എബ്രായർ 10:32-39

എബ്രായർ 10:32-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും ആ വക അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവകാലം ഓർത്തുകൊൾവിൻ. തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. അതുകൊണ്ടു മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്ക് ആവശ്യം. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിന്മാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന് അവനിൽ പ്രസാദമില്ല.” നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

എബ്രായർ 10:32-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളുടെ പൂർവകാലത്തെക്കുറിച്ച് ഓർത്തുനോക്കൂ. നിങ്ങൾക്ക് ദിവ്യപ്രകാശം ലഭിച്ചശേഷം നിങ്ങൾ അനേകം കഷ്ടതകളെ നേരിട്ടു ചെറുത്തുനിന്നു. പലപ്പോഴും നിങ്ങൾ പരസ്യമായ നിന്ദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാക്കപ്പെടുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ നിങ്ങൾ ഇപ്രകാരം പീഡിപ്പിക്കപ്പെടുന്നവരുടെ കൂട്ടാളികളായിത്തീർന്നിട്ടുമുണ്ട്. തടവിൽ കിടന്നവരുടെ വേദനകളിൽ നിങ്ങൾ പങ്കുചേർന്നു. നിങ്ങളുടെ വസ്തുവകകൾ അപഹരിക്കപ്പെട്ടപ്പോൾ നിങ്ങൾക്കു നിലനിൽക്കുന്ന ഉത്തമസമ്പത്തുണ്ടെന്നറിഞ്ഞ് അതും സന്തോഷപൂർവം നിങ്ങൾ സഹിച്ചു. ആത്മധൈര്യം പരിത്യജിക്കരുത്. എന്തെന്നാൽ അതിനു വലിയ പ്രതിഫലമുണ്ട്. ദൈവം വാഗ്ദാനം ചെയ്യുന്നത് പ്രാപിക്കുന്നതിനും അവിടുത്തെ തിരുഹിതം നിറവേറ്റുന്നതിനുംവേണ്ടി നിങ്ങൾക്കു നിരന്തരക്ഷമ ആവശ്യമാണ്. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ, ഇനി അല്പകാലംകൂടി മാത്രമേയുള്ളൂ, വരുവാനുള്ളവൻ വരികതന്നെ ചെയ്യും; അവിടുന്നു വരാൻ വൈകുകയില്ല. എന്നാൽ എന്റെ മുമ്പിൽ നീതിമാനായിരിക്കുന്നവൻ വിശ്വാസത്താൽ ജീവിക്കും; ആരെങ്കിലും പിന്തിരിഞ്ഞുപോയാൽ അവനിൽ ഞാൻ പ്രസാദിക്കുകയില്ല. നാമാകട്ടെ, പിന്തിരിഞ്ഞു നശിച്ചു പോകുന്നവരുടെ കൂട്ടത്തിലല്ല; പ്രത്യുത, വിശ്വസിച്ചു ജീവൻ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.

എബ്രായർ 10:32-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾക്ക് പ്രകാശനം ലഭിച്ചശേഷം, പരസ്യമായ നിന്ദകളാലും പീഢകളാലും നിങ്ങൾ കഷ്ടതയനുഭവിച്ചു. കൂടാതെ, ആ വക കഷ്ടതകൾ അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ. തടവുകാരോട് നിങ്ങൾ സഹതാപം കാണിച്ചു. കൂടാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞ് സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. അതുകൊണ്ട് മഹാ പ്രതിഫലമുള്ള നിങ്ങളുടെ ആത്മധൈര്യം തള്ളിക്കളയരുത്. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിക്കുവാൻ നിങ്ങൾക്ക് സഹിഷ്ണത ആവശ്യം. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ട് വരുവാനുള്ളവൻ തീർച്ചയായും വരും, താമസിക്കയുമില്ല.” എന്നാൽ “എന്‍റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ ഞാൻ അവനിൽ പ്രസാദിക്കയില്ല” എന്നിങ്ങനെ തിരുവെഴുത്തുണ്ടല്ലോ? നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

എബ്രായർ 10:32-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും ആ വക അനുഭവിക്കുന്നവർക്കു കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ. തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.” നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

എബ്രായർ 10:32-39 സമകാലിക മലയാളവിവർത്തനം (MCV)

സത്യം വ്യക്തമായി ഗ്രഹിച്ചതിനെത്തുടർന്ന് കഷ്ടതകൾ നിറഞ്ഞ വലിയ പോരാട്ടം, നിങ്ങൾ സഹിച്ചുനിന്ന ആദിമനാളുകൾ, ഓർക്കുക. ചിലപ്പോൾ നിങ്ങൾ പരസ്യമായി നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മറ്റുചിലപ്പോൾ, ഇങ്ങനെ അധിക്ഷേപവും പീഡനവും ഏറ്റവർക്ക് സഹകാരികളായി. തടവിലാക്കപ്പെട്ടവരോട് നിങ്ങൾ സഹതാപം കാണിച്ചു. ശ്രേഷ്ഠതരവും ശാശ്വതവുമായ സമ്പത്ത് നിങ്ങൾക്ക് ഉണ്ടെന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടത് നിങ്ങൾ ആനന്ദത്തോടെ സഹിച്ചു. മഹത്തായ പ്രതിഫലം നിങ്ങൾക്കു ലഭിക്കും എന്നതുകൊണ്ട് നിങ്ങളിലുള്ള അചഞ്ചലവിശ്വാസം പരിത്യജിക്കരുത്. ദൈവേഷ്ടം നിറവേറ്റി വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്ക് സഹിഷ്ണുതയാണ് ആവശ്യം. “ഇനി അൽപ്പകാലം കഴിഞ്ഞ് വരാനുള്ളവൻ വരും, താമസിക്കില്ല.” “വിശ്വാസത്താലാണ് എന്റെ നീതിമാൻ ജീവിക്കുന്നത്, പിന്മാറുന്നയാളിൽ എന്റെ മനസ്സിന് പ്രസാദമില്ല.” എങ്കിലും നാം പിന്മാറി നാശത്തിലേക്കു പോകുന്നവരല്ല, മറിച്ച് വിശ്വാസത്താൽ പ്രാണരക്ഷപ്രാപിക്കുന്നവരാണ്.