ഉൽപത്തി 25:21-34
ഉൽപത്തി 25:21-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക് അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു; യഹോവ അവന്റെ പ്രാർഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭം ധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിനു ജീവിക്കുന്നു എന്നു പറഞ്ഞ്, യഹോവയോടു ചോദിപ്പാൻ പോയി. യഹോവ അവളോട്: രണ്ടു ജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും, മൂത്തവൻ ഇളയവനെ സേവിക്കും എന്ന് അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽമുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന് ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന് യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു. ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക് അവനെ സ്നേഹിച്ചു; റിബെക്കായോ യാക്കോബിനെ സ്നേഹിച്ചു. ഒരിക്കൽ യാക്കോബ് ഒരു പായസംവച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു. ഏശാവ് യാക്കോബിനോട്: ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ട് അവന് എദോം (ചുവന്നവൻ) എന്നു പേരായി. നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്കു വില്ക്കുക എന്നു യാക്കോബ് പറഞ്ഞു. അതിന് ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന് എന്നു പറഞ്ഞു. ഇന്ന് എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു. യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു. അവൻ ഭക്ഷിച്ചു പാനം ചെയ്ത്, എഴുന്നേറ്റു പോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.
ഉൽപത്തി 25:21-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അരാമ്യരായിരുന്നു. തന്റെ ഭാര്യ വന്ധ്യ ആയതിനാൽ ഇസ്ഹാക്ക് അവൾക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്നു പ്രാർഥന കേട്ടു; അവൾ ഗർഭിണിയായി. പ്രസവത്തിനു മുമ്പ് ഗർഭസ്ഥശിശുക്കൾ തമ്മിൽ മല്ലിട്ടപ്പോൾ അവൾ സ്വയം പറഞ്ഞു: “ഇങ്ങനെയെങ്കിൽ ഞാൻ എന്തിനു ജീവിക്കുന്നു?” അവൾ സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണ് ഉള്ളത്. അന്യോന്യം മത്സരിക്കുന്ന രണ്ടു ജനതകൾക്കു നീ ജന്മം നല്‌കും. ഒരു വംശം മറ്റേതിനെക്കാൾ ശക്തമായിരിക്കും; ജ്യേഷ്ഠൻ അനുജനെ സേവിക്കും.” റിബേക്കായ്‍ക്ക് പ്രസവകാലം തികഞ്ഞു. അവളുടെ ഗർഭപാത്രത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ആദ്യജാതൻ ചുവന്ന നിറമുള്ളവനും അവന്റെ ശരീരം രോമാവൃതവും ആയിരുന്നു. അതുകൊണ്ട് അവനെ ഏശാവ് എന്നു വിളിച്ചു. പിന്നീട് അവന്റെ സഹോദരൻ പുറത്തുവന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചിരുന്നു; അതുകൊണ്ട് യാക്കോബ് എന്നു പേരിട്ടു. അവർ ജനിച്ചപ്പോൾ ഇസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. കുട്ടികൾ വളർന്നു; ഏശാവ് സമർഥനായ വേട്ടക്കാരനായി; വെളിമ്പ്രദേശങ്ങളിൽ താമസിക്കാൻ അവൻ ഇഷ്ടപ്പെട്ടു. എന്നാൽ ശാന്തശീലനായിരുന്നു യാക്കോബ്; കൂടാരത്തിൽ കഴിയാനാണ് അവൻ ആഗ്രഹിച്ചത്. ഏശാവു കൊണ്ടുവന്നിരുന്ന വേട്ടയിറച്ചി ഇസ്ഹാക്കിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് ഏശാവിനെ കൂടുതൽ സ്നേഹിച്ചു. എന്നാൽ റിബേക്കായ്‍ക്ക് യാക്കോബിനോടായിരുന്നു കൂടുതൽ സ്നേഹം. ഒരിക്കൽ യാക്കോബ് പായസം പാകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; ഏശാവ് യാക്കോബിനോടു പറഞ്ഞു: “ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു. ഈ ചുവന്ന പായസത്തിൽ കുറെ എനിക്കു തരാമോ?” അതുകൊണ്ട് അവന് എദോം എന്നു പേരുണ്ടായി. യാക്കോബു പറഞ്ഞു: “ആദ്യം നിന്റെ ജ്യേഷ്ഠാവകാശം എനിക്കു വിൽക്കുക.” ഏശാവ് മറുപടി പറഞ്ഞു: “വിശന്നു മരിക്കാറായ എനിക്ക് ഈ ജ്യേഷ്ഠാവകാശംകൊണ്ട് എന്തു പ്രയോജനം?” യാക്കോബു പറഞ്ഞു: “ആദ്യമേ എന്നോടു സത്യംചെയ്യുക” ഏശാവ് സത്യം ചെയ്ത് തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു. അപ്പോൾ യാക്കോബു കുറെ അപ്പവും പയറുപായസവും ഏശാവിനു കൊടുത്തു. ഏശാവ് വിശപ്പടക്കി സ്ഥലം വിട്ടു. ജ്യേഷ്ഠാവകാശത്തെ അത്ര നിസ്സാരമായി മാത്രമേ ഏശാവ് ഗണിച്ചുള്ളൂ.
ഉൽപത്തി 25:21-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തന്‍റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: “ഇങ്ങനെയായാൽ ഞാൻ എങ്ങനെ ജീവിക്കും” എന്നു പറഞ്ഞ്, യഹോവയോടു ചോദിക്കുവാൻ പോയി. യഹോവ അവളോട്: “രണ്ടു വംശങ്ങൾ നിന്‍റെ ഉദരത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നെ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടക്കുട്ടികൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തു വന്നു, ശരീരം മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ആയിരുന്നു; അവർ അവനു ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്റെ സഹോദരൻ പുറത്തു വന്നു; അവന്‍റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവനു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും കാനനസഞ്ചാരിയും യാക്കോബ് ശാന്തശീലനും കൂടാരവാസിയും ആയിരുന്നു. ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കായോ യാക്കോബിനെ സ്നേഹിച്ചു. ഒരിക്കൽ യാക്കോബ് ഒരു പായസം വച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ വളരെ ക്ഷീണിതനായിരുന്നു. ഏശാവ് യാക്കോബിനോട്: “ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവനു ഏദോം (ചുവന്നവൻ) എന്നു പേരായി. “നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്ക് വില്‍ക്കുക” എന്നു യാക്കോബ് പറഞ്ഞു. അതിന് ഏശാവ്: “ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന്? എന്നു പറഞ്ഞു. “ഇന്ന് എന്നോട് സത്യം ചെയ്ക” എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോട് സത്യംചെയ്തു; തന്‍റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു. യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനംചെയ്ത്, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.
ഉൽപത്തി 25:21-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു. അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി. യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു. അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു. പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു. കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു. ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ടു യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു. ഒരിക്കൽ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു. ഏശാവ് യാക്കോബിനോടു: ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു അവന്നു ഏദോം (ചുവന്നവൻ) എന്നു പേരായി. നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വില്ക്കുക എന്നു യാക്കോബ് പറഞ്ഞു. അതിന്നു ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു. ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു. യാക്കോബ് ഏശാവിന്നു അപ്പവും പയറു കൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു
ഉൽപത്തി 25:21-34 സമകാലിക മലയാളവിവർത്തനം (MCV)
യിസ്ഹാക്കിന്റെ ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അദ്ദേഹം അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു; യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കാ ഗർഭവതിയായി. അവളുടെ ഉള്ളിൽ കുട്ടികൾതമ്മിൽ തിക്കി. അപ്പോൾ അവൾ, “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് യഹോവയോടു ചോദിക്കാൻ പോയി. യഹോവ അവളോട്: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്. നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും; ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും. മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു. അവളുടെ പ്രസവകാലം സമീപിച്ചു. അവളുടെ ഉദരത്തിൽ ഇരട്ട ആൺകുട്ടികൾ ഉണ്ടായിരുന്നു. ആദ്യം പിറന്നവൻ ചെമപ്പു നിറമുള്ളവനായിരുന്നു. അവന്റെ ദേഹം രോമക്കുപ്പായംപോലെ ആയിരുന്നു; അതുകൊണ്ട്, അവർ അവന് ഏശാവ് എന്നു പേരിട്ടു. അതിന്റെശേഷം അവന്റെ സഹോദരൻ പിറന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചുകൊണ്ടാണു പുറത്തുവന്നത്. അതുകൊണ്ട് അവന് യാക്കോബ് എന്നു പേരിട്ടു. റിബേക്ക ഇവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. ബാലന്മാർ വളർന്നു; ഏശാവ് വെളിമ്പ്രദേശങ്ങളിൽ ജീവിക്കുന്നവനും സമർഥനായൊരു നായാട്ടുകാരനും ആയിത്തീർന്നു. യാക്കോബാകട്ടെ, കൂടാരങ്ങളിൽ പാർക്കുന്നവനും ശാന്തനും ആയിരുന്നു. നായാട്ടുമാംസത്തിലുള്ള രുചിമൂലം യിസ്ഹാക്ക് ഏശാവിനെ സ്നേഹിച്ചു; റിബേക്കയോ, യാക്കോബിനെ സ്നേഹിച്ചു. ഒരിക്കൽ യാക്കോബ് പായസം പാകപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ ഏശാവ് വെളിമ്പ്രദേശത്തുനിന്ന് വല്ലാതെ വിശന്നു കയറിവന്നു. അവൻ യാക്കോബിനോട്, “വേഗമാകട്ടെ, ആ ചെമന്ന പായസത്തിൽ കുറച്ച് എനിക്കു തരൂ, വല്ലാതെ വിശക്കുന്നു” എന്നു പറഞ്ഞു. ഇക്കാരണത്താലാണ് അവന് ഏദോം എന്നും പേരായത്. അതിന് യാക്കോബ്, “ഒന്നാമത് നിന്റെ ജന്മാവകാശം എനിക്കു വിലയ്ക്കു തരൂ” എന്ന് ഉത്തരം പറഞ്ഞു. “ഞാനാണെങ്കിൽ ഇതാ മരിക്കാൻ തുടങ്ങുകയാണ്. ഈ ജന്മാവകാശംകൊണ്ട് എനിക്കെന്തു പ്രയോജനം?” ഏശാവു പറഞ്ഞു. എന്നാൽ യാക്കോബ്, “ആദ്യം എന്നോടു ശപഥംചെയ്യൂ” എന്നു പറഞ്ഞു. അപ്പോൾ അവൻ തന്റെ ജന്മാവകാശം യാക്കോബിനു വിൽക്കുന്നെന്ന് അവനോടു ശപഥംചെയ്തു. അതിനുശേഷം യാക്കോബ് ഏശാവിന് കുറെ അപ്പവും കുറച്ചു പയറുപായസവും കൊടുത്തു. അവൻ തിന്നുകയും കുടിക്കുകയും ചെയ്തതിനുശേഷം എഴുന്നേറ്റ് സ്ഥലംവിട്ടു. അങ്ങനെ ഏശാവ് തന്റെ ജന്മാവകാശത്തോട് അനാദരവുകാട്ടി.