യെശയ്യാവ് 45:20-25

യെശയ്യാവ് 45:20-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ കൂടിവരുവിൻ; ജാതികളിൽവച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ച് അടുത്തുവരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാൻ കഴിയാത്ത ദേവനോടു പ്രാർഥിക്കയും ചെയ്യുന്നവർക്ക് അറിവില്ല. നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നെ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. എന്നാണ, എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു. യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട് എന്ന് ഓരോരുത്തൻ പറഞ്ഞുകൊണ്ട് അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും.

യെശയ്യാവ് 45:20-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“ജനതകളിൽ ശേഷിച്ചവരേ, നിങ്ങൾ ഒരുമിച്ചുകൂടി അടുത്തുവരുവിൻ. മരവിഗ്രഹം ചുമന്നു നടക്കുകയും രക്ഷിക്കാൻ കഴിയാത്ത ദൈവത്തോടു പ്രാർഥിക്കുകയും ചെയ്യുന്നവർ അജ്ഞരാണ്. നിങ്ങളുടെ ന്യായവാദം ഉന്നയിക്കുവിൻ. അവർ ഒത്തുചേർന്ന് ആലോചിക്കട്ടെ. സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി പറഞ്ഞത് ആര്? സർവേശ്വരനായ ഞാനല്ലേ? ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നീതിമാനും രക്ഷകനുമായ ദൈവം ഞാനല്ലാതെ മറ്റാരും അല്ല. ഞാൻ യഥാർഥ ദൈവമായതിനാലും ഞാനല്ലാതെ മറ്റൊരു ദൈവമില്ലാത്തതിനാലും ലോകത്തെങ്ങുമുള്ള ജനസമൂഹമേ, നിങ്ങൾ എല്ലാവരും എങ്കലേക്കു തിരിഞ്ഞു രക്ഷപെടുവിൻ. ഞാൻ ശപഥം ചെയ്യുന്നു: “ഒരിക്കലും തിരിച്ചെടുക്കപ്പെടാത്ത നീതിപൂർവമായ വാക്കുകൾ എന്നിൽനിന്നു പുറപ്പെടുന്നു. എന്റെ മുമ്പിൽ എല്ലാ മുട്ടുകളും മടങ്ങും, എല്ലാ നാവുകളും എന്റെ നാമത്തിൽ സത്യം ചെയ്യും. നീതിയും ബലവും സർവേശ്വരനിൽ മാത്രമെന്ന് എന്നെക്കുറിച്ചു പറയും. എന്നെ വെറുത്തവർ എല്ലാവരും എന്റെ മുമ്പിൽ ലജ്ജിതരാകും. ഇസ്രായേലിന്റെ സന്തതികൾ എല്ലാവരും എന്നിൽ വിജയവും മഹത്ത്വവും നേടും.”

യെശയ്യാവ് 45:20-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾ കൂടിവരുവിൻ; ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒന്നിച്ച് അടുത്തുവരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കുകയും രക്ഷിക്കുവാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് അറിവില്ല. നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കുകയും പണ്ടുതന്നെ ഇതു പ്രസ്താവിക്കുകയും ചെയ്തവൻ ആര്‍? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. സകലഭൂസീമാവാസികളുമായുള്ളവരേ, എങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. എന്നാണ, എന്‍റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്‍റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” “യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട്” എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ട് അവന്‍റെ അടുക്കൽ ചെല്ലും; അവനോട് കോപിക്കുന്ന എല്ലാവരും ലജ്ജിച്ചുപോകും. യഹോവയിൽ യിസ്രായേൽ സന്തതിയെല്ലാം നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.

യെശയ്യാവ് 45:20-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ കൂടിവരുവിൻ; ജാതികളിൽവെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കയും ചെയ്യുന്നവർക്കു അറിവില്ല. നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. എന്നാണ, എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു. യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും.

യെശയ്യാവ് 45:20-25 സമകാലിക മലയാളവിവർത്തനം (MCV)

“നിങ്ങൾ കൂടിവരിക; രാഷ്ട്രങ്ങളിൽനിന്നു പലായനംചെയ്തു വരുന്നവരേ, സമ്മേളിക്കുക. രക്ഷിക്കാൻ കഴിവില്ലാത്ത ദേവതകളോട് പ്രാർഥിച്ചുകൊണ്ട് മരത്തിൽത്തീർത്ത വിഗ്രഹങ്ങളെ ചുമന്നുകൊണ്ട് നടക്കുന്നവർ വെറും അജ്ഞരാണ്. എന്തു സംഭവിക്കുമെന്നു വിളംബരംചെയ്യുക, അതു പ്രസ്താവിക്കുക— അവർ കൂടിയാലോചിക്കട്ടെ. പുരാതനകാലത്തുതന്നെ ഇതു പ്രവചിച്ചതാര്? ദീർഘകാലംമുമ്പേതന്നെ ഇതു പ്രഖ്യാപിച്ചതാര്? യഹോവയായ ഞാനല്ലേ? ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാനല്ലാതെ നീതിമാനും രക്ഷകനുമായ മറ്റൊരു ദൈവവുമില്ല. “എല്ലാ ഭൂസീമകളുമേ, എങ്കലേക്കു നോക്കി രക്ഷപ്പെടുക; ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല. ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു, എന്റെ വായ് പരമാർഥതയിൽ സംസാരിച്ചിരിക്കുന്നു അതൊരിക്കലും തിരികെയെടുക്കാൻ കഴിയുന്നതല്ല: എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും; എന്റെ നാമത്തിൽ എല്ലാ നാവും ശപഥംചെയ്യും. ‘യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും,’ ” എന്ന് അവർ എന്നെക്കുറിച്ച് പറയും. അവിടത്തോടു കോപിക്കുന്ന എല്ലാവരും അവിടത്തെ അടുക്കൽ വരികയും ലജ്ജിതരാകുകയും ചെയ്യും. എന്നാൽ യഹോവയിൽ ഇസ്രായേലിന്റെ സകലസന്തതികളും നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.