യെശയ്യാവ് 1:15-20

യെശയ്യാവ് 1:15-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറച്ചുകളയും; നിങ്ങൾ എത്രതന്നെ പ്രാർഥന കഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിൻമുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. നന്മ ചെയ്‍വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവഴിക്കാക്കുവിൻ; അനാഥനു ന്യായം നടത്തിക്കൊടുപ്പിൻ; വിധവയ്ക്കു വേണ്ടി വ്യവഹരിപ്പിൻ. വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിനിരയായിത്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.

യെശയ്യാവ് 1:15-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾ കൈ ഉയർത്തി പ്രാർഥിക്കുമ്പോൾ ഞാൻ മുഖം തിരിച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ ദുഷ്കർമങ്ങൾ എന്റെ കൺമുമ്പിൽനിന്നു നീക്കിക്കളയുവിൻ; ദുർവൃത്തിയിൽനിന്നു വിരമിക്കുവിൻ. നന്മ ചെയ്യാൻ പരിശീലിക്കുവിൻ; നീതി ഉറപ്പു വരുത്തുവിൻ; മർദിതനു സഹായം ചെയ്യുവിൻ; അനാഥനു സംരക്ഷണം നല്‌കുവിൻ; വിധവയ്‍ക്കുവേണ്ടി വാദിക്കുവിൻ. “വരൂ, നമുക്കു രമ്യതപ്പെടാം ” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പാണെങ്കിലും ഹിമംപോലെ വെൺമയുള്ളവയായിത്തീരും. അവ രക്താംബരംപോലെ കടുംചുവപ്പാണെങ്കിലും പഞ്ഞിപോലെ വെൺമയുള്ളതാകും. നിങ്ങൾ സ്വന്തമനസ്സാലെ അനുസരിക്കുമെങ്കിൽ ദേശത്തിന്റെ നന്മ അനുഭവിക്കും. എന്നാൽ മത്സരിച്ചാൽ വാളിനിരയായിത്തീരും. ഇതു സർവേശ്വരന്റെ വചനം.

യെശയ്യാവ് 1:15-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾ പ്രാര്‍ത്ഥനയില്‍ കൈകൾ മലർത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്ന് എന്‍റെ കണ്ണ് മറച്ചുകളയും; നിങ്ങൾ എത്രതന്നെ പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല; നിങ്ങളുടെ കൈകൾ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകി ശുദ്ധമാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്‍റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളയുവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. നന്മ ചെയ്യുവാൻ പഠിക്കുവിൻ; ന്യായം അന്വേഷിക്കുവിൻ; പീഡിതനെ സഹായിക്കുവിൻ; അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ; വിധവയ്ക്കുവേണ്ടി വാദിക്കുവിൻ. വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” എന്നു യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന് ഇരയായിത്തീരും.” യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.

യെശയ്യാവ് 1:15-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. നന്മ ചെയ്‌വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ; വിധവെക്കു വേണ്ടി വ്യവഹരിപ്പിൻ. വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. നിങ്ങൾ മനസ്സു വെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.

യെശയ്യാവ് 1:15-20 സമകാലിക മലയാളവിവർത്തനം (MCV)

അതിനാൽ നിങ്ങൾ കൈമലർത്തി പ്രാർഥിക്കുമ്പോൾ, ഞാൻ എന്റെ കണ്ണുകൾ നിങ്ങളിൽനിന്ന് അകറ്റിക്കളയും; നിങ്ങൾ പ്രാർഥനകൾ എത്ര മടങ്ങായി വർധിപ്പിച്ചാലും ഞാൻ കേൾക്കുകയില്ല. “കാരണം നിങ്ങളുടെ കൈകൾ രക്തപങ്കിലമാണ്! “നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക. നിങ്ങളുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുക; ദോഷം പ്രവർത്തിക്കുന്നതു നിർത്തുക. നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക. പീഡിതരെ സ്വതന്ത്രരാക്കുക. അനാഥരുടെ കാര്യം ഏറ്റെടുക്കുക; വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക. “ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും, അവ ഹിമംപോലെ ശുഭ്രമാകും; അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും. നിങ്ങൾക്ക് അനുസരിക്കാനുള്ള മനസ്സുണ്ടെങ്കിൽ ദേശത്തിലെ നല്ല വിഭവങ്ങൾ നിങ്ങൾ അനുഭവിക്കും. എന്നാൽ നിങ്ങൾ എതിർക്കുകയും മത്സരിക്കുകയും ചെയ്താൽ, നിങ്ങൾ വാളിന് ഇരയായിത്തീരും.” യഹോവതന്നെയാണല്ലോ അരുളിച്ചെയ്തിരിക്കുന്നത്.