ഉൽപത്തി 47:28-31

ഉൽപത്തി 47:28-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു. യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വയ്ക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ച് എന്നെ മിസ്രയീമിൽ അടക്കാതെ, ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്ന് എടുത്തു കൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്ന് അവൻ പറഞ്ഞു. എന്നോടു സത്യം ചെയ്ക എന്ന് അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലയ്ക്കൽ നമസ്കരിച്ചു.

ഉൽപത്തി 47:28-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യാക്കോബ് അവിടെ പതിനേഴു വർഷം ജീവിച്ചു. അദ്ദേഹത്തിന്റെ ആയുഷ്കാലം നൂറ്റിനാല്പത്തേഴു വർഷമായിരുന്നു. മരണസമയം അടുത്തപ്പോൾ യാക്കോബു യോസേഫിനെ വിളിച്ചു പറഞ്ഞു: “നിനക്ക് എന്നോടു പ്രീതി ഉണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയുടെ കീഴിൽവച്ച് എന്നോടു ദയയും വിശ്വസ്തതയും പുലർത്തുമെന്നു സത്യം ചെയ്യുക. എന്നെ ഈജിപ്തിൽ സംസ്കരിക്കരുത്. ഞാൻ എന്റെ പിതാക്കന്മാരോടൊപ്പം വിശ്രമിക്കട്ടെ. എന്നെ ഈജിപ്തിൽനിന്നു കൊണ്ടുപോയി അവരെ സംസ്കരിച്ച സ്ഥലത്തുതന്നെ സംസ്കരിക്കണം.” “അങ്ങു പറഞ്ഞതുപോലെ ഞാൻ ചെയ്തുകൊള്ളാം” എന്നു യോസേഫ് പറഞ്ഞു. “എന്നോടു സത്യം ചെയ്യുക” എന്ന് യാക്കോബ് ആവശ്യപ്പെട്ടു; യോസേഫ് അപ്രകാരം ചെയ്തു. അപ്പോൾ യാക്കോബു കട്ടിലിന്റെ തലയ്‍ക്കൽ ശിരസ്സു കുനിച്ചു.

ഉൽപത്തി 47:28-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യാക്കോബ് മിസ്രയീമിൽ വന്നശേഷം പതിനേഴു വർഷം ജീവിച്ചിരുന്നു; യാക്കോബിന്‍റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു വർഷം ആയിരുന്നു. മരണത്തിനുള്ള കാലം അടുത്തപ്പോൾ യാക്കോബ് തന്‍റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: “നിനക്കു എന്നോട് കൃപയുണ്ടെങ്കിൽ നിന്‍റെ കൈ എന്‍റെ തുടയിൻകീഴിൽ വെക്കുക; എന്നോട് ദയയും വിശ്വസ്തതയും കാണിച്ച് എന്നെ മിസ്രയീമിൽ അടക്കാതെ, ഞാൻ എന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽ നിന്ന് എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ സംസ്കരിക്കേണം” എന്നു പറഞ്ഞു. ”അങ്ങേയുടെ കല്പനപ്രകാരം ഞാൻ ചെയ്യാം” എന്നു യോസേഫ് പറഞ്ഞു. “എന്നോട് സത്യം ചെയ്ക” എന്നു യിസ്രായേൽ പറഞ്ഞു; യോസേഫ് സത്യംചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിൻ്റെ തലയ്ക്കൽ നമസ്കരിച്ചു.

ഉൽപത്തി 47:28-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു. യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമിൽ അടക്കാതെ, ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്നു അവൻ പറഞ്ഞു. എന്നോടു സത്യം ചെയ്ക എന്നു അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചു.

ഉൽപത്തി 47:28-31 സമകാലിക മലയാളവിവർത്തനം (MCV)

യാക്കോബ് ഈജിപ്റ്റിൽ പതിനേഴുവർഷം ജീവിച്ചു; അദ്ദേഹത്തിന്റെ ആയുസ്സ് നൂറ്റിനാൽപ്പത്തിയേഴു വർഷമായിരുന്നു. ഇസ്രായേലിന്റെ മരണസമയം ആസന്നമായപ്പോൾ അദ്ദേഹം തന്റെ പുത്രനായ യോസേഫിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “നിനക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ, നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുകയും എന്നോടു കരുണയും വിശ്വസ്തതയും പുലർത്തുമെന്നു വാക്കു തരികയും വേണം. എന്നെ ഈജിപ്റ്റിൽ അടക്കരുത്; പിന്നെയോ, ഞാൻ എന്റെ പിതാക്കന്മാരോടൊപ്പം നിദ്ര പ്രാപിക്കുമ്പോൾ എന്നെ ഈജിപ്റ്റിൽനിന്ന് പുറത്തേക്കു കൊണ്ടുപോയി അവരെ അടക്കിയ സ്ഥലത്തുതന്നെ അടക്കണം” എന്നു പറഞ്ഞു. “അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം,” അദ്ദേഹം പറഞ്ഞു. “എന്നോടു ശപഥംചെയ്യുക,” അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോൾ യോസേഫ് അദ്ദേഹത്തോടു ശപഥംചെയ്തു; ഇസ്രായേൽ തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്നു.