എബ്രായർ 10:1-39

എബ്രായർ 10:1-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ട് ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല. അല്ലെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിന്റെശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ? ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ ഉണ്ടാകുന്നു. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിനു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. സർവാംഗഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വരുന്നു” എന്ന് അവൻ പറയുന്നു. ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‍വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു. യേശുവോ പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട് തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. അത് പരിശുദ്ധാത്മാവും നമുക്ക് സാക്ഷീകരിക്കുന്നു. “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാട്” എന്ന് അരുളിച്ചെയ്തശേഷം: “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്ന് അരുളിച്ചെയ്യുന്നു. എന്നാൽ ഇവയുടെ മോചനം ഉള്ളേടത്ത് ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല. അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽക്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന് ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട് നാം ദുർമനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയം പൂണ്ടു പരമാർഥഹൃദയത്തോടെ അടുത്തു ചെല്ലുക. പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ. ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു. സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളൂ. മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവനു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴി കേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്കു പാത്രമാകും എന്ന് വിചാരിപ്പിൻ. “പ്രതികാരം എനിക്കുള്ളത്, ഞാൻ പകരം വീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. ജീവനുള്ള ദൈവത്തിന്റെ കൈയിൽ വീഴുന്നത് ഭയങ്കരം. എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും ആ വക അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവകാലം ഓർത്തുകൊൾവിൻ. തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. അതുകൊണ്ടു മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്ക് ആവശ്യം. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിന്മാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന് അവനിൽ പ്രസാദമില്ല.” നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

എബ്രായർ 10:1-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിയമസംഹിത സാക്ഷാലുള്ളതിന്റെ പൂർണവും സൂക്ഷ്മവുമായ പ്രതിരൂപമല്ല, വരുവാനുള്ള നന്മകളുടെ അവ്യക്തമായ നിഴൽ മാത്രമാണ്. ആണ്ടുതോറും ഒരേ യാഗംതന്നെ മുടങ്ങാതെ ആവർത്തിക്കുന്നതുകൊണ്ട് ദൈവത്തിന്റെ അടുക്കൽ വരുന്നവർ എങ്ങനെയാണ് സമ്പൂർണരായിത്തീരുന്നത്? സമ്പൂർണരായിത്തീരുമെങ്കിൽ യാഗാർപ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? യാഗാർപ്പണം ചെയ്യുന്നവർ യഥാർഥത്തിൽ പാപത്തിൽനിന്നുള്ള ശുദ്ധീകരണം പ്രാപിക്കുന്നുവെങ്കിൽ, പാപത്തെക്കുറിച്ചുള്ള ബോധം പിന്നീട് അവർക്ക് ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴാകട്ടെ വർഷംതോറും ജനത്തിന്റെ പാപങ്ങൾ അനുസ്മരിപ്പിക്കുവാനാണ് യാഗങ്ങൾ ഉപകരിക്കുന്നത്; എന്തെന്നാൽ കാളകളുടെയും ആടുകളുടെയും രക്തം പാപനിവാരണത്തിനു പര്യാപ്തമല്ല. അതിനാൽ ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ അവിടുന്നു പറഞ്ഞു: യാഗങ്ങളും വഴിപാടുകളും അവിടുന്ന് ആഗ്രഹിച്ചില്ല, എന്നാൽ അവിടുന്ന് എനിക്കുവേണ്ടി ഒരു ശരീരം സജ്ജമാക്കിയിരിക്കുന്നു. സർവാംഗഹോമങ്ങളിലോ, പാപപരിഹാരബലികളിലോ അവിടുന്നു പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: വേദഗ്രന്ഥത്തിന്റെ ഏടുകളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ ദൈവമേ, അവിടുത്തെ ഇഷ്ടം ചെയ്യുവാൻ ഇതാ ഞാൻ വന്നിരിക്കുന്നു. സർവാംഗഹോമങ്ങളും പാപപരിഹാര ബലികളും ദൈവം ആഗ്രഹിക്കുകയോ, അവയിൽ അവിടുന്നു പ്രസാദിക്കുകയോ ചെയ്തില്ല എന്ന് ആദ്യമേ പ്രസ്താവിക്കുന്നു. നിയമസംഹിതയനുസരിച്ച് അനുഷ്ഠിച്ചുപോരുന്ന മൃഗബലികൾ ആണിവ. പിന്നീട് ‘ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാൻ ഞാനിതാ വരുന്നു’ എന്നും പറഞ്ഞു. അങ്ങനെ രണ്ടാമത്തേത് ഉറപ്പിക്കുന്നതിനായി ഒന്നാമത്തേത് നീക്കിക്കളഞ്ഞു. യേശുക്രിസ്തു ഒരിക്കൽ മാത്രം അനുഷ്ഠിച്ച ശരീരയാഗത്താൽ ദൈവഹിതം നിറവേറ്റിയതുകൊണ്ട് നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും നിന്നുകൊണ്ട് നിത്യവും ഒരേ യാഗം തന്നെ പിന്നെയും പിന്നെയും നടത്തുന്നു. ഈ യാഗങ്ങൾക്കു പാപനിവാരണത്തിനുള്ള കഴിവില്ല. ക്രിസ്തുവാകട്ടെ, പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അർപ്പിച്ചശേഷം ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. തന്റെ ശത്രുക്കളെ ദൈവം പാദപീഠമാക്കുന്നതുവരെ ക്രിസ്തു കാത്തിരിക്കുന്നു. പാപത്തിൽനിന്നു ശുദ്ധീകരിച്ചവരെ, ഏക ബലിയാൽ അവിടുന്ന് എന്നെന്നേക്കുമായി സമ്പൂർണരാക്കിത്തീർത്തിരിക്കുന്നു. പരിശുദ്ധാത്മാവും ഇങ്ങനെ നമ്മോടു സാക്ഷ്യം പറയുന്നു: ആ കാലത്തിനുശേഷം ഞാൻ അവരോടു ചെയ്യുന്ന ഉടമ്പടി ഇതാകുന്നു: എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കുകയും അവരുടെ മനസ്സിൽ ആലേഖനം ചെയ്യുകയും ചെയ്യും എന്നും അതിനുശേഷം “അവരുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും ഇനിമേൽ ഞാൻ ഓർക്കുകയില്ല” എന്നും സർവേശ്വരൻ അരുൾ ചെയ്യുന്നു. ഇവയെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് പാപപരിഹാരാർഥം ഒരു യാഗവും ഇനി ആവശ്യമില്ല. അതുകൊണ്ട് സഹോദരരേ, യേശുവിന്റെ രക്തം ചിന്തിയുള്ള മരണം മുഖേന അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുവാൻ നമുക്ക് ആത്മധൈര്യം ഉണ്ട്. ക്രിസ്തു ജീവന്റെ ഒരു നവീനമാർഗം നമുക്കു തുറന്നുതന്നു; അവിടുത്തെ തിരുശരീരം എന്ന തിരശ്ശീലയിൽ കൂടിത്തന്നെ. ദൈവഭവനത്തിന്റെമേൽ അധികാരമുള്ള ഒരു ശ്രേഷ്ഠപുരോഹിതൻ നമുക്കുണ്ട്. അതിനാൽ ആത്മാർഥഹൃദയത്തോടും പൂർണവിശ്വാസത്തോടും കുറ്റബോധം അകറ്റി ശുദ്ധീകരിക്കപ്പെട്ട മനസ്സോടും ശുദ്ധജലത്തിൽ കഴുകപ്പെട്ട ശരീരത്തോടുംകൂടി ദൈവത്തിന്റെ അടുക്കലേക്കു നമുക്കു ചെല്ലാം. നാം ഏറ്റുപറയുന്ന പ്രത്യാശയെ മുറുകെ പിടിച്ചുകൊള്ളുക. അതിൽനിന്നു വ്യതിചലിക്കരുത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തൻ! സ്നേഹിക്കുന്നതിനും സൽപ്രവൃത്തികൾ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിൽ ജാഗരൂകരായിരിക്കുക. ചിലർ ചെയ്യുന്നതുപോലെ സഭായോഗങ്ങളിൽനിന്നു മാറിനില്‌ക്കരുത്; കർത്താവിന്റെ ദിവസം സമീപിച്ചിരിക്കുന്നതിനാൽ അക്കാര്യത്തിൽ അന്യോന്യം അധികം പ്രോത്സാഹിപ്പിക്കുകയും വേണം. സത്യത്തെക്കുറിച്ചുള്ള അറിവു നമുക്കു ലഭിച്ചശേഷവും നാം മനഃപൂർവം പാപം ചെയ്തുകൊണ്ടിരുന്നാൽ പാപപരിഹാരാർഥമുള്ള ഒരു ബലിയും ഇനി അവശേഷിച്ചിട്ടില്ല. മറിച്ച്, വരുവാനുള്ള ന്യായവിധിയെയും ദൈവത്തെ എതിർക്കുന്നവരെ നിശ്ശേഷം നശിപ്പിക്കുന്ന ഭയാനകമായ അഗ്നിയെയും നേരിടേണ്ടിവരും. മോശയുടെ നിയമം ലംഘിക്കുന്ന ഏതൊരുവനെയും, രണ്ടോ മൂന്നോ സാക്ഷികൾ നല്‌കുന്ന തെളിവിന്മേൽ നിഷ്കരുണം വധശിക്ഷയ്‍ക്കു വിധിക്കുന്നു. അങ്ങനെയെങ്കിൽ, ദൈവപുത്രനെ നിന്ദിച്ചു തള്ളിക്കളയുകയും, പാപത്തിൽനിന്നു മനുഷ്യനെ ശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തം നിസ്സാരമായി എണ്ണുകയും കൃപയുടെ ആത്മാവിനെ അധിക്ഷേപിക്കുകയും ചെയ്യുന്നവന് അർഹിക്കുന്ന ശിക്ഷ എത്ര ഭയങ്കരമായിരിക്കുമെന്ന് ഓർത്തുനോക്കുക. “പ്രതികാരം എനിക്കുള്ളത്, ഞാൻ പകരം വീട്ടും” എന്നും “സർവേശ്വരൻ തന്റെ ജനത്തെ വിധിക്കും” എന്നും അരുൾചെയ്തിട്ടുള്ളത് നമുക്കറിയാമല്ലോ. ജീവിക്കുന്നവനായ ദൈവത്തിന്റെ കൈകളിൽ നിപതിക്കുന്നത് എത്ര ഭയങ്കരം! നിങ്ങളുടെ പൂർവകാലത്തെക്കുറിച്ച് ഓർത്തുനോക്കൂ. നിങ്ങൾക്ക് ദിവ്യപ്രകാശം ലഭിച്ചശേഷം നിങ്ങൾ അനേകം കഷ്ടതകളെ നേരിട്ടു ചെറുത്തുനിന്നു. പലപ്പോഴും നിങ്ങൾ പരസ്യമായ നിന്ദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാക്കപ്പെടുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ നിങ്ങൾ ഇപ്രകാരം പീഡിപ്പിക്കപ്പെടുന്നവരുടെ കൂട്ടാളികളായിത്തീർന്നിട്ടുമുണ്ട്. തടവിൽ കിടന്നവരുടെ വേദനകളിൽ നിങ്ങൾ പങ്കുചേർന്നു. നിങ്ങളുടെ വസ്തുവകകൾ അപഹരിക്കപ്പെട്ടപ്പോൾ നിങ്ങൾക്കു നിലനിൽക്കുന്ന ഉത്തമസമ്പത്തുണ്ടെന്നറിഞ്ഞ് അതും സന്തോഷപൂർവം നിങ്ങൾ സഹിച്ചു. ആത്മധൈര്യം പരിത്യജിക്കരുത്. എന്തെന്നാൽ അതിനു വലിയ പ്രതിഫലമുണ്ട്. ദൈവം വാഗ്ദാനം ചെയ്യുന്നത് പ്രാപിക്കുന്നതിനും അവിടുത്തെ തിരുഹിതം നിറവേറ്റുന്നതിനുംവേണ്ടി നിങ്ങൾക്കു നിരന്തരക്ഷമ ആവശ്യമാണ്. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ, ഇനി അല്പകാലംകൂടി മാത്രമേയുള്ളൂ, വരുവാനുള്ളവൻ വരികതന്നെ ചെയ്യും; അവിടുന്നു വരാൻ വൈകുകയില്ല. എന്നാൽ എന്റെ മുമ്പിൽ നീതിമാനായിരിക്കുന്നവൻ വിശ്വാസത്താൽ ജീവിക്കും; ആരെങ്കിലും പിന്തിരിഞ്ഞുപോയാൽ അവനിൽ ഞാൻ പ്രസാദിക്കുകയില്ല. നാമാകട്ടെ, പിന്തിരിഞ്ഞു നശിച്ചു പോകുന്നവരുടെ കൂട്ടത്തിലല്ല; പ്രത്യുത, വിശ്വസിച്ചു ജീവൻ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.

എബ്രായർ 10:1-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴൽ എന്നല്ലാതെ, കാര്യങ്ങളുടെ യഥാർത്ഥ രൂപമല്ലാത്തതുകൊണ്ട്, ആണ്ടുതോറും ആവർത്തിക്കുന്ന അതേ യാഗങ്ങൾ കൊണ്ടു അടുത്തുവരുന്നവർക്ക് സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല. അല്ലായെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിൻ്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഉണ്ടാകാത്തതിനാൽ യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ? ഇപ്പോഴോ ആണ്ടുതോറും യാഗങ്ങളാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു. കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ കഴിയുന്നത് അസാധ്യമത്രെ. ആകയാൽ ക്രിസ്തു ലോകത്തിൽ വന്നപ്പോൾ താൻ പറയുന്നു: “ഹനനയാഗവും വഴിപാടും നീ ആഗ്രഹിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. സർവ്വാംഗഹോമങ്ങളിലും പാപപരിഹാര യാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു. ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടുകളും സർവ്വാംഗ ഹോമങ്ങളും പാപപരിഹാര യാഗങ്ങളും നീ ഇച്ഛിച്ചില്ല, അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: ഇതാ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിക്കുവാൻ ഒന്നാമത്തെ ആചാരങ്ങളെ നീക്കിക്കളയുന്നു. ആ രണ്ടാമത്തെ അനുഷ്ഠാനങ്ങളാൽ, അതായത് യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. വാസ്തവമായും ഏത് പുരോഹിതനും ദിവസേന ശുശ്രൂഷിച്ചിട്ടും ഒരുനാളും പാപങ്ങളെ പരിഹരിപ്പാൻ കഴിയാത്ത അതേ യാഗങ്ങളെ വീണ്ടുംവീണ്ടും അർപ്പിച്ചും കൊണ്ടു നില്ക്കുന്നു. ക്രിസ്തുവോ പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി യാഗം അർപ്പിച്ചിട്ട് എന്നേക്കും ദൈവത്തിന്‍റെ വലത്തുഭാഗത്ത്, ശത്രുക്കൾ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. അത് പരിശുദ്ധാത്മാവും നമ്മോട് സാക്ഷീകരിക്കുന്നു. “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോട് ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്‍റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നുകൂടി അരുളിച്ചെയ്യുന്നു. ആകയാൽ പാപങ്ങളുടെ മോചനം നടന്നിരിക്കുന്നതിനാൽ, ഇനി മേൽ പാപങ്ങൾക്ക് വേണ്ടി ഒരു യാഗവും ആവശ്യമില്ല. അതുകൊണ്ട് സഹോദരന്മാരേ, യേശുവിന്‍റെ രക്തത്താൽ നാം ധൈര്യത്തോടെ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കേണ്ടതിനായി, യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കുവേണ്ടി ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തു. കൂടാതെ ദൈവഭവനത്തിൽ നമുക്ക് ഒരു മഹാപുരോഹിതനേയും ലഭിച്ചിരിക്കുന്നതിനാൽ, നാം ദുർമ്മനസ്സാക്ഷി നീങ്ങിയവരായി തളിച്ചു ശുദ്ധീകരിച്ച ഹൃദയത്തോടെയും ശുദ്ധവെള്ളത്താൽ കഴുകപ്പെട്ട ശരീരത്തോടെയും വിശ്വാസത്തിന്‍റെ പൂർണ്ണനിശ്ചയം പൂണ്ട് പരമാർത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക. പ്രത്യാശയുടെ ഉറപ്പ് നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ. സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം പ്രോൽസാഹിപ്പിക്കുവാൻ ശ്രദ്ധിക്കുക. ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട്, കർത്താവിന്‍റെ നാൾ സമീപിക്കുന്നു എന്നു കാണും തോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു. സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപപരിഹാരത്തിന് വേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല. മറിച്ച് ഭയങ്കരമായ ന്യായവിധിയേയും ദൈവത്തെ എതിർക്കുന്നവരെ ദഹിപ്പിക്കുവാനുള്ള ക്രോധാഗ്നിയേയും ആകുന്നു നേരിടേണ്ടി വരിക. മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നവന് കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ മരണശിക്ഷ കല്പിക്കുന്നുവല്ലോ. ദൈവപുത്രനെ ചവിട്ടിക്കളയുകയും തന്നെ വിശുദ്ധീകരിച്ച നിയമ രക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്ക് പാത്രമാകും എന്നു നിങ്ങൾ ചിന്തിച്ചു നോക്കുവിൻ. “പ്രതികാരം എനിക്കുള്ളത്, ഞാൻ പകരം ചെയ്യും” എന്നും “കർത്താവ് തന്‍റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. ജീവനുള്ള ദൈവത്തിന്‍റെ കയ്യിൽ വീഴുന്നത് ഭയങ്കരം. നിങ്ങൾക്ക് പ്രകാശനം ലഭിച്ചശേഷം, പരസ്യമായ നിന്ദകളാലും പീഢകളാലും നിങ്ങൾ കഷ്ടതയനുഭവിച്ചു. കൂടാതെ, ആ വക കഷ്ടതകൾ അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ. തടവുകാരോട് നിങ്ങൾ സഹതാപം കാണിച്ചു. കൂടാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞ് സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. അതുകൊണ്ട് മഹാ പ്രതിഫലമുള്ള നിങ്ങളുടെ ആത്മധൈര്യം തള്ളിക്കളയരുത്. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിക്കുവാൻ നിങ്ങൾക്ക് സഹിഷ്ണത ആവശ്യം. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ട് വരുവാനുള്ളവൻ തീർച്ചയായും വരും, താമസിക്കയുമില്ല.” എന്നാൽ “എന്‍റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ ഞാൻ അവനിൽ പ്രസാദിക്കയില്ല” എന്നിങ്ങനെ തിരുവെഴുത്തുണ്ടല്ലോ? നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

എബ്രായർ 10:1-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല. അല്ലെങ്കിൽ ആരാധനക്കാർക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ? ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. സർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു. ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവ്വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ടു അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം, യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു. യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു. എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല. അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക. പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ. ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു. സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു. മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം. എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും ആ വക അനുഭവിക്കുന്നവർക്കു കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ. തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.” നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

എബ്രായർ 10:1-39 സമകാലിക മലയാളവിവർത്തനം (MCV)

ന്യായപ്രമാണമല്ല യാഥാർഥ്യം, അതു വരാനിരുന്ന നന്മകളുടെ പ്രതിരൂപംമാത്രമാണ്. അതുകൊണ്ട് വർഷംതോറും ആവർത്തിക്കപ്പെടുന്ന യാഗങ്ങൾക്ക്, തിരുസന്നിധാനത്തോട് അടുത്തുവരുന്നവരെ പരിപൂർണരാക്കാൻ കഴിയുന്നതേയില്ല. അവയ്ക്കു കഴിയുമായിരുന്നെങ്കിൽ, ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ട ആരാധകർക്കു പാപബോധമില്ലാതെ ആകുന്നതിനാൽ, യാഗങ്ങൾതന്നെ അവസാനിപ്പിക്കേണ്ടിവരുമായിരുന്നില്ലേ? എന്നാൽ, അവ പാപങ്ങളുടെ വർഷംതോറുമുള്ള അനുസ്മരണംമാത്രമാണ്. കാരണം, കാളകളുടെയും മുട്ടാടുകളുടെയും രക്തത്തിനു പാപനിവാരണം വരുത്താൻ സാധ്യമല്ല. അതിനാലാണ്, ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ, അവിടന്ന് ദൈവത്തോട്: “യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല. എന്നാൽ അങ്ങ് ഒരു ശരീരം യാഗാർപ്പണത്തിനായി എനിക്കൊരുക്കി; സർവാംഗദഹനയാഗങ്ങളിലും പാപശുദ്ധീകരണയാഗങ്ങളിലും സംപ്രീതനായില്ല. അപ്പോൾ ഞാൻ പറഞ്ഞു, ‘ഇതാ ഞാൻ വരുന്നു; തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു— എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വരുന്നു’ ” എന്നു പറഞ്ഞു. ഇതു പ്രസ്താവിച്ചശേഷം, ന്യായപ്രമാണാനുസൃതമായി അനുഷ്ഠിക്കുന്ന “യാഗങ്ങളും തിരുമുൽക്കാഴ്ചകളും സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആഗ്രഹിച്ചില്ല, അവയിൽ സംപ്രീതനായതുമില്ല. ഇതാ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു” എന്ന് ക്രിസ്തു പറയുന്നു. രണ്ടാമത്തെ ഉടമ്പടി സ്ഥാപിക്കുന്നതിനായി ഒന്നാമത്തേതിനെ അവിടന്ന് നിഷ്കാസനംചെയ്തു. യേശുക്രിസ്തു ഒരിക്കൽമാത്രം അർപ്പിച്ച ശരീരയാഗത്തിലൂടെ, നമ്മെ വിശുദ്ധരാക്കിയിരിക്കുന്നത് അവിടത്തെ ഇഷ്ടം നിമിത്തമാണ്. ഓരോ പുരോഹിതനും നിന്നുകൊണ്ട്, ഒരിക്കലും പാപനിവാരണം വരുത്താൻ കഴിവില്ലാത്ത ഒരേതരം യാഗങ്ങൾ വീണ്ടും വീണ്ടും അർപ്പിച്ച് ദിനംപ്രതി തന്റെ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഈ മഹാപുരോഹിതനാകട്ടെ, പാപനിവാരണം വരുത്തുന്ന അദ്വിതീയയാഗം എന്നേക്കുമായി അർപ്പിച്ചശേഷം ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി; അവിടത്തെ ശത്രുക്കൾ തന്റെ പാദപീഠമാകുന്നതിനായി കാത്തിരിക്കുന്നു. അവിടന്ന് ഒരേയൊരു യാഗത്താൽ വിശുദ്ധരാക്കപ്പെടുന്നവരെ എന്നേക്കുമായി സമ്പൂർണരാക്കിയിരിക്കുന്നു. പരിശുദ്ധാത്മാവും നമ്മോട് ഇതേപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു: “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇപ്രകാരമായിരിക്കും: ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും, എന്നു കർത്താവിന്റെ അരുളപ്പാട്” എന്നിങ്ങനെ അവിടന്ന് ആദ്യം പ്രഖ്യാപിക്കുന്നു. തുടർന്ന്, “അവരുടെ പാപങ്ങളും ദുഷ്ചെയ്തികളും ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.” എന്നും പറയുന്നു. ഇവയുടെയെല്ലാം നിവാരണം വന്നയിടത്ത് ഇനി ഒരു പാപനിവാരണയാഗത്തിനും സാംഗത്യമില്ല. അതുകൊണ്ടു സഹോദരങ്ങളേ, നമുക്ക് യേശുവിന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ, കർത്താവുതന്നെ തുറന്നുതന്ന ജീവനുള്ള നവീനമാർഗത്തിലൂടെ, യേശുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള ധൈര്യവും ദൈവഭവനത്തിനുമേൽ പരമാധികാരിയായ ഒരു മഹാപുരോഹിതനും ഉണ്ട്. അതിനാൽ, നാം ദുഷിച്ചമനസ്സാക്ഷി നീങ്ങാനായി ഹൃദയങ്ങൾ നിർമലീകരിക്കപ്പെട്ടവരും ശരീരം ശുദ്ധജലത്താൽ കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും സത്യസന്ധതയുള്ള ഹൃദയത്തോടുംകൂടി ദൈവത്തോട് അടുത്തുചെല്ലുക. നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ! സ്നേഹിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും പരസ്പരം പ്രേരിപ്പിക്കുന്നതിന് നമുക്കു ശ്രദ്ധിക്കാം. സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത് ചിലർ ശീലമാക്കിയിട്ടുണ്ട്. നാം അങ്ങനെ ചെയ്യാതെ, കർത്താവിന്റെ പുനരാഗമനദിവസം അടുത്തുവരുന്നെന്നു കാണുന്തോറും നമുക്ക് അധികമധികമായി, പരസ്പരം പ്രോത്സാഹിപ്പിക്കാം. സത്യം വ്യക്തമായി ഗ്രഹിച്ചതിനുശേഷം, നാം മനഃപൂർവം പാപംചെയ്താൽ ന്യായവിധിയുടെ ഭയാനകമായ സാധ്യതകളും ശത്രുക്കളെ ദഹിപ്പിക്കാനുള്ള ക്രോധാഗ്നിയുമല്ലാതെ, പാപനിവാരണത്തിനുവേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല. മോശയുടെ ന്യായപ്രമാണം നിരാകരിക്കുന്നയാൾ യാതൊരു കരുണയും ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയാൽ മരണശിക്ഷ ഏൽക്കുന്നു. അങ്ങനെയെങ്കിൽ ദൈവപുത്രനെ ചവിട്ടിക്കളയുകയും പാപിയായ തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ അശുദ്ധമെന്നു കരുതുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയുംചെയ്തയാൾ എത്ര കഠിനതരമായ ശിക്ഷയ്ക്കു പാത്രമാകും എന്നുള്ളത് ഒന്ന് ചിന്തിച്ചുനോക്കുക. “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്ത ദൈവത്തെ നാം അറിയുന്നല്ലോ. ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത് ഭയാനകം! സത്യം വ്യക്തമായി ഗ്രഹിച്ചതിനെത്തുടർന്ന് കഷ്ടതകൾ നിറഞ്ഞ വലിയ പോരാട്ടം, നിങ്ങൾ സഹിച്ചുനിന്ന ആദിമനാളുകൾ, ഓർക്കുക. ചിലപ്പോൾ നിങ്ങൾ പരസ്യമായി നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മറ്റുചിലപ്പോൾ, ഇങ്ങനെ അധിക്ഷേപവും പീഡനവും ഏറ്റവർക്ക് സഹകാരികളായി. തടവിലാക്കപ്പെട്ടവരോട് നിങ്ങൾ സഹതാപം കാണിച്ചു. ശ്രേഷ്ഠതരവും ശാശ്വതവുമായ സമ്പത്ത് നിങ്ങൾക്ക് ഉണ്ടെന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടത് നിങ്ങൾ ആനന്ദത്തോടെ സഹിച്ചു. മഹത്തായ പ്രതിഫലം നിങ്ങൾക്കു ലഭിക്കും എന്നതുകൊണ്ട് നിങ്ങളിലുള്ള അചഞ്ചലവിശ്വാസം പരിത്യജിക്കരുത്. ദൈവേഷ്ടം നിറവേറ്റി വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്ക് സഹിഷ്ണുതയാണ് ആവശ്യം. “ഇനി അൽപ്പകാലം കഴിഞ്ഞ് വരാനുള്ളവൻ വരും, താമസിക്കില്ല.” “വിശ്വാസത്താലാണ് എന്റെ നീതിമാൻ ജീവിക്കുന്നത്, പിന്മാറുന്നയാളിൽ എന്റെ മനസ്സിന് പ്രസാദമില്ല.” എങ്കിലും നാം പിന്മാറി നാശത്തിലേക്കു പോകുന്നവരല്ല, മറിച്ച് വിശ്വാസത്താൽ പ്രാണരക്ഷപ്രാപിക്കുന്നവരാണ്.