യെശയ്യാവ് 22:8-13
യെശയ്യാവ് 22:8-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദായുടെ രക്ഷാകവചം മാറ്റപ്പെട്ടു. വനമധ്യത്തിലുള്ള ആയുധപ്പുരയിലേക്ക് അന്നു നിങ്ങൾ നോക്കി. ദാവീദിന്റെ കോട്ടയിൽ നിരവധി വിള്ളലുകൾ നിങ്ങൾ കണ്ടു. താഴത്തെ കുളത്തിലെ വെള്ളം നിങ്ങൾ കെട്ടിനിർത്തി. നിങ്ങൾ യെരൂശലേമിലെ വീടുകൾ എണ്ണി. മതിലുകളുടെ അറ്റകുറ്റപ്പണി നടത്താൻ അവയിൽ ചിലതു പൊളിച്ചു. പഴയ കുളത്തിലെ ജലം സംഭരിക്കാൻ രണ്ടു മതിലുകൾക്കിടയിൽ ഒരു ജലസംഭരണി നിർമിച്ചു. എന്നാൽ ഇതു നിർമിച്ചവന്റെ അടുക്കലേക്കു നിങ്ങൾ തിരിയുകയോ, പണ്ടുതന്നെ ഇത് ആസൂത്രണം ചെയ്തവനെ നിങ്ങൾ ഓർക്കുകയോ ചെയ്തില്ല. അന്നു തല മുണ്ഡനം ചെയ്തു ചാക്കുതുണി ഉടുത്തു കരയാനും വിലപിക്കാനും സർവശക്തനായ സർവേശ്വരൻ നിങ്ങളെ വിളിച്ചു. എന്നാൽ നിങ്ങൾ ഇതാ, സന്തോഷിച്ചുല്ലസിക്കുന്നു, കാളയെ അറുക്കുന്നു, ആടിനെ വെട്ടുന്നു, മാംസം ഭക്ഷിക്കുന്നു. വീഞ്ഞു കുടിക്കുന്നു! “നമുക്കു തിന്നു കുടിച്ചുല്ലസിക്കാം, നാളെ മരിക്കുമല്ലോ” എന്നു നിങ്ങൾ പറയുന്നു.
യെശയ്യാവ് 22:8-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗത്തെ നോക്കി, ദാവീദിൻനഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു. പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓർത്തതുമില്ല. അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചിലിനും വിലാപത്തിനും മൊട്ടയടിക്കുന്നതിനും രട്ടുടുക്കുന്നതിനും വിളിച്ചപ്പോൾ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചി തിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.
യെശയ്യാവ് 22:8-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി. ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു. പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാൻ രണ്ടു മതിലുകളുടെ മദ്ധ്യത്തിൽ ഒരു ജലസംഭരണി ഉണ്ടാക്കി; എങ്കിലും അത് വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടുപണ്ടേ അത് രൂപകല്പന ചെയ്തവനെ ബഹുമാനിച്ചതുമില്ല. അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനും രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ എന്നാൽ തല്‍സ്ഥാനത്ത് ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്കുക! “നാം തിന്നുക, കുടിക്കുക; നാളെ മരിക്കുമല്ലോ” എന്നിങ്ങനെ ആയിരുന്നു.
യെശയ്യാവ് 22:8-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി, ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു. പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓർത്തതുമില്ല. അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.
യെശയ്യാവ് 22:8-13 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്ന് യെഹൂദയുടെ പ്രതിരോധം നീക്കിക്കളഞ്ഞു, അന്നു നിങ്ങൾ വനസൗധത്തിലെ ആയുധങ്ങൾ നോക്കി. ദാവീദിന്റെ നഗരത്തിന്റെ കോട്ടമതിലുകളിൽ വിള്ളലുകൾ നിരവധിയെന്നു നിങ്ങൾ കണ്ടു; താഴത്തെ കുളത്തിൽ നിങ്ങൾ വെള്ളം കെട്ടിനിർത്തി. നിങ്ങൾ ജെറുശലേമിലെ വീടുകൾ എണ്ണിനോക്കി, കോട്ട ബലപ്പെടുത്തുന്നതിന് നിങ്ങൾ വീടുകൾ ഇടിച്ചുകളഞ്ഞു. പഴയ കുളത്തിലെ ജലത്തിനായി നിങ്ങൾ രണ്ടു മതിലുകൾക്കിടയിൽ ഒരു ജലാശയമുണ്ടാക്കി, എങ്കിലും അതിനെ നിർമിച്ചവനിലേക്കു നിങ്ങൾ തിരിയുകയോ വളരെക്കാലംമുമ്പേ അത് ആസൂത്രണം ചെയ്തവനെപ്പറ്റി നിങ്ങൾ ചിന്തിക്കുകയോ ചെയ്തില്ല. കർത്താവ്, സൈന്യങ്ങളുടെ യഹോവ, ആ ദിവസം നിങ്ങളെ കരയുന്നതിനും വിലപിക്കുന്നതിനും ശിരോമുണ്ഡനംചെയ്ത് ചാക്കുശീലധരിക്കുന്നതിനും ആഹ്വാനംചെയ്തു, എന്നാൽ അതിനുപകരം നിങ്ങൾ ആഹ്ലാദിച്ചു തിമിർത്തു; കന്നുകാലികളെ കശാപ്പുചെയ്ത് ആടിനെ അറത്ത് മാംസം ഭക്ഷിച്ചു വീഞ്ഞു പാനംചെയ്തു. “നമുക്കു തിന്നുകുടിക്കാം, നാളെ നാം മരിക്കുമല്ലോ,” എന്നു നിങ്ങൾ പറയുന്നു!