ഉൽപത്തി 40:1-8

ഉൽപത്തി 40:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീംരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു. ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു. അവരെ അകമ്പടിനായകന്റെ വീട്ടിൽ യോസേഫ് ബദ്ധനായിക്കിടന്ന കാരാഗൃഹത്തിൽ ആക്കി. അകമ്പടിനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷ ചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു. മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ ബദ്ധന്മാരായിരുന്ന രണ്ടു പേരും ഒരു രാത്രിയിൽതന്നെ വെവ്വേറെ അർഥമുള്ള ഓരോ സ്വപ്നം കണ്ടു. രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു. അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോട്: നിങ്ങൾ ഇന്നു വിഷാദഭാവത്തോടെ ഇരിക്കുന്നത് എന്ത് എന്നു ചോദിച്ചു. അവർ അവനോട്: ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചു തരുവാൻ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോട്: സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? അത് എന്നോടു പറവിൻ എന്നു പറഞ്ഞു.

ഉൽപത്തി 40:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കുറെനാൾ കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്റെ പാനീയമേൽവിചാരകനും പാചകമേൽവിചാരകനും രാജാവിന്റെ അപ്രീതിക്കു പാത്രമായി. ഫറവോ അവരോടു കോപിച്ചു. അവരെ അകമ്പടിസേനാനായകന്റെ ഭവനത്തിൽ യോസേഫിനെ ഇട്ടിരുന്ന തടവറയിൽ അടച്ചു. അകമ്പടിസേനാനായകൻ അവരെ യോസേഫിന്റെ ചുമതലയിൽ ഏല്പിച്ചു. അവൻ അവരുടെ മേൽനോട്ടം ഏറ്റെടുത്തു. അവർ കുറെനാൾ തടവിൽ കഴിഞ്ഞു. തടവറയിൽ കഴിഞ്ഞിരുന്ന രാജാവിന്റെ പാനീയമേൽവിചാരകനും പാചകമേൽവിചാരകനും ഒരിക്കൽ ഓരോ സ്വപ്നം കണ്ടു. സ്വപ്നങ്ങൾക്ക് പ്രത്യേക അർഥവും ഉണ്ടായിരുന്നു. രാവിലെ യോസേഫ് അവരുടെ അടുത്തുചെന്നപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു. തന്റെ യജമാനന്റെ ഭവനത്തിൽ തടവിൽ കിടക്കുന്ന ഫറവോയുടെ ഉദ്യോഗസ്ഥന്മാരോട് യോസേഫ് ചോദിച്ചു: “നിങ്ങൾക്ക് ഇന്നു എന്താണൊരു വിഷാദം?” “ഞങ്ങൾ ഇരുവരും ഓരോ സ്വപ്നം കണ്ടു; എന്നാൽ അവയുടെ അർഥം വ്യാഖ്യാനിക്കാൻ ഇവിടെ ആരുമില്ലല്ലോ” എന്ന് അവർ പറഞ്ഞു. “വ്യാഖ്യാനവരം ദൈവമല്ലേ നല്‌കുന്നത്; സ്വപ്നമെന്തെന്ന് എന്നോടു പറയുക” എന്നു യോസേഫ് അവരോടു പറഞ്ഞു.

ഉൽപത്തി 40:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അനന്തരം മിസ്രയീം രാജാവിൻ്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീം രാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു. ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രധാനിയും അപ്പക്കാരുടെ പ്രധാനിയുമായ തന്‍റെ രണ്ടു ഉദ്യോഗസ്ഥന്മാരോടു കോപിച്ചു. അവരെ അംഗരക്ഷക മേധാവിയുടെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി. അംഗരക്ഷാനായകൻ അവരെ യോസേഫിന്‍റെ പക്കൽ ഏല്പിച്ചു; അവൻ അവർക്ക് ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു. മിസ്രയീം രാജാവിൻ്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ തടവുകാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നെ വേറെവേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു. രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദ ഭാവത്തോടുകൂടി ഇരിക്കുന്നത് കണ്ടു. അവൻ യജമാനന്‍റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്‍റെ ഉദ്യോഗസ്ഥന്മാരോട്: “നിങ്ങൾ ഇന്ന് വിഷാദഭാവത്തോടിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. അവർ അവനോട്: “ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്നു പറഞ്ഞു. യോസേഫ് അവരോട്: “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അത് എന്നോട് പറയുവിൻ” എന്നു പറഞ്ഞു.

ഉൽപത്തി 40:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീംരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു. ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ടു ഉദ്യോഗസ്ഥന്മാരോടു കോപിച്ചു. അവരെ അകമ്പടിനായകന്റെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി. അകമ്പടിനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു. മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നേ വെവ്വേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു. രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു. അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോടു: നിങ്ങൾ ഇന്നു വിഷാദഭാവത്തോടിരിക്കുന്നതു എന്തു എന്നു ചോദിച്ചു. അവർ അവനോടു: ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടു: സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിൻ എന്നു പറഞ്ഞു.

ഉൽപത്തി 40:1-8 സമകാലിക മലയാളവിവർത്തനം (MCV)

കുറെ കാലത്തിനുശേഷം ഈജിപ്റ്റുരാജാവിന്റെ വീഞ്ഞുകാരനും അപ്പക്കാരനും തങ്ങളുടെ യജമാനനായ ഈജിപ്റ്റുരാജാവിനെതിരേ തെറ്റുചെയ്തു. പ്രധാന വീഞ്ഞുകാരനും പ്രധാന അപ്പക്കാരനും ആയ ഈ രണ്ട് ഉദ്യോഗസ്ഥന്മാരുടെ നേർക്കു ഫറവോനു കോപം ജ്വലിച്ചു. അദ്ദേഹം അവരെ അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ, യോസേഫിനെ സൂക്ഷിച്ചിരുന്ന അതേ കാരാഗൃഹത്തിൽ അടച്ചു. അംഗരക്ഷകരുടെ അധിപൻ അവരെ യോസേഫിനെ ഏൽപ്പിക്കുകയും അവൻ അവരെ ശുശ്രൂഷിക്കുകയും ചെയ്തു. കുറെക്കാലം അവർ തടവിൽ കഴിഞ്ഞപ്പോൾ, കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ടിരുന്ന അവർ ഇരുവരും—ഈജിപ്റ്റുരാജാവിന്റെ വീഞ്ഞുകാരനും അപ്പക്കാരനും—വ്യത്യസ്ത അർഥം വരുന്ന ഓരോ സ്വപ്നം ഒരേരാത്രിയിൽ കണ്ടു. പിറ്റേന്നു രാവിലെ യോസേഫ് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതായി കണ്ടു. യജമാനന്റെ ഭവനത്തിൽ തന്നോടൊപ്പം ബന്ധനത്തിൽ ആയിരുന്ന, ഫറവോന്റെ ആ ഉദ്യോഗസ്ഥന്മാരോട് അവൻ, “ഇന്നു നിങ്ങളുടെ മുഖം ഇത്ര മ്ലാനമായിരിക്കുന്നതെന്ത്?” എന്നു ചോദിച്ചു. “ഞങ്ങൾ രണ്ടുപേരും ഓരോ സ്വപ്നം കണ്ടിരിക്കുന്നു; എന്നാൽ അവയെ വ്യാഖ്യാനിക്കാൻ ആരുമില്ല,” എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ യോസേഫ് അവരോട്, “വ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? നിങ്ങളുടെ സ്വപ്നങ്ങൾ എന്നോടു പറയുക” എന്നു പറഞ്ഞു.