എബ്രായർ 6:10-20

എബ്രായർ 6:10-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും. ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർധിപ്പിക്കയും ചെയ്യും” എന്ന് അരുളിച്ചെയ്തു. അങ്ങനെ അവൻ ദീർഘക്ഷമയോടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു. തങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്; ആണ അവർക്ക് ഉറപ്പിനായി സകല വാദത്തിന്റെയും തീർച്ചയാകുന്നു. അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തത് എന്ന് അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ച് ഒരു ആണയാലും ഉറപ്പുകൊടുത്തു. അങ്ങനെ നമ്മുടെ മുമ്പിൽ വച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിനായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിനു ഭോഷ്കു പറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു. ആ പ്രത്യാശ നമുക്ക് ആത്മാവിന്റെ ഒരു നങ്കൂരംതന്നെ; അത് നിശ്ചയവും സ്ഥിരവും തിരശ്ശീലയ്ക്കകത്തേക്കു കടക്കുന്നതുമാകുന്നു. അവിടേക്കു യേശു മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.

പങ്ക് വെക്കു
എബ്രായർ 6 വായിക്കുക

എബ്രായർ 6:10-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവം അന്യായം പ്രവർത്തിക്കുന്നവനല്ലല്ലോ. നിങ്ങളുടെ പ്രവൃത്തികളും സഹവിശ്വാസികൾക്കു ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സഹായത്തിലൂടെ ദൈവത്തോടു നിങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള സ്നേഹവും അവിടുന്നു വിസ്മരിക്കുകയില്ല. നിങ്ങൾ ഓരോ വ്യക്തിയും പ്രത്യാശിക്കുന്ന കാര്യങ്ങൾ യഥാർഥമായിത്തീരുന്നതിന് നിങ്ങൾ അന്ത്യംവരെ ജാഗ്രതയുള്ളവരായിരിക്കണമെന്നത്രേ ഞങ്ങളുടെ അഭിവാഞ്ഛ. നിങ്ങൾ അലസരാകരുതെന്നും, വിശ്വാസവും സഹനശക്തിയുംമൂലം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു പ്രാപിക്കുന്നവരെപ്പോലെ ആകണമെന്നുമത്രേ നിങ്ങളെപ്പറ്റി ഞങ്ങൾ ആഗ്രഹിക്കുന്നത്. ദൈവം അബ്രഹാമിനോടു വാഗ്ദാനം ചെയ്തപ്പോൾ, അവിടുത്തെക്കാൾ വലിയവനായി ആരും ഇല്ലാതിരുന്നതുകൊണ്ട് സ്വന്തം നാമത്തിൽതന്നെ സത്യംചെയ്തു. ‘ഞാൻ നിന്നെ നിശ്ചയമായും അനുഗ്രഹിക്കുകയും നിനക്ക് അനവധി സന്തതികളെ നല്‌കുകയും ചെയ്യും’ എന്നു ദൈവം അബ്രഹാമിനോടു പറഞ്ഞു. അബ്രഹാം ക്ഷമയോടെ കാത്തിരുന്നു. ദൈവം വാഗ്ദാനം ചെയ്തത് അബ്രഹാമിനു ലഭിക്കുകയും ചെയ്തു. മനുഷ്യർ സാധാരണ ശപഥം ചെയ്യുമ്പോൾ തങ്ങളെക്കാൾ വലിയവനായ ഒരാളിന്റെ നാമത്തിലായിരിക്കുമല്ലോ അപ്രകാരം ചെയ്യുന്നത്. എല്ലാകാര്യങ്ങൾക്കും തന്മൂലം ഉറപ്പുവരുത്തുന്നു. അവിടുത്തെ ഉദ്ദേശ്യത്തിന് ഒരിക്കലും മാറ്റമില്ലെന്ന്, വാഗ്ദാനത്തിന്റെ അവകാശികൾക്കു സ്പഷ്ടമാക്കിക്കൊടുക്കുവാൻ ദൈവം സ്വന്തം ശപഥത്താൽ ഉറപ്പു നല്‌കി. മാറ്റുവാൻ കഴിയാത്ത ഈ രണ്ടു കാര്യങ്ങളിലും ദൈവത്തിന്റെ വാക്ക് വ്യാജമാണെന്നു തെളിയിക്കുവാൻ സാധ്യമല്ല. അതുകൊണ്ട് ദൈവത്തിൽ ശരണം കണ്ടെത്തിയ നമ്മുടെ മുമ്പിൽ വയ്‍ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുവാൻ ശക്തമായ പ്രോത്സാഹനം നമുക്കു ലഭിക്കുന്നു. നമ്മുടെ ജീവിതത്തിന് ഒരു നങ്കൂരമാണ് ഈ പ്രത്യാശ. ഇത് സുരക്ഷിതവും സുനിശ്ചിതവും, തിരശ്ശീലയ്‍ക്കപ്പുറത്തുള്ള അതിവിശുദ്ധസ്ഥലത്തേക്കു കടന്നുചെല്ലുന്നതുമാകുന്നു. യേശു നമുക്കുവേണ്ടി, നമുക്കുമുമ്പായി അവിടെ പ്രവേശിക്കുകയും മെല്‌ക്കിസെദേക്കിനെപ്പോലെ എന്നേക്കും മഹാപുരോഹിതനാകുകയും ചെയ്തിരിക്കുന്നു.

പങ്ക് വെക്കു
എബ്രായർ 6 വായിക്കുക

എബ്രായർ 6:10-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങളുടെ പ്രവൃത്തികളും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും ദൈവ നാമത്തോട് കാണിച്ച സ്നേഹവും മറന്നുകളയുവാൻ തക്കവണ്ണം അവൻ അനീതിയുള്ളവനല്ല. എന്നാൽ നിങ്ങൾ ഓരോരുത്തരും പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിക്കുവാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ ഉത്സാഹം കെട്ടവരാകാതെ, വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവിൻ. ദൈവം അബ്രാഹാമിനോട് വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ട് സത്യം ചെയ്‌വാൻ ഇല്ലാതിരുന്നിട്ട് തന്‍റെ നാമത്തിൽ തന്നെ സത്യംചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു. അങ്ങനെ അബ്രാഹാം ക്ഷമയോടെ ദീർഘകാലം കാത്തിരുന്ന് വാഗ്ദത്ത വിഷയം നേടുകയും ചെയ്തു. തങ്ങളേക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്; അങ്ങനെ ഇടുന്ന ആണ അവർക്ക് ഉറപ്പും തർക്കമില്ലാത്തതുമാകുന്നു. അതുകൊണ്ട് ദൈവം വാഗ്ദത്തത്തിൻ്റെ അവകാശികൾക്ക് തന്‍റെ ഉദ്ദേശ്യം മാറാത്തത് എന്നു അധികം സ്പഷ്ടമായി കാണിക്കുവാൻ തീരുമാനിച്ചിട്ട് ഒരു ആണയാലും ഉറപ്പുകൊടുത്തു. ദൈവം ഉറപ്പുകൊടുത്ത രണ്ടു കാര്യങ്ങളായ “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്ന വാഗ്ദത്തത്തിൽ ഉറച്ചുനിൽക്കുകയും ദൈവത്തിൽ ശരണത്തിനായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്‍റെ വാക്ക് വ്യാജമല്ല എന്നു തെളിയിക്കപ്പെട്ടതും ശക്തിയുള്ളതുമായ ഈ പ്രബോധനം പ്രാപിക്കുവാൻ ഇടവരുന്നു. ആ പ്രത്യാശ നമുക്കു ആത്മാവിന്‍റെ ഒരു നങ്കൂരം തന്നെ; അത് നിശ്ചിതവും സുസ്ഥിരവും തിരശ്ശീലക്കപ്പുറത്തുള്ള അതിവിശുദ്ധ സ്ഥലത്തേയ്ക്ക് കടക്കുന്നതുമാകുന്നു. അവിടേക്ക് യേശു മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.

പങ്ക് വെക്കു
എബ്രായർ 6 വായിക്കുക

എബ്രായർ 6:10-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും. ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‌വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു. അങ്ങനെ അവൻ ദീർഘക്ഷമയോടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു. തങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നതു; ആണ അവർക്കു ഉറപ്പിന്നായി സകലവാദത്തിന്റെയും തീർച്ചയാകുന്നു. അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു. അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു. ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു. അവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.

പങ്ക് വെക്കു
എബ്രായർ 6 വായിക്കുക

എബ്രായർ 6:10-20 സമകാലിക മലയാളവിവർത്തനം (MCV)

ദൈവത്തിന് അനീതി ലവലേശമില്ല, ദൈവനാമത്തോടു നിങ്ങൾ പ്രകടിപ്പിച്ച സ്നേഹവും നിങ്ങൾ വിശുദ്ധർക്കുവേണ്ടി മുമ്പേ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സേവനങ്ങളും അവിടന്ന് വിസ്മരിക്കില്ല. നിങ്ങൾ ഓരോരുത്തർക്കും പ്രത്യാശയെക്കുറിച്ചുള്ള പരിപൂർണനിശ്ചയം ഉണ്ടാകേണ്ടതിന് അവസാനംവരെ ഇതേ ശുഷ്കാന്തി പ്രകടമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അലസരാകരുത്, മറിച്ച് വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരെ അനുകരിക്കുന്നവരാകുക. ദൈവം അബ്രാഹാമിനു വാഗ്ദാനം നൽകിയപ്പോൾ, ശപഥംചെയ്യാൻ തന്നെക്കാൾ വലിയവരാരും ഇല്ലാത്തതുമൂലം, സ്വന്തം നാമത്തിൽ ശപഥംചെയ്തു: “ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും, ഞാൻ നിന്നെ ഏറ്റവും വർധിപ്പിക്കും.” എന്ന് അരുളിച്ചെയ്തു. അതനുസരിച്ച്, അബ്രാഹാം ദീർഘക്ഷമയോടെ വാഗ്ദാനനിവൃത്തിക്കായി കാത്തിരുന്നു; അതു ലഭിക്കുകയും ചെയ്തു. തങ്ങളെക്കാൾ ഉന്നതരെക്കൊണ്ടാണ് മനുഷ്യർ ശപഥംചെയ്യുന്നത്. അങ്ങനെയുള്ള ശപഥം, വാഗ്ദാനം നിറവേറപ്പെടുമെന്ന് ഉറപ്പ് നൽകുകയും എല്ലാ തർക്കത്തിനും അന്തം വരുത്തുകയുംചെയ്യുന്നു. ദൈവവും അവിടത്തെ അവകാശികൾക്ക് തന്റെ ഉദ്ദേശ്യങ്ങളുടെ അചഞ്ചലത വ്യക്തമാക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഒരു ശപഥത്തിലൂടെ വാഗ്ദാനങ്ങൾ ഉറപ്പിച്ചുനൽകി. ദൈവത്തിന് വ്യാജം പറയുക അസാധ്യമാണ്. അതിനാൽ ഈ രണ്ട് കാര്യങ്ങൾക്ക്, ദൈവം ചെയ്ത വാഗ്ദാനത്തിനും ശപഥത്തിനും മാറ്റം വരിക അസാധ്യം. നമ്മുടെമുമ്പിൽ വെച്ചിരിക്കുന്ന പ്രത്യാശ ലക്ഷ്യംവെച്ചോടുന്ന നമുക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് ഇവയിലൂടെയാണ്. ഈ പ്രത്യാശ നമ്മുടെ പ്രാണന് തിരശ്ശീലയ്ക്കകത്തേക്കു പ്രവേശിക്കാൻ പര്യാപ്തമായ സുദൃഢവും സുഭദ്രവുമായ ഒരു നങ്കൂരം ആകുന്നു! അവിടെയാകട്ടെ, നമ്മെ പ്രതിനിധാനംചെയ്തുകൊണ്ട് യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിത്യമഹാപുരോഹിതനായി നമുക്കുമുമ്പേ പ്രവേശിച്ചിരിക്കുന്നു.

പങ്ക് വെക്കു
എബ്രായർ 6 വായിക്കുക