എബ്രായർ 13:5-8
എബ്രായർ 13:5-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്തുചെയ്യും” എന്നു നമുക്ക് ധൈര്യത്തോടെ പറയാം. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിപ്പിൻ. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ.
എബ്രായർ 13:5-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്റെ പിടിയിൽ അമർന്നുപോകരുത്; നിങ്ങൾക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാൽ “ഞാൻ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. അതുകൊണ്ട് സർവേശ്വരൻ എനിക്കു തുണ; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്‍വാൻ കഴിയും? എന്നു നമുക്കു സധൈര്യം പറയാം. ദൈവത്തിന്റെ സന്ദേശം നിങ്ങളെ അറിയിച്ച നിങ്ങളുടെ നേതാക്കളെ ഓർത്തുകൊള്ളണം. അവരുടെ ജീവിതത്തിന്റെ ഫലത്തെക്കുറിച്ചു പരിചിന്തനം ചെയ്തുകൊണ്ട് അവരുടെ വിശ്വാസത്തെ അനുകരിക്കുക. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനത്രേ.
എബ്രായർ 13:5-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങളുടെ ജീവിതവഴികളിൽ ദ്രവ്യാഗ്രഹമില്ലാതിരിക്കട്ടെ; ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും” എന്നു ധൈര്യത്തോടെ പറയേണ്ടതിന് നമുക്ക് സംതൃപ്തരായിരിക്കാം. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവിതത്തിന്റെ സഫലത ഓർത്തു അവരുടെ വിശ്വാസം അനുകരിക്കുവിൻ. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നെ.
എബ്രായർ 13:5-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
എബ്രായർ 13:5-8 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക. “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല, ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,” എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം, “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല. വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?” നിങ്ങളെ ദൈവവചനം അഭ്യസിപ്പിച്ച് നയിച്ചവരെ ഓർക്കുക. അവരുടെ ജീവിതങ്ങളിൽനിന്ന് ഉണ്ടായ സത്ഫലങ്ങൾ പരിഗണിച്ച്, അവരുടെ വിശ്വാസം അനുകരിക്കുക. യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽമാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ.