എബ്രായർ 9:12-14
എബ്രായർ 9:12-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നെ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെമേൽ തളിക്കുന്ന പശു ഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
എബ്രായർ 9:12-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തു കൂടാരത്തിലൂടെ കടന്ന് ഒരിക്കൽ മാത്രമായി അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചു. കോലാടിന്റെയോ കാളക്കിടാവിന്റെയോ രക്തത്തോടു കൂടിയല്ല, പിന്നെയോ, സ്വന്തം രക്തത്തോടുകൂടിയത്രേ അവിടുന്ന് അവിടെ പ്രവേശിച്ചത്. അങ്ങനെ അവിടുന്ന് നമുക്ക് ശാശ്വതമായ വീണ്ടെടുപ്പ് നേടിത്തന്നു. മതാചാരവിധിപ്രകാരം അശുദ്ധരായ ജനത്തിന്റെമേൽ കോലാടിന്റെയും കാളക്കിടാക്കളുടെയും രക്തം തളിച്ചും പശുക്കുട്ടികളുടെ ഭസ്മം വിതറിയും അശുദ്ധരെ ശുദ്ധീകരിക്കുന്നു. ഇത് ശരിയാണെങ്കിൽ, ക്രിസ്തുവിന്റെ രക്തം എത്രയധികമായി നമ്മെ ശുദ്ധീകരിക്കും! നിത്യാത്മാവിൽകൂടി ദൈവത്തിനർപ്പിക്കുന്ന അന്യൂനയാഗമായി തന്നെത്തന്നെ അവിടുന്നു സമർപ്പിച്ചു. ജീവിക്കുന്ന ദൈവത്തെ സേവിക്കേണ്ടതിനു പ്രയോജനശൂന്യമായ അനുഷ്ഠാനമുറകളിൽനിന്നു നമ്മുടെ മനസ്സാക്ഷിയെ ക്രിസ്തുവിന്റെ രക്തം ശുദ്ധീകരിക്കും.
എബ്രായർ 9:12-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നെ ഒരിക്കലായിട്ട് വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് ഉറപ്പാക്കി. ആചാരപ്രകാരം ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും പശുഭസ്മവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്നതു നിമിത്തം അവർക്ക് ശാരീരികശുദ്ധി വരുത്തുന്നു എങ്കിൽ, നിത്യദൈവാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം, നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവ അനുഷ്ഠാനങ്ങളിൽ നിന്നും മോചിപ്പിച്ച്, ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ എത്ര അധികമായി ശുദ്ധീകരിക്കും?
എബ്രായർ 9:12-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
എബ്രായർ 9:12-14 സമകാലിക മലയാളവിവർത്തനം (MCV)
മുട്ടാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്താൽ അല്ല, സ്വന്തം രക്തത്താൽത്തന്നെ അതിവിശുദ്ധസ്ഥലത്ത് ഒരേയൊരു തവണ പ്രവേശിച്ചുകൊണ്ട് നിത്യമായ വിമോചനം സാധിച്ചു. മുട്ടാടുകളുടെയും കാളകളുടെയും രക്തം തളിക്കുന്നതും പശുഭസ്മം വിതറുന്നതുമായ അനുഷ്ഠാനങ്ങൾ അശുദ്ധർക്കു ബാഹ്യശുദ്ധി വരുത്തുന്നു എങ്കിൽ, നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്തന്നെ അർപ്പിച്ച നിഷ്കളങ്കനായ ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കാൻ നമ്മെ യോഗ്യരാക്കേണ്ടതിന്, നമ്മുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും!