ഉൽപത്തി 3:1-15

ഉൽപത്തി 3:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. സ്ത്രീ പാമ്പിനോട്: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. പാമ്പ് സ്ത്രീയോട്: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാൺമാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട ഉണ്ടാക്കി. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവൻ പറഞ്ഞു. നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് അവൻ ചോദിച്ചു. അതിനു മനുഷ്യൻ: എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോട്: നീ ഈ ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചത്: നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും. ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

പങ്ക് വെക്കു
ഉൽപത്തി 3 വായിക്കുക

ഉൽപത്തി 3:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനായ ദൈവം സൃഷ്‍ടിച്ച വന്യജീവികളിൽ ഏറ്റവും കൗശലമുള്ളതായിരുന്നു സർപ്പം. അതു സ്‍ത്രീയോടു ചോദിച്ചു: “തോട്ടത്തിലുള്ള ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ?” സ്‍ത്രീ പറഞ്ഞു: “തോട്ടത്തിലുള്ള എല്ലാ വൃക്ഷങ്ങളുടെയും ഫലം ഞങ്ങൾക്കു ഭക്ഷിക്കാം. എന്നാൽ “നിങ്ങൾ തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്. തൊടുകപോലുമരുത്. തിന്നാൽ നിങ്ങൾ മരിക്കും” എന്നു ദൈവം കല്പിച്ചിട്ടുണ്ട്.” സർപ്പം സ്‍ത്രീയോടു പറഞ്ഞു: “നിങ്ങൾ മരിക്കുകയില്ല, അതു തിന്നുമ്പോൾ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നന്മതിന്മകൾ വേർതിരിച്ചറിഞ്ഞ് അവിടുത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം.” ആ വൃക്ഷത്തിന്റെ ഫലം സ്വാദുള്ളതും ഭംഗിയുള്ളതും ജ്ഞാനപ്രാപ്തിക്ക് അഭികാമ്യവും എന്നു കരുതി സ്‍ത്രീ ഫലം പറിച്ചുതിന്നു, ഭർത്താവിനും കൊടുത്തു; അയാളും ഭക്ഷിച്ചു. അവരുടെ കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്നു മനസ്സിലാക്കി അവർ അത്തിയില കൂട്ടിത്തുന്നി അരയാട ധരിച്ചു. അന്നു വൈകുന്നേരം സർവേശ്വരനായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം അവർ കേട്ടു. ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലുള്ള വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചു. എന്നാൽ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ” എന്നു ചോദിച്ചു. “അവിടുത്തെ ശബ്ദം ഞാൻ തോട്ടത്തിൽ കേട്ടു. നഗ്നനായതുകൊണ്ടു ഭയപ്പെട്ടു ഒളിച്ചു” എന്ന് അവൻ പറഞ്ഞു. “നീ നഗ്നനെന്നു നിന്നോട് ആരു പറഞ്ഞു? തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷത്തിന്റെ ഫലം നീ തിന്നുവോ?” മനുഷ്യൻ പറഞ്ഞു: “അവിടുന്ന് എനിക്കു തുണയായി നല്‌കിയ സ്‍ത്രീ ആ വൃക്ഷത്തിന്റെ ഫലം എനിക്കു തന്നു; ഞാൻ അതു ഭക്ഷിച്ചു.” സർവേശ്വരനായ ദൈവം സ്‍ത്രീയോട്: “നീ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു” എന്നു ചോദിച്ചപ്പോൾ “സർപ്പം എന്നെ വഞ്ചിച്ചു, ഞാൻ ഭക്ഷിച്ചുപോയി” എന്ന് അവൾ പറഞ്ഞു. ദൈവം സർപ്പത്തോട് അരുളിച്ചെയ്തു: “നീ ഇങ്ങനെ ചെയ്തതുകൊണ്ട് ജീവജാലങ്ങളിൽ നീ ശപിക്കപ്പെട്ടവനായിരിക്കും. ഉരസ്സുകൊണ്ട് നീ ഇഴയും; ഭൂമിയിലെ പൊടിയായിരിക്കും എക്കാലവും നിനക്കു ഭക്ഷണം. നീയും സ്‍ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത വരുത്തും. അവളുടെ സന്തതി നിന്റെ തല തകർക്കും; നിന്റെ സന്തതി അവന്റെ കുതികാലിൽ കടിക്കും.”

പങ്ക് വെക്കു
ഉൽപത്തി 3 വായിക്കുക

ഉൽപത്തി 3:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അത് സ്ത്രീയോട്: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു. സ്ത്രീ പാമ്പിനോട്: “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. പാമ്പ് സ്ത്രീയോട്: “നിങ്ങൾ മരിക്കുകയില്ല നിശ്ചയം; അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവങ്ങളെ പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു” എന്നു പറഞ്ഞു. ആ വൃക്ഷഫലം തിന്നുവാൻ നല്ലതും കാണുവാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിക്കുവാൻ അഭികാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ രണ്ടുപേരുടെയും കണ്ണ് തുറന്നു. തങ്ങൾ നഗ്നരെന്ന് അറിഞ്ഞ്, അത്തിയില കൂട്ടിച്ചേര്‍ത്ത് തങ്ങൾക്ക് അരയാട ഉണ്ടാക്കി. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം അവരെ കാണാതിരിക്കുവാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ?“ എന്നു ചോദിച്ചു. “തോട്ടത്തിൽ അവിടുത്തെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചു” എന്നു അവൻ പറഞ്ഞു. “നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു? തിന്നരുതെന്ന് ഞാൻ നിന്നോട് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ?“ എന്നു ദൈവം ചോദിച്ചു. അതിന് മനുഷ്യൻ: “എന്നോട് കൂടെ വസിക്കുവാൻ അങ്ങ് തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോട്: “നീ എന്താണ് ഈ ചെയ്തത്? എന്നു ചോദിച്ചു. അതിന്: “പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി” എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോട് കല്പിച്ചത്: “നീ ഇത് ചെയ്തതുകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ച് നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഇഴഞ്ഞ് നിന്‍റെ ജീവിതാവസാനത്തോളം നീ പൊടി തിന്നും. ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത ഉണ്ടാക്കും. അവൻ നിന്‍റെ തല തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും.”

പങ്ക് വെക്കു
ഉൽപത്തി 3 വായിക്കുക

ഉൽപത്തി 3:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൗശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു. നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു. അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും. ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

പങ്ക് വെക്കു
ഉൽപത്തി 3 വായിക്കുക

ഉൽപത്തി 3:1-15 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയായ ദൈവം സൃഷ്ടിച്ച സകലവന്യജീവികളിലുംവെച്ച് പാമ്പ് സൂത്രശാലിയായിരുന്നു. “തോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത് എന്നു ദൈവം വാസ്തവമായി കൽപ്പിച്ചിട്ടുണ്ടോ?” എന്നു പാമ്പു സ്ത്രീയോടു ചോദിച്ചു. “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു ഭക്ഷിക്കാം. എന്നാൽ ‘തോട്ടത്തിന്റെ മധ്യത്തിലുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത്, അതു തൊടുകപോലുമരുത്; അങ്ങനെചെയ്താൽ നിങ്ങൾ മരിക്കും’ എന്നു ദൈവം കൽപ്പിച്ചിട്ടുണ്ട്,” സ്ത്രീ ഉത്തരം പറഞ്ഞു. “നിങ്ങൾ മരിക്കുകയില്ല, നിശ്ചയം! അതു കഴിക്കുന്ന നാളിൽ നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങൾ നന്മതിന്മകൾ അറിയുന്നവരായി, ദൈവത്തെപ്പോലെയാകും, എന്നു ദൈവം അറിയുന്നു,” പാമ്പ് സ്ത്രീയോട് പറഞ്ഞു. ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ നല്ലതും കാഴ്ചയ്ക്കു മനോഹരവും ജ്ഞാനംനേടാൻ അഭികാമ്യവുമെന്നു കണ്ട് സ്ത്രീ അതു പറിച്ചു ഭക്ഷിച്ചു, തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു, അദ്ദേഹവും ഭക്ഷിച്ചു. ഉടൻതന്നെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്ന് അവർ അറിഞ്ഞു; അതുകൊണ്ട് അവർ അത്തിയില കൂട്ടിത്തുന്നി ഉടയാടയുണ്ടാക്കി. ഒരു ദിവസം ഇളങ്കാറ്റു വീശിക്കൊണ്ടിരുന്നപ്പോൾ, യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം ആദാമും അദ്ദേഹത്തിന്റെ ഭാര്യയും കേട്ടു; യഹോവയായ ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു. അപ്പോൾ യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു, “നീ എവിടെ?” അതിന് ആദാം, “തോട്ടത്തിൽ അവിടത്തെ ശബ്ദം ഞാൻ കേട്ടു; ഞാൻ നഗ്നനാകുകയാൽ ഭയപ്പെട്ടു, ഒളിച്ചു” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ ദൈവം, “നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കൽപ്പിച്ച വൃക്ഷത്തിൽനിന്നു നീ ഭക്ഷിച്ചോ?” എന്നു ചോദിച്ചു. ഉത്തരമായി ആദാം, “എന്നോടുകൂടെ ഇരിക്കേണ്ടതിന് അങ്ങു നൽകിയ സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്ന് ഉത്തരം പറഞ്ഞു. അതിനു യഹോവയായ ദൈവം സ്ത്രീയോട്, “നീ ഈ ചെയ്തത് എന്ത്?” എന്നു ചോദിച്ചു. “പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുകയും ചെയ്തു,” സ്ത്രീ പറഞ്ഞു. അപ്പോൾ യഹോവയായ ദൈവം പാമ്പിനോട്: “ഇതു ചെയ്തതുകൊണ്ടു, “സകലകന്നുകാലികളെക്കാളും വന്യമൃഗങ്ങളെക്കാളും നീ ശപിക്കപ്പെട്ടിരിക്കുന്നു. നീ ഉരസ്സുകൊണ്ടു ഗമിക്കുകയും നിന്റെ ആയുഷ്കാലമൊക്കെയും പൊടിതിന്നുകയും ചെയ്യും” എന്നും “ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത ഉണ്ടാക്കും; അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും” എന്നും കൽപ്പിച്ചു.

പങ്ക് വെക്കു
ഉൽപത്തി 3 വായിക്കുക