യെശയ്യാവ് 42:1-4

യെശയ്യാവ് 42:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ബലപ്പെടുത്തുന്ന എന്റെ ദാസൻ, ഞാൻ തിരഞ്ഞെടുത്തവൻ. അവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു, എന്റെ ആത്മാവിനെ അവനിൽ നിവേശിച്ചിരിക്കുന്നു. അവൻ ജനതകൾക്കു നീതി കൈവരുത്തും. അവൻ നിലവിളിക്കുകയോ, സ്വരം ഉയർത്തുകയോ ചെയ്യുകയില്ല. അവൻ തന്റെ ശബ്ദം തെരുവീഥികളിൽ കേൾപ്പിക്കുകയില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല. പുകയുന്ന തിരി കെടുത്തുകയുമില്ല. അവൻ വിശ്വസ്തതയോടെ നീതി പുലർത്തും. ഭൂമിയിൽ നീതി സ്ഥാപിക്കുന്നതുവരെ അവൻ പരാജിതനോ നിരാശനോ ആവുകയില്ല. വിദൂരദേശങ്ങൾപോലും അവന്റെ ഉപദേശങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു.

യെശയ്യാവ് 42:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ; ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്‍റെ ശബ്ദം കേൾപ്പിക്കുകയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തികളയുകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്‍റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.”

യെശയ്യാവ് 42:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻതളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു.

യെശയ്യാവ് 42:1-4 സമകാലിക മലയാളവിവർത്തനം (MCV)

“ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ! ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും, അവൻ രാഷ്ട്രങ്ങൾക്കു ന്യായം നടത്തിക്കൊടുക്കും. അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല; തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ വിശ്വസ്തതയോടെ ന്യായപാലനം നടത്തും. ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല. അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.”