ഉൽപത്തി 38:1-30
ഉൽപത്തി 38:1-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അക്കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു; അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ച് അവളുടെ അടുക്കൽ ചെന്നു. അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഏർ എന്നു പേരിട്ടു. അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഓനാൻ എന്നു പേരിട്ടു. അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ അവൻ കെസീബിൽ ആയിരുന്നു. യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ മരിപ്പിച്ചു. അപ്പോൾ യെഹൂദാ ഓനാനോട്: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധർമം അനുഷ്ഠിച്ച്, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു. എന്നാൽ ആ സന്തതി തൻറേതായിരിക്കയില്ല എന്ന് ഓനാൻ അറികകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിനു നിലത്തു വീഴ്ത്തിക്കളഞ്ഞു. അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് അവൻ ഇവനെയും മരിപ്പിച്ചു. അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാരോട്: എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽ പോയി പാർത്തു. കുറെക്കാലം കഴിഞ്ഞിട്ട് ശൂവയുടെ മകൾ, യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരായോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരത്തിനു പോയി. നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരത്തിനു തിമ്നായ്ക്കു പോകുന്നു എന്നു താമാറിന് അറിവു കിട്ടി. ശേലാ പ്രാപ്തിയായിട്ടും തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വൈധവ്യവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീം പട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു. യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു നിരൂപിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞ് തന്റെ മരുമകൾ എന്ന് അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്തു തരും എന്ന് അവൾ ചോദിച്ചു. ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയയ്ക്കാം എന്ന് അവൻ പറഞ്ഞു. നീ കൊടുത്തയയ്ക്കുവോളത്തിന് ഒരു പണയം തരുമോ എന്ന് അവൾ ചോദിച്ചു. എന്തു പണയം തരേണം എന്ന് അവൻ ചോദിച്ചതിനു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും എന്ന് അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു. പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു. സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിനു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും. അവൻ ആ സ്ഥലത്തെ ആളുകളോട്: എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെയെന്നു ചോദിച്ചതിന്: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്ന് അവർ പറഞ്ഞു. അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: ഞാൻ അവളെ കണ്ടില്ല; ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്ന് അവിടെയുള്ള ആളുകൾ പറഞ്ഞു എന്നു പറഞ്ഞു. അപ്പോൾ യെഹൂദാ: നമുക്ക് അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു. ഏകദേശം മൂന്നു മാസം കഴിഞ്ഞിട്ട്: നിന്റെ മരുമകൾ താമാർ പരസംഗം ചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു എന്നു യെഹൂദായ്ക്ക് അറിവു കിട്ടി. അപ്പോൾ യെഹൂദാ: അവളെ പുറത്തു കൊണ്ടുവരുവിൻ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു. അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആർക്കുള്ളത് എന്നു നോക്കി അറിയേണം എന്നു പറയിച്ചു. യെഹൂദാ അവയെ അറിഞ്ഞു: അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല. അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടപ്പിള്ളകൾ ഉണ്ടായിരുന്നു. അവൾ പ്രസവിക്കുമ്പോൾ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്റെ കൈക്കു കെട്ടി; ഇവൻ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു. അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്റെ സഹോദരൻ പുറത്തു വന്നു: നീ ഛിദ്രം ഉണ്ടാക്കിയത് എന്ത് എന്ന് അവൾ പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു. അതിന്റെശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തു വന്നു; അവനു സേരഹ് എന്നു പേരിട്ടു.
ഉൽപത്തി 38:1-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അക്കാലത്തു യെഹൂദാ സ്വന്തം സഹോദരന്മാരിൽനിന്നു വേർപെട്ട് ഹീരാം എന്ന അദുല്ലാംകാരന്റെ കൂടെ പാർക്കുകയായിരുന്നു. അവിടെവച്ചു യെഹൂദാ കനാന്യനായ ശൂവായുടെ പുത്രിയെ കണ്ടുമുട്ടി അവളെ വിവാഹം ചെയ്തു. അവൾ ഒരു പുത്രനെ പ്രസവിച്ചു; യെഹൂദാ അവന് ഏർ എന്നു പേരിട്ടു. അവൾ വീണ്ടും ഒരു പുത്രനെ പ്രസവിച്ചു; അവൾ അവന് ഓനാൻ എന്നു പേരു നല്കി. അവൾ മറ്റൊരു പുത്രനെ പ്രസവിച്ചു; അവനെ ശേലാ എന്നു വിളിച്ചു. അവൻ ജനിക്കുമ്പോൾ യെഹൂദാ കെസീബിൽ ആയിരുന്നു. യെഹൂദാ മൂത്തമകൻ ഏരിന് താമാർ എന്ന പെൺകുട്ടിയെ ഭാര്യയായി കണ്ടെത്തി. ഏരിന്റെ ജീവിതരീതികൾ സർവേശ്വരന് ഹിതകരമായിരുന്നില്ല. അതുകൊണ്ട് അവിടുന്ന് അവനെ മരണത്തിനിരയാക്കി. അപ്പോൾ യെഹൂദാ ഓനാനോടു പറഞ്ഞു: “നീ സഹോദരപത്നിയെ പ്രാപിച്ച് ഭർത്തൃസഹോദരന്റെ കടമ നിർവഹിക്കുക. അങ്ങനെ നിന്റെ സഹോദരനു സന്തതി ജനിക്കട്ടെ. സന്തതി ഉണ്ടായാലും പിതൃത്വം തനിക്ക് അവകാശപ്പെട്ടതായിരിക്കുകയില്ലെന്ന് അറിയാമായിരുന്ന ഓനാൻ സഹോദരനു സന്തതി ഉണ്ടാകരുതെന്നു കരുതി ബന്ധപ്പെടുമ്പോഴെല്ലാം ബീജം നിലത്തു വീഴ്ത്തിക്കളയുമായിരുന്നു. അവന്റെ പ്രവൃത്തി സർവേശ്വരന് ഇഷ്ടമായില്ല. അതുകൊണ്ട് അവനെയും മരണത്തിനിരയാക്കി. അപ്പോൾ യെഹൂദാ താമാരിനോട് പറഞ്ഞു: “എന്റെ പുത്രനായ ശേലാ പ്രായപൂർത്തി ആകുംവരെ നീ പിതൃഭവനത്തിൽ പോയി പാർക്കുക; സഹോദരന്മാരെപ്പോലെ ശേലായും മരിക്കുമെന്നു അയാൾ ഭയപ്പെട്ടിരുന്നു. താമാർ പിതൃഭവനത്തിൽ പോയി പാർത്തു. കുറെക്കാലം കഴിഞ്ഞപ്പോൾ യെഹൂദായുടെ ഭാര്യ മരിച്ചു. അവൾ ശൂവയുടെ മകളായിരുന്നു. വിലാപകാലം കഴിഞ്ഞപ്പോൾ യെഹൂദാ അവന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരാമിനോടൊപ്പം തിമ്നയിൽ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കലേക്കു പോയി. തന്റെ ഭർതൃപിതാവായ യെഹൂദാ തിമ്നായിൽ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കൽ പോകുന്ന വിവരം താമാർ അറിഞ്ഞു. ശേലാ പ്രായപൂർത്തിയായിട്ടും അവനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുന്നില്ലെന്നു കണ്ട താമാർ വൈധവ്യവസ്ത്രങ്ങൾ മാറ്റി, മൂടുപടം അണിഞ്ഞ്, തിമ്നായിലേക്കുള്ള വഴിയരികിൽ എനയീംപട്ടണത്തിന്റെ വാതില്ക്കൽ ചെന്ന് ഇരുന്നു. മുഖം മൂടിയിരുന്നതുകൊണ്ട് അവൾ വേശ്യ ആയിരിക്കുമെന്നു യെഹൂദാ വിചാരിച്ചു. പുത്രഭാര്യ ആണെന്നറിയാതെ അയാൾ വഴിയരികിൽ അവളുടെ അടുത്തുചെന്നു: “ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു. “അങ്ങ് എന്തു പ്രതിഫലം തരും?” അവൾ ചോദിച്ചു. “എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ കൊടുത്തയയ്ക്കാം” എന്നു യെഹൂദാ മറുപടി പറഞ്ഞു. “അത് കൊടുത്തയയ്ക്കുന്നതുവരെ എന്തു പണയം തരും?” എന്ന് അവൾ ചോദിച്ചു. “എന്താണ് പണയം വേണ്ടത്?” എന്ന് യെഹൂദാ ചോദിച്ചപ്പോൾ അവൾ പറഞ്ഞു: “അങ്ങയുടെ മുദ്രമോതിരവും മോതിരച്ചരടും അങ്ങയുടെ വടിയും പണയമായി തരിക.” യെഹൂദാ അവയെല്ലാം അവൾക്കു കൊടുത്തു; അയാൾ അവളെ പ്രാപിച്ചു, അങ്ങനെ അവൾ ഗർഭവതിയായി. പിന്നീട് അവൾ എഴുന്നേറ്റുപോയി മൂടുപടം മാറ്റി വൈധവ്യവസ്ത്രം ധരിച്ചു. ആട്ടിൻകുട്ടിയെ കൊടുത്ത് പണയംവച്ച സാധനങ്ങൾ തിരികെ വാങ്ങാൻ സുഹൃത്തായ ഹീരാമിനെ യെഹൂദാ അയച്ചു. എന്നാൽ അയാൾക്ക് അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. “എനയീമിൽ വഴിയരികിൽ ഇരുന്ന വേശ്യ എവിടെ” എന്നു സ്ഥലവാസികളോടു ചോദിച്ചപ്പോൾ “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്നവർ പറഞ്ഞു. അയാൾ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു പറഞ്ഞു: “അവളെ ഞാൻ കണ്ടില്ല; അവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നാണു നാട്ടുകാർ പറഞ്ഞത്.” യെഹൂദാ പറഞ്ഞു: “സാധനങ്ങൾ അവൾതന്നെ എടുത്തുകൊള്ളട്ടെ. അല്ലെങ്കിൽ നാം പരിഹാസ്യരാകും. നോക്കൂ, ഞാൻ ആട്ടിൻകുട്ടിയെ തന്നയച്ചു. നിനക്ക് അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ.” പുത്രഭാര്യയായ താമാർ വേശ്യാവൃത്തിയിലേർപ്പെട്ട് ഗർഭിണിയായി എന്ന് മൂന്നു മാസം കഴിഞ്ഞ് യെഹൂദാ അറിഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു: “അവളെ പുറത്താക്കി ചുട്ടുകളയുക.” അവളെ പുറത്തു കൊണ്ടുവരുന്നതിനിടയിൽ അവൾ ഭർതൃപിതാവിനെ ഇങ്ങനെ അറിയിച്ചു: “ഈ സാധനങ്ങളുടെ ഉടമസ്ഥൻ നിമിത്തമാണ് ഞാൻ ഗർഭിണി ആയത്. ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേതാണെന്നു നോക്കണം.” യെഹൂദാ ആ സാധനങ്ങൾ തിരിച്ചറിഞ്ഞു. അയാൾ പറഞ്ഞു: “അവൾ എന്നെക്കാൾ ധർമിഷ്ഠയാണ്. എന്റെ മകനായ ശേലായ്ക്ക് അവളെ വിവാഹം ചെയ്തു കൊടുക്കാതെയിരുന്ന ഞാനാണ് കുറ്റക്കാരൻ.” പിന്നീടൊരിക്കലും അയാൾ അവളെ പ്രാപിച്ചില്ല. അവൾക്ക് പ്രസവസമയമായപ്പോൾ ഗർഭത്തിൽ രണ്ടു കുട്ടികൾ ഉണ്ടെന്നു വ്യക്തമായി. ആദ്യത്തെ കുട്ടിയുടെ കൈ പുറത്തുവന്നപ്പോൾ “ഇതാണ് കടിഞ്ഞൂൽ സന്തതി” എന്നു പറഞ്ഞു പരിചാരിക ചുവന്നനൂൽ അവന്റെ കൈയിൽ കെട്ടി. എന്നാൽ അവൻ കൈ ഉള്ളിലേക്കു വലിച്ചു; സഹോദരൻ പുറത്തുവരികയും ചെയ്തു. “നീ മത്സരിച്ചു പുറത്തുവന്നതെന്ത്?” എന്നു ചോദിച്ചുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു. അല്പസമയം കഴിഞ്ഞ് കൈയിൽ ചുവന്ന നൂലുമായി അവന്റെ സഹോദരനും പുറത്തുവന്നു. അവനു സേരഹ് എന്നു പേരിട്ടു.
ഉൽപത്തി 38:1-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അക്കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യൻ്റെ അടുക്കൽ ചെന്നു; അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യൻ്റെ മകളെ കണ്ടു; അവളെ വിവാഹംചെയ്തു. അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; യെഹൂദാ അവനു ഏർ എന്നു പേരിട്ടു. അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവൾ അവനു ഓനാൻ എന്നു പേരിട്ടു. അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവനു ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ യെഹൂദാ കെസീബിൽ ആയിരുന്നു. യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അപ്രിയനായിരുന്നതുകൊണ്ട് യഹോവ അവനെ മരണത്തിനിരയാക്കി. അപ്പോൾ യെഹൂദാ ഓനാനോട്: “നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ച്, ജ്യേഷ്ഠന്റെ പേർക്ക് സന്തതിയെ ജനിപ്പിക്കുക” എന്നു പറഞ്ഞു. എന്നാൽ ആ സന്തതി തൻ്റേതായിരിക്കുകയില്ല എന്നു ഓനാൻ അറിയുകകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന് ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു. അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് യഹോവ ഇവനെയും മരണത്തിനിരയാക്കി. അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാറിനോട്: “എന്റെ മകൻ ശേലാ പ്രായപൂർത്തിയാകുവോളം നീ അപ്പന്റെ വീട്ടിൽപോയി വിധവയായി വസിക്കുക” എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്നു അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു. കുറെ കാലം കഴിഞ്ഞ് ശൂവയുടെ മകൾ യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തിമ്നായിൽ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനുപോയി. “നിന്റെ അമ്മായിയപ്പൻ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനു തിമ്നായ്ക്കു പോകുന്നു” എന്നു താമാറിന് അറിവുകിട്ടി. ശേലാ പ്രായപൂർത്തിയായിട്ടും തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വിധവാവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീം പട്ടണത്തിന്റെ വാതിൽക്കൽ ഇരുന്നു. യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു വിചാരിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്ക് തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. “എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്ത് തരും?” എന്നു അവൾ ചോദിച്ചു. “ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം” എന്നു അവൻ പറഞ്ഞു. “നീ കൊടുത്തയക്കുന്നതുവരെ ഒരു പണയം തരുമോ?” എന്നു അവൾ ചോദിച്ചു. “ഞാൻ നിനക്കു എന്ത് പണയം തരേണം?” എന്നു അവൻ ചോദിച്ചു. അതിന് “നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും” എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു. പിന്നെ അവൾ എഴുന്നേറ്റുപോയി, തന്റെ മൂടുപടം നീക്കി വിധവാവസ്ത്രം ധരിച്ചു. സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിന് യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും. അവൻ ആ സ്ഥലത്തെ ആളുകളോട്: “എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ?” എന്നു ചോദിച്ചു. അതിന്: “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്നു അവർ പറഞ്ഞു. അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: “ഞാൻ അവളെ കണ്ടില്ല; ‘ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല’ എന്നു അവിടെയുള്ള ആളുകൾ പറഞ്ഞു” എന്നു പറഞ്ഞു. “അപ്പോൾ യെഹൂദാ നമുക്ക് അപകീർത്തി ഉണ്ടാകാതിരിക്കുവാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും” എന്നു പറഞ്ഞു. ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ട്: “നിന്റെ മരുമകൾ താമാർ പരസംഗം ചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു” എന്നു യെഹൂദായ്ക്ക് അറിവുകിട്ടി. അപ്പോൾ യെഹൂദാ: “അവളെ പുറത്തുകൊണ്ടുവരുവിൻ; അവളെ ചുട്ടുകളയേണം” എന്നു പറഞ്ഞു. അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പൻ്റെ അടുക്കൽ ആളയച്ച്: “ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേത് എന്നു നോക്കി അറിയേണം” എന്നു പറയിച്ചു. യെഹൂദാ അവയെ അറിഞ്ഞ്: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല” എന്നു പറഞ്ഞു; അതിൽപിന്നെ അവളെ പ്രാപിച്ചതുമില്ല. അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. അവൾ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞ് കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്റെ കൈയ്ക്കു കെട്ടി; “ഇവൻ ആദ്യം പുറത്തു വന്നു” എന്നു പറഞ്ഞു. അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്റെ സഹോദരൻ പുറത്തു വന്നു: “നീ ഛിദ്രം ഉണ്ടാക്കിയത് എന്ത്” എന്നു അവൾ പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു. അതിന്റെശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തു വന്നു; അവനു സേരെഹ് എന്നു പേരിട്ടു.
ഉൽപത്തി 38:1-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അക്കാലത്തു യെഹൂദാ തന്റെ സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു; അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നു. അവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏർ എന്നു പേരിട്ടു. അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഓനാൻ എന്നു പേരിട്ടു. അവൾ പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ അവൻ കെസീബിൽ ആയിരുന്നു. യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു. അപ്പോൾ യെഹൂദാ ഓനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു. എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു. അവൻ ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു. അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാരോടു: എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു. കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകൾ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി. നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി. ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിങ്കൽ ഇരുന്നു. യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു. അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. ഞാൻ ആട്ടിൻകൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു. എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു. പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു. സ്ത്രീയുടെ കയ്യിൽനിന്നു പണയം മടക്കി വാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ല താനും. അവൻ ആ സ്ഥലത്തെ ആളുകളോടു: ഏനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നു: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവർ പറഞ്ഞു. അവൻ യെഹൂദയുടെ അടുക്കൽ മടങ്ങിവന്നു: ഞാൻ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകൾ പറഞ്ഞു എന്നു പറഞ്ഞു. അപ്പോൾ യെഹൂദാ നമുക്കു അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അതു എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു. ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടു: നിന്റെ മരുമകൾ താമാർ പരസംഗംചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോൾ യെഹൂദാ: അവളെ പുറത്തുകൊണ്ടു വരുവിൻ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു. അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആർക്കുള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു. യെഹൂദാ അവയെ അറിഞ്ഞു: അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല. അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടപ്പിള്ളകൾ ഉണ്ടായിരുന്നു. അവൾ പ്രസവിക്കുമ്പോൾ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്തു അവന്റെ കൈക്കു കെട്ടി; ഇവൻ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു. കൈ പിന്നെയും അകത്തേക്കു വലിച്ചു. അവനോ അപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു: നീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവൾ പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു. അതിന്റെ ശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.
ഉൽപത്തി 38:1-30 സമകാലിക മലയാളവിവർത്തനം (MCV)
ആ കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെവിട്ട് അദുല്ലാമിലുള്ള ഹീരാ എന്നു പേരായ ഒരു മനുഷ്യന്റെ അടുക്കലേക്ക് പോയി അവിടെ താമസമാക്കി. അവിടെവെച്ച് അദ്ദേഹം ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു. യെഹൂദാ അവളെ വിവാഹംചെയ്ത് അവളെ അറിഞ്ഞു. അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു, ആ മകന് ഏർ എന്നു പേരിട്ടു. അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുകയും അവന് ഓനാൻ എന്നു പേരിടുകയും ചെയ്തു. അവൾ വീണ്ടും ഒരു മകനെ പ്രസവിച്ചു; അവന് ശേലഹ് എന്നു പേരിട്ടു. അവൾ അവനെ പ്രസവിച്ചത് കെസീബിൽവെച്ചായിരുന്നു. യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു ഭാര്യയായി ഒരുവളെ എടുത്തു; അവളുടെ പേര് താമാർ എന്നായിരുന്നു. എന്നാൽ യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ഒരു ദുഷ്ടനായിരുന്നു. അതുകൊണ്ട് യഹോവ അവനെ കൊന്നുകളഞ്ഞു. അപ്പോൾ യെഹൂദാ ഓനാനോട്, “നീ നിന്റെ സഹോദരന്റെ ഭാര്യയുടെ അടുക്കൽ ചെന്ന്, സഹോദരനുവേണ്ടി സന്തതിയെ ഉളവാക്കാൻ ഭർത്തൃസഹോദരൻ എന്നനിലയ്ക്കുള്ള ധർമം നിറവേറ്റുക” എന്നു പറഞ്ഞു. എന്നാൽ അങ്ങനെ ജനിക്കുന്ന സന്തതി തന്റേതാകുകയില്ല എന്ന് അറിഞ്ഞിട്ട്, സഹോദരനു സന്തതി ഉണ്ടാകാതിരിക്കാൻ, സഹോദരഭാര്യയോടുകൂടെ കിടക്കപങ്കിട്ടപ്പോഴെല്ലാം ഓനാൻ ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു. അവന്റെ പ്രവൃത്തി യഹോവയുടെ ദൃഷ്ടിയിൽ ദോഷമുള്ളതായിരുന്നു; അതുകൊണ്ട് അവിടന്ന് അവനെയും കൊന്നുകളഞ്ഞു. യെഹൂദാ പിന്നെ തന്റെ മരുമകളായ താമാറിനോട്, “എന്റെ മകൻ ശേലഹ് പ്രായപൂർത്തിയാകുന്നതുവരെ നീ നിന്റെ അപ്പന്റെ വീട്ടിൽപ്പോയി വിധവയായി ജീവിക്കുക” എന്നു പറഞ്ഞു. “അവനും ജ്യേഷ്ഠന്മാരെപ്പോലെ മരിച്ചുപോകും” എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ താമാർ തന്റെ പിതൃഭവനത്തിൽപോയി താമസിച്ചു. ഏറെ കാലത്തിനുശേഷം യെഹൂദയുടെ ഭാര്യ—ശൂവായുടെ മകൾ—മരിച്ചു. യെഹൂദാ ദുഃഖത്തിൽനിന്ന് മോചിതനായശേഷം തിമ്നയിൽ തന്റെ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കുപോയി; അദുല്ലാമ്യനും തന്റെ സ്നേഹിതനുമായ ഹീരാ അദ്ദേഹത്തോടൊപ്പം പോയി. “തന്റെ അമ്മായിയപ്പൻ ആടുകളുടെ രോമം കത്രിക്കലിനുവേണ്ടി തിമ്നയിലേക്കു പോകുന്നു,” എന്ന് താമാരിന് അറിവുകിട്ടി. അവൾ തന്റെ വൈധവ്യവസ്ത്രങ്ങൾ മാറ്റി, ആളറിയാതിരിക്കാൻ മൂടുപടംകൊണ്ട് സ്വയം മറച്ചു. അതിനുശേഷം തിമ്നയിലേക്കുള്ള വഴിയിൽ എനയീമിന്റെ പ്രവേശനകവാടത്തിൽ ചെന്നിരുന്നു; ഇതിനുകാരണം ശേലഹ് പ്രായമായിട്ടും, തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നതായിരുന്നു. അവൾ മുഖം മറച്ചിരുന്നതുകൊണ്ട് യെഹൂദാ അവളെ കണ്ടപ്പോൾ അവൾ ഒരു ഗണിക ആയിരിക്കുമെന്നു കരുതി. അവൾ തന്റെ മരുമകളാണെന്നുള്ളതു തിരിച്ചറിയാതെ അയാൾ വഴിവക്കിൽ അവളുടെ അടുത്തുചെന്ന്, “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു. “എന്റെ അടുക്കൽ വരുന്നതിന് നീ എനിക്ക് എന്തുതരും?” അവൾ ചോദിച്ചു. “എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ നിനക്കു കൊടുത്തയയ്ക്കാം,” അയാൾ മറുപടി പറഞ്ഞു. “അതു കൊടുത്തയയ്ക്കുന്നതുവരെ എനിക്ക് എന്തെങ്കിലും പണയമായിത്തരാമോ,” എന്ന് അവൾ ചോദിച്ചു. അതിന് അയാൾ, “എന്തു പണയമാണു നിനക്കുവേണ്ടത്?” എന്നു ചോദിച്ചു. “താങ്കളുടെ മുദ്രമോതിരവും അതിന്റെ ചരടും താങ്കളുടെ കൈയിൽ ഇരിക്കുന്ന വടിയും,” അവൾ ഉത്തരം പറഞ്ഞു. അയാൾ അതെല്ലാം അവൾക്കുകൊടുത്തു; എന്നിട്ട് അവളോടുകൂടെ കിടക്കപങ്കിട്ടു. അയാൾനിമിത്തം അവൾ ഗർഭംധരിച്ചു. അതിനുശേഷം അവൾ തന്റെ ഭവനത്തിലേക്ക് പോയി മൂടുപടം നീക്കി വീണ്ടും തന്റെ വൈധവ്യവസ്ത്രം ധരിച്ചു. യെഹൂദാ ആ സ്ത്രീയുടെ പക്കൽനിന്ന് തന്റെ പണയം തിരികെ വാങ്ങുന്നതിന് സ്നേഹിതനായ അദുല്ലാമ്യൻവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; എന്നാൽ അയാൾക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. അവൻ അവിടെ താമസിച്ചിരുന്ന ആളുകളോട്, “എനയീമിലേക്കുള്ള വഴിയുടെ അരികിൽ ഇരുന്നിരുന്ന ആ ക്ഷേത്രഗണിക എവിടെയാണ്?” എന്നു ചോദിച്ചു. “ഇവിടെ അങ്ങനെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ലല്ലോ,” അവർ മറുപടി പറഞ്ഞു. അവൻ തിരികെച്ചെന്ന് യെഹൂദയോട്, “ഞാൻ അവളെ കണ്ടില്ല. തന്നെയുമല്ല, ‘ഇവിടെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ല’ എന്ന് അവിടെ താമസിക്കുന്നവർ പറയുകയും ചെയ്തു” എന്നറിയിച്ചു. അപ്പോൾ യെഹൂദാ, “അവൾ അത് എടുക്കട്ടെ; അല്ലെങ്കിൽ നമ്മൾ പരിഹാസപാത്രമായിത്തീരും. ഏതായാലും, ഞാൻ ഈ ആട്ടിൻകുട്ടിയെ അവൾക്കു കൊടുത്തയച്ചു, നീ അവളെ കണ്ടെത്തിയതുമില്ല” എന്നു പറഞ്ഞു. ഏകദേശം മൂന്നുമാസം കഴിഞ്ഞ്, “നിന്റെ മരുമകളായ താമാർ വേശ്യാവൃത്തി നിമിത്തം കുറ്റക്കാരി ആയിരിക്കുന്നു. അതിന്റെ ഫലമായി അവൾ ഇപ്പോൾ ഗർഭിണിയുമാണ്” എന്ന് യെഹൂദയ്ക്ക് അറിവുകിട്ടി. “അവളെ ഇവിടെ കൊണ്ടുവന്നു ജീവനോടെ ദഹിപ്പിക്കുക,” യെഹൂദാ പറഞ്ഞു. അങ്ങനെ അവളെ കൊണ്ടുവരുമ്പോൾ അവൾ തന്റെ അമ്മായിയപ്പന്, “ഈ മുദ്രയും ചരടും വടിയും ആരുടേത് എന്നു തിരിച്ചറിയുന്നോ? ഇവയുടെ ഉടമസ്ഥൻ നിമിത്തമത്രേ ഞാൻ ഗർഭിണിയായിരിക്കുന്നത്” എന്ന് ഒരു സന്ദേശം അയച്ചു. യെഹൂദാ അവയെ തിരിച്ചറിഞ്ഞിട്ട്, “അവൾ എന്നെക്കാൾ നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലഹിനു കൊടുത്തില്ലല്ലോ” എന്നു പറഞ്ഞു. അയാൾ പിന്നീട് അവളോടുകൂടെ കിടക്കപങ്കിട്ടില്ല. അവളുടെ പ്രസവസമയം അടുത്തു; ഇരട്ടകളായ ആൺകുട്ടികളാണ് അവളുടെ ഉദരത്തിൽ ഉണ്ടായിരുന്നത്. അവൾ പ്രസവിക്കുമ്പോൾ അവരിൽ ഒരുവൻ തന്റെ കൈ പുറത്തേക്കിട്ടു; അപ്പോൾ സൂതികർമിണി ഒരു ചെമന്നചരട് എടുത്ത് അവന്റെ കൈത്തണ്ടയിൽ കെട്ടി, “ഇവൻ ഒന്നാമതു പുറത്തുവന്നു” എന്നു പറഞ്ഞു, എന്നാൽ അവൻ കൈ അകത്തേക്കു വലിച്ചപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു; “നീ നിനക്കായിത്തന്നെ ഇങ്ങനെയോ വഴിയുണ്ടാക്കിയത്!” അവൾ പറഞ്ഞു. അവന് ഫേരെസ്സ് എന്നു പേരിട്ടു. അതിനുശേഷം, കൈത്തണ്ടയിൽ ചെമന്നനൂലുണ്ടായിരുന്ന അവന്റെ സഹോദരൻ പുറത്തുവന്നു; അവന് സേരഹ് എന്ന പേരുനൽകി.