ഉൽപത്തി 41:1-40
ഉൽപത്തി 41:1-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ: അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽനിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു. മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു. അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽനിന്നു പൊങ്ങിവന്നു. അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞും ഇരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്ന് അറിഞ്ഞു. പ്രാതഃകാലത്ത് അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോട് തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞത്: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു. ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽതന്നെ സ്വപ്നം കണ്ടു; വെവ്വേറെ അർഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടത്. അവിടെ അകമ്പടിനായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തനു താന്താന്റെ സ്വപ്നത്തിന്റെ അർഥം പറഞ്ഞുതന്നു. അവൻ അർഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ. ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു. ഫറവോൻ യോസേഫിനോട്: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യാനിപ്പാൻ ആരുമില്ല; എന്നാൽ നീയൊരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു. അതിനു യോസേഫ് ഫറവോനോട്: ഞാനല്ല, ദൈവം തന്നെ ഫറവോന് ശുഭമായൊരു ഉത്തരം നല്കും എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു. അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറിവന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീം ദേശത്ത് എങ്ങും കണ്ടിട്ടില്ല. എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്ന് അറിവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെതന്നെ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു. അവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. നേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞത്: ഫറവോന്റെ സ്വപ്നം ഒന്നുതന്നെ; താൻ ചെയ്വാൻ ഭാവിക്കുന്നതു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു. ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നുതന്നെ. അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരമാകുന്നു. ദൈവം ചെയ്‍വാൻ ഭാവിക്കുന്നത് ഫറവോനു കാണിച്ചുതന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞത്. മിസ്രയീംദേശത്തൊക്കെയും ബഹുസുഭിക്ഷമായ ഏഴു സംവത്സരം വരും. അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്ത് ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശമൊക്കെയും ക്ഷയിച്ചുപോകും. പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും. ഫറവോനു സ്വപ്നം രണ്ടു വട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു. ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ച് മിസ്രയീംദേശത്തിനു മേലധികാരി ആക്കി വയ്ക്കേണം. അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം. ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചു വയ്ക്കേണം. ആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴു സംവത്സരത്തേക്കു ദേശത്തിനു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല. ഈ വാക്ക് ഫറവോനും അവന്റെ സകല ഭൃത്യന്മാർക്കും ബോധിച്ചു. ഫറവോൻ തന്റെ ഭൃത്യന്മാരോട്: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോട്: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തിത്തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. നീ എന്റെ ഗൃഹത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു.
ഉൽപത്തി 41:1-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രണ്ടു വർഷം കഴിഞ്ഞപ്പോൾ ഫറവോ ഒരു സ്വപ്നം കണ്ടു. അദ്ദേഹം നൈൽനദിയുടെ തീരത്തു നില്‌ക്കുകയായിരുന്നു. അപ്പോൾ തടിച്ചുകൊഴുത്ത ഏഴു പശുക്കൾ നദിയിൽനിന്നു കയറിവന്ന് ഞാങ്ങണയ്‍ക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ മെലിഞ്ഞ് എല്ലുന്തിയ വേറെ ഏഴു പശുക്കൾ നദിയിൽനിന്നു കയറിവന്നു. മെലിഞ്ഞ പശുക്കൾ തടിച്ചുകൊഴുത്ത പശുക്കളുടെ അടുത്തുവന്ന് അവയെ തിന്നുകളഞ്ഞു; ഉടനെ ഫറവോ ഉണർന്നു. അദ്ദേഹം വീണ്ടും ഉറങ്ങിയപ്പോൾ മറ്റൊരു സ്വപ്നം കണ്ടു. ഒരു തണ്ടിൽ ധാന്യമണികൾ നിറഞ്ഞ പുഷ്‍ടിയുള്ള ഏഴു കതിരുകൾ നില്‌ക്കുന്നു. അവയുടെ പിന്നാലെ ശുഷ്കിച്ചതും കിഴക്കൻകാറ്റിൽ ഉണങ്ങിയതുമായ വേറെ ഏഴു കതിരുകൾ ഉയർന്നുവന്നു. ഉണങ്ങിയ കതിരുകൾ പുഷ്‍ടിയുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഫറവോ ഉണർന്നപ്പോൾ അതൊരു സ്വപ്നമായിരുന്നുവെന്നു മനസ്സിലാക്കി. രാവിലെ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും കൊട്ടാരത്തിൽ വരുത്തി അവരോടു തന്റെ സ്വപ്നം വിവരിച്ചു പറഞ്ഞു; എന്നാൽ അതു ഫറവോയ്‍ക്കു വ്യാഖ്യാനിച്ചുകൊടുക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല. അപ്പോൾ പാനീയമേൽവിചാരകൻ ഫറവോയോടു പറഞ്ഞു: “ഞാൻ ഒരു അപരാധം ചെയ്തുപോയത് ഇപ്പോൾ ഓർക്കുന്നു. അങ്ങ് ഒരിക്കൽ കോപിച്ച് പാചകമേൽവിചാരകനെയും എന്നെയും അകമ്പടിസേനാനായകന്റെ ഭവനത്തിൽ തടവിലാക്കിയിരുന്നല്ലോ. ഒരു രാത്രിയിൽ വ്യത്യസ്ത അർഥങ്ങളുള്ള ഓരോ സ്വപ്നം ഞങ്ങൾ രണ്ടു പേരും കണ്ടു. അകമ്പടിസേനാനായകന്റെ അടിമയായിരുന്ന ഒരു എബ്രായയുവാവ് ഞങ്ങളോടൊപ്പം തടവിൽ ഉണ്ടായിരുന്നു; ഞങ്ങളുടെ സ്വപ്നങ്ങൾ അവനോടു പറഞ്ഞപ്പോൾ അവൻ അവയുടെ അർഥം വ്യാഖ്യാനിച്ചു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുകയും പാചകമേൽവിചാരകനെ തൂക്കിക്കൊല്ലുകയും ചെയ്തു.” ഫറവോ യോസേഫിനെ കൊണ്ടുവരാൻ ആളയച്ചു; തടവറയിൽനിന്ന് ഉടൻതന്നെ അവനെ മോചിപ്പിച്ചു. അവനെ ക്ഷൗരം ചെയ്യിച്ച് വസ്ത്രം മാറ്റി രാജസന്നിധിയിൽ ഹാജരാക്കി. ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; അതു വ്യാഖ്യാനിച്ചു തരാൻ ആർക്കും കഴിയുന്നില്ല; സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവ് നിനക്കുണ്ടെന്നു ഞാൻ അറിഞ്ഞു.” യോസേഫ് പറഞ്ഞു: “ഞാനല്ല, ദൈവം തന്നെ അങ്ങേക്കു ശരിയായ വ്യാഖ്യാനം നല്‌കും.” രാജാവ് യോസേഫിനോടു പറഞ്ഞു: “ഇതാണു സ്വപ്നം; ഞാൻ നൈൽനദിയുടെ തീരത്തു നില്‌ക്കുകയായിരുന്നു. തടിച്ചുകൊഴുത്ത ഏഴു പശുക്കൾ നദിയിൽനിന്നു കയറിവന്ന് നദീതീരത്തു ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു; അപ്പോൾ അവയുടെ പിന്നാലെ മെലിഞ്ഞ് വളരെ വിരൂപമായ വേറെ ഏഴു പശുക്കൾ കൂടി കയറി വന്നു; അവയെപ്പോലെ മെലിഞ്ഞ് എല്ലുന്തിയ പശുക്കളെ ഒരിക്കലും ഈജിപ്തിൽ ഒരിടത്തും ഞാൻ കണ്ടിട്ടില്ല. മെലിഞ്ഞ പശുക്കൾ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു. എന്നാൽ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ ഭക്ഷിച്ചു കഴിഞ്ഞിട്ടും അവയെ ഭക്ഷിച്ചു എന്ന് ആരും പറയാത്തവിധം അവ ആദ്യത്തേതുപോലെതന്നെ മെലിഞ്ഞിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. ഞാൻ വീണ്ടും കണ്ട സ്വപ്നത്തിൽ ഒരു തണ്ടിൽനിന്നു നല്ലമണികൾ നിറഞ്ഞ പുഷ്‍ടിയുള്ള ഏഴു ധാന്യക്കതിരുകൾ വളർന്നുവന്നു; അവയ്‍ക്കു പിന്നാലെ ശുഷ്കിച്ചതും കിഴക്കൻ കാറ്റേറ്റ് ഉണങ്ങിയതുമായ വേറെ ഏഴു കതിരുകൾകൂടി ഉയർന്നുവന്നു; ഉണങ്ങിയ കതിരുകൾ പുഷ്‍ടിയുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഈ സ്വപ്നങ്ങൾ ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ അവ വ്യാഖ്യാനിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല.” യോസേഫ് ഫറവോയോടു പറഞ്ഞു: “രണ്ടു സ്വപ്നങ്ങൾക്കും അർഥം ഒന്നുതന്നെ. ദൈവം ചെയ്യാൻ പോകുന്നതു രാജാവിനു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഏഴു നല്ല പശുക്കൾ ഏഴു സംവത്സരം; ഏഴു പുഷ്‍ടിയുള്ള കതിരുകളും ഏഴു വർഷം തന്നെ. രണ്ടും ഒരേ അർഥമുള്ള സ്വപ്നങ്ങളാണ്. അവയ്‍ക്കു പിന്നാലെ വന്ന മെലിഞ്ഞ ഏഴു പശുക്കളും, കിഴക്കൻ കാറ്റേറ്റ് ഉണങ്ങിയ ഏഴു കതിരുകളും ക്ഷാമമുള്ള ഏഴു വർഷങ്ങളാണ്. ഞാൻ പറഞ്ഞതുപോലെ ദൈവം ചെയ്യാൻ പോകുന്നതു രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. ഈജിപ്തു മുഴുവനും സുഭിക്ഷതയും സമൃദ്ധിയുമുള്ള ഏഴു വർഷങ്ങളുണ്ടാകും. എന്നാൽ അവയ്‍ക്കു പിന്നാലെ കടുത്ത ക്ഷാമമുള്ള ഏഴു വർഷങ്ങളും വരും. സുഭിക്ഷതയുടെ കാലം മറന്നുപോകത്തക്കവിധം ക്ഷാമം കഠിനമായിരിക്കും; അതു രാജ്യത്തെ ഗ്രസിച്ചുകളയും. ആ ക്ഷാമം അത്ര രൂക്ഷമായിരിക്കുന്നതുകൊണ്ട് സമൃദ്ധിയുടെ കാലം ഓർമയിൽപോലും അവശേഷിക്കുകയില്ല. സ്വപ്നം രണ്ടു പ്രാവശ്യം ആവർത്തിക്കപ്പെട്ടതിന്റെ അർഥം ദൈവം ഇക്കാര്യം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അതുടനെ സംഭവിക്കുമെന്നുമാണ്. അതുകൊണ്ട് അങ്ങ് ഇപ്പോൾത്തന്നെ ദീർഘവീക്ഷണവും ജ്ഞാനവുമുള്ള ഒരാളിനെ തിരഞ്ഞെടുത്ത് രാജ്യത്തിന്റെ മേലധികാരിയായി നിയമിക്കണം. സമൃദ്ധിയുടെ ഏഴു വർഷങ്ങളിൽ രാജ്യത്തുണ്ടാകുന്ന വിളവുകളുടെ അഞ്ചിലൊന്നു ശേഖരിക്കാൻ ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം. ഈ സമൃദ്ധിയുള്ള വർഷങ്ങളിലുണ്ടാകുന്ന വിളവുകൾ അവർ രാജാവിന്റെ പേരിൽ നഗരങ്ങളിൽ സംഭരിച്ചുവയ്‍ക്കട്ടെ. ഏഴു വർഷം നീണ്ടുനില്‌ക്കുന്ന ക്ഷാമകാലത്ത് ഇതു കരുതൽധാന്യമായി പ്രയോജനപ്പെടും; അങ്ങനെ ചെയ്താൽ രാജ്യം ക്ഷാമംകൊണ്ടു നശിച്ചുപോകയില്ല. ഈ നിർദ്ദേശം നല്ലതാണെന്നു ഫറവോയ്‍ക്കും ഉദ്യോഗസ്ഥപ്രമുഖർക്കും തോന്നി. ഫറവോ അവരോടു ചോദിച്ചു: “ഇതുപോലെ ദിവ്യചൈതന്യമുള്ള ഒരാളെ കണ്ടെത്താൻ കഴിയുമോ?” ഫറവോ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിനക്കു വെളിപ്പെടുത്തിയിരിക്കുകയാൽ നിന്നെക്കാൾ ദീർഘവീക്ഷണവും ജ്ഞാനവുമുള്ള മറ്റൊരാളില്ല. നീ എന്റെ ഭവനത്തിനു മേലധികാരിയായിരിക്കുക; എന്റെ പ്രജകളെല്ലാം നിന്റെ ആജ്ഞയനുസരിച്ചു പ്രവർത്തിച്ചുകൊള്ളും; സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.”
ഉൽപത്തി 41:1-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രണ്ടു വർഷം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടത് എന്തെന്നാൽ: അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽ നിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപവുമായ വേറെ ഏഴു പശുക്കള്‍ നദിയിൽനിന്നു കയറി, നദീതീരത്തു മറ്റെ പശുക്കളുടെ അരികിൽ നിന്നു. മെലിഞ്ഞും വിരൂപവുമായ പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു. അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പെട്ടെന്ന് പൊങ്ങിവന്നു. അവയുടെ പിന്നാലെ ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. ശോഷിച്ച ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അത് സ്വപ്നം എന്നു അറിഞ്ഞു. പ്രഭാതത്തിൽ അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ച് വരുത്തി അവരോട് തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി ഫറവോനോട് പറഞ്ഞത്: “ഇന്ന് ഞാൻ എന്റെ കുറ്റം ഓർക്കുന്നു. ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രധാനിയെയും അംഗരക്ഷാനായകൻ്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽ വ്യത്യസ്ത അർത്ഥമുള്ള സ്വപ്നങ്ങൾ കണ്ടു; അവിടെ അംഗരക്ഷാനായകൻ്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചപ്പോൾ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന് അവനവന്‍റെ സ്വപ്നത്തിന്‍റെ അർത്ഥം പറഞ്ഞുതന്നു. അവൻ അർത്ഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും യഥാസ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കൊല്ലുകയും ചെയ്തുവല്ലോ.” ഉടനെ ഫറവോൻ ആളയച്ച് യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗം തടവറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്തു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു. ഫറവോൻ യോസേഫിനോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; അത് വ്യാഖ്യാനിക്കുവാൻ ആരുമില്ല; എന്നാൽ ഒരു സ്വപ്നം വിവരിച്ചു കേട്ടാൽ നീ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ച് ഞാൻ കേട്ടിരിക്കുന്നു” എന്നു പറഞ്ഞു. അതിന് യോസേഫ് ഫറവോനോട്: “ഞാനല്ല ദൈവം തന്നെ ഫറവോന് ശുഭമായോരു ഉത്തരം നല്കും” എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു. അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശുക്കൾ നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും വളരെ വിരൂപമായുമുള്ള വേറെ ഏഴു പശുക്കൾ കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീം ദേശത്ത് എങ്ങും കണ്ടിട്ടില്ല. എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിയുവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെ തന്നെ വിരൂപമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പെട്ടെന്ന് പൊങ്ങിവന്നു. അവയുടെ പിന്നാലെ ഉണങ്ങിയും ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. ശോഷിച്ച ഏഴു കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല.” അപ്പോൾ യോസേഫ് ഫറവോനോട് പറഞ്ഞത്: “ഫറവോന്റെ സ്വപ്നം ഒന്നുതന്നെ; ദൈവം ചെയ്യുവാൻ പോകുന്നത് ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു. ഏഴു നല്ല പശു ഏഴു വർഷം; ഏഴു നല്ല കതിരും ഏഴു വർഷം; സ്വപ്നം ഒന്നുതന്നെ. അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപവുമായ ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു വർഷം; അവ ക്ഷാമമുള്ള ഏഴു വർഷം ആകുന്നു. ദൈവം ചെയ്യുവാൻ പോകുന്നത് ഫറവോന് അവിടുന്ന് കാണിച്ചുതന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോട് പറഞ്ഞത്. മിസ്രയീം ദേശത്തൊക്കെയും അതിസമൃദ്ധിയുള്ള ഏഴു വർഷം വരും. അത് കഴിഞ്ഞിട്ട് ക്ഷാമമുള്ള ഏഴു വർഷം വരും; അപ്പോൾ മിസ്രയീം ദേശത്ത് ആ സമൃദ്ധിയെല്ലാം മറന്നുപോകും; ക്ഷാമത്താൽ ദേശം മുഴുവൻ ക്ഷയിച്ചുപോകും. പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സമൃദ്ധി പൂർണ്ണമായി വിസ്മരിക്കപ്പെടും. ഫറവോനു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കുക കൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കുന്നതു കൊണ്ടും ആകുന്നു. ”ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുവനെ അന്വേഷിച്ച് മിസ്രയീം ദേശത്തിനു മേലധികാരി ആക്കി വയ്ക്കേണം. അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ നിയമിച്ച്, സമൃദ്ധിയുള്ള ഏഴു വർഷം മിസ്രയീം ദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം. ഈ വരുന്ന നല്ല വർഷങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്‍റെ അധികാരത്തിൻ കീഴിൽ ധാന്യം സൂക്ഷിച്ചുവെക്കേണം. ആ ധാന്യം മിസ്രയീം ദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുവർഷത്തേക്കു ദേശത്തിന് കരുതൽശേഖരമായിരിക്കണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല.” ഈ നിർദ്ദേശം ഫറവോനും അവന്‍റെ സകലഭൃത്യന്മാർക്കും ബോധിച്ചു. ഫറവോൻ തന്റെ ഭൃത്യന്മാരോട്: “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ കണ്ടുകിട്ടുമോ?” എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോട്: “ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. നീ എന്‍റെ രാജ്യത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും” എന്നു പറഞ്ഞു.
ഉൽപത്തി 41:1-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ: അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു. മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു. അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു. അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു. പ്രാതഃകാലത്തു അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോടു തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു. ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു. അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു. അവൻ അർത്ഥം പറഞ്ഞതുപോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ. ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു. ഫറവോൻ യോസേഫിനോടു: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു യോസേഫ് ഫറവോനോടു: ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു. അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല. എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടതു: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു. അവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. നേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞതു: ഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താൻ ചെയ്വാൻ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു. ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ. അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു. ദൈവം ചെയ്‌വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞതു. മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും. അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും. പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും. ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു. ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം. അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം. ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം. ആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല. ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു. ഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു.
ഉൽപത്തി 41:1-40 സമകാലിക മലയാളവിവർത്തനം (MCV)
രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫറവോൻ ഒരു സ്വപ്നംകണ്ടു: അദ്ദേഹം നൈൽനദീതീരത്തു നിൽക്കുകയായിരുന്നു. അപ്പോൾ കാഴ്ചയ്ക്കു മോടിയുള്ളതും കൊഴുത്തതുമായ ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്ന് ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു. അതിനുശേഷം അവയുടെ പിന്നാലെ വിരൂപവും മെലിഞ്ഞതുമായ വേറെ ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്നു. അവ നദീതീരത്തു നിന്നിരുന്ന പശുക്കളുടെ അരികിൽത്തന്നെ വന്നുനിന്നു. മെലിഞ്ഞു വിരൂപമായ പശുക്കൾ ഭംഗിയും പുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു! അപ്പോൾ ഫറവോൻ ഉണർന്നു. അദ്ദേഹം വീണ്ടും ഉറങ്ങി. രണ്ടാമതൊരു സ്വപ്നംകണ്ടു: ഇതാ, ഒരു തണ്ടിൽ പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിരുകൾ മുളച്ചുവന്നു. അവയ്ക്കു പിന്നാലെ, നേർത്തതും കിഴക്കൻകാറ്റേറ്റ് ഉണങ്ങിക്കരിഞ്ഞതുമായ വേറെ ഏഴു കതിരുകൾ മുളച്ചുവന്നു. ആ നേർത്ത ഏഴു കതിരുകൾ ആരോഗ്യമുള്ളതും ധാന്യം നിറഞ്ഞതുമായ ഏഴു കതിരുകളെയും വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതൊരു സ്വപ്നമായിരുന്നു എന്നു മനസ്സിലാക്കി. പ്രഭാതത്തിൽ അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹം ഈജിപ്റ്റിലെ സകലജ്യോതിഷികളെയും ജ്ഞാനികളെയും ആളയച്ചുവരുത്തി; ഫറവോൻ അവരോട് തന്റെ സ്വപ്നം പറഞ്ഞു; എന്നാൽ അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പ്രധാന വീഞ്ഞുകാരൻ ഫറവോനോടു പറഞ്ഞു: “ഇന്ന് ഞാൻ എന്റെ തെറ്റ് ഓർക്കുന്നു. ഒരിക്കൽ ഫറവോൻ തന്റെ ദാസന്മാരോടു കോപിച്ചു; അവിടന്ന് എന്നെയും പ്രധാന അപ്പക്കാരനെയും അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ തടവിലാക്കി. ഒരേരാത്രിയിൽ ഞങ്ങൾ ഇരുവരും വ്യത്യസ്ത അർഥമുള്ള ഓരോ സ്വപ്നംകണ്ടു; അംഗരക്ഷകരുടെ അധിപന്റെ ദാസനായ ഒരു എബ്രായയുവാവ് അന്നു ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങൾ അവനെ അറിയിച്ചു; അവൻ ഞങ്ങൾക്ക് അവ വ്യാഖ്യാനിച്ചുതന്നു; ഓരോരുത്തന്റെയും സ്വപ്നത്തിന്റെ അർഥവും പറഞ്ഞുതന്നു. അവൻ അവ ഞങ്ങൾക്കു വ്യാഖ്യാനിച്ചുതന്നതുപോലെതന്നെ സംഭവിച്ചു; എന്നെ പഴയ സ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിലേറ്റുകയും ചെയ്തു.” ഫറവോൻ യോസേഫിനുവേണ്ടി ആളയച്ചു; അവനെ കൽത്തുറുങ്കിൽനിന്ന് ഉടൻതന്നെ വരുത്തി. അവൻ ക്ഷൗരംചെയ്ത് വസ്ത്രം മാറിയതിനുശേഷം ഫറവോന്റെ സന്നിധിയിൽ വന്നു. ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാനൊരു സ്വപ്നംകണ്ടു, അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിയുന്നില്ല. എന്നാൽ നിനക്ക് ഒരു സ്വപ്നം കേൾക്കുമ്പോൾത്തന്നെ അതു വ്യാഖ്യാനിക്കാൻ കഴിയുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു.” “ഞാനല്ല, ദൈവമാണ് ഫറവോനു ശുഭകരമായ മറുപടി നൽകുന്നത്,” യോസേഫ് ഫറവോനോട് ഉത്തരം പറഞ്ഞു. അപ്പോൾ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാൻ സ്വപ്നത്തിൽ നദീതീരത്തു നിൽക്കുകയായിരുന്നു; അപ്പോൾ പുഷ്ടിയും ഭംഗിയും ഉള്ള ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്ന്, ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയ്ക്കു പിന്നാലെ തീരെ മെലിഞ്ഞ് വിരൂപമായ വേറെ ഏഴു പശുക്കൾ കയറിവന്നു. ഇത്രയും വിരൂപമായ പശുക്കളെ ഞാൻ ഈജിപ്റ്റുദേശത്തെങ്ങും ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല. മെലിഞ്ഞു വിരൂപമായ ആ പശുക്കൾ, ആദ്യം കയറിവന്ന പുഷ്ടിയുള്ള ഏഴു പശുക്കളെയും തിന്നുകളഞ്ഞു. അവ അവയുടെ വയറ്റിൽ ചെന്നു; എന്നിട്ടും അവ അവയുടെ വയറ്റിൽ ചെന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. മുമ്പിലത്തെപ്പോലെതന്നെ അവ വിരൂപമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. “പിന്നെയും എന്റെ സ്വപ്നത്തിൽ ഞാൻ ധാന്യം നിറഞ്ഞതും നല്ലതുമായ ഏഴു കതിരുകൾ ഒരേ തണ്ടിൽനിന്ന് പൊങ്ങിവന്നതായി കണ്ടു. അവയ്ക്കു പിന്നാലെ കൊഴിഞ്ഞതും നേർത്തതും കിഴക്കൻകാറ്റടിച്ചു വരണ്ടുപോയതുമായ വേറെ ഏഴു കതിരുകൾ ഉയർന്നുവന്നു. ആ നേർത്ത ധാന്യക്കതിരുകൾ നല്ല ഏഴു കതിരുകളെയും വിഴുങ്ങിക്കളഞ്ഞു. ഞാൻ ഇതു ജ്യോതിഷപുരോഹിതന്മാരോടു പറഞ്ഞു, എങ്കിലും എനിക്ക് അതു വിശദീകരിച്ചുതരാൻ ആർക്കും കഴിഞ്ഞില്ല.” ഇതു കേട്ടതിനുശേഷം യോസേഫ് ഫറവോനോട്: “ഫറവോന്റെ സ്വപ്നങ്ങൾ ഒന്നുതന്നെയാണ്. അവിടന്ന് എന്താണു ചെയ്യാൻ പോകുന്നതെന്നു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു. ഏഴു നല്ല പശുക്കൾ ഏഴുവർഷങ്ങളാണ്; ഏഴു നല്ല ധാന്യക്കതിരുകളും ഏഴുവർഷങ്ങൾ; സ്വപ്നം ഒന്നുതന്നെ. പിന്നാലെ കയറിവന്ന മെലിഞ്ഞു വിരൂപമായ ഏഴു പശുക്കൾ ഏഴുവർഷങ്ങളത്രേ; കിഴക്കൻകാറ്റടിച്ച് ഉണങ്ങിപ്പോയ, കൊള്ളരുതാത്ത ഏഴു ധാന്യക്കതിരുകളും ഏഴുവർഷങ്ങൾതന്നെ. അവ ക്ഷാമത്തിന്റെ ഏഴുവർഷങ്ങളാണ്. “വസ്തുത ഞാൻ ഫറവോനോടു പറഞ്ഞതുപോലെതന്നെ: ദൈവം താൻ ചെയ്യാൻപോകുന്നത് ഫറവോനു കാണിച്ചുതന്നിരിക്കുന്നു. ഈജിപ്റ്റുദേശത്തെങ്ങും മഹാസമൃദ്ധിയുടെ ഏഴുവർഷം വരാൻപോകുന്നു. എന്നാൽ അവയ്ക്കുശേഷം ക്ഷാമത്തിന്റെ ഏഴുവർഷവും ഉണ്ടാകും. അപ്പോൾ, ഈജിപ്റ്റിൽ ഉണ്ടായിരുന്ന സമൃദ്ധി പാടേ വിസ്മരിക്കപ്പെടും; ക്ഷാമം ദേശത്തെ ക്ഷയിപ്പിക്കും. സമൃദ്ധിയെ തുടർന്നുണ്ടാകുന്ന ക്ഷാമം അതിരൂക്ഷമായിരിക്കയാലാണ് ദേശത്തെ സമൃദ്ധി ഓർമിക്കപ്പെടാതെ പോകുന്നത്. സ്വപ്നം രണ്ടുരീതിയിൽ ഫറവോന് ഉണ്ടായതോ; ഇക്കാര്യം ദൈവത്തിൽനിന്നാകുകയാൽ ഉറപ്പാക്കപ്പെട്ടിരിക്കുന്നെന്നും ദൈവം അത് ഉടൻതന്നെ ചെയ്യാൻപോകുന്നു എന്നും കാണിക്കുന്നു. “ഫറവോൻ ഇപ്പോൾ വിവേചനശക്തിയും ജ്ഞാനവും ഉള്ള ഒരുവനെ കണ്ടുപിടിച്ച് ഈജിപ്റ്റുദേശത്തിന്റെ ചുമതല ഏൽപ്പിക്കണം. സമൃദ്ധിയുടെ ഏഴുവർഷത്തിൽ ഈജിപ്റ്റിലുണ്ടാകുന്ന വിളവിന്റെ അഞ്ചിലൊന്ന് ശേഖരിക്കാൻ ഫറവോൻ അധികാരികളെ നിയോഗിക്കുകയും വേണം. അവർ, വരാൻപോകുന്ന നല്ല വർഷങ്ങളിലെ ഭക്ഷ്യവസ്തുക്കൾ മുഴുവൻ ശേഖരിക്കുകയും ഫറവോന്റെ ആധിപത്യത്തിൽ, ആഹാരത്തിനായി, നഗരങ്ങളിൽ സൂക്ഷിച്ചുവെക്കുകയും വേണം. ഈജിപ്റ്റിന്മേൽ വരാൻപോകുന്ന ക്ഷാമത്തിന്റെ ഏഴുവർഷക്കാലം ഉപയോഗിക്കേണ്ടതിന് ഇതു ദേശത്തിനുള്ള കരുതൽധാന്യമായിരിക്കേണ്ടതാണ്; അങ്ങനെയെങ്കിൽ ക്ഷാമംകൊണ്ടു ദേശം നശിച്ചുപോകാതിരിക്കും.” ഈ നിർദേശം നല്ലതെന്ന് ഫറവോനും അദ്ദേഹത്തിന്റെ സകല ഉദ്യോഗസ്ഥന്മാർക്കും തോന്നി. അതുകൊണ്ടു ഫറവോൻ അവരോട്, “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ നമുക്കു കണ്ടെത്താൻ കഴിയുമോ?” എന്നു ചോദിച്ചു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിന്നെ അറിയിച്ചിരിക്കുന്നതുകൊണ്ട് നിന്നെപ്പോലെ വിവേചനവും ജ്ഞാനവും ഉള്ള മറ്റാരുമില്ല. എന്റെ കൊട്ടാരത്തിന്റെ ചുമതല നിനക്കായിരിക്കും; എന്റെ സകലപ്രജകളും നിന്റെ ആജ്ഞകൾക്കു വിധേയരായിരിക്കും. സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ ശ്രേഷ്ഠനായിരിക്കും.”