ഉൽപത്തി 3:6-10
ഉൽപത്തി 3:6-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ വൃക്ഷഫലം തിന്മാൻ നല്ലതും കാൺമാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട ഉണ്ടാക്കി. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവൻ പറഞ്ഞു.
ഉൽപത്തി 3:6-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ വൃക്ഷത്തിന്റെ ഫലം സ്വാദുള്ളതും ഭംഗിയുള്ളതും ജ്ഞാനപ്രാപ്തിക്ക് അഭികാമ്യവും എന്നു കരുതി സ്‍ത്രീ ഫലം പറിച്ചുതിന്നു, ഭർത്താവിനും കൊടുത്തു; അയാളും ഭക്ഷിച്ചു. അവരുടെ കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്നു മനസ്സിലാക്കി അവർ അത്തിയില കൂട്ടിത്തുന്നി അരയാട ധരിച്ചു. അന്നു വൈകുന്നേരം സർവേശ്വരനായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം അവർ കേട്ടു. ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലുള്ള വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചു. എന്നാൽ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ” എന്നു ചോദിച്ചു. “അവിടുത്തെ ശബ്ദം ഞാൻ തോട്ടത്തിൽ കേട്ടു. നഗ്നനായതുകൊണ്ടു ഭയപ്പെട്ടു ഒളിച്ചു” എന്ന് അവൻ പറഞ്ഞു.
ഉൽപത്തി 3:6-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആ വൃക്ഷഫലം തിന്നുവാൻ നല്ലതും കാണുവാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിക്കുവാൻ അഭികാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ രണ്ടുപേരുടെയും കണ്ണ് തുറന്നു. തങ്ങൾ നഗ്നരെന്ന് അറിഞ്ഞ്, അത്തിയില കൂട്ടിച്ചേര്‍ത്ത് തങ്ങൾക്ക് അരയാട ഉണ്ടാക്കി. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം അവരെ കാണാതിരിക്കുവാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ?“ എന്നു ചോദിച്ചു. “തോട്ടത്തിൽ അവിടുത്തെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചു” എന്നു അവൻ പറഞ്ഞു.
ഉൽപത്തി 3:6-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.
ഉൽപത്തി 3:6-10 സമകാലിക മലയാളവിവർത്തനം (MCV)
ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ നല്ലതും കാഴ്ചയ്ക്കു മനോഹരവും ജ്ഞാനംനേടാൻ അഭികാമ്യവുമെന്നു കണ്ട് സ്ത്രീ അതു പറിച്ചു ഭക്ഷിച്ചു, തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു, അദ്ദേഹവും ഭക്ഷിച്ചു. ഉടൻതന്നെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്ന് അവർ അറിഞ്ഞു; അതുകൊണ്ട് അവർ അത്തിയില കൂട്ടിത്തുന്നി ഉടയാടയുണ്ടാക്കി. ഒരു ദിവസം ഇളങ്കാറ്റു വീശിക്കൊണ്ടിരുന്നപ്പോൾ, യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം ആദാമും അദ്ദേഹത്തിന്റെ ഭാര്യയും കേട്ടു; യഹോവയായ ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു. അപ്പോൾ യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു, “നീ എവിടെ?” അതിന് ആദാം, “തോട്ടത്തിൽ അവിടത്തെ ശബ്ദം ഞാൻ കേട്ടു; ഞാൻ നഗ്നനാകുകയാൽ ഭയപ്പെട്ടു, ഒളിച്ചു” എന്ന് ഉത്തരം പറഞ്ഞു.