എബ്രായർ 6:1-12
എബ്രായർ 6:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു നിർജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവയ്പു, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും. ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ, തങ്ങൾക്കുതന്നെ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവനു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ട് അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല. പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്ക് ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു. മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാലോ അത് കൊള്ളരുതാത്തതും ശാപത്തിന് അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം. എന്നാൽ പ്രിയമുള്ളവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ച് ശുഭമേറിയതും രക്ഷയ്ക്ക് ഉതകുന്നതും വിശ്വസിക്കുന്നു. ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
എബ്രായർ 6:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രാഥമികപാഠങ്ങൾ പിന്നിട്ട് പക്വതയിലേക്കു നമുക്ക് മുന്നേറാം. പ്രയോജനരഹിതമായ പ്രവൃത്തികളിൽനിന്നുള്ള പിന്തിരിയൽ, ദൈവത്തിലുള്ള വിശ്വാസം, സ്നാപനത്തെക്കുറിച്ചുള്ള ഉപദേശം, കൈവയ്പ്, മരിച്ചവരുടെ പുനരുത്ഥാനം, അനന്തമായ ശിക്ഷാവിധി എന്നീ പ്രാഥമികപാഠങ്ങളുടെ അടിസ്ഥാനം നാം വീണ്ടും ഇടേണ്ടതില്ല. ദൈവം അനുവദിക്കുമെങ്കിൽ നമുക്കു മുന്നോട്ടു പോകാം. വിശ്വാസം പരിത്യജിച്ചവരെ അനുതാപത്തിലേക്കു വീണ്ടും കൊണ്ടുവരുവാൻ എങ്ങനെ സാധിക്കും? അവർ ദൈവത്തിന്റെ പ്രകാശത്തിലേക്കു വരികയും, സ്വർഗീയവരങ്ങൾ ആസ്വദിക്കുകയും, പരിശുദ്ധാത്മാവിന്റെ ഓഹരി പ്രാപിക്കുകയും ചെയ്തവരാണ്. ദൈവത്തിന്റെ വചനം ശ്രേഷ്ഠമാണെന്ന് തങ്ങളുടെ അനുഭവത്തിൽനിന്നു മനസ്സിലാക്കുകയും, വരുവാനിരിക്കുന്ന യുഗത്തിന്റെ ശക്തി അനുഭവവേദ്യമാക്കുകയും ചെയ്തിട്ടുമുണ്ട്. എന്നിട്ടും അവർ വിശ്വാസം പരിത്യജിച്ചാൽ അവരെ പശ്ചാത്താപത്തിലേക്കു വീണ്ടും കൊണ്ടുവരുവാൻ സാധ്യമല്ല. എന്തുകൊണ്ടെന്നാൽ, ദൈവപുത്രനെ അവർ വീണ്ടും ക്രൂശിക്കുകയും പരസ്യമായി പരിഹാസപാത്രമാക്കിത്തീർക്കുകയും ചെയ്തുവല്ലോ. കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും കർഷകർക്ക് ഉപകാരപ്രദമായ സസ്യാദികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്ന ഭൂമിയെ ദൈവം അനുഗ്രഹിക്കുന്നു. എന്നാൽ മുൾച്ചെടികളും ഞെരിഞ്ഞിലുമാണ് അത് ഉൽപ്പാദിപ്പിക്കുന്നതെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. അതു ശാപയോഗ്യമായിത്തീരുകയും, തീയിട്ടു നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതാണ് അതിന്റെ അവസാനം. പ്രിയപ്പെട്ടവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും രക്ഷയുടെ ശ്രേഷ്ഠമായ അനുഗ്രഹങ്ങൾ നിങ്ങൾക്കുണ്ടെന്നു ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്. ദൈവം അന്യായം പ്രവർത്തിക്കുന്നവനല്ലല്ലോ. നിങ്ങളുടെ പ്രവൃത്തികളും സഹവിശ്വാസികൾക്കു ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സഹായത്തിലൂടെ ദൈവത്തോടു നിങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള സ്നേഹവും അവിടുന്നു വിസ്മരിക്കുകയില്ല. നിങ്ങൾ ഓരോ വ്യക്തിയും പ്രത്യാശിക്കുന്ന കാര്യങ്ങൾ യഥാർഥമായിത്തീരുന്നതിന് നിങ്ങൾ അന്ത്യംവരെ ജാഗ്രതയുള്ളവരായിരിക്കണമെന്നത്രേ ഞങ്ങളുടെ അഭിവാഞ്ഛ. നിങ്ങൾ അലസരാകരുതെന്നും, വിശ്വാസവും സഹനശക്തിയുംമൂലം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു പ്രാപിക്കുന്നവരെപ്പോലെ ആകണമെന്നുമത്രേ നിങ്ങളെപ്പറ്റി ഞങ്ങൾ ആഗ്രഹിക്കുന്നത്.
എബ്രായർ 6:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട് ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപാഠങ്ങളെ വിട്ട് പൂർണ്ണവളർച്ച പ്രാപിക്കുവാൻ തുടർച്ചയായി നിർബ്ബന്ധപൂർവം ശ്രമിക്കുക. നിർജ്ജീവ പ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ഉപദേശം, കൈവെപ്പ്, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം നാം പിന്നെയും ഇടേണ്ടതില്ല. ദൈവം അനുവദിക്കുന്ന പക്ഷം നാം പൂർണ്ണ പരിജ്ഞാനം നേടും. എന്നാൽ ഒരിക്കൽ ദൈവത്തിന്‍റെ പ്രകാശനം ലഭിക്കുകയും സ്വർഗ്ഗീയദാനം ആസ്വദിക്കുകയും പരിശുദ്ധാത്മാവിൽ പങ്കാളികളാകുകയും ദൈവത്തിന്‍റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കുകയും ചെയ്തവർ വീണുപോയെങ്കിൽ അവരെ യഥാസ്ഥാനപ്പെടുത്തുന്നത് അസാധ്യമാണ്. അവർ സ്വയം ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവനു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ട് അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുന്നത് അസാധ്യമാണ്. പലപ്പോഴായി പെയ്ത മഴവെള്ളം സ്വീകരിച്ചിട്ട്, കൃഷി ചെയ്യുന്നവർക്ക് ഫലപ്രദമായ സസ്യാദികളെ വിളയിക്കുകയാണെങ്കിൽ ഭൂമി ദൈവത്തിൽനിന്ന് അനുഗ്രഹം പ്രാപിക്കുന്നു. മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാലോ അത് നിഷ്പ്രയോജനവും ശാപഗ്രസ്തവുമാകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം. എന്നാൽ ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും പ്രിയമുള്ളവരേ, ഉത്തമവും രക്ഷയുടെ ശ്രേഷ്ഠവുമായ അനുഭവങ്ങൾ നിങ്ങളിലുണ്ടെന്ന് വളരെ ഉറപ്പും ഞങ്ങൾക്കുണ്ട്. നിങ്ങളുടെ പ്രവൃത്തികളും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും ദൈവ നാമത്തോട് കാണിച്ച സ്നേഹവും മറന്നുകളയുവാൻ തക്കവണ്ണം അവൻ അനീതിയുള്ളവനല്ല. എന്നാൽ നിങ്ങൾ ഓരോരുത്തരും പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിക്കുവാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ ഉത്സാഹം കെട്ടവരാകാതെ, വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവിൻ.
എബ്രായർ 6:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും. ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല. പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു. മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം. എന്നാൽ പ്രിയമുള്ളവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു. ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
എബ്രായർ 6:1-12 സമകാലിക മലയാളവിവർത്തനം (MCV)
ആകയാൽ നമുക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങളാകുന്ന അടിസ്ഥാനം പിന്നെയും ഇടാതെ പക്വതയിലേക്കു മുന്നേറാം. നിർജീവപ്രവൃത്തികളിൽനിന്നുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാനങ്ങളെപ്പറ്റിയുള്ള ഉപദേശം, കരപൂരണങ്ങൾ, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിവയാണ് അടിസ്ഥാന ഉപദേശങ്ങൾ. ദൈവഹിതമായാൽ നമുക്ക് തീർച്ചയായും പക്വതയിലേക്കു മുന്നേറാം. ഒരിക്കൽ സത്യം വ്യക്തമായി ഗ്രഹിച്ചിട്ടും സ്വർഗീയദാനം രുചിച്ചറിഞ്ഞശേഷവും പരിശുദ്ധാത്മാവിന്റെ സഖിത്വം ഉണ്ടായിരുന്നിട്ടും ദൈവവചനത്തിന്റെ നന്മയും വരുംകാലത്തിന്റെ പ്രതാപവും അനുഭവിച്ചറിഞ്ഞതിനുശേഷവും വിശ്വാസത്യാഗം ചെയ്താൽ അവരെ വീണ്ടും മാനസാന്തരത്തിലേക്കു നയിക്കുക അസാധ്യമാണ്. അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുകയും അവിടത്തെ പരസ്യമായി പരിഹാസ്യനാക്കുകയുംചെയ്തല്ലോ. കാലാകാലങ്ങളിൽ പെയ്യുന്ന മഴവെള്ളം കുടിച്ചിട്ട് ഭൂമി കർഷകനു നല്ല വിളവ് നൽകിയാൽ അത് ദൈവപ്രശംസയ്ക്കു കാരണമാകും. എന്നാൽ ഭൂമി മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാൽ അത് ഉപയോഗശൂന്യവും ശാപഗ്രസ്തവുമാണ്, അത് ഒടുവിൽ അഗ്നിക്കിരയാകും. പ്രിയരേ, ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നെങ്കിലും നിങ്ങളിലുള്ള നന്മകളെക്കുറിച്ചും നിങ്ങളുടെ രക്ഷയെ സംബന്ധിച്ചും ഞങ്ങൾക്ക് പൂർണനിശ്ചയമുണ്ട്. ദൈവത്തിന് അനീതി ലവലേശമില്ല, ദൈവനാമത്തോടു നിങ്ങൾ പ്രകടിപ്പിച്ച സ്നേഹവും നിങ്ങൾ വിശുദ്ധർക്കുവേണ്ടി മുമ്പേ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സേവനങ്ങളും അവിടന്ന് വിസ്മരിക്കില്ല. നിങ്ങൾ ഓരോരുത്തർക്കും പ്രത്യാശയെക്കുറിച്ചുള്ള പരിപൂർണനിശ്ചയം ഉണ്ടാകേണ്ടതിന് അവസാനംവരെ ഇതേ ശുഷ്കാന്തി പ്രകടമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അലസരാകരുത്, മറിച്ച് വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരെ അനുകരിക്കുന്നവരാകുക.