യെശയ്യാവ് 1:4-7

യെശയ്യാവ് 1:4-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ച് യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിൻമാറുകേയുള്ളൂ; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു.

യെശയ്യാവ് 1:4-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഹാ! പാപികളായ ജനത! അകൃത്യഭാരംകൊണ്ട് അമർന്ന ജനം! ദുഷ്കർമികളുടെ സന്തതികൾ! ദുർവൃത്തരായ മക്കൾ! അവർ സർവേശ്വരനെ പരിത്യജിച്ചിരിക്കുന്നു; ഇസ്രായേലിന്റെ പരിശുദ്ധനെ വെറുത്തിരിക്കുന്നു. അവർ തീർത്തും അകന്നു പോയിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്തു കാര്യം? നിങ്ങൾ നിരന്തരം അനുസരണക്കേടു കാട്ടുന്നു. നിങ്ങളുടെ ശിരസ്സു മുഴുവൻ രോഗഗ്രസ്തം; ഹൃദയം ആകെ തളർച്ചയും. നിങ്ങളുടെ ഉള്ളങ്കാൽമുതൽ ഉച്ചിവരെ വ്രണമാണ്; ക്ഷതങ്ങളും വ്രണങ്ങളും ചോരയൊലിക്കുന്ന മുറിവുകളും മാത്രം. അവ നന്നായി കഴുകുകയോ, വച്ചുകെട്ടുകയോ എണ്ണ പുരട്ടുകയോ ചെയ്തിട്ടില്ല. നിങ്ങളുടെ ദേശം ശൂന്യമായിത്തീർന്നിരിക്കുന്നു. നിങ്ങളുടെ നഗരങ്ങൾ അഗ്നിക്കിരയായി. നിങ്ങളുടെ കൺമുമ്പിൽവച്ചു തന്നെ പരദേശികൾ നിങ്ങളുടെ ദേശം നശിപ്പിച്ചിരിക്കുന്നു; അതു ശൂന്യമായി കിടക്കുന്നു.

യെശയ്യാവ് 1:4-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അയ്യോ പാപമുള്ള ജനത! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്‍റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു; അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു.

യെശയ്യാവ് 1:4-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു.

യെശയ്യാവ് 1:4-7 സമകാലിക മലയാളവിവർത്തനം (MCV)

അയ്യോ! എന്തൊരു പാപംനിറഞ്ഞ ജനത! കുറ്റഭാരം ചുമക്കുന്ന സന്തതി, ദുഷ്കർമികളുടെ മക്കൾ! വഷളത്തം പ്രവർത്തിക്കുന്ന പുത്രന്മാർ! അവർ യഹോവയെ ഉപേക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ തിരസ്കരിച്ചിരിക്കുന്നു, അവിടത്തേക്കെതിരേ അവർ പുറംതിരിഞ്ഞിരിക്കുന്നു. നിങ്ങളെ ഇനിയും അടിക്കുന്നത് എന്തിന്? നിങ്ങൾ മാത്സര്യത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതും എന്തിന്? നിങ്ങളുടെ തല മുഴുവനും മുറിവേറ്റിരിക്കുന്നു, നിങ്ങളുടെ ഹൃദയം മുഴുവനും രോഗാതുരമായിരിക്കുന്നു. ഉള്ളങ്കാൽമുതൽ ഉച്ചിവരെ ഒരു സ്ഥലവും മുറിവേൽക്കാത്തതായിട്ടില്ല— മുറിവുകൾ, പൊറ്റകൾ, ചോരയൊലിക്കുന്ന വ്രണങ്ങൾ, അവ വൃത്തിയാക്കുകയോ വെച്ചുകെട്ടുകയോ ചെയ്തിട്ടില്ല, ഒലിവെണ്ണയാൽ ശമനം വരുത്തിയിട്ടുമില്ല. നിങ്ങളുടെ രാജ്യം ശൂന്യമായി, നിങ്ങളുടെ പട്ടണങ്ങൾ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; നിങ്ങളുടെ നിലങ്ങൾ വിദേശികളാൽ അപഹരിക്കപ്പെട്ടിരിക്കുന്നു നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ, അപരിചിതർ തകർത്തുകളഞ്ഞതുപോലെ അതു ശൂന്യമായിക്കിടക്കുന്നു.