യെശയ്യാവ് 43:8-12

യെശയ്യാവ് 43:8-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ. സകല ജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചു തരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിനു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നെ എന്നു പറയട്ടെ. നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിനു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്; എനിക്കുമുമ്പേ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തത്; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ദൈവം തന്നെ.

യെശയ്യാവ് 43:8-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ അരുളിച്ചെയ്യുന്നു: “കണ്ണുണ്ടായിട്ടും കാണാത്തവരും ചെവിയുണ്ടായിട്ടും കേൾക്കാത്തവരുമായ ജനത്തെ കൊണ്ടുവരിക; എല്ലാ രാജ്യക്കാരും ഒത്തുചേരട്ടെ! എല്ലാ ജനതകളും സമ്മേളിക്കട്ടെ! അവരിൽ ആര് ഇതു പ്രവചിക്കും? കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ആരാണു മുൻകൂട്ടി പ്രഖ്യാപിക്കുക? അവർ തങ്ങൾ പറയുന്നതു ശരിയെന്നു സമർഥിക്കാൻ സാക്ഷികളെ കൊണ്ടുവരട്ടെ. കേട്ടിട്ട് ഇതു സത്യംതന്നെ എന്നു സാക്ഷികൾ പറയട്ടെ.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളാണ് എന്റെ സാക്ഷികൾ. എന്നെ അറിയുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യാൻ ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ; എനിക്കു മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല. എനിക്കു ശേഷം ഉണ്ടാകുകയുമില്ല.” “ഞാൻ, ഞാനാകുന്നു സർവേശ്വരൻ. ഞാനല്ലാതെ വേറൊരു രക്ഷകനില്ല. നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരല്ല ഞാനാണു പ്രസ്താവിക്കുകയും രക്ഷിക്കുകയും അറിയിക്കുകയും ചെയ്തത്. അതിനു നിങ്ങളാണെന്റെ സാക്ഷികൾ.

യെശയ്യാവ് 43:8-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ. സകലജനതകളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആര്‍ ഇതു പ്രസ്താവിക്കുകയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരുകയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു “സത്യം തന്നെ” എന്നു പറയട്ടെ. “നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതിന് നിങ്ങൾ എന്‍റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാടു: “എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്‍റെ ശേഷം ഉണ്ടാവുകയുമില്ല. ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കുകയും രക്ഷിക്കുകയും കേൾപ്പിക്കുകയും ചെയ്തത്; അതുകൊണ്ട് നിങ്ങൾ എന്‍റെ സാക്ഷികൾ” എന്നു യഹോവയുടെ അരുളപ്പാടു; “ഞാൻ ദൈവം തന്നെ.

യെശയ്യാവ് 43:8-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ. സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ. നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ.

യെശയ്യാവ് 43:8-12 സമകാലിക മലയാളവിവർത്തനം (MCV)

കണ്ണുണ്ടായിട്ടും അന്ധരായും ചെവിയുണ്ടായിട്ടും ബധിരരായും ഇരിക്കുന്നവരെ കൂട്ടിക്കൊണ്ടുവരിക. സകലരാഷ്ട്രങ്ങളും ഒരുമിച്ചു കൂടട്ടെ, ജനതകൾ ചേർന്നുവരട്ടെ. അവരിൽ ആരുടെ ദേവതകൾക്ക് ഇതു നമ്മെ അറിയിക്കാനും പൂർവകാര്യങ്ങൾ കാണിച്ചുതരുന്നതിനും കഴിയും? അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ, അവർ കേട്ടിട്ട്, “ഇതു സത്യംതന്നെ” എന്നു പറയട്ടെ. “നിങ്ങൾ എന്നെ അറിഞ്ഞു വിശ്വസിക്കേണ്ടതിനും അത് ഞാൻ ആകുന്നു എന്നു ഗ്രഹിക്കേണ്ടതിനും നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസരുമത്രേ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എനിക്കുമുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല, എനിക്കുശേഷം ആരും ഉണ്ടാകുകയുമില്ല. ഞാൻ, ഞാൻ ആകുന്നു യഹോവ, ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. ഞാൻതന്നെയാണു വെളിപ്പെടുത്തുകയും രക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്; നിങ്ങളുടെ ഇടയിലുള്ള ഒരു അന്യദേവതയും ആയിരുന്നില്ല; നിങ്ങൾ എന്റെ സാക്ഷികൾതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ ആകുന്നു ദൈവം.