യെശയ്യാവ് 43:1-15
യെശയ്യാവ് 43:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ. നീ വെള്ളത്തിൽക്കൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽക്കൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല. നീ തീയിൽക്കൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല. നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു. നീ എനിക്കു വിലയേറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവനു പകരം ജാതികളെയും കൊടുക്കുന്നു. ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കയും ചെയ്യും. ഞാൻ വടക്കിനോട്: തരിക എന്നും തെക്കിനോട്: തടുത്തുവയ്ക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്ന് എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്ത്വത്തിനായി സൃഷ്‍ടിച്ചു നിർമിച്ചുണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും. കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ. സകല ജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചു തരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിനു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നെ എന്നു പറയട്ടെ. നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിനു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്; എനിക്കുമുമ്പേ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തത്; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ദൈവം തന്നെ. ഇന്നും ഞാൻ അനന്യൻ തന്നെ; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നെ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും. ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.
യെശയ്യാവ് 43:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാക്കോബേ, നിനക്കു ജന്മം നല്‌കിയവനും ഇസ്രായേലേ, നിനക്കു രൂപം നല്‌കിയവനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നീ ഭയപ്പെടേണ്ടാ, നിന്നെ ഞാൻ വീണ്ടെടുത്തിരിക്കുന്നു. നീ എൻറേതാണ്. ഞാൻ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. സമുദ്രത്തിലൂടെ കടക്കുമ്പോൾ ഞാൻ നിന്റെകൂടെ ഉണ്ടായിരിക്കും. നദികൾ കടക്കുമ്പോൾ അവ നിന്നെ മൂടിക്കളയുകയില്ല. അഗ്നിയിൽകൂടി കടക്കുമ്പോൾ നിനക്കു പൊള്ളലേൽക്കുകയില്ല. അഗ്നിജ്വാലകൾ നിന്നെ ദഹിപ്പിക്കുകയും ഇല്ല. ഞാനാണ് നിന്റെ സർവേശ്വരൻ. ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ രക്ഷകനും ഞാൻ തന്നെ. നിന്റെ മോചനമൂല്യമായി ഈജിപ്തിനെ നല്‌കും; നിനക്കു പകരമായി എത്യോപ്യയെയും ശേബയെയും കൊടുക്കും. നീ എനിക്കു വിലപ്പെട്ടവൻ, ബഹുമാന്യൻ, എന്റെ സ്നേഹഭാജനം; അതിനാൽ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവനു പകരം ജനതകളെയും ഞാൻ നല്‌കുന്നു. ഭയപ്പെടേണ്ടാ; ഞാൻ നിന്റെ കൂടെയുണ്ട്. നിന്റെ സന്തതിയെ കിഴക്കുനിന്നു ഞാൻ കൊണ്ടുവരും. പടിഞ്ഞാറുനിന്ന് അവരെ വരുത്തി ഒരുമിച്ചുകൂട്ടും. ഞാൻ വടക്കിനോട് അവരെ വിട്ടയ്‍ക്കുക എന്നും തെക്കിനോട് അവരെ തടഞ്ഞു വയ്‍ക്കരുത് എന്നും ആജ്ഞാപിക്കും. ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിർത്തികളിൽനിന്ന് പുത്രിമാരെയും കൊണ്ടുവരിക. എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്‍ടിച്ചു രൂപം നല്‌കിയവരും എന്റെ നാമത്തിൽ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരിക.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “കണ്ണുണ്ടായിട്ടും കാണാത്തവരും ചെവിയുണ്ടായിട്ടും കേൾക്കാത്തവരുമായ ജനത്തെ കൊണ്ടുവരിക; എല്ലാ രാജ്യക്കാരും ഒത്തുചേരട്ടെ! എല്ലാ ജനതകളും സമ്മേളിക്കട്ടെ! അവരിൽ ആര് ഇതു പ്രവചിക്കും? കഴിഞ്ഞ കാര്യങ്ങളെപ്പറ്റി ആരാണു മുൻകൂട്ടി പ്രഖ്യാപിക്കുക? അവർ തങ്ങൾ പറയുന്നതു ശരിയെന്നു സമർഥിക്കാൻ സാക്ഷികളെ കൊണ്ടുവരട്ടെ. കേട്ടിട്ട് ഇതു സത്യംതന്നെ എന്നു സാക്ഷികൾ പറയട്ടെ.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളാണ് എന്റെ സാക്ഷികൾ. എന്നെ അറിയുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യാൻ ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ; എനിക്കു മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല. എനിക്കു ശേഷം ഉണ്ടാകുകയുമില്ല.” “ഞാൻ, ഞാനാകുന്നു സർവേശ്വരൻ. ഞാനല്ലാതെ വേറൊരു രക്ഷകനില്ല. നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരല്ല ഞാനാണു പ്രസ്താവിക്കുകയും രക്ഷിക്കുകയും അറിയിക്കുകയും ചെയ്തത്. അതിനു നിങ്ങളാണെന്റെ സാക്ഷികൾ. ഞാൻ ദൈവമാകുന്നു. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയിൽനിന്നു വിടുവിക്കാൻ ആർക്കും സാധ്യമല്ല. എന്റെ പ്രവൃത്തിയെ തടയാൻ ആർക്കും കഴിയുകയില്ല. ഇസ്രായേലിന്റെ പരിശുദ്ധനും രക്ഷകനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങൾക്കുവേണ്ടി ബാബിലോണിലേക്ക് ഒരു സൈന്യത്തെ അയച്ച് അവിടത്തെ നഗരഗോപുരങ്ങൾ തകർക്കും. അവരുടെ ജയഘോഷം വിലാപമായി മാറും. ഞാൻ നിങ്ങളുടെ സർവേശ്വരനാകുന്നു; നിങ്ങളുടെ പരിശുദ്ധനായ ദൈവം. ഇസ്രായേലേ, ഞാൻ നിന്നെ സൃഷ്‍ടിച്ചു.
യെശയ്യാവ് 43:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ. നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവിയുകയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോവുകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. നിന്‍റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു. നീ എനിക്ക് വിലയേറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കുകയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്‍റെ ജീവന് പകരം ജനതകളെയും കൊടുക്കുന്നു. “ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്ന് വരുത്തുകയും പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും. ഞാൻ വടക്കിനോട്: ‘തരിക’ എന്നും തെക്കിനോട്: ‘തടുത്തുവയ്ക്കരുത്’ എന്നും കല്പിക്കും; ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്ന് എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും.” കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ. സകലജനതകളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആര് ഇതു പ്രസ്താവിക്കുകയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരുകയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു “സത്യം തന്നെ” എന്നു പറയട്ടെ. “നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതിന് നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാടു: “എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാവുകയുമില്ല. ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കുകയും രക്ഷിക്കുകയും കേൾപ്പിക്കുകയും ചെയ്തത്; അതുകൊണ്ട് നിങ്ങൾ എന്റെ സാക്ഷികൾ” എന്നു യഹോവയുടെ അരുളപ്പാടു; “ഞാൻ ദൈവം തന്നെ. ഇന്നും ഞാൻ അനന്യൻ തന്നെ; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആര്‍ അത് തടുക്കും?” നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ച്, അവരെ എല്ലാവരെയും, കൽദയരെ തന്നെ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും. ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.”
യെശയ്യാവ് 43:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ. നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെമീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല. നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു. നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു. ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും. ഞാൻ വടക്കിനോടു: തരിക എന്നും തെക്കിനോടു: തടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും. കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ. സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ. നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്കു ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നേ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ടു ഓടുമാറാക്കും. ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.
യെശയ്യാവ് 43:1-15 സമകാലിക മലയാളവിവർത്തനം (MCV)
ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തിയവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്റേതാണ്. നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ, ഞാൻ നിന്നോടൊപ്പമുണ്ടാകും; നദികളിൽക്കൂടി കടക്കുമ്പോൾ, അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല. തീയിൽക്കൂടി നീ നടന്നാൽ, നിനക്കു പൊള്ളൽ ഏൽക്കുകയില്ല; തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു, നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ. ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു. നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും ഞാൻ നിന്നെ സ്നേഹിക്കുകയാലും ഞാൻ നിനക്കുപകരം മനുഷ്യരെയും നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു. ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും. ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും തെക്കിനോട്, ‘അവരെ തടഞ്ഞുവെക്കരുത്’ എന്നും കൽപ്പിക്കും. എന്റെ പുത്രന്മാരെ ദൂരത്തുനിന്നും എന്റെ പുത്രിമാരെ ഭൂമിയുടെ അറ്റത്തുനിന്നും കൊണ്ടുവരിക— എന്റെ പേരിൽ വിളിക്കപ്പെട്ടും എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചും ഞാൻതന്നെ രൂപപ്പെടുത്തിയുമിരിക്കുന്ന എല്ലാവരെയുംതന്നെ.” കണ്ണുണ്ടായിട്ടും അന്ധരായും ചെവിയുണ്ടായിട്ടും ബധിരരായും ഇരിക്കുന്നവരെ കൂട്ടിക്കൊണ്ടുവരിക. സകലരാഷ്ട്രങ്ങളും ഒരുമിച്ചു കൂടട്ടെ, ജനതകൾ ചേർന്നുവരട്ടെ. അവരിൽ ആരുടെ ദേവതകൾക്ക് ഇതു നമ്മെ അറിയിക്കാനും പൂർവകാര്യങ്ങൾ കാണിച്ചുതരുന്നതിനും കഴിയും? അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ, അവർ കേട്ടിട്ട്, “ഇതു സത്യംതന്നെ” എന്നു പറയട്ടെ. “നിങ്ങൾ എന്നെ അറിഞ്ഞു വിശ്വസിക്കേണ്ടതിനും അത് ഞാൻ ആകുന്നു എന്നു ഗ്രഹിക്കേണ്ടതിനും നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസരുമത്രേ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എനിക്കുമുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല, എനിക്കുശേഷം ആരും ഉണ്ടാകുകയുമില്ല. ഞാൻ, ഞാൻ ആകുന്നു യഹോവ, ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. ഞാൻതന്നെയാണു വെളിപ്പെടുത്തുകയും രക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്; നിങ്ങളുടെ ഇടയിലുള്ള ഒരു അന്യദേവതയും ആയിരുന്നില്ല; നിങ്ങൾ എന്റെ സാക്ഷികൾതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ ആകുന്നു ദൈവം. നിത്യതമുതൽതന്നെ അതു ഞാൻ ആകുന്നു. എന്റെ കൈയിൽനിന്ന് വിടുവിക്കാൻ കഴിവുള്ള ആരുമില്ല. ഞാൻ പ്രവർത്തിക്കുമ്പോൾ, അതിനെ തടുക്കാൻ ആർക്കു കഴിയും?” നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങൾക്കുവേണ്ടി ബാബേലിലേക്ക് സൈന്യത്തെ അയച്ച് ബാബേല്യരായ എല്ലാവരെയും അവരുടെ അഭിമാനമായിരുന്ന ആ കപ്പലുകളിൽത്തന്നെ പലായിതരാക്കി തിരികെകൊണ്ടുവരും. ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവുംതന്നെ.”