ഉൽപത്തി 7:1-21
ഉൽപത്തി 7:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. ശുദ്ധിയുള്ള സകല മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടും, ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിനു നീ ചേർത്തുകൊള്ളേണം. ഇനി ഏഴു ദിവസം കഴിഞ്ഞിട്ട് ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽ നിന്നു നശിപ്പിക്കും. യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു. ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു. നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു. ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും, ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ട് ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി. നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ ഉറവുകളൊക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു. അന്നുതന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫെത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു. അവരും അതതുതരം കാട്ടുമൃഗങ്ങളും അതതുതരം കന്നുകാലികളും നിലത്ത് ഇഴയുന്ന അതതുതരം ഇഴജാതിയും അതതുതരം പറവകളും അതതുതരം പക്ഷികളുംതന്നെ. ജീവശ്വാസമുള്ള സർവജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സർവജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടച്ചു. ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്ന് ഉയർന്നു. വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി. വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻകീഴെങ്ങുമുള്ള ഉയർന്ന പർവതങ്ങളൊക്കെയും മൂടിപ്പോയി. പർവതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവയ്ക്കു മീതെ പൊങ്ങി. പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകല മനുഷ്യരും ചത്തുപോയി.
ഉൽപത്തി 7:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ നോഹയോട് അരുളിച്ചെയ്തു: “ഈ തലമുറയിൽ നിന്നെമാത്രം ഞാൻ നീതിനിഷ്ഠനായി കാണുന്നു. അതുകൊണ്ടു നീയും നിന്റെ കുടുംബവും പെട്ടകത്തിൽ പ്രവേശിക്കുക. വംശനാശം സംഭവിക്കാതിരിക്കാൻ ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴു ഇണകൾ വീതവും ശുദ്ധിയില്ലാത്തവയിൽനിന്ന് ആണും പെണ്ണുമായി ഒരു ഇണയും പറവകളിൽനിന്ന് ആണും പെണ്ണുമായി ഏഴു ഇണകൾ വീതവും നിന്റെകൂടെ പെട്ടകത്തിൽ പ്രവേശിപ്പിക്കുക. ഏഴു ദിവസം കഴിഞ്ഞാൽ നാല്പതു ദിനരാത്രങ്ങൾ ഇടവിടാതെ പെയ്യുന്ന മഴ ഞാൻ ഭൂമിയിലേക്ക് അയയ്‍ക്കും. ഞാൻ സൃഷ്‍ടിച്ച എല്ലാ ജീവജാലങ്ങളെയും ഭൂമിയിൽനിന്നു ഞാൻ നീക്കിക്കളയും.” ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്തു. ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു. നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപെടാൻ പെട്ടകത്തിൽ പ്രവേശിച്ചു. ദൈവം കല്പിച്ചതുപോലെ ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും ആണും പെണ്ണുമായി ഇണകളായി നോഹയോടുകൂടെ പെട്ടകത്തിൽ കടന്നു. ഏഴു ദിവസം കഴിഞ്ഞപ്പോൾ പ്രളയജലം ഭൂമിയിലേക്ക് പ്രവഹിച്ചു തുടങ്ങി. നോഹയ്‍ക്ക് അറുനൂറു വയസ്സു പൂർത്തിയായ വർഷത്തിന്റെ രണ്ടാം മാസം പതിനേഴാം ദിവസം അത്യഗാധത്തിലെ നീരുറവകളും ആകാശത്തിലെ വാതായനങ്ങളും തുറന്നു. നാല്പതു ദിനരാത്രങ്ങൾ ഭൂമിയിൽ തുടർച്ചയായി മഴ പെയ്തു. നോഹയും പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരും നോഹയുടെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കയറി. അവരോടൊത്ത് എല്ലാ ഇനം വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും ഇഴജന്തുക്കളും പറവകളും ഉൾപ്പെടെ എല്ലാ ജീവികളിൽനിന്നും രണ്ടു വീതം പെട്ടകത്തിൽ പ്രവേശിച്ചു. ദൈവം കല്പിച്ചതുപോലെ എല്ലാ ജന്തുക്കളെയും ആണും പെണ്ണുമായിട്ടാണ് പ്രവേശിപ്പിച്ചത്. അതിനുശേഷം സർവേശ്വരൻ വാതിൽ അടച്ചു. ജലപ്രളയം നാല്പതു ദിവസം തുടർന്നു. വെള്ളം പെരുകി പെട്ടകത്തെ നിലത്തുനിന്ന് ഉയർത്തി. ജലനിരപ്പ് ഉയർന്നുകൊണ്ടേയിരുന്നു; പെട്ടകം വെള്ളത്തിനു മുകളിൽ ഒഴുകി നടന്നു. ഏറ്റവും ഉയർന്ന പർവതങ്ങളെപ്പോലും മൂടത്തക്കവിധം ഭൂമിയിൽ വെള്ളം പെരുകി. വെള്ളം പിന്നെയും പതിനഞ്ചു മുഴം കൂടി ഉയർന്നു. പക്ഷികൾ, കന്നുകാലികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ തുടങ്ങി എല്ലാ ജീവികളും മനുഷ്യരും ചത്തൊടുങ്ങി.
ഉൽപത്തി 7:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം യഹോവ നോഹയോട് കല്പിച്ചതെന്തെന്നാൽ: “നീയും നിന്‍റെ സർവ്വകുടുംബവുമായി പെട്ടകത്തിൽ പ്രവേശിക്കുക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴു വീതവും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഒന്ന് വീതവും, ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴു ജോഡിയും, ഭൂമിയിലൊക്കെയും അവയുടെ വംശം ജീവനോടെ നിലനിർത്തേണ്ടതിന് നീ ചേർത്തുകൊള്ളേണം. ഇനി ഏഴു ദിവസം കഴിഞ്ഞിട്ട് ഞാൻ ഭൂമിയിൽ നാല്പത് രാവും നാല്പത് പകലും മഴപെയ്യിക്കും; ഞാൻ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്ന് നശിപ്പിക്കും.” യഹോവ തന്നോട് കല്പിച്ചതെല്ലാം നോഹ ചെയ്തു. ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുനൂറു (600) വയസ്സായിരുന്നു. നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു. ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള സകല ഇഴജാതിയിൽനിന്നും, ദൈവം നോഹയോട് കല്പിച്ചപ്രകാരം രണ്ടു വീതം ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ പ്രവേശിച്ചു. ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി. നോഹയുടെ ആയുസ്സിന്റെ അറുനൂറാം (600) വർഷത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ മഹാ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്‍റെ ജലപ്രവാഹ ജാലകങ്ങളും തുറന്നു. നാല്പത് രാവും നാല്പത് പകലും ഭൂമിയിൽ മഴ പെയ്തു. ആദ്യ ദിവസം തന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫെത്തും നോഹയുടെ ഭാര്യയും അവരോടുകൂടെ അവന്‍റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ പ്രവേശിച്ചു. അവരും എല്ലാ ഇനം കാട്ടുമൃഗങ്ങളും എല്ലാ ഇനം കന്നുകാലികളും നിലത്ത് ഇഴയുന്ന എല്ലാ ഇനം ഇഴജാതിയും എല്ലാ ഇനം പറവകളും എല്ലാ ഇനം പക്ഷികളും തന്നെ. ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും രണ്ടു വീതം നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ പ്രവേശിച്ചു. ദൈവം നോഹയോട് കല്പിച്ചതുപോലെ അകത്ത് പ്രവേശിച്ചവ സർവ്വജീവികളിൽനിന്നും ആണും പെണ്ണുമായി പ്രവേശിച്ചു; യഹോവ വാതിൽ അടച്ചു. ഭൂമിയിൽ നാല്പത് ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്ന് ഉയർന്നു. വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി. വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴിലെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളെല്ലാം മൂടിപ്പോയി. പർവ്വതങ്ങൾ മുങ്ങുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവയ്ക്കു മീതെ പൊങ്ങി. പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്ത് ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂമിയിൽ ജീവജാലമെല്ലാം, സകലമനുഷ്യരും ചത്തുപോയി.
ഉൽപത്തി 7:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും, ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേർത്തുകൊള്ളേണം. ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും. യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു. ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹെക്കു അറുനൂറു വയസ്സായിരുന്നു. നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു. ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും, ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി. നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു. അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു. അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തു ഇഴയുന്ന അതതു തരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ. ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സർവ്വജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടെച്ചു. ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയർന്നു. വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി. വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി. പർവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവെക്കു മീതെ പൊങ്ങി. പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി.
ഉൽപത്തി 7:1-21 സമകാലിക മലയാളവിവർത്തനം (MCV)
സകലതും ക്രമീകരിക്കപ്പെട്ടതിനുശേഷം, യഹോവ നോഹയോട് അരുളിച്ചെയ്തത്: “ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു; അതുകൊണ്ടു നീയും നിന്റെ കുടുംബം മുഴുവനും പെട്ടകത്തിനുള്ളിലേക്കു പ്രവേശിക്കുക. ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴുജോടിയെയും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഓരോ ജോടിയെയും പക്ഷികളുടെ ഓരോ ജാതിയിൽനിന്നും പൂവനും പിടയുമായി ഏഴുജോടിയെയും, പ്രളയശേഷം ഭൂമിയിൽ ഈവക ജീവനോടെ ശേഷിക്കേണ്ടതിനു നീ ചേർത്തുകൊള്ളണം; ഏഴുദിവസം കഴിഞ്ഞ്, ഞാൻ ഭൂമിയിൽ നാൽപ്പതുപകലും നാൽപ്പതുരാവും മഴപെയ്യിക്കുകയും ഞാൻ നിർമിച്ച സകലജീവികളെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയും ചെയ്യും.” യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെയെല്ലാം നോഹ ചെയ്തു. ഭൂമിയിൽ പ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു. നോഹയും തന്റെ ഭാര്യയും നോഹയുടെ പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപ്പെടുന്നതിനായി പെട്ടകത്തിൽ പ്രവേശിച്ചു. ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളിൽനിന്ന്, പക്ഷികളും എല്ലാ ഇഴജന്തുക്കളും, ആണും പെണ്ണുമായി ദൈവം കൽപ്പിച്ചതുപോലെ നോഹയുടെ അടുക്കൽവന്ന് പെട്ടകത്തിനുള്ളിൽ കടന്നു. ഏഴുദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ പ്രളയം ആരംഭിച്ചു. നോഹയുടെ ആയുസ്സിന്റെ അറുനൂറാംവർഷം, രണ്ടാംമാസം, പതിനേഴാംതീയതിതന്നെ ആഴിയുടെ ഉറവുകൾ തുറക്കപ്പെട്ടു, ആകാശത്തിന്റെ കിളിവാതിലുകളും തുറക്കപ്പെട്ടു. നാൽപ്പതുപകലും നാൽപ്പതുരാവും ഭൂമിയിൽ മഴ പെയ്തുകൊണ്ടേയിരുന്നു. ഭൂമിയിൽ മഴ പെയ്യാൻ തുടങ്ങിയ ആ ദിവസംതന്നെ നോഹ തന്റെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പെട്ടകത്തിൽ പ്രവേശിച്ചു. അവരോടൊപ്പം എല്ലാത്തരം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും ചിറകുള്ള സകലതും ഉണ്ടായിരുന്നു. ജീവശ്വാസമുള്ള സമസ്തജന്തുക്കളുടെയും ഇണകൾ നോഹയുടെ അടുക്കൽവന്നു പെട്ടകത്തിൽ കയറി. ദൈവം നോഹയോടു കൽപ്പിച്ചതനുസരിച്ച്, ആണും പെണ്ണുമായിട്ടാണ് സകലജീവികളും പെട്ടകത്തിൽവന്നു കയറിയത്. അതിനുശേഷം യഹോവ അവരെ ഉള്ളിലാക്കി വാതിൽ അടച്ചു. നാൽപ്പതു ദിവസത്തേക്കു ഭൂമിയിൽ പ്രളയം തുടർന്നു; വെള്ളം പെരുകിയപ്പോൾ പെട്ടകം ഭൂമിയിൽനിന്ന് ഉയർന്നു. വെള്ളം ഭൂമിയിൽ അത്യധികം പെരുകി, പെട്ടകം വെള്ളത്തിനുമീതേ ഒഴുകിനീങ്ങി. ആകാശത്തിനു കീഴിലുള്ള ഉയർന്ന പർവതങ്ങളെയൊക്കെയും മൂടുംവിധം ഭൂമിയിൽ വെള്ളം പൊങ്ങി. പർവതങ്ങൾക്കുമേൽ പതിനഞ്ചുമുഴത്തിലധികം ജലനിരപ്പുയർന്നു. പക്ഷികൾ, കന്നുകാലികൾ, വന്യജീവികൾ, ഇഴജന്തുക്കൾ, മനുഷ്യവർഗം മുഴുവനും, ഇങ്ങനെ സകലഭൂചരജീവികളും നശിച്ചു.