ഹഗ്ഗായി 1:2-11
ഹഗ്ഗായി 1:2-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്ന് ഈ ജനം പറയുന്നുവല്ലോ. ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ? ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളൂ; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല; വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്ന് ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്ത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു. നിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അത് അല്പമായിത്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അത് ഊതിക്കളഞ്ഞു; അതെന്തുകൊണ്ട്? എന്റെ ആലയം ശൂന്യമായിക്കിടക്കയും നിങ്ങൾ ഓരോരുത്തനും താന്താന്റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നെ എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. അതുകൊണ്ടു നിങ്ങൾ നിമിത്തം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല. ഞാൻ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.
ഹഗ്ഗായി 1:2-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവശക്തനായ സർവേശ്വരൻ ഹഗ്ഗായിയോട് അരുളിച്ചെയ്തു: “എന്റെ ആലയം പുനരുദ്ധരിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല എന്ന് ഈ ജനം പറയുന്നു.” പിന്നീട് പ്രവാചകനായ ഹഗ്ഗായി മുഖേന ജനത്തോട് അവിടുന്ന് അരുളിച്ചെയ്തു: “എന്റെ ജനമേ, എന്റെ ഭവനം തകർന്നുകിടക്കുമ്പോൾ ആണോ നിങ്ങൾക്കു മണിമേടകളിൽ പാർക്കാൻ അവസരം? അതുകൊണ്ട് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുക” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങൾ ധാരാളം വിതച്ചു; അല്പം മാത്രം കൊയ്തു. നിങ്ങൾ ഭക്ഷിക്കുന്നെങ്കിലും വയറു നിറയുന്നില്ല; പാനം ചെയ്യുന്നെങ്കിലും തൃപ്തി ആകുന്നില്ല. വസ്ത്രം ധരിക്കുന്നെങ്കിലും കുളിരു മാറുന്നില്ല; കൂലി വാങ്ങുന്നവൻ അതു തുളയുള്ള സഞ്ചിയിലിടുന്നു. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ആലോചിച്ചു നോക്കൂ. നിങ്ങൾ മലകളിൽനിന്നു മരം മുറിച്ച് മന്ദിരം പണിയുവിൻ; അതിൽ ഞാൻ പ്രസാദിക്കും. അവിടെ ഞാൻ മഹത്ത്വത്തോടെ പ്രത്യക്ഷപ്പെടും.” ഇത് സർവേശ്വരന്റെ വചനം. സമൃദ്ധമായ ഒരു വിളവെടുപ്പു നിങ്ങൾ പ്രതീക്ഷിച്ചു; പക്ഷേ അത് അല്പമായിത്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നപ്പോൾ ഞാൻ അത് ഊതിപ്പറപ്പിച്ചു കളഞ്ഞു. അത് എന്തുകൊണ്ടെന്ന് നിങ്ങൾക്കറിയാമോ? എന്റെ ആലയം ശൂന്യമായി കിടക്കെ ഓരോരുത്തനും സ്വന്തം വീട്ടുകാര്യങ്ങളിൽ മുഴുകിയിരിക്കുന്നതുകൊണ്ടു തന്നെ. അതുകൊണ്ട് മഴ പെയ്യാതിരിക്കുന്നു. ഭൂമി അനുഭവം നല്‌കാതെയുമിരിക്കുന്നു. ഞാൻ ദേശത്തെങ്ങും വരൾച്ച വരുത്തി- മലകളിലും ധാന്യങ്ങളിലും വീഞ്ഞിലും മുന്തിരിത്തോട്ടത്തിലും ഒലിവുതോട്ടത്തിലും എന്നല്ല ഭൂമിയിലെ സകലവിളകളിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യന്റെ സർവ പ്രയത്നങ്ങളിലും ഞാൻ വരൾച്ച വരുത്തിയിരിക്കുന്നു.
ഹഗ്ഗായി 1:2-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിയുവാനുള്ള കാലം വന്നിട്ടില്ലെന്ന് ഈ ജനം പറയുന്നുവല്ലോ.” ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത്: “ഈ ആലയം ശൂന്യമായിരിക്കുമ്പോൾ നിങ്ങൾ തട്ടിട്ട വീടുകളിൽ പാർക്കുവാൻ കാലമായോ?” ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും തൃപ്തരാകുന്നില്ല. പാനം ചെയ്തിട്ടും തൃപ്തി വരുന്നില്ല. വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല. കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്ന് ആലയം പണിയുവിൻ; ഞാൻ അതിൽ പ്രസാദിച്ച് മഹത്വപ്പെടും” എന്ന് യഹോവ കല്പിക്കുന്നു. “നിങ്ങൾ അധികം കിട്ടുമെന്ന് കാത്തിരുന്നു; എന്നാൽ അത് അല്പമായിത്തീർന്നു. നിങ്ങൾ അത് വീട്ടിൽ കൊണ്ടുവന്നു; ഞാനോ അത് ഊതിക്കളഞ്ഞു, അതെന്തുകൊണ്ട്? എന്റെ ആലയം ശൂന്യമായ്ക്കിടക്കുകയും നിങ്ങൾ ഓരോരുത്തനും അവനവന്‍റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നെ” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. “അതുകൊണ്ട് നിങ്ങൾ കാരണം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി വിളവ് നൽകുന്നുമില്ല. ഞാൻ ദേശത്തിലും മലകളിലും ധാന്യത്തിലും വീഞ്ഞിലും എണ്ണയിലും നിലത്തെ വിളവിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളിലും വരൾച്ച വരുത്തിയിരിക്കുന്നു.”
ഹഗ്ഗായി 1:2-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ. ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ? ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ മലയിൽചെന്നു മരം കൊണ്ടുവന്നു ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു. നിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അതു അല്പമായ്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങൾ ഓരോരുത്തനും താന്താന്റെ വീട്ടിലേക്കു ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. അതുകൊണ്ടു നിങ്ങൾനിമിത്തം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല. ഞാൻ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെ മേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.
ഹഗ്ഗായി 1:2-11 സമകാലിക മലയാളവിവർത്തനം (MCV)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘യഹോവയുടെ ആലയം പണിയുന്നതിനുള്ള സമയം ആയിട്ടില്ല’ എന്ന് ഈ ജനം പറയുന്നു!” യഹോവയുടെ വചനം ഹഗ്ഗായിപ്രവാചകൻ മുഖാന്തരം വന്നു: “ഈ ആലയം ശൂന്യമായിക്കിടക്കുമ്പോൾ, നിങ്ങൾക്ക് തട്ടിട്ട വീടുകളിൽ താമസിക്കാൻ സമയമായോ?” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളെക്കുറിച്ചു സൂക്ഷ്മമായി ചിന്തിക്കുക. നിങ്ങൾ വളരെയധികം വിതച്ചു, എങ്കിലും അൽപ്പമേ കൊയ്തുള്ളൂ; നിങ്ങൾ ഭക്ഷിച്ചു, പക്ഷേ, മതിയായില്ല. നിങ്ങൾ പാനംചെയ്യുന്നു, എന്നാൽ തൃപ്തിയാകുന്നില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നു, എന്നാൽ ചൂടു ലഭിക്കുന്നില്ല. നിങ്ങൾ ശമ്പളം വാങ്ങുന്നു, ഓട്ടയുള്ള പണസഞ്ചിയിൽ ഇടാൻവേണ്ടിമാത്രം ഉപകരിക്കുന്നു.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളെക്കുറിച്ചു സൂക്ഷ്മമായി ചിന്തിക്കുക. പർവതങ്ങളിൽ പോയി മരം കൊണ്ടുവന്ന് എന്റെ ആലയം പണിയുക; എനിക്ക് അതിൽ പ്രസാദമുണ്ടാകുകയും ഞാൻ അതിൽ മഹത്ത്വപ്പെടുകയും ചെയ്യും,” എന്ന് യഹോവ കൽപ്പിക്കുന്നു. “നിങ്ങൾ വളരെയധികം പ്രതീക്ഷിച്ചു, എന്നാൽ നോക്കുക, അത് അൽപ്പമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ വീട്ടിൽ കൊണ്ടുവന്നതിനെ ഞാൻ ഊതിക്കളഞ്ഞു. എന്തുകൊണ്ട്?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു. “എന്റെ ആലയം ശൂന്യമായിരിക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും സ്വന്തം കാര്യത്തിൽ ബദ്ധശ്രദ്ധരായിരിക്കുന്നു. അതുകൊണ്ട്, നിങ്ങൾനിമിത്തം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു, ഭൂമി അതിന്റെ വിളവ് നൽകുന്നതുമില്ല. നിലങ്ങളിലും പർവതങ്ങളിലും ധാന്യത്തിലും പുതുവീഞ്ഞിലും ഒലിവെണ്ണയിലും ഭൂമിയിൽ ഉല്പാദിപ്പിക്കുന്ന എല്ലാറ്റിലും മനുഷ്യരുടെമേലും കന്നുകാലികളുടെമേലും നിങ്ങളുടെ കൈകളുടെ അധ്വാനങ്ങളിലും ഞാൻ ഒരു വരൾച്ച അയച്ചിരിക്കുന്നു.”