ഹോശേയ 14:1-4
ഹോശേയ 14:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നത്. നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവനോട്: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും. അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോട്: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ. ഞാൻ അവരുടെ പിന്മാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.
ഹോശേയ 14:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലേ, നിന്റെ ദൈവമായ സർവേശ്വരനിലേക്കു മടങ്ങുക; നിന്റെ അകൃത്യങ്ങളാൽ നീ ഇടറി വീണിരിക്കുന്നുവല്ലോ. അനുതാപവാക്കുകളോടെ സർവേശ്വരനിലേക്കു മടങ്ങുക; “ഞങ്ങളുടെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കണമേ. ഞങ്ങളിൽ നന്മയായുള്ളതു സ്വീകരിച്ചാലും. സ്തുതിയും സ്തോത്രവും ആകുന്ന അധരഫലങ്ങൾ ഞങ്ങൾ അർപ്പിക്കും. അസ്സീറിയായ്‍ക്കു ഞങ്ങളെ രക്ഷിക്കാൻ സാധ്യമല്ല. പടക്കുതിരകൾ ഞങ്ങളെ സംരക്ഷിക്കുകയുമില്ല. ഞങ്ങളുടെ കരനിർമിതമായ വിഗ്രഹങ്ങളെ ‘ഞങ്ങളുടെ ദൈവമേ!’ എന്ന് ഇനി വിളിക്കുകയില്ല. അനാഥർ അങ്ങയിൽ കാരുണ്യം കണ്ടെത്തുന്നുവല്ലോ” എന്ന് അവിടുത്തോടു പറയുക. ഞാൻ അവരുടെ അവിശ്വസ്തതയുടെ വ്രണം സുഖപ്പെടുത്തും; എന്റെ കോപം അവരെ വിട്ടകന്നിരിക്കുന്നു. ഞാൻ അവരെ അതിരറ്റു സ്നേഹിക്കും.
ഹോശേയ 14:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലുക; നിന്‍റെ അകൃത്യം നിമിത്തം അല്ലയോ നീ വീണിരിക്കുന്നത്. നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടി യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് യഹോവയോട്: “സകല അകൃത്യവും ക്ഷമിച്ച്, ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരഫലങ്ങളെ അർപ്പിക്കും. അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോട്: ‘ഞങ്ങളുടെ ദൈവമേ’ എന്ന് പറയുകയോ ചെയ്യുകയില്ല; അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ” എന്നു പറയുവിൻ. “ഞാൻ അവരുടെ പിൻമാറ്റം ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കുകയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.
ഹോശേയ 14:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു. നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും; അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ. ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.
ഹോശേയ 14:1-4 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക. നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്! അനുതാപവാക്യങ്ങളുമായി യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക. യഹോവയോടു പറയുക: “ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ, ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന് ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ. അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല. യുദ്ധക്കുതിരകളുടെമേൽ ഞങ്ങൾ കയറി ഓടിക്കുകയില്ല. ഞങ്ങളുടെ സ്വന്തം കൈപ്പണിയോട്, ‘ഞങ്ങളുടെ ദൈവമേ’ എന്നു ഞങ്ങൾ ഇനി ഒരിക്കലും പറയുകയില്ല. അനാഥനു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ. “ഞാൻ അവരുടെ വിശ്വാസത്യാഗത്തെ സൗഖ്യമാക്കും ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും, എന്റെ കോപം അവരെവിട്ടു തിരിഞ്ഞിരിക്കുന്നല്ലോ.