യെശയ്യാവ് 37:14-20
യെശയ്യാവ് 37:14-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു; ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തി. ഹിസ്കീയാവ് യഹോവയോടു പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. യഹോവേ, ചെവി ചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ ആളയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്ക് ഒക്കെയും കേൾക്കേണമേ. യഹോവേ, അശ്ശൂർരാജാക്കന്മാർ സർവജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി, അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നെ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കേണമേ.
യെശയ്യാവ് 37:14-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹിസ്കിയാ ദൂതന്മാരുടെ കൈയിൽനിന്നും കത്തു വാങ്ങി വായിച്ചു. അയാൾ സർവേശ്വരന്റെ ആലയത്തിൽ പ്രവേശിച്ച് സർവേശ്വരസന്നിധിയിൽ അതു നിവർത്തി ഇപ്രകാരം പ്രാർഥിച്ചു: സർവശക്തനായ സർവേശ്വരാ, കെരൂബുകളുടെമേൽ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്റെ ദൈവമേ, ഭൂമിയിലെ സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നാകുന്നു; അവിടുന്നു മാത്രം. അവിടുന്ന് ആകാശത്തെയും ഭൂമിയെയും സൃഷ്‍ടിച്ചു. സർവേശ്വരാ, ശ്രദ്ധിച്ചാലും, തൃക്കണ്ണുകൾ തുറന്നു കടാക്ഷിക്കേണമേ. ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള സെൻഹേരീബിന്റെ കത്തിലെ വാക്കുകൾ കേൾക്കണമേ. അസ്സീറിയാരാജാക്കന്മാർ എല്ലാ ജനതകളെയും അവരുടെ ദേശങ്ങളെയും ശൂന്യമാക്കി, അവരുടെ ദേവന്മാരെ തീയിൽ എരിച്ചുകളഞ്ഞു. ഇതു വാസ്തവംതന്നെ. കാരണം, അവർ ദൈവങ്ങളായിരുന്നില്ല. മനുഷ്യകരങ്ങൾ നിർമിച്ച കല്ലും മരവും കൊണ്ടുള്ള വിഗ്രഹങ്ങൾ മാത്രം. അതുകൊണ്ട് ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അവരുടെ കൈയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. അങ്ങനെ ഭൂമിയിലെ സർവരാജ്യങ്ങളും അവിടുന്നു മാത്രമാണ് ദൈവം എന്നറിയട്ടെ.
യെശയ്യാവ് 37:14-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തു വാങ്ങി വായിച്ചു; ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അത് വിടർത്തി. ഹിസ്കീയാവ് യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞത്: “യിസ്രായേലിന്‍റെ ദൈവമായ കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഒരുവൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിക്കുവാൻ ആളയച്ചിരിക്കുന്ന സൻഹേരീബിന്‍റെ വാക്കുകൾ കേൾക്കേണമേ. യഹോവേ, അശ്ശൂർരാജാക്കന്മാർ സർവ്വജനതകളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി, അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നെ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; അതിനാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു. ഇപ്പോൾ ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങ് ഒരുവൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന് ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കേണമേ.”
യെശയ്യാവ് 37:14-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഹിസ്കീയാവു ദൂതന്മാരുടെ കയ്യിൽനിന്നു എഴുത്തു വാങ്ങി വായിച്ചു; ഹിസ്കീയാവു യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തു. ഹിസ്കീയാവു യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. യഹോവേ, ചെവി ചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ ആളയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്കു ഒക്കെയും കേൾക്കേണമേ. യഹോവേ, അശ്ശൂർരാജാക്കന്മാർ സർവ്വജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി, അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നേ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.
യെശയ്യാവ് 37:14-20 സമകാലിക മലയാളവിവർത്തനം (MCV)
ഹിസ്കിയാവ് സന്ദേശവാഹകരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു. പിന്നെ അദ്ദേഹം യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽവെച്ച് അതു നിവർത്തി. അതിനുശേഷം ഹിസ്കിയാവ് യഹോവയോടു പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ! കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായുള്ളോവേ! ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും മേലേ അവിടന്നുമാത്രം ദൈവമാകുന്നു. അവിടന്നു ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ചു. യഹോവേ, ചെവിചായ്ച്ചു കേൾക്കണേ! യഹോവേ, തൃക്കൺ തുറന്നു കാണണമേ! ജീവനുള്ള ദൈവത്തെ അധിക്ഷേപിച്ച് സൻഹേരീബ് പറഞ്ഞയച്ച വാക്കുകളെല്ലാം ശ്രദ്ധിക്കണേ! “യഹോവേ, അശ്ശൂർരാജാക്കന്മാർ ഈ ജനതകളെയും അവരുടെ ഭൂപ്രദേശങ്ങളെയും ശൂന്യമാക്കിക്കളഞ്ഞു എന്നതു നേരുതന്നെ. അവരുടെ ദേവന്മാരെ അവർ തീയിലിട്ടു നശിപ്പിച്ചു. അവ ദേവന്മാരായിരുന്നില്ല; മനുഷ്യകരങ്ങൾ രൂപംകൊടുത്ത കല്ലും മരവുംമാത്രം ആയിരുന്നു. ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്നുമാത്രം ദൈവമാകുന്നു എന്ന് ഭൂതലത്തിലെ സകലരാജ്യങ്ങളും അറിയാൻ തക്കവണ്ണം ഇപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്നു ഞങ്ങളെ വിടുവിക്കണേ!”