എബ്രായർ 10:5-18
എബ്രായർ 10:5-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. സർവാംഗഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു” എന്ന് അവൻ പറയുന്നു. ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു. യേശുവോ പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട് തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. അത് പരിശുദ്ധാത്മാവും നമുക്ക് സാക്ഷീകരിക്കുന്നു. “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാട്” എന്ന് അരുളിച്ചെയ്തശേഷം: “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്ന് അരുളിച്ചെയ്യുന്നു. എന്നാൽ ഇവയുടെ മോചനം ഉള്ളേടത്ത് ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല.
എബ്രായർ 10:5-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനാൽ ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ അവിടുന്നു പറഞ്ഞു: യാഗങ്ങളും വഴിപാടുകളും അവിടുന്ന് ആഗ്രഹിച്ചില്ല, എന്നാൽ അവിടുന്ന് എനിക്കുവേണ്ടി ഒരു ശരീരം സജ്ജമാക്കിയിരിക്കുന്നു. സർവാംഗഹോമങ്ങളിലോ, പാപപരിഹാരബലികളിലോ അവിടുന്നു പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: വേദഗ്രന്ഥത്തിന്റെ ഏടുകളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ ദൈവമേ, അവിടുത്തെ ഇഷ്ടം ചെയ്യുവാൻ ഇതാ ഞാൻ വന്നിരിക്കുന്നു. സർവാംഗഹോമങ്ങളും പാപപരിഹാര ബലികളും ദൈവം ആഗ്രഹിക്കുകയോ, അവയിൽ അവിടുന്നു പ്രസാദിക്കുകയോ ചെയ്തില്ല എന്ന് ആദ്യമേ പ്രസ്താവിക്കുന്നു. നിയമസംഹിതയനുസരിച്ച് അനുഷ്ഠിച്ചുപോരുന്ന മൃഗബലികൾ ആണിവ. പിന്നീട് ‘ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാൻ ഞാനിതാ വരുന്നു’ എന്നും പറഞ്ഞു. അങ്ങനെ രണ്ടാമത്തേത് ഉറപ്പിക്കുന്നതിനായി ഒന്നാമത്തേത് നീക്കിക്കളഞ്ഞു. യേശുക്രിസ്തു ഒരിക്കൽ മാത്രം അനുഷ്ഠിച്ച ശരീരയാഗത്താൽ ദൈവഹിതം നിറവേറ്റിയതുകൊണ്ട് നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും നിന്നുകൊണ്ട് നിത്യവും ഒരേ യാഗം തന്നെ പിന്നെയും പിന്നെയും നടത്തുന്നു. ഈ യാഗങ്ങൾക്കു പാപനിവാരണത്തിനുള്ള കഴിവില്ല. ക്രിസ്തുവാകട്ടെ, പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അർപ്പിച്ചശേഷം ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. തന്റെ ശത്രുക്കളെ ദൈവം പാദപീഠമാക്കുന്നതുവരെ ക്രിസ്തു കാത്തിരിക്കുന്നു. പാപത്തിൽനിന്നു ശുദ്ധീകരിച്ചവരെ, ഏക ബലിയാൽ അവിടുന്ന് എന്നെന്നേക്കുമായി സമ്പൂർണരാക്കിത്തീർത്തിരിക്കുന്നു. പരിശുദ്ധാത്മാവും ഇങ്ങനെ നമ്മോടു സാക്ഷ്യം പറയുന്നു: ആ കാലത്തിനുശേഷം ഞാൻ അവരോടു ചെയ്യുന്ന ഉടമ്പടി ഇതാകുന്നു: എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കുകയും അവരുടെ മനസ്സിൽ ആലേഖനം ചെയ്യുകയും ചെയ്യും എന്നും അതിനുശേഷം “അവരുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും ഇനിമേൽ ഞാൻ ഓർക്കുകയില്ല” എന്നും സർവേശ്വരൻ അരുൾ ചെയ്യുന്നു. ഇവയെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് പാപപരിഹാരാർഥം ഒരു യാഗവും ഇനി ആവശ്യമില്ല.
എബ്രായർ 10:5-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകയാൽ ക്രിസ്തു ലോകത്തിൽ വന്നപ്പോൾ താൻ പറയുന്നു: “ഹനനയാഗവും വഴിപാടും നീ ആഗ്രഹിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. സർവ്വാംഗഹോമങ്ങളിലും പാപപരിഹാര യാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു. ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടുകളും സർവ്വാംഗ ഹോമങ്ങളും പാപപരിഹാര യാഗങ്ങളും നീ ഇച്ഛിച്ചില്ല, അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: ഇതാ, നിന്‍റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിക്കുവാൻ ഒന്നാമത്തെ ആചാരങ്ങളെ നീക്കിക്കളയുന്നു. ആ രണ്ടാമത്തെ അനുഷ്ഠാനങ്ങളാൽ, അതായത് യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. വാസ്തവമായും ഏത് പുരോഹിതനും ദിവസേന ശുശ്രൂഷിച്ചിട്ടും ഒരുനാളും പാപങ്ങളെ പരിഹരിപ്പാൻ കഴിയാത്ത അതേ യാഗങ്ങളെ വീണ്ടുംവീണ്ടും അർപ്പിച്ചും കൊണ്ടു നില്ക്കുന്നു. ക്രിസ്തുവോ പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി യാഗം അർപ്പിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്ത്, ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. അത് പരിശുദ്ധാത്മാവും നമ്മോട് സാക്ഷീകരിക്കുന്നു. “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോട് ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നുകൂടി അരുളിച്ചെയ്യുന്നു. ആകയാൽ പാപങ്ങളുടെ മോചനം നടന്നിരിക്കുന്നതിനാൽ, ഇനി മേൽ പാപങ്ങൾക്ക് വേണ്ടി ഒരു യാഗവും ആവശ്യമില്ല.
എബ്രായർ 10:5-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. സർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു. ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു. യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു. എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.
എബ്രായർ 10:5-18 സമകാലിക മലയാളവിവർത്തനം (MCV)
അതിനാലാണ്, ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ, അവിടന്ന് ദൈവത്തോട്: “യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല. എന്നാൽ അങ്ങ് ഒരു ശരീരം യാഗാർപ്പണത്തിനായി എനിക്കൊരുക്കി; സർവാംഗദഹനയാഗങ്ങളിലും പാപശുദ്ധീകരണയാഗങ്ങളിലും സംപ്രീതനായില്ല. അപ്പോൾ ഞാൻ പറഞ്ഞു, ‘ഇതാ ഞാൻ വരുന്നു; തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു— എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വരുന്നു’ ” എന്നു പറഞ്ഞു. ഇതു പ്രസ്താവിച്ചശേഷം, ന്യായപ്രമാണാനുസൃതമായി അനുഷ്ഠിക്കുന്ന “യാഗങ്ങളും തിരുമുൽക്കാഴ്ചകളും സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആഗ്രഹിച്ചില്ല, അവയിൽ സംപ്രീതനായതുമില്ല. ഇതാ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു” എന്ന് ക്രിസ്തു പറയുന്നു. രണ്ടാമത്തെ ഉടമ്പടി സ്ഥാപിക്കുന്നതിനായി ഒന്നാമത്തേതിനെ അവിടന്ന് നിഷ്കാസനംചെയ്തു. യേശുക്രിസ്തു ഒരിക്കൽമാത്രം അർപ്പിച്ച ശരീരയാഗത്തിലൂടെ, നമ്മെ വിശുദ്ധരാക്കിയിരിക്കുന്നത് അവിടത്തെ ഇഷ്ടം നിമിത്തമാണ്. ഓരോ പുരോഹിതനും നിന്നുകൊണ്ട്, ഒരിക്കലും പാപനിവാരണം വരുത്താൻ കഴിവില്ലാത്ത ഒരേതരം യാഗങ്ങൾ വീണ്ടും വീണ്ടും അർപ്പിച്ച് ദിനംപ്രതി തന്റെ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഈ മഹാപുരോഹിതനാകട്ടെ, പാപനിവാരണം വരുത്തുന്ന അദ്വിതീയയാഗം എന്നേക്കുമായി അർപ്പിച്ചശേഷം ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി; അവിടത്തെ ശത്രുക്കൾ തന്റെ പാദപീഠമാകുന്നതിനായി കാത്തിരിക്കുന്നു. അവിടന്ന് ഒരേയൊരു യാഗത്താൽ വിശുദ്ധരാക്കപ്പെടുന്നവരെ എന്നേക്കുമായി സമ്പൂർണരാക്കിയിരിക്കുന്നു. പരിശുദ്ധാത്മാവും നമ്മോട് ഇതേപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു: “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇപ്രകാരമായിരിക്കും: ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും, എന്നു കർത്താവിന്റെ അരുളപ്പാട്” എന്നിങ്ങനെ അവിടന്ന് ആദ്യം പ്രഖ്യാപിക്കുന്നു. തുടർന്ന്, “അവരുടെ പാപങ്ങളും ദുഷ്ചെയ്തികളും ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.” എന്നും പറയുന്നു. ഇവയുടെയെല്ലാം നിവാരണം വന്നയിടത്ത് ഇനി ഒരു പാപനിവാരണയാഗത്തിനും സാംഗത്യമില്ല.