ഉൽപത്തി 21:8-34

ഉൽപത്തി 21:8-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്: ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത് എന്നു പറഞ്ഞു. തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് അനിഷ്ടമായി. എന്നാൽ ദൈവം അബ്രാഹാമിനോട്: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നത്. ദാസിയുടെ മകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്ന് അരുളിച്ചെയ്തു. അബ്രാഹാം അതികാലത്ത് എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാറിന്റെ തോളിൽ വച്ചു, കുട്ടിയെയും കൊടുത്ത് അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നുനടന്നു. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു. അവൾ പോയി അതിനെതിരേ ഒരു അമ്പിൻപാടു ദൂരത്തിരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞ് എതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു. ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ച് അവളോട്: ഹാഗാറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു. അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു. അക്കാലത്ത് അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകല പ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്; ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവർത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയ കാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെ വച്ച് എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു. സത്യം ചെയ്യാം എന്ന് അബ്രാഹാം പറഞ്ഞു. എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭർത്സിച്ചു പറഞ്ഞു. അതിന് അബീമേലെക്; ഇക്കാര്യം ചെയ്തത് ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു. പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു. അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിർത്തി. അപ്പോൾ അബീമേലെക് അബ്രാഹാമിനോട്: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന് എന്നു ചോദിച്ചു. ഞാൻ ഈ കിണർ കുഴിച്ചു എന്നതിനു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്ന് അവൻ പറഞ്ഞു. അവർ ഇരുവരും അവിടെവച്ചു സത്യം ചെയ്കകൊണ്ട് അവൻ ആ സ്ഥലത്തിനു ബേർ-ശേബ എന്നു പേരിട്ടു. ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി. അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു. അബ്രാഹാം കുറെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.

ഉൽപത്തി 21:8-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശിശു വളർന്നു; അവന്റെ മുലകുടി മാറിയ ദിവസം അബ്രഹാം ഒരു വലിയ വിരുന്നൊരുക്കി. സാറായുടെ ദാസി ഈജിപ്തുകാരി ഹാഗാറിൽ അബ്രഹാമിനു ജനിച്ച പുത്രൻ തന്റെ പുത്രനായ ഇസ്ഹാക്കിനോടൊപ്പം കളിക്കുന്നതു സാറാ കണ്ടു. അതുകൊണ്ട് അവൾ അബ്രഹാമിനോടു പറഞ്ഞു: “ഈ അടിമപ്പെണ്ണിനെയും പുത്രനെയും പുറത്താക്കുക. ഇവളുടെ പുത്രൻ എന്റെ പുത്രനായ ഇസ്ഹാക്കിനോടൊപ്പം അവകാശി ആയിക്കൂടാ.” ഇശ്മായേലും തന്റെ പുത്രനാകയാൽ സാറായുടെ വാക്കുകൾ അബ്രഹാമിനെ ദുഃഖിപ്പിച്ചു. ദൈവം അബ്രഹാമിനോടു പറഞ്ഞു: “ബാലനെക്കുറിച്ചും നിന്റെ ദാസിയെക്കുറിച്ചും നീ ദുഃഖിക്കേണ്ടാ; സാറാ പറഞ്ഞതുപോലെ ചെയ്യുക; ഇസ്ഹാക്കിലൂടെ ആയിരിക്കും നിന്റെ സന്താനപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിലുള്ള നിന്റെ മകനെയും ഞാൻ ഒരു വലിയ ജനതയാക്കും. അവനും നിന്റെ സന്തതി ആണല്ലോ.” അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തോൽസഞ്ചി നിറച്ചു വെള്ളവുമെടുത്തു ഹാഗാറിന്റെ തോളിൽ വച്ചുകൊടുത്തു. ബാലനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവർ ബേർ-ശേബാ മരുഭൂമിയിൽ അലഞ്ഞുനടന്നു. തോൽസഞ്ചിയിലുണ്ടായിരുന്ന വെള്ളം തീർന്നപ്പോൾ അവൾ അവനെ ഒരു കുറ്റിക്കാട്ടിൽ കിടത്തി. ‘കുഞ്ഞു മരിക്കുന്നതു കാണാൻ എനിക്കു കരുത്തില്ല’ എന്നു പറഞ്ഞ് അവൾ ഒരു കല്ലേറു ദൂരം ചെന്ന് കുട്ടിയുടെ എതിർവശത്തേക്കു തിരിഞ്ഞിരുന്ന് ഉറക്കെ കരഞ്ഞു. കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടു; ദൈവത്തിന്റെ ഒരു ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ചു ചോദിച്ചു: “ഹാഗാറേ, നീ എന്തിനു വിഷമിക്കുന്നു? ഭയപ്പെടേണ്ടാ; കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടിരിക്കുന്നു. എഴുന്നേല്‌ക്കുക: നീ ചെന്ന് അവനെ മാറിലണച്ച് ആശ്വസിപ്പിക്കുക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും.” ദൈവം അവളുടെ കണ്ണുകൾ തുറന്നു; അവൾ ഒരു നീരുറവ കണ്ടു; അവൾ ചെന്നു തോൽസഞ്ചിയിൽ വെള്ളം നിറച്ചു ബാലനു കുടിക്കാൻ കൊടുത്തു. ദൈവം അവന്റെകൂടെ ഉണ്ടായിരുന്നു. അവൻ വളർന്ന് ഒരു വില്ലാളിവീരനായിത്തീർന്നു. പാരാൻമരുഭൂമിയിലായിരുന്നു അവൻ പാർത്തിരുന്നത്. അവന്റെ അമ്മ ഒരു ഈജിപ്തുകാരി യുവതിയെ അവനു ഭാര്യയായി തിരഞ്ഞെടുത്തു നൽകി. ഒരു ദിവസം അബീമേലെക്കും അദ്ദേഹത്തിന്റെ സൈന്യാധിപനായ ഫീക്കോലും അബ്രഹാമിനോടു പറഞ്ഞു: “നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്റെ കൂടെയുണ്ട്. അതുകൊണ്ട്, എന്നെയോ എന്റെ സന്തതികളെയോ വഞ്ചിക്കുകയില്ലെന്നും ഞാൻ നിന്നോടു വിശ്വസ്തനായിരുന്നതുപോലെ എന്നോടും നീ ഇപ്പോൾ വസിക്കുന്ന ഈ ദേശത്തോടും കൂറു പുലർത്തുമെന്നും ദൈവനാമത്തിൽ നീ എന്നോടു സത്യം ചെയ്യുക.” “ഞാൻ സത്യം ചെയ്യാം” എന്ന് അബ്രഹാം പ്രതിവചിച്ചു. അബീമേലെക്കിന്റെ ദാസന്മാർ പിടിച്ചെടുത്ത തന്റെ കിണറിനെപ്പറ്റി അബ്രഹാം പരാതിപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “ആരാണ് ഇതു ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ; നീ എന്നോട് ഇതിനെപ്പറ്റി പറഞ്ഞില്ല; ഞാൻ ഇതുവരെ കേട്ടിരുന്നുമില്ല.” അബ്രഹാം ഏതാനും ആടുമാടുകളെ അബീമേലെക്കിനു കൊടുത്തു. അവർ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു. തന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഏഴു പെണ്ണാട്ടിൻകുട്ടികളെ അബ്രഹാം വേർതിരിച്ചു. ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ മാറ്റി നിർത്തിയിരിക്കുന്നത് എന്താണ് എന്ന് അബീമേലേക്ക് ആരാഞ്ഞു. അബ്രഹാം മറുപടി പറഞ്ഞു: “ഈ കിണർ ഞാൻ കുഴിച്ചതാണെന്നതിന് അങ്ങു സാക്ഷി ആയിരിക്കണം. പകരം ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ സ്വീകരിക്കണം.” അവർ ഇരുവരും അവിടെവച്ചു സത്യം ചെയ്തതുകൊണ്ട് ആ സ്ഥലത്തിനു ബേർ- ശേബാ എന്നു പേരുണ്ടായി. അങ്ങനെ ബേർ- ശേബയിൽവച്ച് ഉടമ്പടി ഉണ്ടാക്കിയതിനുശേഷം അബീമേലെക്കും സൈന്യാധിപനായ ഫീക്കോലും ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി. അബ്രഹാം ബേർ-ശേബയിൽ ഒരു വൃക്ഷം നട്ടു. നിത്യദൈവമായ സർവേശ്വരന്റെ നാമത്തിൽ അവിടെ ആരാധന നടത്തി. അബ്രഹാം വളരെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.

ഉൽപത്തി 21:8-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിൻ്റെ മുലകുടി മാറിയ ദിവസം അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോട്: “ഈ ദാസിയെയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകൻ എന്‍റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത്” എന്നു പറഞ്ഞു. തന്‍റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് ഏറെ അനിഷ്ടമായി. എന്നാൽ ദൈവം അബ്രാഹാമിനോട്: “ബാലന്‍റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുത്; സാറാ നിന്നോട് പറഞ്ഞതിലൊക്കെയും അവളുടെ വാക്ക് കേൾക്കുക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്‍റെ സാക്ഷാൽ സന്തതിയെന്ന് വിളിക്കപ്പെടുന്നത്. ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കും; അവൻ നിന്‍റെ സന്തതിയല്ലോ” എന്നു അരുളിച്ചെയ്തു. അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്ത് ഹാഗാറിൻ്റെ തോളിൽവച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറ്റിക്കാടിൻ്റെ തണലിൽ കിടത്തി. അവൾ പോയി അതിനെതിരെ ഒരു അമ്പെയ്ത്തു ദൂരത്തിരുന്നു; കുട്ടിയുടെ മരണം എനിക്ക് കാണണ്ടാ എന്നു പറഞ്ഞ് എതിരെ ഇരുന്ന് ഉറക്കെ കരഞ്ഞു. ദൈവം ബാലന്‍റെ നിലവിളി കേട്ടു; ദൈവത്തിന്‍റെ ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ച് അവളോട്: “ഹാഗാറേ, നീ വിഷമിക്കുന്നത് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ആയിരിക്കുന്നിടത്തുനിന്ന് അവന്‍റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റ് ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും” എന്നു അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണ് തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു. അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്‍റെ അമ്മ മിസ്രയീം ദേശത്തുനിന്ന് അവനു ഒരു ഭാര്യയെ കൊണ്ടുവന്നു. അക്കാലത്ത് അബിമേലെക്കും അവന്‍റെ സൈന്യാധിപനായ പീക്കോലും അബ്രാഹാമിനോട് സംസാരിച്ചു: “നിന്‍റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്; അതുകൊണ്ട് നീ എന്നോടോ എന്‍റെ സന്തതിയോടോ എന്‍റെ ഭാവിതലമുറയോടോ വ്യാജം പ്രവർത്തിക്കാതെ ഞാൻ നിന്നോട് ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്ന് ദൈവത്തെച്ചൊല്ലി ഇവിടെവച്ച് എന്നോട് സത്യം ചെയ്യുക” എന്നു പറഞ്ഞു. “ഞാൻ സത്യം ചെയ്യാം” എന്നു അബ്രാഹാം പറഞ്ഞു. എന്നാൽ അബീമേലെക്കിന്‍റെ ദാസന്മാർ പിടിച്ചെടുത്ത കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോട് പരാതി പറഞ്ഞു. അതിന് അബീമേലെക്ക്: “ഇക്കാര്യം ചെയ്തത് ആരെന്ന് ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്ന് ആദ്യമായിട്ടാണു ഞാൻ അതിനെക്കുറിച്ച് കേൾക്കുന്നത്” എന്നു പറഞ്ഞു. പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടിചെയ്തു. അബ്രാഹാം ഏഴു പെണ്ണാട്ടിൻകുട്ടികളെ വേറിട്ടു നിർത്തി. അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോട്: “നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടിൻകുട്ടികൾ എന്തിന്? എന്നു ചോദിച്ചു. “ഞാൻ ഈ കിണർ കുഴിച്ചു എന്നതിന് സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്നോട് വാങ്ങേണം” എന്നു അവൻ പറഞ്ഞു. അവർ ഇരുവരും അവിടെവച്ച് സത്യം ചെയ്തതിനാൽ അവൻ ആ സ്ഥലത്തിന് ബേർ-ശേബ എന്നു പേരിട്ടു. ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടിചെയ്തു. അബീമേലെക്കും അവന്‍റെ സൈന്യാധിപനായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി. അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു. അബ്രാഹാം കുറെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.

ഉൽപത്തി 21:8-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു: ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുതു എന്നു പറഞ്ഞു. തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി. എന്നാൽ ദൈവം അബ്രാഹാമിനോടു: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു. ദാസിയുടെ മകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു. അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു. അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻപാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു. ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു. അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു. അക്കാലത്തു അബിമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു; ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവൃത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെവെച്ചു എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു. സത്യം ചെയ്യാം എന്നു അബ്രാഹാം പറഞ്ഞു. എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു. അതിന്നു അബീമേലെക്ക്: ഇക്കാര്യം ചെയ്തതു ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു. പിന്നെ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു. അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിർത്തി. അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോടു: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന്നു എന്നു ചോദിച്ചു. ഞാൻ ഈ കിണർ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവൻ പറഞ്ഞു. അവർ ഇരുവരും അവിടെവെച്ചു സത്യം ചെയ്കകൊണ്ടു അവൻ ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു. ഇങ്ങനെ അവർ ബേർ-ശേബയിൽവെച്ചു ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റു ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി. അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവെച്ചു ആരാധന കഴിച്ചു. അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.

ഉൽപത്തി 21:8-34 സമകാലിക മലയാളവിവർത്തനം (MCV)

പൈതൽ വളർന്നു, മുലകുടി മാറ്റാനുള്ള സമയവും അടുത്തു; യിസ്ഹാക്കിന്റെ മുലകുടിമാറ്റിയ ദിവസം അബ്രാഹാം വലിയൊരു വിരുന്നു നടത്തി. ഈജിപ്റ്റുകാരിയായ ഹാഗാറിൽ അബ്രാഹാമിനു ജനിച്ച മകൻ, തന്റെ മകനായ യിസ്ഹാക്കിനെ പരിഹസിക്കുന്നതായി സാറാ കണ്ടു. അവൾ അബ്രാഹാമിനോട്, “ആ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം” എന്നു പറഞ്ഞു. യിശ്മായേൽ തന്റെ മകൻ ആയതുകൊണ്ട്, ഈ കാര്യം അബ്രാഹാമിനെ വളരെയധികം അസ്വസ്ഥനാക്കി. എന്നാൽ ദൈവം അബ്രാഹാമിനോടു പറഞ്ഞു, “ബാലനെയും ദാസിയെയും സംബന്ധിച്ച് വ്യാകുലപ്പെടരുത്. സാറ നിന്നോടു പറയുന്നതെന്തും ശ്രദ്ധയോടെ കേൾക്കുക. കാരണം, ‘യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും.’ ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കിത്തീർക്കും; കാരണം അവൻ ഉത്ഭവിച്ചതും നിന്നിൽനിന്നാണല്ലോ.” പിറ്റേദിവസം അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, കുറെ ഭക്ഷണവും ഒരു തുകൽക്കുടം നിറയെ വെള്ളവും എടുത്തു ഹാഗാറിനു കൊടുത്തു. അദ്ദേഹം അത് അവളുടെ തോളിൽ വെച്ചുകൊടുത്തിട്ട് അവളെയും കുട്ടിയെയും പറഞ്ഞയച്ചു. അവൾ യാത്രചെയ്ത് ബേർ-ശേബാ മരുഭൂമിയിലെത്തി അലഞ്ഞുനടന്നു. കുടത്തിലെ വെള്ളം തീർന്നപ്പോൾ അവൾ ബാലനെ ഒരു കുറ്റിച്ചെടിയുടെ ചുവട്ടിലാക്കി. പിന്നെ അവൾ പോയി, ഏകദേശം ഒരു അമ്പിൻപാട് അകലെ ഇരുന്നു. “ബാലൻ മരിക്കുന്നത് എനിക്കു കാണാൻ വയ്യ” എന്നു പറഞ്ഞുകൊണ്ട് അവനെതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു. ദൈവം കുട്ടിയുടെ കരച്ചിൽ കേട്ടു; ദൈവദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്, “ഹാഗാറേ, നിനക്കെന്തുപറ്റി? ഭയപ്പെടേണ്ട, ബാലൻ കിടക്കുന്നിടത്തുനിന്നുള്ള അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്ന് ബാലനെ താങ്ങി എഴുന്നേൽപ്പിച്ചുകൊൾക; ഞാൻ അവനെ വലിയൊരു ജനതയാക്കും” എന്ന് അരുളിച്ചെയ്തു. പിന്നെ ദൈവം അവളുടെ കണ്ണ് തുറന്നു; അവളൊരു നീരുറവ കണ്ടു. അവൾ ചെന്നു കുടത്തിൽ വെള്ളം നിറച്ചുകൊണ്ടുവന്നു ബാലനു കുടിക്കാൻ കൊടുത്തു. ബാലന്റെ വളർച്ചയിൽ ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ മരുഭൂമിയിൽ താമസിച്ചു മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു. പാരാൻ മരുഭൂമിയിൽ താമസിച്ചിരുന്നകാലത്ത് അവന്റെ അമ്മ ഈജിപ്റ്റിൽനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു. ആ കാലത്ത് അബീമെലെക്കും അയാളുടെ സൈന്യാധിപനായ ഫിക്കോലും അബ്രാഹാമിനോട്, “നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്നോടുകൂടെയുണ്ട്. നീ എന്നോടോ എന്റെ മക്കളോടോ എന്റെ പിൻഗാമികളോടോ വ്യാജം പ്രവർത്തിക്കുകയില്ലെന്ന് ഇപ്പോൾ ഇവിടെ ദൈവമുമ്പാകെ എന്നോടു ശപഥംചെയ്യണം. ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെതന്നെ നീ എന്നോടും നീ പ്രവാസിയായി വന്നുപാർക്കുന്ന ഈ ദേശത്തോടും കരുണ കാണിക്കുകയും വേണം” എന്നു പറഞ്ഞു. അതിന് അബ്രാഹാം, “ഞാൻ അങ്ങനെതന്നെ ശപഥംചെയ്യുന്നു” എന്നു പറഞ്ഞു. പിന്നെ അബ്രാഹാം അബീമെലെക്കിനോട്, അങ്ങയുടെ വേലക്കാർ എന്റെ വേലക്കാരിൽനിന്നും ഒരു കിണർ കൈവശപ്പെടുത്തിയതായി പരാതിപ്പെട്ടു. അതിന് അബീമെലെക്ക്, “ആരാണ് ഇതു ചെയ്തതെന്ന് എനിക്ക് അറിഞ്ഞുകൂടാ. താങ്കൾ എന്നോടു പറഞ്ഞില്ലല്ലോ, ഇന്നാണു ഞാൻ ഇതിനെക്കുറിച്ചു കേൾക്കുന്നത്” എന്നു പറഞ്ഞു. പിന്നെ അബ്രാഹാം ആടുമാടുകളെ കൊണ്ടുവന്ന് അബീമെലെക്കിനു കൊടുത്തു. അവർ ഇരുവരും ഒരു കരാറിലേർപ്പെടുകയും ചെയ്തു. അബ്രാഹാം ആട്ടിൻപറ്റത്തിൽനിന്ന് ഏഴു പെണ്ണാട്ടിൻകുട്ടികളെ വേർതിരിച്ചു. അബീമെലെക്ക് അബ്രാഹാമിനോട്, “ഈ ഏഴ് പെണ്ണാട്ടിൻകുട്ടികളെ വേർതിരിച്ചതുകൊണ്ടു നീ എന്താണ് ഉദ്ദേശിക്കുന്നത്” എന്നു ചോദിച്ചു. “ഈ കിണർ ഞാനാണു കുഴിപ്പിച്ചത് എന്നതിനു സാക്ഷിയായി ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്റെ കൈയിൽനിന്ന് വാങ്ങണം” അബ്രാഹാം മറുപടി പറഞ്ഞു. ആ സ്ഥലത്തുവെച്ച് അങ്ങനെ അവർ ഇരുവരും ശപഥംചെയ്തതുകൊണ്ട് അതിന് ബേർ-ശേബാ എന്നു പേരുണ്ടായി. ബേർ-ശേബയിൽവെച്ചു സഖ്യം ചെയ്തതിനുശേഷം അബീമെലെക്കും അദ്ദേഹത്തിന്റെ സൈന്യാധിപനായ ഫിക്കോലും ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങി. അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു; അവിടെവെച്ച് അദ്ദേഹം നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന നടത്തി. അബ്രാഹാം ഫെലിസ്ത്യരുടെ ദേശത്ത് കുറെക്കാലം പ്രവാസിയായി താമസിച്ചു.