യെശയ്യാവ് 29:11-24

യെശയ്യാവ് 29:11-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ നിങ്ങൾക്കു സകല ദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾപോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കൈയിൽ കൊടുത്ത്: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു വയ്യാ; അതിനു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കൈയിൽ കൊടുത്ത്: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്ക് അക്ഷരവിദ്യയില്ല എന്നു പറയും. ഈ ജനം അടുത്തുവന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ. ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്റെ ഇടയിൽ ഇനിയും ഒരു അദ്ഭുതപ്രവൃത്തി, അദ്ഭുതവും ആശ്ചര്യവും ആയൊരു പ്രവൃത്തി തന്നെ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കർത്താവ് അരുളിച്ചെയ്തു. തങ്ങളുടെ ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാൻ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു എന്നു പറകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! അയ്യോ, ഇതെന്തൊരു മറിവ്! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: അവൻ എന്നെ ഉണ്ടാക്കിയിട്ടില്ല എന്നും, ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: അവനു ബുദ്ധിയില്ല എന്നും പറയുമോ? ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായിത്തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ? അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കുരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും. നിഷ്കണ്ടകൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതിൽക്കൽ ന്യായം വിസ്തരിക്കുന്നവനു കെണി വയ്ക്കയും നീതിമാനെ നിസ്സാരകാര്യം കൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിനു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു. ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബ്ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല. എന്നാൽ അവൻ, അവന്റെ മക്കൾ തന്നെ, തങ്ങളുടെ മധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കയും ചെയ്യും.

യെശയ്യാവ് 29:11-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങനെ നിങ്ങളുടെ സകല ദർശനങ്ങളും മുദ്രവയ്‍ക്കപ്പെട്ട ഗ്രന്ഥത്തിലെ വചനങ്ങൾപോലെ ആയിരിക്കുന്നു. അക്ഷരജ്ഞാനമുള്ളവന്റെ കൈയിൽ അതു കൊടുത്താൽ മുദ്ര വയ്‍ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് വായിക്കാൻ അസാധ്യമെന്നു പറയും. നിരക്ഷരനായവന്റെ കൈയിൽ കൊടുത്താൽ വായിക്കാൻ അറിഞ്ഞുകൂടാ എന്നു പറയും. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈ ജനം വാക്കുകൾകൊണ്ട് എന്നെ സമീപിക്കുന്നു. അധരംകൊണ്ട് എന്നെ ആദരിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നിൽനിന്നും അകന്നിരിക്കുന്നു. മനഃപാഠമാക്കിയ മനുഷ്യനിയമങ്ങളാണ് അവരുടെ മതം. അതുകൊണ്ട് ഞാനിതാ ഈ ജനത്തിന്റെ മധ്യേ ഒരു അദ്ഭുതം പ്രവർത്തിക്കും. അദ്ഭുതകരവും വിസ്മയനീയവുമായ പ്രവൃത്തി; ജ്ഞാനികളുടെ ജ്ഞാനം നശിക്കും, വിവേകികളുടെ വിവേചനാശക്തി നഷ്ടപ്പെടും. സർവേശ്വരനിൽനിന്നു തങ്ങളുടെ പദ്ധതികൾ ആഴത്തിൽ മറച്ചു വയ്‍ക്കുകയും ഇരുട്ടിൽ തങ്ങളുടെ പ്രവൃത്തികൾ നടത്തുകയും, തങ്ങളെ ആരു കാണും, ആരറിയും എന്നു ചോദിക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം! അവർ എല്ലാം കീഴ്മേൽ മറിക്കുന്നു. കുശവനും കളിമണ്ണും ഒരുപോലെയെന്ന് കരുതാമോ? സൃഷ്‍ടി സൃഷ്‍ടിച്ചവനോടു ‘നീയല്ല എന്നെ സൃഷ്‍ടിച്ചതെന്നും’ രൂപം നല്‌കിയവനോട് നിനക്കൊന്നും അറിഞ്ഞുകൂടെന്നും പറയുമോ? ലെബാനോൻ ഫലസമൃദ്ധമായ വിളഭൂമിയായിത്തീരാനും വിളഭൂമി വനമായി എണ്ണപ്പെടാനും അല്പകാലമേ വേണ്ടൂ. അന്നു ബധിരൻ ഗ്രന്ഥത്തിലെ വചനങ്ങൾ വായിച്ചു കേൾക്കുകയും അന്ധന്റെ ഇരുൾ നീങ്ങി പ്രകാശം ലഭിക്കുകയും ചെയ്യും. സൗമ്യശീലർക്കു സർവേശ്വരനിൽ നവ്യമായ ആനന്ദം ഉണ്ടാകും. എളിയവർ ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനിൽ ആനന്ദിക്കും. നിർദയർ ഇല്ലാതാവും നിന്ദകരുടെ കഥ അവസാനിക്കും തിന്മ ചെയ്യാനൊരുങ്ങിയിരിക്കുന്നവർ വിച്ഛേദിക്കപ്പെടും. അവർ ഒരു വാക്കുകൊണ്ട് ഒരുവനെ അപരാധിയാക്കിത്തീർക്കുകയും പട്ടണവാതിൽക്കലിരുന്നു നീതി നടത്തുന്നവർക്കു കെണി വയ്‍ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ട് നീതിമാനെ തകിടം മറിക്കുകയും ചെയ്യുന്നു. അതിനാൽ അബ്രഹാമിനെ വീണ്ടെടുത്ത സർവേശ്വരൻ യാക്കോബിന്റെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നിങ്ങൾ ഇനി ലജ്ജിതരാവുകയില്ല. നിങ്ങളുടെ മുഖം ഇനി വിളറുകയുമില്ല. ഞാൻ ജനമധ്യേ ചെയ്ത പ്രവൃത്തികൾ കാണുമ്പോൾ നിങ്ങളുടെ സന്തതികൾ എന്നെ പരിശുദ്ധനെന്നു വാഴ്ത്തും. യാക്കോബിന്റെ പരിശുദ്ധനായ സർവേശ്വരനെ പ്രകീർത്തിക്കും. ഇസ്രായേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭക്തിയോടെ നിലകൊള്ളും. അസ്ഥിരമാനസർക്കു വിവേകമുണ്ടാവുകയും പിറുപിറുത്തിരുന്നവർ ഉപദേശം കൈക്കൊള്ളുകയും ചെയ്യും.

യെശയ്യാവ് 29:11-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അങ്ങനെ നിങ്ങൾക്ക് സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുവന്‍റെ കയ്യിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് വയ്യാ; അതിന് മുദ്രയിട്ടിരിക്കുന്നുവല്ലോ” എന്നു പറയും. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് അക്ഷര വിദ്യയില്ല” എന്നു പറയും. “ഈ ജനം അടുത്തുവന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തെ അവർ എങ്കൽനിന്ന് ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ. ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്‍റെ ഇടയിൽ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയൊരു പ്രവൃത്തി തന്നെ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും” എന്നു കർത്താവ് അരുളിച്ചെയ്തു. സ്വന്തം ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാൻ നോക്കുകയും സ്വന്തം പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്യുകയും: “ഞങ്ങളെ ആര്‍ കാണുന്നു? ഞങ്ങളെ ആര്‍ അറിയുന്നു” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! നിങ്ങൾ കാര്യങ്ങൾ തലകീഴാക്കുന്നുവല്ലോ! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: “അവൻ എന്നെ ഉണ്ടാക്കിയിട്ടില്ല” എന്നും, ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: “അവനു ബുദ്ധിയില്ല” എന്നും പറയുമോ? ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്യുകയില്ലയോ? ആ നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കുകയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്‍റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും. ഭയങ്കരൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതില്‍ക്കൽ ന്യായം വിസ്തരിക്കുന്നവനു കെണിവയ്ക്കുകയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കുകയും ചെയ്യുന്നവരായി നീതികേടിന് കാത്തിരിക്കുന്ന ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു. ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബ് ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിച്ചുപോവുകയില്ല; അവന്‍റെ മുഖം ഇനി വിളറിപ്പോവുകയുമില്ല. എന്നാൽ അവൻ, അവന്‍റെ മക്കൾതന്നെ, അവരുടെ മദ്ധ്യത്തിൽ എന്‍റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്‍റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്‍റെ പരിശുദ്ധനെ വിശുദ്ധീകരിക്കുകയും യിസ്രായേലിന്‍റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കുകയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കുകയും ചെയ്യും.”

യെശയ്യാവ് 29:11-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ നിങ്ങൾക്കു സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും. ഈ ജനം അടുത്തു വന്നു വായ് കോണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ. ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്റെ ഇടയിൽ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയോരു പ്രവൃത്തി തന്നേ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കർത്താവു അരുളിച്ചെയ്തു. തങ്ങളുടെ ആലോചനയെ യഹോവെക്കു അഗാധമായി മറെച്ചുവെക്കുവാൻ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! അയ്യോ, ഇതെന്തൊരു മറിവു! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു ഉണ്ടാക്കിയവനെക്കുറിച്ചു: അവൻ എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചു: അവന്നു ബുദ്ധിയില്ല എന്നും പറയുമോ? ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ? അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും. നിഷ്കണ്ടകൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതില്ക്കൽ ന്യായം വിസ്തരിക്കുന്നവന്നു കണിവെക്കയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിന്നു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു. ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ് ഗൃഹത്തെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചു പോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല. എന്നാൽ അവൻ, അവന്റെ മക്കൾ തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കയും ചെയ്യും.

യെശയ്യാവ് 29:11-24 സമകാലിക മലയാളവിവർത്തനം (MCV)

എല്ലാ ദർശനവും നിങ്ങൾക്ക് മുദ്രയിട്ട പുസ്തകച്ചുരുളിലെ വചനങ്ങൾപോലെ ആയിത്തീരും. അത് അക്ഷരാഭ്യാസമുള്ള ഒരുവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ, “എനിക്കു കഴിയില്ല, ഇതു മുദ്രയിട്ടിരിക്കുന്നു” എന്ന് അയാൾ മറുപടി പറയും. അപ്പോൾ ആ പുസ്തകച്ചുരുൾ അക്ഷരാഭ്യാസമില്ലാത്തവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ. “എനിക്ക് വായിക്കാൻ അറിഞ്ഞുകൂടാ,” എന്ന് അയാളും ഉത്തരം പറയും. അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “ഈ ജനം വാകൊണ്ട് എന്നോട് അടുത്തു വരികയും അധരംകൊണ്ട് എന്നെ ബഹുമാനിക്കുകയും ചെയ്യുന്നു, എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. അവർ എന്നെ ആരാധിക്കുന്നത് പഠിച്ചുവെച്ച മാനുഷകൽപ്പനകൾ ആധാരമാക്കിയാണ്. അതിനാൽ അത്ഭുതത്തിന്മേൽ അത്ഭുതം പ്രവർത്തിച്ചുകൊണ്ട് ഞാൻ ഈ ജനത്തെ ഒരിക്കൽക്കൂടി സ്തബ്ധരാക്കും. ഏറ്റവും അത്ഭുതകരമായിത്തന്നെ അവരോട് ഇടപെടും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിച്ചുപോകും, ബുദ്ധിമാന്മാരുടെ ബുദ്ധിയും മാഞ്ഞുപോകും.” തങ്ങളുടെ പദ്ധതികൾ യഹോവയിൽനിന്ന് മറച്ചുവെക്കാനായി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവർക്ക്, തങ്ങളുടെ പ്രവൃത്തികൾ അന്ധകാരത്തിൽ ചെയ്തിട്ട്, “ആർ കാണും? ആർ അറിയും?” എന്നു ചിന്തിക്കുന്നവർക്ക്, ഹാ, കഷ്ടം! നിങ്ങൾ കാര്യങ്ങൾ കീഴ്‌മേൽ മറിച്ചുകളയുന്നു, കുശവനും കളിമണ്ണും സമമെന്നു കരുതുന്നതുപോലെ! നിർമിതമായ വസ്തു തന്നെ നിർമിച്ചവനെപ്പറ്റി, “അയാളല്ല എന്നെ നിർമിച്ചത്” എന്നു പറയുമോ? മൺപാത്രം കുശവനെക്കുറിച്ച്, “അയാൾക്കു വിവേകമില്ല” എന്നു പ്രസ്താവിക്കുമോ? ഇനി അൽപ്പസമയത്തിനുള്ളിൽ ലെബാനോൻ ഫലസമൃദ്ധമായ ഒരു വയലായിത്തീരുകയില്ലേ, ആ വയൽ വനമായി കാണപ്പെടുകയുമില്ലേ? ആ ദിവസത്തിൽ ചെകിടന്മാർ പുസ്തകച്ചുരുളിലെ വചനങ്ങൾ കേൾക്കുകയും അന്ധരുടെ കണ്ണുകൾ അന്ധതനീങ്ങി കാഴ്ചനേടുകയും ചെയ്യും. അപ്പോൾ സൗമ്യതയുള്ളവർക്ക് യഹോവയിലുള്ള സന്തോഷം വർധിക്കുകയും ദരിദ്രർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും. ക്രൂരർ ഇല്ലാതെയാകും, പരിഹാസികൾ നാമാവശേഷമാകും, ദോഷം ചെയ്യാൻ മുതിരുന്ന എല്ലാവരും ഛേദിക്കപ്പെടും— മനുഷ്യരെ വാക്കിൽ കുടുക്കി കുറ്റക്കാരാക്കുന്നവർ, നഗരകവാടത്തിൽ ന്യായം വിസ്തരിക്കുന്നവനു കെണി വെക്കുന്നവർ, നീതിനിഷ്ഠരെ വ്യാജവാദങ്ങളാൽ വഞ്ചിക്കുന്നവർ എന്നിവരെയെല്ലാംതന്നെ. അതിനാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബിന്റെ സന്തതികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിതനാകുകയില്ല; അവന്റെ മുഖം ഇനിയൊരിക്കലും വിളറുകയുമില്ല. എന്നാൽ അവർ അവരുടെ മക്കളുടെ മധ്യേ, എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ, അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ, അവർ യാക്കോബിന്റെ പരിശുദ്ധന്റെ വിശുദ്ധി അംഗീകരിക്കുകയും ഇസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമം ബാധിച്ചു തെറ്റിപ്പോയവർ വിവേകബുദ്ധിനേടുകയും പിറുപിറുത്തവർ ഉപദേശം സ്വീകരിക്കുകയും ചെയ്യും.”