ഉൽപത്തി 4:1-16
ഉൽപത്തി 4:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു. പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവയ്ക്ക് ഒരു വഴിപാടു കൊണ്ടുവന്നു. ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽനിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. എന്നാറെ യഹോവ കയീനോട്: നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്? നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്ക് ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു. എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോട്: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു. പിന്നെ യഹോവ കയീനോട്: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്ന് അവൻ പറഞ്ഞു. അതിന് അവൻ അരുളിച്ചെയ്തത്: നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കൈയിൽനിന്ന് ഏറ്റുകൊൾവാൻ വായ്തുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം. നീ കൃഷി ചെയ്യുമ്പോൾ നിലം ഇനിമേലാൽ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും. കയീൻ യഹോവയോട്: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു. ഇതാ, നീ ഇന്ന് എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധി വിട്ട് ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു. യഹോവ അവനോട്: അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന് ഏഴിരട്ടി പകരം കിട്ടും എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിനു യഹോവ അവന് ഒരു അടയാളം വച്ചു. അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ട് ഏദെനു കിഴക്കു നോദ്‍ദേശത്തു ചെന്നു പാർത്തു.
ഉൽപത്തി 4:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആദാം ഹവ്വായെ പ്രാപിച്ചു. അവൾ ഗർഭിണിയായി കയീനെ പ്രസവിച്ചു: “സർവേശ്വരന്റെ സഹായത്താൽ ഒരു മകനെ എനിക്കു ലഭിച്ചു” എന്ന് അവൾ പറഞ്ഞു. ഹവ്വാ വീണ്ടും ഒരു മകനെ പ്രസവിച്ചു. ഹാബെൽ എന്നായിരുന്നു അവന്റെ പേര്. ഹാബെൽ ആട്ടിടയനും കയീൻ കർഷകനുമായിത്തീർന്നു. കുറെക്കാലം കഴിഞ്ഞ് കയീൻ തന്റെ നിലത്തിലെ വിളവുകളിൽനിന്ന് സർവേശ്വരന് ഒരു വഴിപാട് കൊണ്ടുവന്നു. ഹാബെൽ ആട്ടിൻകൂട്ടത്തിൽ കടിഞ്ഞൂൽകുട്ടികളിൽ ഒന്നിന്റെ മേദസ്സുള്ള ഭാഗങ്ങൾ സർവേശ്വരന് അർപ്പിച്ചു. ഹാബെലിലും അവന്റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചില്ല. കയീൻ കുപിതനായി. അവന്റെ മുഖഭാവം മാറി. സർവേശ്വരൻ കയീനോടു ചോദിച്ചു: “നീ എന്തിനു കോപിക്കുന്നു? നിന്റെ മുഖഭാവം മാറിയതെന്ത്? നല്ലതു ചെയ്തിരുന്നെങ്കിൽ നിന്നിലും ഞാൻ പ്രസാദിക്കുമായിരുന്നില്ലേ? നല്ലത് പ്രവർത്തിക്കുന്നില്ലെങ്കിൽ പാപം നിന്റെ വാതില്‌ക്കൽ പതിയിരിക്കും. അതിന്റെ ദൃഷ്‍ടി നിന്റെമേൽ പതിഞ്ഞിരിക്കുന്നു. നീ അതിനെ കീഴടക്കണം.” “നമുക്കു വയലിലേക്കു പോകാം” എന്നു കയീൻ സഹോദരനായ ഹാബെലിനോടു പറഞ്ഞു. വയലിൽവച്ച് കയീൻ സഹോദരനെ ആക്രമിച്ചു കൊന്നു. “നിന്റെ സഹോദരനായ ഹാബെൽ എവിടെ” എന്നു സർവേശ്വരൻ കയീനോടു ചോദിച്ചു. അവൻ പറഞ്ഞു: “എനിക്കറിഞ്ഞുകൂടാ; ഞാൻ എന്റെ സഹോദരന്റെ കാവല്‌ക്കാരനോ?” “നീ എന്താണു ചെയ്തത്?” സർവേശ്വരൻ ചോദിച്ചു. “നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. നിന്റെ കരങ്ങൾ ചൊരിഞ്ഞ സഹോദരരക്തം സ്വീകരിക്കാൻ വായ് തുറന്ന മണ്ണിൽ നീ ശാപഗ്രസ്തനായിരിക്കും. നീ അധ്വാനിച്ചാലും മണ്ണ് അതിന്റെ വീര്യം നിനക്കു നല്‌കുകയില്ല. നീ ഭൂമിയിൽ എങ്ങും അലഞ്ഞു നടക്കും.” കയീൻ സർവേശ്വരനോടു പറഞ്ഞു: “അവിടുത്തെ ശിക്ഷ എത്ര ദുർവഹം. ഭൂമിയിൽനിന്ന് അവിടുന്നെന്നെ ആട്ടിപ്പായിച്ചു. അവിടുത്തെ സന്നിധിയിൽനിന്ന് എന്നെ നിഷ്കാസനം ചെയ്തു. ഭൂമിയിൽ ഞാൻ ലക്ഷ്യമില്ലാതെ അലയുന്നവനാകും. എന്നെ ആരെങ്കിലും കണ്ടാൽ അവർ എന്നെ കൊല്ലും.” സർവേശ്വരൻ കയീനോടു പറഞ്ഞു: “ഇല്ല നിന്നെ കൊല്ലുന്നവനു കിട്ടുന്ന പ്രതികാരം ഏഴിരട്ടി ആയിരിക്കും.” ആരും കയീനെ കൊല്ലാതിരിക്കുവാൻ അവിടുന്ന് അവന്റെമേൽ ഒരു അടയാളം പതിച്ചു. കയീൻ ദൈവസന്നിധി വിട്ടകന്ന് ഏദൻതോട്ടത്തിനു കിഴക്കുള്ള നോദ് ദേശത്തു ചെന്നു പാർത്തു.
ഉൽപത്തി 4:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആദാം തന്റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: “യഹോവയാൽ എനിക്ക് ഒരു പുരുഷസന്തതിയെ ലഭിച്ചു” എന്നു പറഞ്ഞു. പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. കുറെക്കാലം കഴിഞ്ഞിട്ട് കയീൻ നിലത്തെ ഫലത്തിൽ നിന്ന് യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവന്നു. ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്ന് ഒന്നിനെ കൊന്ന്, അവയുടെ ഏറ്റവും കൊഴുപ്പുള്ള ഭാഗങ്ങളിൽ നിന്ന് ഒരു വഴിപാട് കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും അവിടുന്ന് പ്രസാദിച്ചില്ല. കയീൻ വളരെ കോപിച്ചു, അവന്‍റെ മുഖം വാടി. അപ്പോൾ യഹോവ കയീനോട്: “നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്? നീ ശരിയായത് ചെയ്യുന്നു എങ്കിൽ നിന്നിലും പ്രസാദമുണ്ടാകയില്ലയോ? നീ തിന്മ ചെയ്തതുകൊണ്ട് പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കണം” എന്നു കല്പിച്ചു. അപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോട് “നാം വയലിലേക്കു പോക” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനെതിരായി എഴുന്നേറ്റ് അവനെ കൊന്നു. പിന്നെ യഹോവ കയീനോട്: “നിന്റെ അനുജനായ ഹാബെൽ എവിടെ? എന്നു ചോദിച്ചതിന്: “എനിക്ക് അറിഞ്ഞുകൂടാ; ഞാൻ എന്‍റെ അനുജൻ്റെ കാവൽക്കാരനോ? എന്നു അവൻ പറഞ്ഞു. അതിന് അവിടുന്ന് അരുളിച്ചെയ്തത്. “നീ എന്ത് ചെയ്തു? നിന്‍റെ അനുജൻ്റെ രക്തത്തിൻ്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോട് നിലവിളിക്കുന്നു. ഇപ്പോൾ നിന്‍റെ കൈയിൽനിന്ന് നിന്‍റെ അനുജൻ്റെ രക്തം സ്വീകരിക്കുവാൻ വായ് തുറന്ന ദേശം വിട്ട് നീ ശാപഗ്രസ്തനായി പോകേണം. നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി ഒരിക്കലും അതിന്‍റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും.” കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്ക് വഹിക്കുവാൻ കഴിയുന്നതിനെക്കാൾ വലുതാണ്. ഇതാ, അങ്ങ് ഇന്ന് എന്നെ പുറത്താക്കുന്നു; ഞാൻ തിരുസന്നിധിവിട്ട് ഒളിച്ചു ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും” എന്നു പറഞ്ഞു. യഹോവ അവനോട്: “അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന്‍റെമേൽ ഏഴിരട്ടിയായി പ്രതികാരംചെയ്യും” എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും അവനെ കൊല്ലാതിരിക്കേണ്ടതിനു യഹോവ കയീൻ്റെമേൽ ഒരു അടയാളം പതിച്ചു. അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ഏദെന് കിഴക്ക് നോദ് ദേശത്ത് ചെന്നു പാർത്തു.
ഉൽപത്തി 4:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു. പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു. ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു. എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു. പിന്നെ യഹോവ കയീനോടു: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു. അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം. നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി മേലാൽ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും. കയീൻ യഹോവയോടു: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു. ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു. യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു. അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാർത്തു.
ഉൽപത്തി 4:1-16 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം ആദാം തന്റെ ഭാര്യയായ ഹവ്വായെ അറിഞ്ഞു. അവൾ ഗർഭംധരിച്ച് കയീന് ജന്മംനൽകി. “യഹോവ സഹായിച്ചതിനാൽ എനിക്കൊരു പുരുഷപ്രജ ലഭിച്ചു,” എന്ന് അവൾ പറഞ്ഞു. ഹവ്വാ വീണ്ടും ഗർഭംധരിച്ച് കയീന്റെ സഹോദരനായ ഹാബേലിനെ പ്രസവിച്ചു. ഹാബേൽ ആട്ടിടയനും കയീൻ നിലത്ത് പണിയെടുക്കുന്നവനും ആയിത്തീർന്നു. വിളവെടുപ്പിന്റെ സമയമായപ്പോൾ കയീൻ വയലിലെ വിളവിൽനിന്ന് ഒരംശം യഹോവയ്ക്കു യാഗമായി കൊണ്ടുവന്നു. ഹാബേലോ, തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽനിന്ന് മേൽത്തരം ആടുകളെ യാഗത്തിനു കൊണ്ടുവന്നു. യഹോവ ഹാബേലിലും അവന്റെ യാഗത്തിലും സംപ്രീതനായി; എന്നാൽ, കയീനിലും അവന്റെ യാഗാർപ്പണത്തിലും പ്രസാദിച്ചില്ല. കയീൻ ഇതിൽ വളരെ കുപിതനായി; അവന്റെ മുഖം മ്ലാനമായി. യഹോവ കയീനോട്: “നീ കോപിക്കുന്നതെന്തിന്? നിന്റെ മുഖം മ്ലാനമാകുന്നതും എന്തിന്? എന്നു ചോദിച്ചു. നന്മയായതു പ്രവർത്തിക്കുന്നെങ്കിൽ നീ അംഗീകരിക്കപ്പെടുകയില്ലയോ? എന്നാൽ നന്മയായതു പ്രവർത്തിക്കാതിരുന്നാൽ പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു, അതു നിന്നെ അധീനനാക്കാൻ ആഗ്രഹിക്കുന്നു, നീയോ അതിനെ കീഴടക്കണം” എന്നു കൽപ്പിച്ചു. ഒരു ദിവസം കയീൻ തന്റെ സഹോദരനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ സഹോദരനായ ഹാബേലിനെ ആക്രമിച്ചു കൊലപ്പെടുത്തി. അപ്പോൾ യഹോവ കയീനോട്, “നിന്റെ സഹോദരൻ ഹാബേൽ എവിടെ?” എന്നു ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ, ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?” എന്നു പ്രതിവചിച്ചു. അപ്പോൾ യഹോവ അരുളിച്ചെയ്തത്: “നീ ഈ ചെയ്തത് എന്ത്? നോക്കൂ! നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നീ ശാപഗ്രസ്തനായി; നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരന്റെ രക്തം ഏറ്റുവാങ്ങാൻ വായ് തുറന്ന ദേശത്തുനിന്നു നീ പുറത്താക്കപ്പെടും. നീ നിലത്തു കൃഷി ചെയ്താൽ ഇനിയൊരിക്കലും അതു നിനക്കു പുഷ്ടിയോടെ വിളവുനൽകുകയില്ല. നീ ഭൂമുഖത്തു ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന അഭയാർഥിയുമായിരിക്കും.” അതിന് കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്കു വഹിക്കാവുന്നതിലും അധികമാണ്! ഇന്ന് ഈ ദേശത്തുനിന്ന് അങ്ങ് എന്നെ ആട്ടിപ്പായിക്കുന്നു; അങ്ങയുടെ സന്നിധിയിൽനിന്ന് ഇനി ഞാൻ ഒളിച്ചുകഴിയേണ്ടതായി വരും; ഞാൻ ഭൂമുഖത്ത് അലഞ്ഞുതിരിയുന്ന അഭയാർഥിയാകും. എന്നെ ആരെങ്കിലും കണ്ടെത്തിയാൽ അവൻ എന്നെ കൊന്നുകളയും” എന്നു പറഞ്ഞു. യഹോവ അതിനു മറുപടിയായി: “അങ്ങനെയല്ല, ആരെങ്കിലും കയീനെ വധിച്ചാൽ അവനോടുള്ള പ്രതികാരം ഏഴുമടങ്ങായിരിക്കും” എന്ന് അരുളിച്ചെയ്തു. കയീനെ കണ്ടെത്തുന്ന ആരും അവനെ വധിക്കാതിരിക്കേണ്ടതിന് യഹോവ അവന്റെമേൽ ഒരടയാളം വെച്ചു. കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടുപോയി ഏദെനു കിഴക്കുള്ള നോദ് ദേശത്തു ചെന്നു താമസിച്ചു.