ഉൽപത്തി 37:2-4
ഉൽപത്തി 37:2-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിനു പതിനേഴു വയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹായുടെയും സില്പായുടെയും പുത്രന്മാരോടുകൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു. യോസേഫ് വാർധക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാ മക്കളിലുംവച്ച് അവനെ അധികം സ്നേഹിച്ച് ഒരു നിലയങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു. അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്റെ സഹോദരന്മാർ കണ്ടിട്ട് അവനെ പകച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.
ഉൽപത്തി 37:2-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാക്കോബിന്റെ കുടുംബചരിത്രം: തന്റെ പിതാവിനു ബിൽഹാ, സില്പാ എന്നീ ദാസിമാരിൽ പിറന്ന തന്റെ സഹോദരന്മാരോടൊപ്പം യോസേഫ് ആടുകളെ മേയിക്കുകയായിരുന്നു. അവന് അപ്പോൾ പതിനേഴു വയസ്സായിരുന്നു. അവരെക്കുറിച്ചുള്ള ദുർവാർത്തകൾ അവൻ പിതാവിനെ അറിയിച്ചു. വാർധക്യകാലത്തു ജനിച്ച പുത്രൻ ആകയാൽ യോസേഫിനെ യാക്കോബ് മറ്റു മക്കളെക്കാളെല്ലാം കൂടുതലായി സ്നേഹിച്ചു; കൈനീളമുള്ള ഒരു നിലയങ്കി അവനു തയ്പിച്ചുകൊടുത്തിരുന്നു. പിതാവു യോസേഫിനെ തങ്ങളെക്കാൾ അധികമായി സ്നേഹിച്ചിരുന്നതുകൊണ്ട് മറ്റു സഹോദരന്മാർ യോസേഫിനെ വെറുത്തു; അവർ അവനോടു സ്നേഹത്തോടെ സംസാരിക്കുകപോലും ചെയ്തില്ല.
ഉൽപത്തി 37:2-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യാക്കോബിന്‍റെ വംശപാരമ്പര്യം ഇതാകുന്നു: യോസേഫിനു പതിനേഴു വയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹായുടെയും സില്പായുടെയും പുത്രന്മാരോടുകൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുർവാർത്ത യോസേഫ് അപ്പനോട് വന്നുപറഞ്ഞു. യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാമക്കളിലുംവച്ച് അവനെ അധികം സ്നേഹിച്ച് നാനാ വര്‍ണ്ണങ്ങളിലുള്ള ഒരു അങ്കി അവനു ഉണ്ടാക്കിച്ചു കൊടുത്തു. അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ട് അവനെ വെറുത്തു; അവനോട് സൗഹൃദപൂർവ്വം സംസാരിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
ഉൽപത്തി 37:2-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിന്നു പതിനേഴു വയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറയും. യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചു കൊടുത്തു. അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.
ഉൽപത്തി 37:2-4 സമകാലിക മലയാളവിവർത്തനം (MCV)
യാക്കോബിന്റെ വംശപാരമ്പര്യം സംബന്ധിച്ചുള്ള വിവരണം ഇപ്രകാരം ആകുന്നു: പതിനേഴുവയസ്സുള്ള ചെറുപ്പക്കാരനായ യോസേഫ് ഒരിക്കൽ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിക്കുകയായിരുന്നു. അവൻ, തന്റെ പിതാവിന്റെ ഭാര്യമാരായ ബിൽഹായുടെയും സിൽപ്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാർ ചെയ്യരുതാത്ത ഒരു കാര്യം പിതാവിനെ അറിയിച്ചു. തന്റെ വാർധക്യത്തിൽ തനിക്കു ജനിച്ച പുത്രനായതുകൊണ്ട് ഇസ്രായേൽ യോസേഫിനെ മറ്റു പുത്രന്മാരെക്കാൾ അധികമായി സ്നേഹിച്ചു. അതുകൊണ്ട് അദ്ദേഹം അവനു വളരെ മനോഹരമായ ഒരു കുപ്പായം ഉണ്ടാക്കിക്കൊടുത്തു. തങ്ങളുടെ പിതാവ് എല്ലാവരെക്കാളും അധികമായി യോസേഫിനെ സ്നേഹിക്കുന്നെന്നു സഹോദരന്മാർ കണ്ടിട്ട് അവർ അവനെ വെറുത്തു; അവനോടു ദയാപൂർവം സംസാരിക്കാൻപോലും അവർക്കു കഴിഞ്ഞില്ല.