊണ്ടുവരുന്നു, വിനാശം സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇവയെല്ലാം ചെയ്യുന്നു. “മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക; മേഘങ്ങൾ അതു താഴേക്കു ചൊരിയട്ടെ, ഭൂമി വിശാലമായി തുറന്നുവരട്ടെ, രക്ഷ പൊട്ടിമുളയ്ക്കട്ടെ. നീതി അതോടൊപ്പം സമൃദ്ധിയായി വളരട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു. “നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന് തങ്ങളുടെ സ്രഷ്ടാവിനോട് തർക്കിക്കുന്ന വെറും മൺപാത്രച്ചീളുകളായവർക്കു ഹാ കഷ്ടം! കളിമണ്ണ് കുശവനോട്, ‘എന്താണ് നീ നിർമിക്കുന്നത്?’ എന്നു ചോദിക്കുമോ. നിർമിക്കപ്പെട്ട വസ്തു, ‘കുശവനു കൈയില്ല,’ എന്നു പറയുമോ. ഒരു പിതാവിനോട്, ‘നീ എന്താണ് ജനിപ്പിച്ചത്?’ എന്നും ഒരു മാതാവിനോട്, ‘എന്തിനെയാണ് നീ പ്രസവിച്ചത്?’ എന്നും ചോദിക്കുന്നവർക്കു ഹാ കഷ്ടം! “ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ മക്കൾക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, എന്നെ ചോദ്യംചെയ്യുകയാണോ? എന്റെ കൈകളുടെ പ്രവൃത്തിയെപ്പറ്റി എനിക്കു കൽപ്പനതരികയാണോ? ഞാനാണ് ഭൂമിയെ നിർമിച്ചത്, അതിൽ മനുഷ്യനെ സൃഷ്ടിച്ചതും ഞാൻതന്നെ. എന്റെ കൈകളാൽ ഞാൻ ആകാശത്തെ വിരിച്ചു; അതിലെ സകലസൈന്യത്തെയും ഞാൻ അണിനിരത്തി.