ഉൽപത്തി 37:5-10

ഉൽപത്തി 37:5-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യോസേഫ് ഒരു സ്വപ്നം കണ്ടു. അതു തന്റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവർ അവനെ പിന്നെയും അധികം പകച്ചു. അവൻ അവരോടു പറഞ്ഞത്: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ. നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവർന്നു നിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്റെ കറ്റയെ നമസ്കരിച്ചു. അവന്റെ സഹോദരന്മാർ അവനോട്: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമിത്തവും അവന്റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു. അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോട് അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. അവൻ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ച് അവനോട്: നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.

ഉൽപത്തി 37:5-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരിക്കൽ യോസേഫ് ഒരു സ്വപ്നം കണ്ടു; അതിനെക്കുറിച്ച് സഹോദരന്മാരോടു പറഞ്ഞപ്പോൾ അവർ അവനെ കൂടുതൽ വെറുത്തു. അവൻ അവരോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു: നാം വയലിൽ കറ്റ കൊയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.” അപ്പോൾ സഹോദരന്മാർ അവനോടു ചോദിച്ചു: “നീ ഞങ്ങളെ ഭരിക്കാൻ പോകുകയാണോ? നീ ഞങ്ങളുടെ രാജാവാകുമെന്നോ?” അവന്റെ സ്വപ്നവും വാക്കുകളും കാരണം അവർ അവനെ അധികം വെറുത്തു. യോസേഫ് വേറൊരു സ്വപ്നം കണ്ടു; അതും അവൻ സഹോദരന്മാരോടു പറഞ്ഞു: “കേൾക്കുക; ഞാൻ മറ്റൊരു സ്വപ്നം കണ്ടു. സൂര്യചന്ദ്രന്മാരും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണു വണങ്ങി.” അവൻ ഈ സ്വപ്നം പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോൾ പിതാവ് അവനെ ശാസിച്ചു: “ഇതെന്തു സ്വപ്നമാണ്? ഞാനും നിന്റെ അമ്മയും സഹോദരന്മാരും നിന്റെ മുമ്പിൽ മുട്ടുകുത്തുമെന്നാണോ നീ പറയുന്നത്?”

ഉൽപത്തി 37:5-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യോസേഫ് ഒരു സ്വപ്നം കണ്ടു; അത് തന്‍റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവർ അവനെ പിന്നെയും അധികം വെറുത്തു. യോസേഫ് സഹോദരന്മാരോട് പറഞ്ഞത്: “ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ. നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ ഇതാ, എന്‍റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്‍റെ കറ്റയെ നമസ്കരിച്ചു”. അവന്‍റെ സഹോദരന്മാർ അവനോട്: “നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ ഭരിക്കുമോ” എന്നു പറഞ്ഞു, അവന്‍റെ സ്വപ്നങ്ങൾ നിമിത്തവും അവന്‍റെ വാക്കുകൾ നിമിത്തവും അവർ അവനെ പിന്നെയും അധികം വെറുത്തു. അവൻ മറ്റൊരു സ്വപ്നം കണ്ടു അത് തന്‍റെ സഹോദരന്മാരോട് അറിയിച്ചു: “ഇതാ, ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു” എന്നു പറഞ്ഞു. അവൻ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ച് അവനോട്: “നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിന്‍റെ അമ്മയും നിന്‍റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിക്കുവാൻ വരുമോ” എന്നു പറഞ്ഞു.

ഉൽപത്തി 37:5-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം പകെച്ചു. അവൻ അവരോടു പറഞ്ഞതു: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ. നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു. അവന്റെ സഹോദരന്മാർ അവനോടു: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമിത്തവും അവന്റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു. അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. അവൻ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.

ഉൽപത്തി 37:5-10 സമകാലിക മലയാളവിവർത്തനം (MCV)

ഒരു ദിവസം യോസേഫ് ഒരു സ്വപ്നംകണ്ടു; അവൻ അതു തന്റെ സഹോദരന്മാരെ അറിയിച്ചു; അപ്പോൾ അവർ അവനെ ഏറ്റവുമധികം വെറുത്തു. യോസേഫ് അവരോട്: “ഞാൻ കണ്ട സ്വപ്നം കേൾക്കുക: നമ്മൾ എല്ലാവരുംകൂടി വയലിൽ കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു; പെട്ടെന്ന് എന്റെ കറ്റ എഴുന്നേറ്റു നിവർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.” യോസേഫിന്റെ സഹോദരന്മാർ അവനോട്, “ഞങ്ങളുടെമേൽ ഭരണം നടത്താനാണോ നിന്റെ ഭാവം? നീ വാസ്തവമായി ഞങ്ങളെ ഭരിക്കുമോ?” എന്നു ചോദിച്ചു, അവന്റെ സ്വപ്നവും വാക്കുകളും നിമിത്തം അവർ അവനെ പൂർവാധികം വെറുത്തു. അവൻ മറ്റൊരു സ്വപ്നംകണ്ടു; അതും സഹോദരന്മാരെ അറിയിച്ചു: “ശ്രദ്ധിക്കുക, ഞാൻ വേറൊരു സ്വപ്നം കണ്ടിരിക്കുന്നു; ഇത്തവണ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങുകയായിരുന്നു.” ഇത് യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോൾ പിതാവ് അവനെ ശാസിച്ചുകൊണ്ട്, “എന്താണു നീ കണ്ട ഈ സ്വപ്നം? നിന്റെ അമ്മയും ഞാനും നിന്റെ സഹോദരന്മാരും വന്നു നിന്നെ സാഷ്ടാംഗം നമസ്കരിക്കുമെന്നോ?” എന്നു ചോദിച്ചു.