ഉൽപത്തി 34:1-31
ഉൽപത്തി 34:1-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാൺമാൻ പോയി. എന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവൾക്കു പോരായ്ക വരുത്തി. അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനായോടു പറ്റിച്ചേർന്നു; അവൻ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു. ശെഖേം തന്റെ അപ്പനായ ഹമോരിനോട്: ഈ ബാലയെ എനിക്കു ഭാര്യയായിട്ട് എടുക്കേണം എന്നു പറഞ്ഞു. തന്റെ മകളായ ദീനായെ അവൻ വഷളാക്കി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു. ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു. യാക്കോബിന്റെ പുത്രന്മാർ വസ്തുത കേട്ടു വയലിൽനിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് ആ പുരുഷന്മാർക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു. ഹമോർ അവരോടു സംസാരിച്ചു: എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോട് പറ്റിയിരിക്കുന്നു; അവളെ അവനു ഭാര്യയായി കൊടുക്കേണം. നിങ്ങൾ ഞങ്ങളോടു വിവാഹസംബന്ധംകൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്ക് എടുക്കയും ചെയ്വിൻ. നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ എന്നു പറഞ്ഞു. ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്ക് എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം. എന്നോട് സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു. തങ്ങളുടെ സഹോദരിയായ ദീനായെ ഇവൻ വഷളാക്കിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞത്: ഞങ്ങളുടെ സഹോദരിയെ അഗ്രചർമിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്ക് അപമാനം ആകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം. നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദനയേറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയിത്തീരുമെങ്കിൽ ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാർത്ത് ഒരു ജനമായിത്തീരുകയും ചെയ്യാം. പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്ക് സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും. അവരുടെ വാക്ക് ഹമോരിനും ഹമോരിന്റെ മകനായ ശെഖേമിനും ബോധിച്ചു. ആ യൗവനക്കാരന് യാക്കോബിന്റെ മകളോട് അനുരാഗം വർധിച്ചതുകൊണ്ട് അവൻ ആ കാര്യം നടത്തുവാൻ താമസം ചെയ്തില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു. അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു: ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ട് അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകുംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവർക്കു കൊടുക്കയും ചെയ്ക. എങ്കിലും അവർ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ പാർത്ത് ഒരു ജനമായിരിപ്പാൻ സമ്മതിക്കയുള്ളൂ. അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്ക് ആകയില്ലയോ? അവർ പറയുംവണ്ണം സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും എന്നു പറഞ്ഞു. അപ്പോൾ ഹമോരിന്റെ പട്ടണക്കാരെല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദനയേറ്റു. മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്റെ വാളെടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരേ ചെന്ന് ആണിനെയൊക്കെയും കൊന്നുകളഞ്ഞു. അവർ ഹമോരിനെയും അവന്റെ മകനായ ശെഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനായെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോന്നു. പിന്നെ യാക്കോബിന്റെ പുത്രന്മാർ നിഹതന്മാരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവർ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു. അവർ അവരുടെ ആട്, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലും ഉള്ളവയൊക്കെയും അപഹരിച്ചു. അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും സ്ത്രീകളെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു. അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾ ചുരുക്കമുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു. അതിന് അവർ: ഞങ്ങളുടെ സഹോദരിയോട് അവന് ഒരു വേശ്യയോട് എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.
ഉൽപത്തി 34:1-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാക്കോബിന്റെയും ലേയായുടെയും പുത്രിയായ ദീനാ ഒരു ദിവസം ആ ദേശത്തെ ചില സ്‍ത്രീകളെ സന്ദർശിക്കാൻ പോയി. ഹിവ്യനായ ഹാമോരിന്റെ പുത്രനും അവിടത്തെ പ്രഭുവുമായ ശെഖേം അവളെ കണ്ട് പിടിച്ചുകൊണ്ടുപോയി അപമാനിച്ചു. യാക്കോബിന്റെ പുത്രിയായ ദീനായുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ അയാൾ വശ്യവാക്കുകൾകൊണ്ട് അവളുടെ സ്നേഹം ആർജിക്കാൻ ശ്രമിച്ചു. “ഇവളെ എനിക്കു ഭാര്യയായി നല്‌കണം” എന്ന് ശെഖേം തന്റെ പിതാവായ ഹാമോരിനോടു പറഞ്ഞു. തന്റെ പുത്രിയായ ദീനായെ ശെഖേം അപമാനിച്ച വിവരം യാക്കോബ് അറിഞ്ഞു; എങ്കിലും പുത്രന്മാർ കന്നുകാലികളെ മേയ്‍ക്കാൻ വയലിൽ പോയിരുന്നതുകൊണ്ട് അവർ തിരിച്ചുവരുന്നതുവരെ യാക്കോബ് മൗനം അവലംബിച്ചു. ശെഖേമിന്റെ പിതാവായ ഹാമോർ യാക്കോബുമായി സംസാരിക്കുന്നതിന് അവിടെ വന്നു. വിവരം അറിഞ്ഞ് യാക്കോബിന്റെ പുത്രന്മാരും വയലിൽനിന്നു വന്നു; യാക്കോബിന്റെ പുത്രിയെ ബലാൽസംഗം ചെയ്ത് ഇസ്രായേലിനോട് നീചത്വം കാട്ടിയതുകൊണ്ട് അവർ കോപാകുലരായിത്തീർന്നു. ഇത് അവർക്കു സഹിക്കാൻ കഴിഞ്ഞില്ല. ഹാമോർ അവരോടു പറഞ്ഞു: “എന്റെ പുത്രൻ അവളിൽ പ്രേമപരവശനായിരിക്കുകയാണ്. അതുകൊണ്ട് അവളെ അവനു വിവാഹം ചെയ്തു കൊടുക്കണം. നിങ്ങൾ ഞങ്ങളോടു വിവാഹബന്ധം പുലർത്തുക; നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരിക; ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കും എടുക്കാം. നിങ്ങൾ ഞങ്ങളുടെകൂടെ പാർക്കണം; നിങ്ങൾക്ക് സ്വതന്ത്രരായി ജീവിക്കാം; ഇവിടെ വസിച്ചു വ്യാപാരം ചെയ്യാം; വസ്തു സമ്പാദിക്കുകയും ആകാം.” ശെഖേം ദീനായുടെ പിതാവിനോടും സഹോദരന്മാരോടും പറഞ്ഞു: “നിങ്ങൾക്ക് എന്നോടു പ്രസാദം തോന്നണമേ; നിങ്ങൾ ചോദിക്കുന്നതു ഞാൻ തരാം. വിവാഹത്തിനു സ്‍ത്രീധനമോ സമ്മാനമോ എത്രവേണമെങ്കിലും ചോദിച്ചുകൊള്ളുക. നിങ്ങൾ ആവശ്യപ്പെടുന്നതെന്തും തരാൻ ഞാൻ ഒരുക്കമാണ്. ഈ പെൺകുട്ടിയെ എനിക്കു ഭാര്യയായി നല്‌കിയാലും.” തങ്ങളുടെ സഹോദരിയായ ദീനായെ മാനഭംഗപ്പെടുത്തിയതുകൊണ്ട് കൗശലപൂർവമായിരുന്നു യാക്കോബിന്റെ മക്കൾ ശെഖേമിനോടു സംസാരിച്ചത്. അവർ അവനോടു പറഞ്ഞു: “പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഒരാളിനു ഞങ്ങളുടെ സഹോദരിയെ കൊടുക്കുക സാധ്യമല്ല; അതു ഞങ്ങൾക്ക് അപമാനകരമാണ്. ഒരു വ്യവസ്ഥയിൽ ഞങ്ങൾ ഇതു സമ്മതിക്കാം; നിങ്ങളുടെ ഇടയിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം നടത്തി ഞങ്ങളെപ്പോലെയാകണം. അപ്പോൾ ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ സ്വീകരിക്കുകയും ചെയ്യാം. ഞങ്ങൾ നിങ്ങളുടെ ഇടയിൽ പാർത്ത് ഒരു ജനതയായിത്തീരുകയും ചെയ്യും. എന്നാൽ ഞങ്ങൾ പറയുന്നതുപോലെ പരിച്ഛേദനം ഏല്‌ക്കാതെയിരുന്നാൽ ഞങ്ങൾ പെൺകുട്ടിയെയുംകൊണ്ടു ഇവിടം വിട്ടുപോകും. അവരുടെ വാക്കുകൾ ഹാമോരിനും ശെഖേമിനും സ്വീകാര്യമായി. യാക്കോബിന്റെ പുത്രിയിൽ അതിതത്പരനായിരുന്നതുകൊണ്ട് അവർ പറഞ്ഞപ്രകാരം ചെയ്യാൻ ആ യുവാവ് ഒട്ടും താമസിച്ചില്ല. അവന്റെ കുടുംബത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തി അവനായിരുന്നു. ഹാമോരും പുത്രനായ ശെഖേമും നഗരവാതില്‌ക്കലെത്തി ജനങ്ങളോടു പറഞ്ഞു: “ഈ മനുഷ്യർ നമ്മുടെ സൃഹൃത്തുക്കളാണ്; അവർ നമ്മുടെ സ്ഥലത്തു താമസിച്ച് വ്യാപാരം ചെയ്യട്ടെ; അവർക്കും കൂടി പാർക്കത്തക്കവിധം നമ്മുടെ ദേശം വിസ്തൃതമാണല്ലോ. അവരുടെ പുത്രിമാരെ നാം വിവാഹം കഴിക്കുകയും നമ്മുടെ പുത്രിമാരെ അവർക്കു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യാം. ഒരു വ്യവസ്ഥയിൽ മാത്രമേ അവർ നമ്മുടെ ഇടയിൽ പാർത്ത് ഒരു ജനതയായിത്തീരുന്നതിനു സമ്മതിക്കുകയുള്ളൂ; നമ്മുടെ കൂട്ടത്തിലുള്ള പുരുഷന്മാരെല്ലാവരും അവരെപ്പോലെ പരിച്ഛേദനം ഏല്‌ക്കണം. അവരുടെ കന്നുകാലികളും വസ്തുക്കളും മൃഗങ്ങളുമെല്ലാം നമ്മുടേതായിത്തീരുമല്ലോ. നാം ഇതൊന്നു സമ്മതിച്ചാൽ മതി. അവർ നമ്മുടെ ഇടയിൽത്തന്നെ പാർക്കും. ഹാമോരും ശെഖേമും പറഞ്ഞതിനോടു നഗരവാതിലിനു പുറത്തുവന്ന എല്ലാ പുരുഷന്മാരും യോജിച്ചു. അങ്ങനെ ആ നഗരത്തിലെ പുരുഷന്മാരെല്ലാം പരിച്ഛേദനം ഏറ്റു. മൂന്നാം ദിവസം പരിച്ഛേദനം നിമിത്തമുള്ള വേദന മാറുന്നതിനു മുമ്പുതന്നെ യാക്കോബിന്റെ പുത്രന്മാരും ദീനായുടെ സഹോദരന്മാരുമായ ശിമെയോനും ലേവിയും വാളുകളുമായി സംശയം തോന്നാത്തവിധം നഗരത്തിൽ പ്രവേശിച്ച് പുരുഷന്മാരെയെല്ലാം കൊന്നുകളഞ്ഞു. അവർ ഹമോരിനെയും ശെഖേമിനെയും വാളുകൊണ്ടു കൊന്നതിനുശേഷം ദീനായെ ശെഖേമിന്റെ ഭവനത്തിൽനിന്ന് മോചിപ്പിച്ചു കൊണ്ടുപോയി. പിന്നീട് യാക്കോബിന്റെ പുത്രന്മാർ നഗരത്തിൽ പ്രവേശിച്ചു കൊള്ളചെയ്തു; അങ്ങനെ അവർ തങ്ങളുടെ സഹോദരിയെ അപമാനിച്ചതിനു പകരംവീട്ടി. അവരുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കഴുതകളെയും പട്ടണത്തിലും വയലിലുമുള്ള സകലത്തെയും അവർ അപഹരിച്ചു. ഹിവ്യരുടെ സർവസമ്പത്തും കുട്ടികളും സ്‍ത്രീകളും ഭവനത്തിലുള്ള സകലതും അവർ കൊള്ളയടിച്ചു. അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും പറഞ്ഞു: “ഈ ദേശവാസികളായ കനാന്യരുടെയും പെരിസ്യരുടെയും മധ്യത്തിൽ നിങ്ങൾ എന്നെ അപഹാസ്യനാക്കി കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നു. എനിക്കു സംഖ്യാബലം കുറവാണല്ലോ; അവർ ഒന്നിച്ചുചേർന്ന് എന്നെ ആക്രമിച്ചാൽ ഞാനും എന്റെ കുടുംബവും നശിച്ചുപോകും.” അവർ ചോദിച്ചു: “വേശ്യയോടെന്നപോലെയല്ലേ അവർ ഞങ്ങളുടെ സഹോദരിയോടു പെരുമാറിയത്?”
ഉൽപത്തി 34:1-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണുവാൻ പോയി. അപ്പോൾ ഹിവ്യനായ ഹാമോരിന്‍റെ മകനും ദേശത്തിന്‍റെ പ്രഭുവുമായ ശെഖേം അവളെ കണ്ടിട്ട് പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവൾക്കു കളങ്കം വരുത്തി. അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനായോടു പറ്റിച്ചേർന്നു; അവൻ ബാലികയെ സ്നേഹിച്ചു, ബാലികയോടു ഹൃദ്യമായി സംസാരിച്ചു. ശെഖേം തന്റെ അപ്പനായ ഹമോരിനോട്: “ഈ ബാലയെ എനിക്ക് ഭാര്യയായിട്ട് എടുക്കേണം” എന്നു പറഞ്ഞു. തന്റെ മകളായ ദീനായെ അവൻ മാനഭംഗപ്പെടുത്തി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുന്നതുവരെ യാക്കോബ് മൗനമായിരുന്നു. ശെഖേമിന്‍റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു. യാക്കോബിന്റെ പുത്രന്മാർ വിവരം അറിഞ്ഞ് വയലിൽനിന്നു വന്നു. ശേഖേം യാക്കോബിന്‍റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് ആ പുരുഷന്മാർക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു. ഹമോർ അവരോടു സംസാരിച്ചു: “എന്റെ മകൻ ശെഖേമിന്‍റെ മനസ്സ് നിങ്ങളുടെ മകളോട് പറ്റിയിരിക്കുന്നു; അവളെ അവനു ഭാര്യയായി കൊടുക്കേണം. ഞങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട് നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യുവിൻ. നിങ്ങൾക്ക് ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിക്കുവിൻ” എന്നു പറഞ്ഞു. ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: “നിങ്ങൾക്ക് എന്നോട് കൃപ തോന്നിയാൽ നിങ്ങൾ പറയുന്നത് ഞാൻ തരാം. എന്നോട് സ്ത്രീധനവും സമ്മാനവും എത്രയെങ്കിലും ചോദിക്കുവിൻ; നിങ്ങൾ പറയുന്നതുപോലെ ഞാൻ തരാം; ബാലയെ എനിക്ക് ഭാര്യയായിട്ടു തരേണം” എന്നു പറഞ്ഞു. തങ്ങളുടെ സഹോദരിയായ ദീനായെ ഇവൻ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു വ്യാജമായി ഉത്തരം പറഞ്ഞത്: “ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷന് കൊടുക്കുന്ന കാര്യം ഞങ്ങൾക്കു സാധിക്കുന്നതല്ല; അത് ഞങ്ങൾക്ക് അപമാനമാകുന്നു. എങ്കിലും ഒന്ന് ചെയ്താൽ ഞങ്ങൾ സമ്മതിക്കാം. നിങ്ങളുടെ പുരുഷന്മാർ എല്ലാവരും പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയി തീരുമെങ്കിൽ ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ എടുക്കുകയും നിങ്ങളോടുകൂടെ താമസിച്ച് ഒരു ജനമായി തീരുകയും ചെയ്യാം. പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്ക് സമ്മതിക്കാതിരുന്നാലോ ഞങ്ങൾ ഞങ്ങളുടെ ബാലികയെ കൂട്ടിക്കൊണ്ടുപോരും.” അവരുടെ വാക്കുകൾ ഹമോരിനും ഹാമോരിന്‍റെ മകനായ ശെഖേമിനും ബോധിച്ചു. ആ യുവാവിനു യാക്കോബിന്‍റെ മകളോട് അനുരാഗം വർദ്ധിച്ചതുകൊണ്ട് അവൻ ആ കാര്യം നടത്തുവാൻ താമസം വരുത്തിയില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരെക്കാളും ബഹുമാന്യനായിരുന്നു. അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണവാതില്‍ക്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു: “ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ട് അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകുംവണ്ണം ദേശം വിസ്താരമുള്ളതാണല്ലോ; അവരുടെ പുത്രിമാരെ നമുക്ക് ഭാര്യമാരായി എടുക്കുകയും നമ്മുടെ പുത്രിമാരെ അവർക്ക് കൊടുക്കുകയും ചെയ്യുക. എങ്കിലും അവരെപ്പോലെ തന്നെ നമ്മുടെയിടയിലുള്ള പുരുഷന്മാർ എല്ലാവരും പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ വസിച്ച് ഒരു ജനമായിരിക്കുവാൻ സമ്മതിക്കുകയുള്ളു. അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങൾ എല്ലാം നമുക്ക് ആകുകയില്ലയോ? അവർ പറയുന്നതുപോലെ സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും” എന്നു പറഞ്ഞു. അപ്പോൾ ഹാമോരിന്‍റെ പട്ടണത്തിലുള്ളവർ എല്ലാവരും അവൻ്റെയും മകൻ ശെഖേമിൻ്റെയും വാക്കു കേട്ടു പട്ടണവാസികളിൽ ആണെല്ലാം പരിച്ഛേദന ഏറ്റു. മൂന്നാംദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും അവരവരുടെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്നു ആണിനെയൊക്കെയും കൊന്നുകളഞ്ഞു. അവർ ഹാമോരിനെയും അവന്‍റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനായെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ട് പോന്നു. പിന്നെ യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്നു, അവരുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയതുകൊണ്ടു പട്ടണം കൊള്ള ചെയ്തു. യാക്കോബിന്‍റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ആട്, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു. അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും ഭാര്യമാരെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു. അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: “ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾബലം കുറവുള്ളവനല്ലോ; അവർ എനിക്ക് വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കുകയും ഞാനും എന്റെ ഭവനവും നശിക്കുകയും ചെയ്യും” എന്നു പറഞ്ഞു. അതിന് അവർ: “ഞങ്ങളുടെ സഹോദരിയോട് അവൻ ഒരു വേശ്യയോട് എന്നപോലെയല്ലേയൊ പെരുമാറിയത്?” എന്നു ചോദിച്ചു.
ഉൽപത്തി 34:1-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ലേയാ യാക്കോബിന്നു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാൻ പോയി. എന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവൾക്കു പോരായ്കവരുത്തി. അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനയൊടു പറ്റിച്ചേർന്നു; അവൻ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു. ശെഖേം തന്റെ അപ്പനായ ഹമോരിനോടു: ഈ ബാലയെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു. തന്റെ മകളായ ദീനയെ അവൻ വഷളാക്കി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു. ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു. യാക്കോബിന്റെ പുത്രന്മാർ വസ്തുത കേട്ടു വയലിൽ നിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചതുകൊണ്ടു ആ പുരുഷന്മാർക്കു വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു. ഹമോർ അവരോടു സംസാരിച്ചു: എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോടു പറ്റിയിരിക്കുന്നു; അവളെ അവന്നു ഭാര്യയായി കൊടുക്കേണം. നിങ്ങൾ ഞങ്ങളോടു വിവാഹസംബന്ധം കൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു എടുക്കയും ചെയ്വിൻ. നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ എന്നു പറഞ്ഞു. ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കു എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം. എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു. തങ്ങളുടെ സഹോദരിയായ ദീനയെ ഇവൻ വഷളാക്കിയതുകൊണ്ടു യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞതു: ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം. നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാർത്തു ഒരു ജനമായ്തീരുകയും ചെയ്യാം. പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും. അവരുടെ വാക്കു ഹമോരിന്നും ഹാമോരിന്റെ മകനായ ശെഖേമിന്നും ബോധിച്ചു. ആ യൗവനക്കാരന്നു യാക്കോബിന്റെ മകളോടു അനുരാഗം വർദ്ധിച്ചതുകൊണ്ടു അവൻ ആ കാര്യം നടത്തുവാൻ താമസം ചെയ്തില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു. അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു: ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ടു അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവർക്കു കൊടുക്കയും ചെയ്ക. എങ്കിലും അവർ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ പാർത്തു ഒരു ജനമായിരിപ്പാൻ സമ്മതിക്കയുള്ളു. അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്കു ആകയില്ലയോ? അവർ പറയുംവണ്ണം സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും എന്നു പറഞ്ഞു. അപ്പോൾ ഹമോരിന്റെ പട്ടണക്കാർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദന ഏറ്റു. മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനയുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്റെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്നു ആണിനെയൊക്കെയും കൊന്നുകളഞ്ഞു. അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു. പിന്നെ യാക്കോബിന്റെ പുത്രന്മാർ നിഹതന്മാരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവർ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു. അവർ അവരുടെ ആടു, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു. അവരുടെ സമ്പത്തൊക്കെയും എല്ലാപൈതങ്ങളെയും സ്ത്രീകളെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു. അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾ ചുരുക്കമുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു. അതിന്നു അവർ: ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.
ഉൽപത്തി 34:1-31 സമകാലിക മലയാളവിവർത്തനം (MCV)
യാക്കോബിനു ലേയാ പ്രസവിച്ച മകളായ ദീനാ ആ നാട്ടിലെ യുവതികളെ സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ചു. ദേശത്തെ ഭരണാധികാരിയും ഹിവ്യനായ ഹാമോരിന്റെ മകനുമായ ശേഖേം അവളെ കണ്ടു; അവൻ അവളെ പിടിച്ചുകൊണ്ടുപോയി അവളുമായി കിടക്കപങ്കിട്ടു; അവളെ മാനഭംഗപ്പെടുത്തി. അവന്റെ ഹൃദയം യാക്കോബിന്റെ മകളായ ദീനായിലേക്ക് ആകർഷിക്കപ്പെട്ടു; അവൻ ആ പെൺകുട്ടിയെ സ്നേഹിക്കുകയും അവളോട് ആർദ്രമായി സംസാരിക്കുകയും ചെയ്തു. “ഈ പെൺകുട്ടിയെ എനിക്കു ഭാര്യയായി എടുക്കണം,” ശേഖേം തന്റെ പിതാവായ ഹാമോരിനോട് അപേക്ഷിച്ചു. തന്റെ പുത്രിയായ ദീനായെ ശേഖേം മാനഭംഗപ്പെടുത്തി എന്നവിവരം യാക്കോബ് കേട്ടു; ആ സമയം അദ്ദേഹത്തിന്റെ പുത്രന്മാർ കന്നുകാലികളുമായി വയലിൽ ആയിരുന്നു; അവർ വീട്ടിൽ എത്തുന്നതുവരെ യാക്കോബ് മൗനംപാലിച്ചു. ഈ സമയം ശേഖേമിന്റെ പിതാവായ ഹാമോർ യാക്കോബിനോടു സംസാരിക്കാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു. അതിനിടയ്ക്ക് വിവരം അറിഞ്ഞയുടൻ യാക്കോബിന്റെ പുത്രന്മാർ വയലിൽനിന്ന് തിരിച്ചെത്തി. ശേഖേം യാക്കോബിന്റെ പുത്രിയോടൊപ്പം കിടക്കപങ്കിട്ട് അരുതാത്തതു ചെയ്ത്, ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് അവർ കോപവും ക്രോധവും നിറഞ്ഞവരായിത്തീർന്നു. എന്നാൽ ഹാമോർ അവരോടു പറഞ്ഞു: “നിങ്ങളുടെ പുത്രിയിലേക്ക് എന്റെ പുത്രനായ ശേഖേമിന്റെ ഹൃദയം ആകൃഷ്ടമായിരിക്കുന്നു. ദയവുചെയ്ത് അവളെ അവനു ഭാര്യയായി കൊടുക്കണം. നിങ്ങൾ ഞങ്ങളുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെട്ടാലും! നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യാം. ഞങ്ങളോടൊപ്പം പാർക്കുക. ദേശം നിങ്ങളുടെ മുന്നിൽ തുറന്നുകിടക്കുന്നു; അതിൽ താമസിച്ച്, തൊഴിൽചെയ്ത് സ്വത്തു സമ്പാദിക്കുക.” പിന്നെ ശേഖേം ദീനായുടെ പിതാവിനോടും സഹോദരന്മാരോടുമായി പറഞ്ഞു: “നിങ്ങൾക്ക് എന്നോടു പ്രീതിയുണ്ടാകണം, നിങ്ങൾ ചോദിക്കുന്നതെന്തും ഞാൻ തരാം. സ്ത്രീധനമായോ വിവാഹസമ്മാനമായോ എത്ര അധികം നിങ്ങൾ ആവശ്യപ്പെട്ടാലും ഞാൻ നിങ്ങൾക്കു തന്നുകൊള്ളാം. പെൺകുട്ടിയെ എനിക്കു ഭാര്യയായി തന്നാൽമാത്രംമതി.” തങ്ങളുടെ സഹോദരിയായ ദീനായെ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശേഖേമിനോടും അവന്റെ പിതാവായ ഹാമോരിനോടും മറുപടി പറഞ്ഞത് കാപട്യത്തോടെ ആയിരുന്നു. അവർ അവരോടു പറഞ്ഞു: “അങ്ങനെ ഒരു കാര്യം ചെയ്യാൻ ഞങ്ങൾക്കു സാധ്യമല്ല. പരിച്ഛേദനം ഏൽക്കാത്ത ഒരു വ്യക്തിക്ക് ഞങ്ങളുടെ സഹോദരിയെ നൽകാൻ ഞങ്ങൾ തയ്യാറല്ല; ഞങ്ങൾക്ക് അതു അപമാനമാണ്; ഒരേയൊരു വ്യവസ്ഥയിൽ ഞങ്ങൾ സമ്മതിക്കാം, അതായത്, നിങ്ങളുടെ സകലപുരുഷന്മാരും ഞങ്ങളെപ്പോലെ പരിച്ഛേദനം ഏൽക്കണം. അപ്പോൾ ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കായി സ്വീകരിക്കുകയും ചെയ്യാം. ഞങ്ങൾ നിങ്ങളോടൊപ്പം താമസിച്ച് ഒരു ജനമായിത്തീരാം. എന്നാൽ, നിങ്ങൾ പരിച്ഛേദനം ഏൽക്കാൻ വിസമ്മതിക്കുന്നപക്ഷം ഞങ്ങൾ ഞങ്ങളുടെ സഹോദരിയെയും കൂട്ടിക്കൊണ്ട് ഇവിടെനിന്നു പോകും.” അവരുടെ ഈ നിർദേശം ഹാമോരിനും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിനും നല്ലതെന്നു തോന്നി. തന്റെ പിതൃഭവനത്തിലുള്ള എല്ലാവരെക്കാളും ഏറെ ആദരിക്കപ്പെട്ടിരുന്ന ആ ചെറുപ്പക്കാരൻ, യാക്കോബിന്റെ പുത്രിയെ അതിയായി ആഗ്രഹിച്ചിരുന്നതുകൊണ്ട്, അവർ പറഞ്ഞതനുസരിച്ച് ഉടൻതന്നെ പ്രവർത്തിച്ചു. ഹാമോരും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമും നഗരകവാടത്തിൽ ചെന്നു പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു: “ഈ പുരുഷന്മാർ നമ്മുടെ സുഹൃത്തുക്കളാണ്,” അവർ പറഞ്ഞു. “ഇവർ നമ്മുടെ ദേശത്തു താമസിക്കുകയും തൊഴിൽ ചെയ്യുകയുംചെയ്യട്ടെ. നമ്മുടെ ദേശത്ത് ഇവർക്കു വേണ്ടുവോളം സ്ഥലമുണ്ട്. നമുക്ക് അവരുടെ പുത്രിമാരെയും അവർക്കു നമ്മുടെ പുത്രിമാരെയും വിവാഹംചെയ്യാം. എന്നാൽ അവരെപ്പോലെതന്നെ നമ്മുടെ പുരുഷന്മാരും പരിച്ഛേദനം ഏൽക്കണം എന്ന വ്യവസ്ഥ പാലിച്ചാൽമാത്രമേ അവർ നമ്മോടുചേർന്ന് ഒരേ ജനമായി ജീവിക്കാൻ സമ്മതിക്കുകയുള്ളൂ. അവരുടെ കന്നുകാലികളും അവരുടെ സ്വത്തും അവർക്കുള്ള മറ്റെല്ലാ മൃഗങ്ങളും നമ്മുടേതായിത്തീരുകയില്ലയോ? ആകയാൽ അവർ പറയുന്നതു നമുക്കു സമ്മതിക്കാം; അവർ നമ്മുടെ ഇടയിൽ സ്ഥിരതാമസമാക്കിക്കൊള്ളും.” നഗരകവാടത്തിൽനിന്ന് പുറത്തേക്കുപോയ സകലപുരുഷന്മാരും ഹാമോരിന്റെയും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിന്റെയും നിർദേശം സമ്മതിച്ചു; നഗരത്തിലെ സകലപുരുഷന്മാരും പരിച്ഛേദനം ഏറ്റു. മൂന്നുദിവസത്തിനുശേഷം, അവർ എല്ലാവരും വേദനയോടെ ഇരിക്കുമ്പോൾ യാക്കോബിന്റെ പുത്രന്മാരിൽ രണ്ടുപേർ—ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും—തങ്ങളുടെ വാളുമായിച്ചെന്ന്, നിർഭയമായിരുന്ന നഗരത്തെ ആക്രമിച്ച് സകലപുരുഷന്മാരെയും കൊന്നുകളഞ്ഞു. അവർ ഹാമോരിനെയും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിനെയും വാളിനിരയാക്കി; ശേഖേമിന്റെ വീട്ടിൽനിന്ന് ദീനായെ മോചിപ്പിച്ചു കൊണ്ടുപോന്നു. പിന്നെ യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്ന്, തങ്ങളുടെ സഹോദരിയെ കളങ്കപ്പെടുത്തിയവരുടെ നഗരം കൊള്ളയടിച്ചു. അവരുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കഴുതകളെയും നഗരത്തിലും വയലിലും ഉണ്ടായിരുന്ന സകലവസ്തുക്കളെയും അവർ കൊള്ളയടിച്ചു. അവരുടെ സർവസമ്പത്തും എടുത്ത്; അവരുടെ സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ട് പോകുകയും ചെയ്തു; അങ്ങനെ വീടുകളിൽ ഉണ്ടായിരുന്ന സകലതും അവർ കൊള്ളയടിച്ചു. അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും പറഞ്ഞു: “ഈ ദേശവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ച് എനിക്ക് ഉപദ്രവം വരുത്തിയിരിക്കുന്നു. നമ്മൾ എണ്ണത്തിൽ കുറവുള്ളവരാണ്; അവർ എനിക്കെതിരേ സംഘടിച്ച് എന്നെ ആക്രമിച്ചാൽ ഞാനും എന്റെ കുടുംബവും നശിച്ചുപോകും.” എന്നാൽ അവർ പ്രത്യുത്തരമായി: “അവൻ ഞങ്ങളുടെ സഹോദരിയോട് ഒരു ഗണികയോടെന്നപോലെ പെരുമാറണമായിരുന്നോ?” എന്നു ചോദിച്ചു.