എബ്രായർ 13:1-8
എബ്രായർ 13:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരപ്രീതി നിലനില്ക്കട്ടെ. അതിഥിസൽക്കാരം മറക്കരുത്. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ. വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്തുചെയ്യും” എന്നു നമുക്ക് ധൈര്യത്തോടെ പറയാം. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിപ്പിൻ. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ.
എബ്രായർ 13:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരനിർവിശേഷമായ സ്നേഹം നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കട്ടെ. അപരിചിതരോട് ആതിഥ്യമര്യാദ കാണിക്കുവാൻ മറക്കരുത്. അങ്ങനെ ചെയ്തിട്ടുള്ള ചിലർ മാലാഖമാരെ അറിയാതെ സൽക്കരിച്ചിട്ടുണ്ടല്ലോ. തടവിൽ കിടക്കുന്നവരെ, നിങ്ങൾ തന്നെ അവരോടൊത്തു തടവുകാരായിരുന്നാൽ എന്നപോലെ ഓർക്കുക. പീഡനമനുഭവിക്കുന്നവരെന്നവണ്ണം നിങ്ങൾ പീഡിതരെയും ഓർക്കണം. വിവാഹത്തെ എല്ലാവരും മാനിക്കണം. ഭാര്യാഭർത്തൃബന്ധം നിർമ്മലമായിരിക്കട്ടെ. ദുർമാർഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും. നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്റെ പിടിയിൽ അമർന്നുപോകരുത്; നിങ്ങൾക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാൽ “ഞാൻ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. അതുകൊണ്ട് സർവേശ്വരൻ എനിക്കു തുണ; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്‍വാൻ കഴിയും? എന്നു നമുക്കു സധൈര്യം പറയാം. ദൈവത്തിന്റെ സന്ദേശം നിങ്ങളെ അറിയിച്ച നിങ്ങളുടെ നേതാക്കളെ ഓർത്തുകൊള്ളണം. അവരുടെ ജീവിതത്തിന്റെ ഫലത്തെക്കുറിച്ചു പരിചിന്തനം ചെയ്തുകൊണ്ട് അവരുടെ വിശ്വാസത്തെ അനുകരിക്കുക. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനത്രേ.
എബ്രായർ 13:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഹോദര സ്നേഹം തുടരട്ടെ. അപരിചിതരെ സ്വീകരിക്കുന്നത് മറക്കരുത് ഇങ്ങനെ ചെയ്യുന്നതുകൊണ്ടു ചിലർ അറിയാതെ ദൈവദൂതന്മാരെയും സൽക്കരിച്ചിട്ടുണ്ടല്ലോ. നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ. വിവാഹം എല്ലാവരാലും ബഹുമാനിയ്ക്കപ്പെടട്ടെ, വിവാഹിതരുടെ കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. നിങ്ങളുടെ ജീവിതവഴികളിൽ ദ്രവ്യാഗ്രഹമില്ലാതിരിക്കട്ടെ; ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും” എന്നു ധൈര്യത്തോടെ പറയേണ്ടതിന് നമുക്ക് സംതൃപ്തരായിരിക്കാം. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവിതത്തിന്റെ സഫലത ഓർത്തു അവരുടെ വിശ്വാസം അനുകരിക്കുവിൻ. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നെ.
എബ്രായർ 13:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ. വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
എബ്രായർ 13:1-8 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക. അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക. വിവാഹം എല്ലാവർക്കും ആദരണീയവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ. വ്യഭിചാരികളെയും അസാന്മാർഗികളെയും ദൈവം കുറ്റംവിധിക്കും. നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക. “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല, ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,” എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം, “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല. വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?” നിങ്ങളെ ദൈവവചനം അഭ്യസിപ്പിച്ച് നയിച്ചവരെ ഓർക്കുക. അവരുടെ ജീവിതങ്ങളിൽനിന്ന് ഉണ്ടായ സത്ഫലങ്ങൾ പരിഗണിച്ച്, അവരുടെ വിശ്വാസം അനുകരിക്കുക. യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽമാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ.