എബ്രായർ 3:1-19
എബ്രായർ 3:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ. മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. ഭവനത്തെക്കാളും ഭവനം ചമച്ചവന് അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്ത്വത്തിനു യോഗ്യൻ എന്ന് എണ്ണിയിരിക്കുന്നു. ഏത് ഭവനവും ചമപ്പാൻ ഒരാൾ വേണം; സർവവും ചമച്ചവൻ ദൈവം തന്നെ. അവന്റെ ഭവനത്തിലൊക്കെയും മോശെ വിശ്വസ്തനായിരുന്നത് അരുളിച്ചെയ്‍വാനിരുന്നതിനു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ. ക്രിസ്തുവോ അവന്റെ ഭവനത്തിന് അധികാരിയായ പുത്രനായിട്ടു തന്നെ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാംതന്നെ അവന്റെ ഭവനം ആകുന്നു അതുകൊണ്ടു പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ: “ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പത് ആണ്ട് എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു. അതുകൊണ്ട് എനിക്ക് ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു; അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.” സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന് അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന് “ഇന്ന്” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ. ആദ്യ വിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ. “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്” എന്നു പറയുന്നതിൽ ആരാകുന്നു കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ. നാല്പത് ആണ്ട് ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ? അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്ന് ആണയിട്ടത് അനുസരണം കെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു? ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്ന് നാം കാണുന്നു.
എബ്രായർ 3:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വർഗീയ വിളിയിൽ പങ്കാളികളായ എന്റെ വിശുദ്ധ സഹോദരരേ, നാം സ്ഥിരീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പോസ്തോലനും മഹാപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുക. ദൈവത്തിന്റെ ഭവനത്തിൽ മോശ എല്ലാ കാര്യങ്ങളിലും വിശ്വസ്തനായിരുന്നു. അതുപോലെ തന്നെ നിയോഗിച്ച ദൈവത്തോട് യേശുവും വിശ്വസ്തനായിരുന്നു. ഭവനം നിർമിക്കുന്നവനു ഭവനത്തെക്കാൾ മാന്യത ഉണ്ട്. അതുപോലെതന്നെ യേശു മോശയെക്കാൾ അധികം മാന്യതയ്‍ക്കു യോഗ്യനാകുന്നു. ഏതു ഭവനവും ആരെങ്കിലും നിർമിക്കുന്നു. എന്നാൽ എല്ലാം നിർമിക്കുന്നത് ദൈവമാകുന്നു. മോശ ദൈവത്തിന്റെ ഭവനത്തിൽ എല്ലാ കാര്യങ്ങളിലും ഒരു ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. ഭാവിയിൽ ദൈവത്തിനു പറയുവാനുള്ള കാര്യങ്ങളെപ്പറ്റി മോശ സംസാരിക്കുകയും ചെയ്തു. എന്നാൽ ഭവനത്തിന്റെമേൽ അധികാരമുള്ള പുത്രനെന്ന നിലയിലത്രേ ക്രിസ്തു വിശ്വസ്തനായിരിക്കുന്നത്. നമ്മുടെ ആത്മധൈര്യവും നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും മുറുകെപ്പിടിക്കുന്നുവെങ്കിൽ നാം ദൈവത്തിന്റെ ഭവനമാകുന്നു. പരിശുദ്ധാത്മാവ് അരുൾചെയ്യുന്നത് ഇങ്ങനെയാണ്: ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ നിങ്ങളുടെ പൂർവികർ ദൈവത്തോടു മത്സരിച്ചപ്പോൾ ആയിരുന്നതുപോലെ കഠിനഹൃദയം ഉള്ളവരായിരിക്കരുത്. മരുഭൂമിയിലായിരുന്നപ്പോൾ അവർ ദൈവത്തെ പരീക്ഷിച്ചുവല്ലോ. നാല്പതു വർഷം എന്റെ പ്രവൃത്തികൾ കണ്ടിട്ടും അവിടെവച്ച് അവർ എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് എനിക്ക് ആ തലമുറയോട് അമർഷമുണ്ടായി; അവർ സദാ വഴിതെറ്റിപ്പോകുന്നവരും എന്റെ വഴി അറിഞ്ഞിട്ടില്ലാത്തവരുമാണ് എന്നു ഞാൻ പറഞ്ഞു. തന്മൂലം, ഞാൻ അവർക്കു സ്വസ്ഥത നല്‌കുമായിരുന്ന ദേശത്ത് അവർ ഒരിക്കലും പ്രവേശിക്കുകയില്ലെന്ന് ഞാൻ കുപിതനായി ശപഥം ചെയ്തു. സഹോദരരേ, ജീവനുള്ള ദൈവത്തെ പരിത്യജിച്ചു പുറംതിരിഞ്ഞുപോകത്തക്കവണ്ണം, അവിശ്വാസവും ദുഷ്ടതയുമുള്ള ഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. നേരേമറിച്ച്, നിങ്ങളിൽ ആരുംതന്നെ പാപത്താൽ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും കഠിന ഹൃദയമുള്ളവരായിത്തീരാതിരിക്കുന്നതിനുംവേണ്ടി ‘ഇന്ന്’ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങൾ ഉള്ളിടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിക്കുക. ആദ്യം ഉണ്ടായിരുന്ന ദൃഢവിശ്വാസം അന്ത്യംവരെ മുറുകെപ്പിടിക്കുന്നെങ്കിൽ നാം ക്രിസ്തുവിന്റെ പങ്കുകാരായിരിക്കും. വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ: ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ പൂർവികർ ദൈവത്തോടു മത്സരിച്ചപ്പോൾ ആയിരുന്നതുപോലെ നിങ്ങൾ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്. ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും തന്നോടു മത്സരിച്ചത് ആരാണ്? മോശ മുഖേന ഈജിപ്തിൽനിന്നു വിമോചിതരായ എല്ലാവരുമല്ലേ? ആരോടാണു ദൈവം നാല്പതു വർഷം കോപത്തോടുകൂടി വർത്തിച്ചത്? പാപം ചെയ്ത് മരുഭൂമിയിൽ മരിച്ചുവീണ ജനത്തോടുതന്നെ. ‘ഞാൻ അവർക്കു വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവർ ഒരിക്കലും പ്രവേശിക്കുകയില്ല’ എന്നു ദൈവം ശപഥം ചെയ്ത’ത് ആരെപ്പറ്റിയാണ്? ദൈവത്തോടു മത്സരിച്ചവരെപ്പറ്റിത്തന്നെ. അങ്ങനെ അവിശ്വാസം നിമിത്തം അവർക്ക് ആ ദേശത്തു പ്രവേശിക്കുവാൻ കഴിഞ്ഞില്ല എന്നു നാം അറിയുന്നു.
എബ്രായർ 3:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട് സ്വർഗ്ഗീയവിളിയിൽ പങ്കാളികളായ വിശുദ്ധ സഹോദരന്മാരേ, നാം സ്വീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്‍റെ അപ്പൊസ്തലനും, മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയ ദൈവത്തിന്മുമ്പാകെ വിശ്വസ്തൻ ആകുന്നു. ഭവനത്തെക്കാളും ഭവനം നിർമ്മിച്ചവന് അധിക മഹത്വമുള്ളതുപോലെ യേശുവും മോശയേക്കാൾ അധികം മഹത്വത്തിന് യോഗ്യൻ എന്നു വെളിപ്പെട്ടിരിക്കുന്നു. ഏത് ഭവനവും നിർമ്മിപ്പാൻ ഒരാൾ വേണം; സർവ്വവും നിർമ്മിച്ചവൻ ദൈവം തന്നെ. മോശെ വാസ്തവമായും ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്ത ശുശ്രൂഷക്കാരനായിരുന്നത്, ദൈവം ഭാവിയിൽ അരുളിച്ചെയ്യുവാനിരുന്ന കാര്യങ്ങൾക്ക് സാക്ഷ്യം പറയേണ്ടതിനത്രേ. എന്നാൽ ക്രിസ്തുവോ തന്‍റെ ഭവനത്തിന് അധികാരം ഭരമേല്പിക്കപ്പെട്ട പുത്രനായിട്ട് തന്നെ വന്നു; നമുക്ക് അവനിലുള്ള ദൃഢവിശ്വാസവും, നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നെ അവന്‍റെ ഭവനം ആകുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ: “ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവച്ച് പരീക്ഷാസമയങ്ങളിലെ മത്സരത്തിൽ, നിങ്ങളുടെ പൂർവികരായ യിസ്രായേൽ മക്കൾ ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെവച്ച് നിങ്ങളുടെ മുന്‍ തലമുറകളിലുള്ള പിതാക്കന്മാർ ദൈവത്തോട് മത്സരിക്കുകയും നാല്പതു ആണ്ട് എന്‍റെ പ്രവർത്തികളെ കണ്ടിട്ടും എന്നെ പരീക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് എനിക്ക് ആ തലമുറയോട് നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു: അവർക്ക് ഞാൻ നൽകാനിരുന്ന സ്വസ്ഥതയുള്ള ദേശത്ത് അവർ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യംചെയ്തു.” സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയുന്ന അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കുവാൻ ജാഗ്രതയുള്ളവരായിരിക്കുക. പ്രത്യുത, നിങ്ങളിൽ ആരും പാപത്തിന്റെ ചതിയാൽ വഞ്ചിക്കപ്പെടാതിരിക്കേണ്ടതിന് “ഇന്ന്” എന്നു പറയുന്ന ദിവസങ്ങൾ ഉള്ളിടത്തോളം കാലം ഓരോ ദിവസവും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ. നമ്മുടെ വിശ്വാസം, ആദിമുതൽ അന്ത്യം വരെ ദൃഢമായിപ്പിടിച്ചുകൊണ്ടിരുന്നാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നു. “ഇന്ന് നിങ്ങൾ അവന്റെ ശബ്ദം ശ്രദ്ധിക്കുന്നുവെങ്കിൽ, ദൈവത്തോടുള്ള മത്സരത്തിൽ ഹൃദയങ്ങളെ യിസ്രയേല്യർ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്” എന്നു തിരുവെഴുത്ത് പറയുന്നതിൽ ആരാകുന്നു ദൈവശബ്ദം കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്ന് മോശെമുഖാന്തരം വിമോചിതരായ എല്ലാവരുമല്ലോ. നാല്പതു ആണ്ട് ദൈവം ആരോട് കോപിച്ചു? പാപം ചെയ്തവരോടല്ലയോ? അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടത് അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു? ഇങ്ങനെ അവരുടെ അവിശ്വാസം നിമിത്തം അവർക്ക് എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കുവാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
എബ്രായർ 3:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു. ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു. ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ. അവന്റെ ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‌വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ. ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു. അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു. അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു: അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.” സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ. “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ ആരാകുന്നു കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ. നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ? അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു? ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
എബ്രായർ 3:1-19 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട്, സ്വർഗീയവിളിക്ക് ഓഹരിക്കാരായ വിശുദ്ധസഹോദരങ്ങളേ, നമ്മുടെ അപ്പൊസ്തലനും മഹാപുരോഹിതനുമായി നാം ഏറ്റുപറഞ്ഞിരിക്കുന്ന യേശുവിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. മോശ ദൈവഭവനത്തിൽ പരിപൂർണവിശ്വസ്തത പുലർത്തിയതുപോലെ, യേശുവും തന്നെ നിയോഗിച്ച ദൈവത്തോട് വിശ്വസ്തത പുലർത്തി. വീടുനിർമിച്ചവനു വീടിനെക്കാൾ അധികം ബഹുമാനം ഉള്ളതുപോലെ യേശു മോശയെക്കാൾ അധികം ആദരവിന് അർഹനായിത്തീർന്നു. ഏതു ഭവനത്തിനും ഒരു നിർമാതാവു വേണം; ദൈവമാണ് സകലത്തിന്റെയും നിർമാതാവ്. ദൈവം ഭാവിയിൽ അരുളിച്ചെയ്യാനിരുന്നതിനു സാക്ഷ്യംവഹിക്കുന്നവനായി “മോശ ദൈവഭവനത്തിൽ ഒരു ഭൃത്യന്റെ സ്ഥാനത്ത് എല്ലാറ്റിലും വിശ്വസ്തനായിരുന്നു.” ക്രിസ്തുവോ, സ്വഭവനത്തിന്മേൽ അധികാരമുള്ള പുത്രനാണ്. നാം പ്രത്യാശയുടെ ധൈര്യവും അഭിമാനവും മുറുകെപ്പിടിക്കുമെങ്കിൽ, നാംതന്നെയാണ് ദൈവഭവനം. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നത്: “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ, മരുഭൂമിയിലെ പരീക്ഷാനാളുകളിൽ, ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി, എന്നോടു മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്. അവിടെ നാൽപ്പതുവർഷം എന്റെ പ്രവൃത്തികൾ കണ്ടവരായിരുന്നിട്ടുകൂടി, നിങ്ങളുടെ പൂർവികർ എന്റെ ക്ഷമ പരീക്ഷിച്ചു. അതുകൊണ്ട് ആ തലമുറയോട് എനിക്കു കോപമുണ്ടായി; ‘എപ്പോഴും എന്നിൽനിന്നകന്നുപോകുന്ന പ്രവണതയോടുകൂടിയ ഹൃദയമുള്ളവർ, എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു. ‘അതുകൊണ്ട് അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’ എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.” സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്. പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക. നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം ആദ്യന്തം സുസ്ഥിരതയോടെ പിൻതുടർന്നാൽമാത്രമേ നിങ്ങളും ക്രിസ്തുവിന്റെ മിത്രങ്ങളായി തുടരുകയുള്ളു. “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ, മരുഭൂമിയിലെ പരീക്ഷാനാളുകളിൽ, ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി, എന്നോടു മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്,” എന്നു പ്രസ്താവിക്കുമ്പോൾ, ആരാണ് ഈ “കേട്ടു മത്സരിച്ചവർ?” ഈജിപ്റ്റിൽനിന്ന് മോശ സ്വതന്ത്രരാക്കിയ എല്ലാവരുമല്ലയോ? നാൽപ്പതുവർഷം അവിടന്നു കോപിച്ചത് ആരോടായിരുന്നു? പാപംചെയ്തവരോടല്ലയോ? അവരുടെ ശരീരങ്ങളല്ലേ മരുഭൂമിയിൽ വീണുപോയത്. അവർ അവിടത്തെ സ്വസ്ഥതയിൽ ഒരുനാളും പ്രവേശിക്കുകയില്ലെന്നു ദൈവം ശപഥംചെയ്തത്, അനുസരണയില്ലാത്ത ഇവരോടല്ലാതെ മറ്റാരോടാണ്? ഇങ്ങനെ അവരുടെ അവിശ്വാസംനിമിത്തം അവർക്കു സ്വസ്ഥതയിൽ പ്രവേശിക്കാൻ സാധിച്ചില്ല എന്നു നാം കാണുന്നു.