ഉൽപത്തി 42:1-24

ഉൽപത്തി 42:1-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോട്: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കി നില്ക്കുന്നതെന്ത്? മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെനിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു. യോസേഫിന്റെ സഹോദരന്മാർ പത്തു പേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി. എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീനു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നു വച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല. അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ. യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു. യോസേഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെനിന്നു വരുന്നുവെന്ന് അവരോടു ചോദിച്ചതിന്: ആഹാരം കൊള്ളുവാൻ കനാൻദേശത്തുനിന്നു വരുന്നുവെന്ന് അവർ പറഞ്ഞു. യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല. യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്ത് അവരോട്: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുർബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്ന് പറഞ്ഞു. അവർ അവനോട്: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു; ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാർഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു. അവൻ അവരോട്: അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവർ: അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാരാകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട്; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു. യോസേഫ് അവരോടു പറഞ്ഞത്: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർതന്നെ. ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല. നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ, ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നെ. അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി. മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞത്: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് ഇതു ചെയ്‍വിൻ: നിങ്ങൾ പരമാർഥികൾ എങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ കാരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ട്, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം കൊണ്ടുപോകുവിൻ. എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്ക് നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു. ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്ന് അവർ തമ്മിൽ പറഞ്ഞു. അതിനു രൂബേൻ: ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്ന് അവരോടു പറഞ്ഞു. യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷി മുഖാന്തരം ആയിരുന്നതുകൊണ്ട് അവൻ ഇതു ഗ്രഹിച്ചു എന്ന് അവർ അറിഞ്ഞില്ല. അവൻ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽനിന്നു ശിമെയോനെ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.

ഉൽപത്തി 42:1-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഈജിപ്തിൽ ഭക്ഷണസാധനങ്ങളുണ്ടെന്നു കേട്ട് യാക്കോബ് പുത്രന്മാരോടു പറഞ്ഞു: “നിങ്ങൾ വെറുതെ നോക്കി നില്‌ക്കുന്നത് എന്ത്? ഈജിപ്തിൽ ധാന്യങ്ങൾ ഉണ്ടെന്നു കേൾക്കുന്നു. അവിടെ ചെന്ന് നമുക്കുവേണ്ടി ധാന്യം വാങ്ങുവിൻ, പട്ടിണികിടന്ന് മരിക്കാതെ കഴിയാമല്ലോ.” അങ്ങനെ ധാന്യങ്ങൾ വാങ്ങാൻ യോസേഫിന്റെ പത്തു സഹോദരന്മാരും ഈജിപ്തിലേക്കു പോയി. യോസേഫിന്റെ സഹോദരനായ ബെന്യാമീനെ മാത്രം യാക്കോബ് അയച്ചില്ല. അവന് ആപത്തു പിണഞ്ഞാലോ എന്ന് അദ്ദേഹം ഭയപ്പെട്ടു. കനാൻദേശത്തെല്ലാം ക്ഷാമമായിരുന്നതിനാൽ യാക്കോബിന്റെ പുത്രന്മാരും മറ്റുള്ളവരോടൊപ്പം ധാന്യം വാങ്ങാൻ ചെന്നു. ദേശാധിപതിയായ യോസേഫ് തന്നെയായിരുന്നു ധാന്യവില്പനയുടെ ചുമതല വഹിച്ചിരുന്നത്. യോസേഫിന്റെ സഹോദരന്മാർ അവിടെച്ചെന്ന് അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു. യോസേഫ് അവരെ തിരിച്ചറിഞ്ഞെങ്കിലും അപരിചിതരോടെന്നപോലെയാണു പെരുമാറിയത്. അദ്ദേഹം അവരോടു ചോദിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു?” “ഞങ്ങൾ കനാൻദേശത്തുനിന്നു ധാന്യം വാങ്ങാൻ വന്നവരാണ്.” അവർ മറുപടി പറഞ്ഞു. യോസേഫ് അവരെ മനസ്സിലാക്കിയെങ്കിലും അവർ യോസേഫിനെ തിരിച്ചറിഞ്ഞില്ല. താൻ പണ്ടു കണ്ട സ്വപ്നങ്ങൾ യോസേഫ് ഓർത്തു; അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ചാരന്മാരാണ്; രാജ്യത്തിന്റെ ദൗർബല്യം കണ്ടുപിടിക്കാനല്ലേ നിങ്ങൾ വന്നിരിക്കുന്നത്?” സഹോദരന്മാർ പറഞ്ഞു: “അല്ല യജമാനനേ! അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ധാന്യം വാങ്ങാൻവേണ്ടി മാത്രം വന്നവരാണ്. ഞങ്ങളെല്ലാവരും ഒരപ്പന്റെ മക്കളാണ്; ഞങ്ങൾ പറയുന്നതു നേരാണ്. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ചാരന്മാരല്ല.” യോസേഫ് പറഞ്ഞു: “അങ്ങനെയല്ല; നിങ്ങൾ രാജ്യത്തിന്റെ ദൗർബല്യം കണ്ടുപിടിക്കാൻ വന്നവർ തന്നെ.” അവർ പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ പന്ത്രണ്ടു സഹോദരന്മാരാകുന്നു. ഞങ്ങളെല്ലാവരും കനാൻദേശത്തുള്ള ഒരു പിതാവിന്റെ മക്കളാണ്; ഇളയവൻ പിതാവിന്റെ അടുക്കലുണ്ട്; ഒരാൾ മരിച്ചുപോയി.” എന്നാൽ യോസേഫ് പറഞ്ഞു: “ഞാൻ പറഞ്ഞതാണു വാസ്തവം. നിങ്ങൾ ചാരന്മാർതന്നെ. ഞാൻ നിങ്ങളെ ഒന്നു പരീക്ഷിക്കട്ടെ; നിങ്ങളുടെ ഇളയ സഹോദരനെ കൊണ്ടുവരാതെ നിങ്ങൾ ഇവിടെനിന്നു പോകാൻ പാടില്ലെന്ന് ഫറവോയുടെ നാമത്തിൽ ഞാൻ കല്പിക്കുന്നു. നിങ്ങളിൽ ഒരാൾ പോയി അവനെ കൂട്ടിക്കൊണ്ടുവരിക. ബാക്കിയുള്ളവർ തടവിൽ കഴിയട്ടെ. നിങ്ങൾ പറയുന്നതു സത്യമാണോ എന്ന് അറിയാമല്ലോ. അല്ലെങ്കിൽ ഫറവോയുടെ നാമത്തിൽ ഞാൻ പറയുന്നു, നിങ്ങൾ ചാരന്മാർതന്നെ.” പിന്നീട് യോസേഫ് അവരെ മൂന്നു ദിവസത്തേക്ക് തടവിലാക്കി. മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞു: “ഞാൻ ദൈവഭയമുള്ളവനാണ്. ഞാൻ ഒരു കാര്യം ചെയ്യാം; അങ്ങനെ നിങ്ങളുടെ ജീവൻ രക്ഷിക്കുക. നിങ്ങളിൽ ഒരാൾ തടവിൽ കഴിയട്ടെ; മറ്റുള്ളവർ വീട്ടിലെ പട്ടിണി അകറ്റാൻ ധാന്യവുമായി പൊയ്‍ക്കൊള്ളുക. പക്ഷേ നിങ്ങളുടെ ഇളയസഹോദരനെ ഇവിടെ കൊണ്ടുവരണം. അപ്പോൾ നിങ്ങൾ പറയുന്നതു സത്യമെന്നു ഞാൻ ഗ്രഹിക്കും; നിങ്ങളെ കൊല്ലുകയുമില്ല.” അതവർ സമ്മതിച്ചു. അവർ അന്യോന്യം പറഞ്ഞു: “അന്ന് നമ്മുടെ സഹോദരനോടു ചെയ്ത കുറ്റത്തിന്റെ ഫലമാണ് ഈ ദുരിതമെല്ലാം. കരുണയ്‍ക്കായി അവൻ കേണപേക്ഷിച്ചിട്ടും നാം കൂട്ടാക്കിയില്ല. ഇതെല്ലാം നാം അനുഭവിക്കേണ്ടതു തന്നെ.” രൂബേൻ പറഞ്ഞു: “ബാലനെ ഉപദ്രവിക്കരുതെന്ന് അന്ന് ഞാൻ പറഞ്ഞതല്ലേ? നിങ്ങൾ അതു ശ്രദ്ധിച്ചില്ല. ഇപ്പോൾ അവന്റെ രക്തത്തിനു നാം കണക്കു പറയേണ്ടിവന്നിരിക്കുന്നു.” തങ്ങൾ പരസ്പരം പറയുന്നതു യോസേഫ് ഗ്രഹിച്ചെന്ന് അവർ മനസ്സിലാക്കിയില്ല. ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവർ സംസാരിച്ചിരുന്നത്. യോസേഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയി കരഞ്ഞു. പിന്നെയും അവരുടെ അടുക്കൽ വന്ന് അവരോടു സംസാരിച്ചു; അവർ കാൺകെ ശിമെയോനെ ബന്ധനസ്ഥനാക്കുകയും ചെയ്തു.

ഉൽപത്തി 42:1-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് യാക്കോബ് അറിഞ്ഞപ്പോൾ തന്‍റെ പുത്രന്മാരോട്: “നിങ്ങൾ തമ്മിൽതമ്മിൽ നോക്കിനില്ക്കുന്നത് എന്ത്? മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്നു അവിടെനിന്നു നമുക്കു ധാന്യം വാങ്ങുവിൻ” എന്നു പറഞ്ഞു. യോസേഫിന്‍റെ സഹോദരന്മാർ പത്തുപേർ മിസ്രയീമിൽ ധാന്യം വാങ്ങുവാൻ പോയി. എന്നാൽ യോസേഫിന്‍റെ അനുജനായ ബെന്യാമീന് “ഒരുപക്ഷേ വല്ല ആപത്തും സംഭവിക്കും” എന്നു പറഞ്ഞ് യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല. അങ്ങനെ ധാന്യം വാങ്ങുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്‍റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ. യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്‍റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു. യോസേഫ് തന്‍റെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്ന് വരുന്നു” എന്നു അവരോടു ചോദിച്ചു. അതിന്: “ആഹാരം വാങ്ങുവാൻ കനാൻദേശത്തുനിന്നു വരുന്നു” എന്നു അവർ പറഞ്ഞു. യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല. യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്തു അവരോട്: “നിങ്ങൾ ചാരന്മാരാകുന്നു; ദേശത്തിന്‍റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു” എന്നു പറഞ്ഞു. അവർ അവനോട്: “അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം വാങ്ങുവാൻ വന്നിരിക്കുന്നു; ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ സത്യസന്ധരാകുന്നു; അടിയങ്ങൾ ചാരന്മാരല്ല” എന്നു പറഞ്ഞു. അവൻ അവരോട്: “അല്ല, നിങ്ങൾ ദേശത്തിന്‍റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു. അതിന് അവർ: “അടിയങ്ങൾ കനാൻ ദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ട് സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്ന് ഞങ്ങളുടെ അപ്പന്‍റെ അടുക്കൽ ഉണ്ട്; ഒരുവൻ ഇപ്പോൾ ഇല്ല” എന്നു പറഞ്ഞു. യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ചാരന്മാർ തന്നെ. ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെ നിന്ന് പുറപ്പെടുകയില്ല. നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുവനെ അയയ്ക്കുവിൻ; നിങ്ങളോ തടവുകാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെങ്കിൽ; ഫറവോനാണ, നിങ്ങൾ ചാരന്മാർ തന്നെ.” അങ്ങനെ അവൻ അവരെ മൂന്നുദിവസം തടവിൽ ആക്കി. മൂന്നാംദിവസം യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് ഇതു ചെയ്യുവിൻ: നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ തടവിൽ കിടക്കട്ടെ; നിങ്ങൾ നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം കൊണ്ടുപോകുവിൻ. എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്‍റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്ക് സത്യം എന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല” അവർ അങ്ങനെ സമ്മതിച്ചു “അതേ, ഇത് നാം നമ്മുടെ സഹോദരനോട് ചെയ്ത ദ്രോഹത്തിൻ്റെ അനന്തര ഫലമാകുന്നു. അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്‍റെ പ്രാണസങ്കടം കണ്ടിട്ടും അവന്‍റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു” എന്നു അവർ തമ്മിൽ പറഞ്ഞു. അതിന് രൂബേൻ: “ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്‍റെ രക്തം നമ്മോടു ചോദിക്കുന്നു” എന്നു അവരോടു പറഞ്ഞു. യോസേഫ് അവരോടു സംസാരിച്ചത് പരിഭാഷകൻമുഖാന്തരം ആയിരുന്നതുകൊണ്ട് അവൻ ഇതു മനസ്സിലാക്കി എന്നു അവർ അറിഞ്ഞില്ല. യോസേഫ് അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽവന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.

ഉൽപത്തി 42:1-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോടു: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനില്ക്കുന്നതു എന്തു? മിസ്രയീമിൽ ധാന്യം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു. യോസേഫിന്റെ സഹോദരന്മാർ പത്തു പേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി. എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല. അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ. യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവൻ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു. യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാൻ കനാൻദേശത്തു നിന്നു വരുന്നു എന്നു അവർ പറഞ്ഞു. യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല. യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്തു അവരോടു: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അവർ അവനോടു: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു; ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാർത്ഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു. അവൻ അവരോടു: അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവർ: അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു. യോസേഫ് അവരോടു പറഞ്ഞതു: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർ തന്നേ. ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല. നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ. അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി. മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‌വിൻ: നിങ്ങൾ പരമാർത്ഥികൾ എങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ കാരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിൻ. എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു. ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവർ തമ്മിൽ പറഞ്ഞു. അതിന്നു രൂബേൻ: ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു. യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവൻ ഇതു ഗ്രഹിച്ചു എന്നു അവർ അറിഞ്ഞില്ല. അവൻ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ചു അവർ കാൺകെ ബന്ധിച്ചു.

ഉൽപത്തി 42:1-24 സമകാലിക മലയാളവിവർത്തനം (MCV)

ഈജിപ്റ്റിൽ ധാന്യമുണ്ടെന്നറിഞ്ഞ യാക്കോബ് തന്റെ പുത്രന്മാരോട്: “നിങ്ങൾ ഇങ്ങനെ പരസ്പരം നോക്കിനിൽക്കുന്നതെന്ത്? ഈജിപ്റ്റിൽ ധാന്യമുണ്ട് എന്നു ഞാൻ കേട്ടിരിക്കുന്നു. നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് നിങ്ങൾ അവിടെച്ചെന്ന് നമുക്ക് ധാന്യം വാങ്ങുക” എന്നു നിർദേശിച്ചു. ഈ നിർദേശത്തിനുശേഷം യോസേഫിന്റെ സഹോദരന്മാരിൽ പത്തുപേർ ഈജിപ്റ്റിൽനിന്ന് ധാന്യം വാങ്ങാൻ പോയി. എന്നാൽ യാക്കോബ്, യോസേഫിന്റെ സഹോദരനായ ബെന്യാമീനെ അവരുടെകൂടെ അയച്ചില്ല; അവന് വല്ല ആപത്തും സംഭവിച്ചേക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. കനാൻദേശത്തും ക്ഷാമം ഉണ്ടായതുകൊണ്ട്, ധാന്യം വാങ്ങാൻ പോയ മറ്റുള്ളവരുടെ കൂട്ടത്തിൽ ഇസ്രായേലിന്റെ പുത്രന്മാരും ഈജിപ്റ്റിൽ എത്തിച്ചേർന്നു. യോസേഫ് ദേശത്തുള്ള ജനങ്ങൾക്കെല്ലാവർക്കും ധാന്യം വിൽക്കുന്ന ദേശാധിപതി ആയിരുന്നു. അതുകൊണ്ട്, യോസേഫിന്റെ സഹോദരന്മാർ വന്നപ്പോൾ അവർ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു. സഹോദരന്മാരെ കണ്ടമാത്രയിൽ യോസേഫ് അവരെ തിരിച്ചറിഞ്ഞു; എന്നാൽ ഒരു അപരിചിതനായി നടിച്ച് അവരോടു പരുഷമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു?” അദ്ദേഹം ചോദിച്ചു. “ഭക്ഷ്യധാന്യം വാങ്ങാൻ കനാൻദേശത്തുനിന്ന് വരുന്നു,” അവർ മറുപടി പറഞ്ഞു. യോസേഫ് സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അപ്പോൾ യോസേഫ് അവരെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ ഓർമിച്ചു; അദ്ദേഹം അവരോട്, “നിങ്ങൾ ചാരന്മാർ! ഞങ്ങളുടെ ദേശത്തിന്റെ ദുർബലഭാഗം ഏതെന്നു നോക്കാനല്ലേ നിങ്ങൾ വന്നിരിക്കുന്നത്?” എന്നു ചോദിച്ചു. “അല്ല, യജമാനനേ, അങ്ങയുടെ ദാസന്മാർ ആഹാരം വാങ്ങുന്നതിനാണു വന്നത്. ഞങ്ങളെല്ലാവരും ഒരാളിന്റെ പുത്രന്മാരാണ്; അടിയങ്ങൾ സത്യസന്ധരാണ്, ചാരന്മാരല്ല” അവർ ഉത്തരം പറഞ്ഞു. “അല്ലല്ല, ദേശത്തിന്റെ ദുർബലഭാഗം കണ്ടുപിടിക്കാൻതന്നെയാണ് നിങ്ങൾ വന്നിരിക്കുന്നത്,” യോസേഫ് പറഞ്ഞു. അതിന് അവർ, “അങ്ങയുടെ ഈ അടിയങ്ങൾ പന്ത്രണ്ടു സഹോദരന്മാർ ആയിരുന്നു; ഒരാളിന്റെ പുത്രന്മാർ. അദ്ദേഹം കനാൻദേശത്തു താമസിക്കുന്നു. ഏറ്റവും ഇളയവൻ ഇപ്പോൾ ഞങ്ങളുടെ പിതാവിന്റെകൂടെയുണ്ട്; ഒരാൾ മരിച്ചുപോയി” എന്ന് ഉത്തരം പറഞ്ഞു. യോസേഫ് അവരോട്, “ഞാൻ നിങ്ങളോടു പറഞ്ഞതുപോലെ, നിങ്ങൾ ചാരന്മാർതന്നെ. നിങ്ങളെ പരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ‘നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ ഇവിടെ വന്നിട്ടല്ലാതെ ഫറവോനാണെ, നിങ്ങൾ ഈ സ്ഥലത്തുനിന്നു പോകുകയില്ല.’ നിങ്ങളുടെ സഹോദരനെ കൊണ്ടുവരാൻ നിങ്ങളുടെ കൂട്ടത്തിൽനിന്ന് ഒരാളെ അയയ്ക്കുക; ശേഷമുള്ളവരെ കാരാഗൃഹത്തിൽ സൂക്ഷിക്കുന്നതായിരിക്കും. നിങ്ങൾ സത്യം പറയുകയാണോ എന്ന് ഇങ്ങനെ നിങ്ങളുടെ വാക്കുകളാൽത്തന്നെ പരീക്ഷിച്ചറിയും; അല്ലെന്നുവരികിൽ, ഫറവോനാണെ, നിങ്ങൾ ചാരന്മാർതന്നെ.” അദ്ദേഹം അവരെ എല്ലാവരെയും മൂന്നുദിവസത്തേക്കു തടവിലാക്കി. മൂന്നാംദിവസം യോസേഫ് അവരോട്, “ഇതു ചെയ്യുക, എന്നാൽ നിങ്ങൾ ജീവിച്ചിരിക്കും; ഞാൻ ദൈവത്തെ ഭയപ്പെടുന്നു: നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളിൽ ഒരു സഹോദരൻ ഇവിടെ കാരാഗൃഹത്തിൽ കഴിയട്ടെ; പട്ടിണികിടക്കുന്നവർക്കു ധാന്യവുമായി ശേഷമുള്ളവർക്കു മടങ്ങിപ്പോകാം. എന്നാൽ നിങ്ങളുടെ വാക്കുകൾ സത്യമോ എന്ന് ഉറപ്പുവരുത്തേണ്ടതിനും നിങ്ങൾ മരിക്കാതിരിക്കേണ്ടതിനും നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവന്നേ മതിയാകൂ.” അങ്ങനെതന്നെ ചെയ്യാൻ അവർ തീരുമാനിച്ചു. പിന്നെ അവർ പരസ്പരം പറഞ്ഞു, “നാം നിശ്ചയമായും നമ്മുടെ സഹോദരൻനിമിത്തം ശിക്ഷിക്കപ്പെടുകയാണ്. തന്റെ പ്രാണനുവേണ്ടി നമ്മോടു കെഞ്ചിയപ്പോൾ അവൻ എത്രമാത്രം സങ്കടപ്പെട്ടിരുന്നെന്നു നാം കണ്ടതാണ്. എങ്കിലും നാം അവന്റെ അപേക്ഷ കേട്ടില്ല: നാം ഈ പ്രാണസങ്കടത്തിൽ ആകാൻ കാരണം അതുതന്നെ.” അതിനു രൂബേൻ, “ബാലനു വിരോധമായി പാപം പ്രവർത്തിക്കരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നാൽ നിങ്ങൾ അതു കേട്ടില്ല. ഇപ്പോൾ നാം അവന്റെ രക്തത്തിനു കണക്കു ബോധിപ്പിച്ചേതീരൂ” എന്നു മറുപടി പറഞ്ഞു. യോസേഫ് ഒരു ദ്വിഭാഷിയെ നിയോഗിച്ചിരുന്നതുകൊണ്ട് തങ്ങൾ പറയുന്നത് അദ്ദേഹം മനസ്സിലാക്കുമെന്ന് അവർ തിരിച്ചറിഞ്ഞില്ല. യോസേഫ് അവരെവിട്ടു മാറിപ്പോയി കരഞ്ഞു. വീണ്ടും അവരുടെ അടുക്കൽ മടങ്ങിവന്ന് അവരോടു സംസാരിച്ചു. പിന്നെ അദ്ദേഹം ശിമെയോനെ അവരുടെ കൂട്ടത്തിൽനിന്ന് മാറ്റി അവരുടെ കൺമുമ്പിൽവെച്ചു ബന്ധിച്ചു.