ഉൽപത്തി 2:5-17

ഉൽപത്തി 2:5-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽനിന്നു മഞ്ഞു പൊങ്ങി, നിലമൊക്കെയും നനച്ചുവന്നു. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്‍ടിച്ച മനുഷ്യനെ അവിടെ ആക്കി. കാൺമാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. തോട്ടം നനപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. ഒന്നാമത്തേതിനു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്. ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ട്. രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ്ദേശമൊക്കെയും ചുറ്റുന്നു. മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു. യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി. യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.

പങ്ക് വെക്കു
ഉൽപത്തി 2 വായിക്കുക

ഉൽപത്തി 2:5-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കാരണം അവിടുന്ന് ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യുന്നതിനു മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽനിന്ന് മഞ്ഞുപൊങ്ങി, ഭൂതലത്തെ നനച്ചുവന്നു. സർവേശ്വരനായ ദൈവം ഭൂമിയിലെ മണ്ണുകൊണ്ട് ഒരു മനുഷ്യരൂപം ഉണ്ടാക്കി, അതിന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു. അവിടുന്നു കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്‍ടിച്ച മനുഷ്യനെ അതിൽ പാർപ്പിച്ചു. ഭംഗിയുള്ളതും സ്വാദിഷ്ഠവുമായ ഫലങ്ങൾ കായ്‍ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും ദൈവം അവിടെ മുളപ്പിച്ചു. തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ച് അറിവുനല്‌കുന്ന വൃക്ഷവും ഉണ്ടായിരുന്നു. തോട്ടം നനയ്‍ക്കുന്നതിന് ഏദനിൽനിന്ന് ഒരു നദി ഒഴുകി, അവിടെനിന്ന് അതു നാലു ശാഖയായി പിരിഞ്ഞു. അവയിൽ ആദ്യത്തെ ശാഖയുടെ പേര് പീശോൻ. സ്വർണത്തിന്റെ നാടായ ഹവീലാ ചുറ്റി അത് ഒഴുകുന്നു. മാറ്റ് കൂടിയതാണ് അവിടത്തെ സ്വർണം. ഗുല്ഗുലുവും ഗോമേദകവും അവിടെയുണ്ട്. കൂശ്ദേശം ചുറ്റി ഒഴുകുന്ന ഗീഹോനാണ് രണ്ടാമത്തെ ശാഖ. മൂന്നാമത്തേത് ടൈഗ്രീസ്, അത് അസ്സീരിയയുടെ കിഴക്കുവശത്തുകൂടി ഒഴുകുന്നു. നാലാമത്തെ ശാഖയാണ് യൂഫ്രട്ടീസ്. ഏദൻതോട്ടത്തിൽ വേല ചെയ്യാനും അതിനെ സംരക്ഷിക്കാനും സർവേശ്വരനായ ദൈവം മനുഷ്യനെ അവിടെ ആക്കി. അവിടുന്ന് മനുഷ്യനോടു പറഞ്ഞു: “ഈ തോട്ടത്തിലുള്ള ഏതു വൃക്ഷത്തിന്റെയും ഫലം യഥേഷ്ടം നിനക്ക് ഭക്ഷിക്കാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവ് നല്‌കുന്ന വൃക്ഷത്തിന്റെ ഫലം നീ തിന്നരുത്. അതു തിന്നുന്ന നാളിൽ നീ നിശ്ചയമായും മരിക്കും.”

പങ്ക് വെക്കു
ഉൽപത്തി 2 വായിക്കുക

ഉൽപത്തി 2:5-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്ത് വേലചെയ്യുവാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽനിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനച്ചുവന്നു. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിതീർന്നു. അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, അവിടുന്ന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. കാണാൻ ഭംഗിയുള്ളതും ഭക്ഷ്യയോഗ്യവുമായ എല്ലാ ഫലങ്ങളും ഉള്ള വൃക്ഷങ്ങളും, തോട്ടത്തിന്‍റെ നടുവിൽ ജീവവൃക്ഷവും, നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷവും, യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. തോട്ടം നനയ്ക്കുവാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്ന് നാലു കൈവഴിയായി പിരിഞ്ഞു. ഒന്നാമത്തേതിന് പീശോൻ എന്നു പേർ; അത് ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്. ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ട്. രണ്ടാം നദിക്ക് ഗീഹോൻ എന്നു പേർ; അത് കൂശ്‌ദേശമൊക്കെയും ചുറ്റുന്നു. മൂന്നാം നദിക്ക് ഹിദ്ദേക്കെൽ എന്നു പേർ; അത് അശ്ശൂരിനു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു. യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ട് പോയി ഏദെൻ തോട്ടത്തിൽ വേലചെയ്യുവാനും അതിനെ സൂക്ഷിക്കുവാനും അവിടെ ആക്കി. യഹോവയായ ദൈവം മനുഷ്യനോട് കല്പിച്ചത് എന്തെന്നാൽ: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ നിശ്ചയമായി മരിക്കും.”

പങ്ക് വെക്കു
ഉൽപത്തി 2 വായിക്കുക

ഉൽപത്തി 2:5-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‌വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു. തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു. ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു. രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ്‌ദേശമൊക്കെയും ചുറ്റുന്നു. മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു. യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‌വാനും അതിനെ കാപ്പാനും അവിടെ ആക്കി. യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.

പങ്ക് വെക്കു
ഉൽപത്തി 2 വായിക്കുക

ഉൽപത്തി 2:4-17 സമകാലിക മലയാളവിവർത്തനം (MCV)

ആകാശത്തിന്റെയും ഭൂമിയുടെയും ഉൽപ്പത്തിവിവരം ഇപ്രകാരമാണ്: യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച അവസരത്തിൽ വയലിലെ ചെടികളും സസ്യങ്ങളും അന്നുവരെ ഭൂമിയിൽ മുളച്ചിരുന്നില്ല; യഹോവയായ ദൈവം ഭൂമിയിൽ മഴ അയച്ചിരുന്നില്ല, മണ്ണിൽ അധ്വാനിക്കാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽനിന്ന് ഉറവ പൊങ്ങിയായിരുന്നു ഭൂതലം മുഴുവൻ നനഞ്ഞിരുന്നത്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു. യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം നട്ടുണ്ടാക്കി, അവിടന്ന് മെനഞ്ഞെടുത്ത മനുഷ്യനെ അതിൽ ആക്കി. മനോഹരവും ഭക്ഷ്യയോഗ്യവുമായ എല്ലാത്തരം വൃക്ഷങ്ങളും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും ഉണ്ടായിരുന്നു. ഏദെനിൽനിന്ന് ഒഴുകിയ ഒരു നദി തോട്ടം നനച്ചു. ആ നദി അവിടെനിന്ന് നാലു ശാഖയായി പിരിഞ്ഞൊഴുകി. ഒന്നാമത്തേതിനു പീശോൻ എന്നു പേര്; അതു ഹവീലാദേശം മുഴുവൻ ചുറ്റുന്നു, അവിടെ തങ്കം ഉണ്ട്. ആ ദേശത്തെ തങ്കം അതിവിശിഷ്ടമാണ്; ഗുല്ഗുലുവും ഗോമേദകരത്നവും അവിടെയുണ്ട്. രണ്ടാമത്തെ നദിയുടെ പേര് ഗീഹോൻ; അതു കൂശ് ദേശംമുഴുവനും ചുറ്റിയൊഴുകുന്നു. മൂന്നാമത്തെ നദിയുടെ പേര് ടൈഗ്രീസ്; അത് അശ്ശൂരിൽനിന്നു കിഴക്കോട്ട് ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രട്ടീസ്. യഹോവയായ ദൈവം ഏദെൻതോട്ടത്തിൽ അധ്വാനിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമായി മനുഷ്യനെ അവിടെ തോട്ടത്തിൽ ആക്കി. യഹോവയായ ദൈവം മനുഷ്യനോട് അരുളിച്ചെയ്തത്: “നിനക്കു തോട്ടത്തിലെ ഏതു വൃക്ഷത്തിന്റെയും ഫലം ഇഷ്ടംപോലെ ഭക്ഷിക്കാം; എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവുനൽകുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുത്, ഭക്ഷിക്കുന്ന നാളിൽ നീ മരിക്കും, നിശ്ചയം!”

പങ്ക് വെക്കു
ഉൽപത്തി 2 വായിക്കുക