യെശയ്യാവ് 42:1-25

യെശയ്യാവ് 42:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു. ആകാശത്തെ സൃഷ്‍ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിനു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും. ഞാൻ യഹോവ, അതു തന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയത് അറിയിക്കുന്നു; അത് ഉദ്ഭവിക്കുംമുമ്പേ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു. സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്ന് അവനു സ്തുതിയും പാടുവിൻ. മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ. അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കും. ഞാൻ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും. ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും. വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിൻതിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും. ചെകിടന്മാരേ, കേൾപ്പിൻ; കുരുടന്മാരേ, നോക്കിക്കാൺമിൻ! എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ? പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല. യഹോവ തന്റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്ത്വീകരിപ്പാൻ പ്രസാദിച്ചിരിക്കുന്നു. എന്നാൽ ഇതു മോഷ്‍ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായിപ്പോയി, മടക്കിത്തരിക എന്ന് ആരും പറയുന്നതുമില്ല. നിങ്ങളിൽ ആർ അതിനു ചെവികൊടുക്കും? ഭാവികാലത്തേക്ക് ആർ ശ്രദ്ധിച്ചു കേൾക്കും? യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചു കൊടുത്തവൻ ആർ? യഹോവ തന്നെയല്ലോ; അവനോടു നാം പാപം ചെയ്തുപോയി; അവന്റെ വഴികളിൽ നടപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല. അതുകൊണ്ട് അവൻ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേൽ പകർന്നു; അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.

യെശയ്യാവ് 42:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ബലപ്പെടുത്തുന്ന എന്റെ ദാസൻ, ഞാൻ തിരഞ്ഞെടുത്തവൻ. അവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു, എന്റെ ആത്മാവിനെ അവനിൽ നിവേശിച്ചിരിക്കുന്നു. അവൻ ജനതകൾക്കു നീതി കൈവരുത്തും. അവൻ നിലവിളിക്കുകയോ, സ്വരം ഉയർത്തുകയോ ചെയ്യുകയില്ല. അവൻ തന്റെ ശബ്ദം തെരുവീഥികളിൽ കേൾപ്പിക്കുകയില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല. പുകയുന്ന തിരി കെടുത്തുകയുമില്ല. അവൻ വിശ്വസ്തതയോടെ നീതി പുലർത്തും. ഭൂമിയിൽ നീതി സ്ഥാപിക്കുന്നതുവരെ അവൻ പരാജിതനോ നിരാശനോ ആവുകയില്ല. വിദൂരദേശങ്ങൾപോലും അവന്റെ ഉപദേശങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു. ആകാശം സൃഷ്‍ടിച്ച് നിവർത്തുകയും ഭൂമിക്കും അതിലുള്ളവയ്‍ക്കും രൂപം നല്‌കുകയും അതിൽ നിവസിക്കുന്നവർക്കു ശ്വാസവും അതിൽ ചരിക്കുന്നവർക്കു ചൈതന്യവും കൊടുക്കുകയും ചെയ്ത സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ സർവേശ്വരനാകുന്നു. നീതിപൂർവം ഞാൻ നിന്നെ വിളിച്ചു, ഞാൻ കൈക്കു പിടിച്ചു നടത്തി നിന്നെ സംരക്ഷിച്ചു. അന്ധന്മാരുടെ കണ്ണു തുറക്കാനും തടവുകാരെ തടവറയിൽനിന്നും ഇരുട്ടിലിരിക്കുന്നവരെ ഇരുട്ടറയിൽനിന്നും മോചിപ്പിക്കാനുംവേണ്ടി ഞാൻ നിന്നെ ജനങ്ങൾക്ക് ഒരുടമ്പടിയും ജനതകൾക്കു പ്രകാശവുമായി നല്‌കിയിരിക്കുന്നു. ഞാനാകുന്നു സർവേശ്വരൻ, അതെന്റെ നാമം. എന്റെ മഹത്ത്വം മറ്റാർക്കും നല്‌കുകയില്ല. എനിക്കുള്ള സ്തുതി കൊത്തുവിഗ്രഹങ്ങൾക്കു പങ്കുവയ്‍ക്കുകയില്ല. ഞാൻ മുമ്പു പ്രവചിച്ചത് ഇതാ സംഭവിച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ പുതിയ കാര്യങ്ങൾ പ്രസ്താവിക്കുന്നു. അതു സംഭവിക്കാൻ തുടങ്ങുന്നതിനു മുമ്പേ നിങ്ങളെ അറിയിക്കുന്നു. സർവേശ്വരന് ഒരു പുതിയ ഗീതം ആലപിക്കുവിൻ, ഭൂമിയുടെ അറുതികളിൽനിന്ന് അവിടുത്തെ മഹത്ത്വം പ്രകീർത്തിക്കുവിൻ. സമുദ്രവും അതിലുള്ളതൊക്കെയും തീരദേശങ്ങളും അവയിലെ നിവാസികളും ആർത്തുഘോഷിക്കട്ടെ. മരുഭൂമിയും അതിലെ നഗരങ്ങളും കേദാർ ഗോത്രക്കാർ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരം ഉയർത്തട്ടെ. സേലാനിവാസികൾ ആനന്ദഗീതം പാടട്ടെ. പർവതങ്ങളിൽനിന്നും ആർപ്പുവിളി ഉയരട്ടെ. വിദൂരദേശങ്ങളിൽ സർവേശ്വരന്റെ മഹത്ത്വം പ്രകീർത്തിക്കുകയും അവിടുത്തെ സ്തുതി ഘോഷിക്കുകയും ചെയ്യട്ടെ. സർവേശ്വരൻ വീരയോദ്ധാവിനെപ്പോലെ മുന്നേറുന്നു. പോരാളിയെപ്പോലെ തന്റെ രോഷം ജ്വലിപ്പിക്കുന്നു. അവിടുന്നു പോരിനു വിളിച്ച് അട്ടഹസിക്കുന്നു. ശത്രുക്കളുടെ നേരെ തന്റെ ശക്തി പ്രകടിപ്പിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: “വളരെക്കാലം ഞാൻ മിണ്ടാതിരുന്നു. സ്വയം നിയന്ത്രിച്ചു, ശാന്തനായി കഴിഞ്ഞിരുന്നു. ഇപ്പോഴാകട്ടെ ഈറ്റുനോവുകൊണ്ട സ്‍ത്രീയെപ്പോലെ ഞാൻ നിലവിളിക്കും നെടുവീർപ്പിടും കിതയ്‍ക്കും. മലകളും പർവതങ്ങളും ഞാൻ തരിശാക്കും; അവയിലെ സർവസസ്യജാലങ്ങളെയും ഉണക്കിക്കളയും. നദികളെ കരകളാക്കും. കുളങ്ങൾ വറ്റിച്ചുകളയും. അന്ധന്മാരെ അവരറിയാത്ത വഴികളിലൂടെ നയിക്കും. അജ്ഞാതമായ പാതയിലൂടെ അവരെ വഴി നടത്തും. അവരുടെ മാർഗത്തിലെ ഇരുട്ട് ഞാൻ പ്രകാശമാക്കുകയും ദുർഘടസ്ഥാനങ്ങളെ സമഭൂമിയാക്കുകയും ചെയ്യും. ഇവയെല്ലാം ഞാൻ ചെയ്യും. ഞാനവരെ ഉപേക്ഷിക്കുകയില്ല. കൊത്തുവിഗ്രഹങ്ങളിൽ ആശ്രയം അർപ്പിക്കുകയും വാർപ്പുവിഗ്രഹങ്ങളോടു “നിങ്ങളാണ് ഞങ്ങളുടെ ദേവന്മാർ” എന്നു പറയുകയും ചെയ്യുന്നവർ ലജ്ജിതരായി പിന്തിരിയും. “ബധിരരേ, കേട്ടറിയുവിൻ, അന്ധരേ, നോക്കിക്കാണുവിൻ, എന്റെ ദാസനല്ലാതെ മറ്റാരാണ് അന്ധൻ? ഞാനയച്ച ദൂതനല്ലാതെ മറ്റാരാണ് ബധിരൻ? എന്റെ സമർപ്പിതനെപ്പോലെ, സർവേശ്വരന്റെ ദാസനെപ്പോലെ അന്ധനായി ആരുണ്ട്? കാഴ്ചയിൽപ്പെടുന്നത് അവൻ കണ്ടു ഗ്രഹിക്കുന്നില്ല, ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല. അവിടുത്തെ നീതി നിമിത്തം സർവേശ്വരൻ തന്റെ നിയമം ഉൽകൃഷ്ടവും വാഴ്ത്തപ്പെടുന്നതും ആക്കാൻ കനിഞ്ഞിരിക്കുന്നു. കൊള്ളയ്‍ക്കും കവർച്ചയ്‍ക്കും വിധേയമായ ഒരു ജനതയാണിത്. അവരെല്ലാം ഗുഹകളിൽ കുടുങ്ങിയിരിക്കുന്നു; കാരാഗൃഹങ്ങളിൽ അടയ്‍ക്കപ്പെട്ടിരിക്കുന്നു. രക്ഷിക്കാനാരുമില്ലാത്ത വേട്ടമൃഗമായും, “മടക്കിക്കൊടുക്കുക” എന്നു പറയാനാളില്ലാത്ത കൊള്ള വസ്തുവായും അവർ തീർന്നിരിക്കുന്നു. നിങ്ങളിൽ ആരിതിനു ചെവി കൊടുക്കും? ഇനിയെങ്കിലും ശ്രദ്ധയോടു കേൾക്കാൻ നിങ്ങളിൽ ആരുണ്ട്? ആരാണു യാക്കോബിനെ കൊള്ളക്കാർക്കും ഇസ്രായേലിനെ കവർച്ചക്കാർക്കും വിട്ടുകൊടുത്തത്? സർവേശ്വരൻ തന്നെയല്ലേ? അവിടുത്തോട് അവർ പാപം ചെയ്തു. അവിടുത്തെ വഴികളിൽ അവർ നടന്നില്ല; അവിടുത്തെ നിയമം അവർ അനുസരിച്ചില്ല. അതുകൊണ്ട് അവിടുന്നു തന്റെ കോപാഗ്നിയും യുദ്ധത്തിന്റെ കാഠിന്യവും ഇസ്രായേലിന്റെ മേൽ പകർന്നു. അതു ചുറ്റും ആളിക്കത്തിയിട്ടും അവർ ഗ്രഹിച്ചില്ല. പൊള്ളലേറ്റിട്ടും അവർക്കുള്ളിൽ തട്ടിയില്ല.

യെശയ്യാവ് 42:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ; ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്‍റെ ശബ്ദം കേൾപ്പിക്കുകയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തികളയുകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്‍റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.” ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിനു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: “കുരുട്ടുകണ്ണുകളെ തുറക്കുവാനും തടവുകാരെ തടവറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിക്കുവാനും യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്‍റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്‍റെ നിയമവും ജനതകളുടെ പ്രകാശവും ആക്കും. ഞാൻ യഹോവ; അത് തന്നെ എന്‍റെ നാമം; ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനും എന്‍റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കുകയില്ല. പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയത് അറിയിക്കുന്നു; അത് ഉത്ഭവിക്കും മുമ്പ് ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.” സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളവരേ, യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ. മരുഭൂമിയും അതിലെ പട്ടണങ്ങളും ശബ്ദം ഉയർത്തട്ടെ; കേദാർ പാർക്കുന്ന ഗ്രാമങ്ങളും; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ. അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് അവന്‍റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്‍റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കുകയും ചെയ്യുന്നു. ഞാൻ മലകളെയും കുന്നുകളേയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും. ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും. വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: ‘നിങ്ങൾ ഞങ്ങളുടെ ദേവന്മാർ’ എന്നു പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും. “ചെകിടന്മാരേ, കേൾക്കുവിൻ; കുരുടന്മാരേ, നോക്കിക്കാണുവിൻ! എന്‍റെ ദാസനല്ലാതെ കുരുടൻ ആര്‍? ഞാൻ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആര്‍? എന്‍റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആര്‍? പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.” യഹോവ തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്ത്വീകരിക്കുവാൻ പ്രസാദിച്ചിരിക്കുന്നു. എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായിപ്പോയി, “മടക്കിത്തരുക” എന്നു ആരും പറയുന്നതുമില്ല. നിങ്ങളിൽ ആര്‍ അതിന് ചെവികൊടുക്കും? ഭാവികാലത്തേക്ക് ആര്‍ ശ്രദ്ധിച്ചു കേൾക്കും? യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആര്‍? യഹോവ തന്നെയല്ലോ; അവനോട് നാം പാപം ചെയ്തുപോയി അവന്‍റെ വഴികളിൽ നടക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; അവന്‍റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല. അതുകൊണ്ട് അവൻ തന്‍റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെ മേൽ പകർന്നു; അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.

യെശയ്യാവ് 42:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻതളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു. ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും. ഞാൻ യഹോവ; അതു തന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു. സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിൻ. മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്നു ആർക്കുകയും ചെയ്യട്ടെ. അവർ യഹോവെക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കതെക്കും. ഞാൻ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും. ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും. വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോടു: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിന്തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും. ചെകിടന്മാരേ, കേൾപ്പിൻ; കുരുടന്മാരേ, നോക്കിക്കാണ്മിൻ! എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ? പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല. യഹോവ തന്റെ നീതി നിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാൻ പ്രസാദിച്ചിരിക്കുന്നു. എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടെക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല. നിങ്ങളിൽ ആർ അതിന്നു ചെവികൊടുക്കും? ഭാവികാലത്തേക്കു ആർ ശ്രദ്ധിച്ചു കേൾക്കും? യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആർ? യഹോവ തന്നേയല്ലോ; അവനോടു നാം പാപം ചെയ്തുപോയി അവന്റെ വഴികളിൽ നടപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല. അതുകൊണ്ടു അവൻ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേൽ പകർന്നു; അതു അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അതു അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.

യെശയ്യാവ് 42:1-25 സമകാലിക മലയാളവിവർത്തനം (MCV)

“ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ! ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും, അവൻ രാഷ്ട്രങ്ങൾക്കു ന്യായം നടത്തിക്കൊടുക്കും. അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല; തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ വിശ്വസ്തതയോടെ ന്യായപാലനം നടത്തും. ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല. അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.” യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു— ആകാശത്തെ സൃഷ്ടിച്ച് അതിനെ വിരിക്കയും ഭൂമിയെയും അതിലുള്ള ഉല്പന്നങ്ങളെയും വ്യവസ്ഥാപിക്കയും അതിലെ ജനത്തിനു ശ്വാസവും അതിൽ ജീവിക്കുന്നവർക്കു ജീവനും പ്രദാനംചെയ്യുകയും ചെയ്തവൻതന്നെ: “അന്ധനയനങ്ങൾ തുറക്കുന്നതിനും തടവുകാരെ കാരാഗൃഹത്തിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ ഇരുട്ടറയിൽനിന്നും പുറപ്പെടുവിക്കാനും യഹോവയായ ഞാൻ, നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു; ഞാൻ നിന്നെ കൈപിടിച്ചു നടത്തും. ഞാൻ നിന്നെ സൂക്ഷിക്കയും ജനത്തിന് ഒരു ഉടമ്പടിയും യെഹൂദേതരർക്കു പ്രകാശവുമായി നിന്നെ നിയമിക്കുകയും ചെയ്യും. “ഞാൻ യഹോവ ആകുന്നു; അതാണ് എന്റെ നാമം! ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും നൽകുകയില്ല. ഇതാ, പണ്ടു പ്രസ്താവിച്ച കാര്യങ്ങൾ നിറവേറിയിരിക്കുന്നു, ഇപ്പോൾ ഞാൻ പുതിയ കാര്യങ്ങൾ പ്രസ്താവിക്കുന്നു; അവ ഉണ്ടാകുന്നതിനുമുമ്പേ ഞാൻ അതു നിങ്ങളെ അറിയിക്കുന്നു.” സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിലുള്ള സകലതും ദ്വീപുകളും അവയിലെ നിവാസികളുമേ, യഹോവയ്ക്ക് ഒരു പുതിയ ഗാനം ആലപിക്കുക, അവിടത്തെ സ്തുതി ഭൂമിയുടെ സീമകളിൽനിന്ന് പാടുക. മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ; കേദാറിലെ ഗ്രാമങ്ങളും അതിലെ നിവാസികളും ആനന്ദിക്കട്ടെ. സേലാപട്ടണനിവാസികളും ആഹ്ലാദത്താൽ പാടട്ടെ; പർവതത്തിന്റെ മുകളിൽനിന്ന് അവർ ആർത്തുവിളിക്കട്ടെ. അവർ യഹോവയ്ക്ക് മഹത്ത്വം കൊടുക്കുകയും അവിടത്തെ സ്തുതി ദ്വീപുകളിൽ പ്രസ്താവിക്കുകയും ചെയ്യട്ടെ. യഹോവ ഒരു യോദ്ധാവിനെപ്പോലെ പുറപ്പെടും, ഒരു യുദ്ധവീരനെപ്പോലെ തന്റെ തീക്ഷ്ണത പ്രകടമാക്കും; അവിടന്ന് ആർത്തുവിളിക്കും, യുദ്ധഘോഷം മുഴക്കും, തന്റെ ശത്രുക്കൾക്കെതിരേ അവിടന്ന് വിജയംനേടും. “ഞാൻ ദീർഘകാലം മൗനമായിരുന്നു, ഞാൻ മിണ്ടാതിരുന്ന് എന്നെത്തന്നെ നിയന്ത്രിച്ചുപോന്നു. എന്നാൽ ഇപ്പോൾ പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങുന്നു, കിതയ്ക്കുകയും നെടുവീർപ്പിടുകയുംചെയ്യുന്നു. ഞാൻ പർവതങ്ങളെയും മലകളെയും ശൂന്യമാക്കും അവയിലെ സസ്യങ്ങളെ കരിച്ചുകളയും. ഞാൻ നദികളെ ദ്വീപുകളാക്കും, ജലാശയങ്ങളെ വറ്റിച്ചുംകളയും. ഞാൻ അന്ധരെ അവർ അറിയാത്ത വഴിയിലൂടെ നടത്തും, അവർ അറിഞ്ഞിട്ടില്ലാത്ത പാതകളിലൂടെ ഞാൻ അവരെ നയിക്കും. ഞാൻ അവരുടെമുമ്പിൽ അന്ധകാരത്തെ പ്രകാശമായും ദുർഘടസ്ഥലങ്ങളെ സമതലമായും മാറ്റും. അവർക്കു ഞാൻ ഇവയെല്ലാം ചെയ്തുകൊടുക്കും; ഞാൻ അവരെ ഉപേക്ഷിക്കുകയില്ല. എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്, ബിംബങ്ങളോട്, ‘നിങ്ങളാണ് ഞങ്ങളുടെ ദേവതകളെന്നു,’ പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിതരാകും. “ചെകിടരേ, കേൾക്കുക; അന്ധരേ, നോക്കിക്കാണുക! എന്റെ ദാസനല്ലാതെ അന്ധൻ ആർ? ഞാൻ അയയ്ക്കുന്ന എന്റെ സന്ദേശവാഹകനെപ്പോലെ ചെകിടൻ ആർ? എന്റെ ഉടമ്പടിയിൽ പങ്കാളിയായിരിക്കുന്നവനെപ്പോലെ അന്ധനും യഹോവയുടെ ആ ദാസനെപ്പോലെ കുരുടനും ആരുള്ളൂ? നീ പലതും കണ്ടു; എങ്കിലും നീ അവ ഗ്രഹിക്കുന്നില്ല; നിന്റെ ചെവികൾ തുറന്നിരിക്കുന്നു; എങ്കിലും ഒന്നും കേൾക്കുന്നില്ല.” തന്റെ നീതിക്കായി അവിടത്തെ നിയമം ശ്രേഷ്ഠവും മഹത്ത്വകരവുമാക്കാൻ യഹോവയ്ക്കു പ്രസാദമായിരിക്കുന്നു. എങ്കിലും ഇതു കൊള്ളചെയ്യപ്പെട്ടു കവർച്ചയായിത്തീർന്ന ഒരു ജനമാണ്, അവരെല്ലാം ഗുഹകളിൽ കുടുങ്ങുകയോ കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നു. അവർ കവർച്ചയ്ക്ക് ഇരയായി, വിടുവിക്കാൻ ആരും ഇല്ല; കൊള്ളചെയ്യപ്പെട്ടു, “മടക്കിത്തരിക,” എന്ന് ആരും പറയുന്നതുമില്ല. നിങ്ങളിൽ ആര് ഇതു ശ്രദ്ധിക്കും? ഭാവിക്കുവേണ്ടി ആര് ചെവികൊടുത്തു കേൾക്കും? യാക്കോബിനെ കവർച്ചയ്ക്കും ഇസ്രായേലിനെ കൊള്ളക്കാർക്കും വിട്ടുകൊടുത്തതാര്? യഹോവ തന്നെയല്ലേ, അവിടത്തോടല്ലേ നാം പാപം ചെയ്തത്? കാരണം അവർ അവിടത്തെ വഴികൾ അനുസരിച്ചിട്ടില്ല; അവിടത്തെ നിയമം അനുസരിച്ചിട്ടുമില്ല. അതുകൊണ്ട് തന്റെ തീക്ഷ്ണമായ കോപവും യുദ്ധത്തിന്റെ ഭീകരതയും അവിടന്ന് അവരുടെമേൽ ചൊരിഞ്ഞു. അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ തിരിച്ചറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ ഗൗനിച്ചതേയില്ല.