എബ്രായർ 9:13-22

എബ്രായർ 9:13-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെമേൽ തളിക്കുന്ന പശു ഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടായിട്ട് നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്ക് ലഭിക്കേണ്ടതിന് അവൻ പുതിയനിയമത്തിന്റെ മധ്യസ്ഥൻ ആകുന്നു. നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നത്; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന് ഉറപ്പില്ല. അതുകൊണ്ട് ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല. മോശെ ന്യായപ്രമാണപ്രകാരം കല്പനയൊക്കെയും സകല ജനത്തോടും പ്രസ്താവിച്ചശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകല ജനത്തിന്മേലും തളിച്ചു: “ഇത് ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു. അങ്ങനെ തന്നെ അവൻ കൂടാരത്തിന്മേലും ആരാധനയ്ക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.

പങ്ക് വെക്കു
എബ്രായർ 9 വായിക്കുക

എബ്രായർ 9:13-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മതാചാരവിധിപ്രകാരം അശുദ്ധരായ ജനത്തിന്റെമേൽ കോലാടിന്റെയും കാളക്കിടാക്കളുടെയും രക്തം തളിച്ചും പശുക്കുട്ടികളുടെ ഭസ്മം വിതറിയും അശുദ്ധരെ ശുദ്ധീകരിക്കുന്നു. ഇത് ശരിയാണെങ്കിൽ, ക്രിസ്തുവിന്റെ രക്തം എത്രയധികമായി നമ്മെ ശുദ്ധീകരിക്കും! നിത്യാത്മാവിൽകൂടി ദൈവത്തിനർപ്പിക്കുന്ന അന്യൂനയാഗമായി തന്നെത്തന്നെ അവിടുന്നു സമർപ്പിച്ചു. ജീവിക്കുന്ന ദൈവത്തെ സേവിക്കേണ്ടതിനു പ്രയോജനശൂന്യമായ അനുഷ്ഠാനമുറകളിൽനിന്നു നമ്മുടെ മനസ്സാക്ഷിയെ ക്രിസ്തുവിന്റെ രക്തം ശുദ്ധീകരിക്കും. ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിലിരുന്നപ്പോൾ തങ്ങൾ ചെയ്ത നിയമലംഘനങ്ങളിൽനിന്ന് ജനത്തെ വീണ്ടെടുക്കുന്നതിന് ക്രിസ്തു മരിച്ചു. അങ്ങനെ ദൈവം വിളിച്ചിട്ടുള്ളവർക്കു വാഗ്ദാനം ചെയ്തിട്ടുള്ള അനശ്വരമായ അവകാശങ്ങൾ പ്രാപിക്കേണ്ടതിന്, ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നു. മരണപത്രത്തിന്റെ കാര്യത്തിൽ, അത് എഴുതിയ ആൾ മരിച്ചു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമാണല്ലോ. മരണപത്രം എഴുതിയ ആൾ ജീവിച്ചിരിക്കുമ്പോൾ അതിനു സാധുതയൊന്നുമില്ല; അയാളുടെ മരണശേഷം മാത്രമേ അതു പ്രാബല്യത്തിൽ വരികയുള്ളൂ. രക്തം അർപ്പിക്കാതെയല്ലല്ലോ ആദ്യത്തെ ഉടമ്പടിതന്നെയും ഉറപ്പിക്കപ്പെട്ടത്. നിയമസംഹിതയിൽ ആവിഷ്കരിക്കപ്പെട്ട കല്പനകൾ മോശ ജനത്തോട് ആദ്യം പ്രഖ്യാപനം ചെയ്തു. അതിനുശേഷം കാളക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തമെടുത്തു വെള്ളത്തിൽ കലർത്തി, ഈസ്സോപ്പുചില്ലയും ചെമന്ന ആട്ടുരോമവുപയോഗിച്ചു നിയമപുസ്തകത്തിന്മേലും ജനത്തിന്മേലും തളിച്ചു. ‘ഇത് ദൈവം നിങ്ങൾക്കു നല്‌കിയ ഉടമ്പടിയുടെ രക്തം’ എന്നു പ്രസ്താവിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. അങ്ങനെതന്നെ കൂടാരത്തിന്മേലും ആരാധനയ്‍ക്കുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിന്മേലും അദ്ദേഹം രക്തം തളിച്ചു. നിയമപ്രകാരം എല്ലാംതന്നെ രക്തംകൊണ്ട് ശുദ്ധീകരിക്കപ്പെടുന്നു. രക്തം അർപ്പിക്കാതെ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ലല്ലോ.

പങ്ക് വെക്കു
എബ്രായർ 9 വായിക്കുക

എബ്രായർ 9:13-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആചാരപ്രകാരം ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും പശുഭസ്മവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്നതു നിമിത്തം അവർക്ക് ശാരീരികശുദ്ധി വരുത്തുന്നു എങ്കിൽ, നിത്യദൈവാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്‍റെ രക്തം, നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവ അനുഷ്ഠാനങ്ങളിൽ നിന്നും മോചിപ്പിച്ച്, ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ എത്ര അധികമായി ശുദ്ധീകരിക്കും? അത് നിമിത്തം ആദ്യ ഉടമ്പടിയിൻ കീഴിലുള്ളവരുടെ ലംഘനങ്ങൾക്കുള്ള ശിക്ഷയായ മരണത്തിൽ നിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടാകയും, അതിലൂടെ നിത്യാവകാശത്തിൻ്റെ വാഗ്ദത്തം ദൈവത്താൽ വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ക്രിസ്തു പുതിയ നിയമത്തിന്‍റെ മദ്ധ്യസ്ഥൻ ആകുകയും ചെയ്തു. വിൽപത്രം ഉള്ള ഇടത്ത് അത് എഴുതിയ ആളിന്‍റെ മരണം തെളിയിക്കപ്പെടേണ്ടത് ആവശ്യം. വിൽപത്രം തയ്യാറാക്കിയ ആളിന്‍റെ ജീവകാലത്തോളം അതിന് ഉറപ്പില്ല; മരണശേഷമാണ് അത് പ്രാബല്യത്തിൽ വരുന്നത്. അതുകൊണ്ട് ആദ്യഉടമ്പടിയും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല. മോശെ ന്യായപ്രമാണത്തിലെ സകല കല്പനയും ജനത്തോടു പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തക ചുരുളുകളിന്മേലും സകല ജനത്തിന്മേലും തളിച്ചു: “ഇതു ദൈവം നിങ്ങളോടു കല്പിച്ച ഉടമ്പടിയുടെ രക്തം” എന്നു പറഞ്ഞു. അങ്ങനെ തന്നെ അവൻ കൂടാരത്തിന്മേലും ആരാധനയ്ക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.

പങ്ക് വെക്കു
എബ്രായർ 9 വായിക്കുക

എബ്രായർ 9:13-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു. നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല. അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല. മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു: “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു. അങ്ങനെ തന്നേ അവൻ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.

പങ്ക് വെക്കു
എബ്രായർ 9 വായിക്കുക

എബ്രായർ 9:13-22 സമകാലിക മലയാളവിവർത്തനം (MCV)

മുട്ടാടുകളുടെയും കാളകളുടെയും രക്തം തളിക്കുന്നതും പശുഭസ്മം വിതറുന്നതുമായ അനുഷ്ഠാനങ്ങൾ അശുദ്ധർക്കു ബാഹ്യശുദ്ധി വരുത്തുന്നു എങ്കിൽ, നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്തന്നെ അർപ്പിച്ച നിഷ്കളങ്കനായ ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കാൻ നമ്മെ യോഗ്യരാക്കേണ്ടതിന്, നമ്മുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും! വിളിക്കപ്പെട്ടവർ എല്ലാവർക്കും ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന നിത്യമായ ഓഹരി ലഭിക്കേണ്ടതിന് ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നത് ഈ കാരണത്താലാണ്. ആദ്യഉടമ്പടിയുടെ കീഴിൽ ആയിരുന്നപ്പോൾ അവർ ചെയ്ത പാപങ്ങളുടെ ശിക്ഷയിൽനിന്ന് അവരെ മോചിപ്പിക്കാനാണല്ലോ ക്രിസ്തു മരിച്ചത്. ഒരു വിൽപ്പത്രം പ്രാബല്യത്തിൽ വരാൻ അത് എഴുതിയ ആളിന്റെ മരണം സംഭവിച്ചു എന്ന് സ്ഥാപിക്കേണ്ടത് ആവശ്യമാണ്. കാരണം, മരണശേഷംമാത്രമേ വിൽപ്പത്രം സാധുവാകുന്നുള്ളൂ; അത് എഴുതിയ ആൾ ജീവിച്ചിരിക്കുന്നതുവരെ അതിന് സാംഗത്യമില്ല. ഒന്നാമത്തെ ഉടമ്പടിയും രക്തംകൂടാതെയല്ല സ്ഥാപിക്കപ്പെട്ടത്. മോശ ന്യായപ്രമാണത്തിലെ ഓരോ കൽപ്പനയും സകലജനത്തോടും പ്രഘോഷിച്ചശേഷം കാളക്കിടാങ്ങളുടെയും മുട്ടാടുകളുടെയും രക്തം എടുത്തു വെള്ളം കലർത്തി “ഇത് ദൈവം നിങ്ങൾക്കു നിയമിച്ചുതന്ന ഉടമ്പടിയുടെ രക്തം” എന്നു പ്രസ്താവിച്ചുകൊണ്ട് ചെമന്ന ആട്ടിൻരോമവും ഈസോപ്പുചെടിയുടെ തണ്ടുംകൊണ്ട് പുസ്തകച്ചുരുളിന്മേലും സകലജനത്തിന്മേലും തളിച്ചു. അതുപോലെ അദ്ദേഹം സമാഗമകൂടാരത്തിലും; അനുഷ്ഠാനത്തിനായി ഉപയോഗിച്ചിരുന്ന സകല ഉപകരണങ്ങളിലും രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം എല്ലാംതന്നെ, രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തച്ചൊരിച്ചിലില്ലാതെ പാപവിമോചനം സാധ്യമല്ല.

പങ്ക് വെക്കു
എബ്രായർ 9 വായിക്കുക