ഉൽപത്തി 2:1-7
ഉൽപത്തി 2:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി. താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽനിന്നു മഞ്ഞു പൊങ്ങി, നിലമൊക്കെയും നനച്ചുവന്നു. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
ഉൽപത്തി 2:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ ആകാശത്തിന്റെയും ഭൂമിയുടെയും അവയിലുള്ള സകലത്തിന്റെയും സൃഷ്ടി പൂർത്തിയായി. അതിനുശേഷം ഏഴാംദിവസം ദൈവം സകല പ്രവൃത്തികളിൽനിന്നും വിരമിച്ചു, സ്വസ്ഥനായിരുന്നു. സൃഷ്ടികർമത്തോടു ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളിൽനിന്നും വിരമിച്ചു വിശ്രമിച്ചതുകൊണ്ട് ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു. സർവേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് ഈ ക്രമത്തിലായിരുന്നു. സർവേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കുമ്പോൾ ഭൂമിയിൽ സസ്യജാലങ്ങൾ ഉണ്ടായിരുന്നില്ല. ഒരു ചെടിയും മുളച്ചിരുന്നില്ല. കാരണം അവിടുന്ന് ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യുന്നതിനു മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽനിന്ന് മഞ്ഞുപൊങ്ങി, ഭൂതലത്തെ നനച്ചുവന്നു. സർവേശ്വരനായ ദൈവം ഭൂമിയിലെ മണ്ണുകൊണ്ട് ഒരു മനുഷ്യരൂപം ഉണ്ടാക്കി, അതിന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.
ഉൽപത്തി 2:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. ദൈവം സൃഷ്ടി കർമ്മം പൂർത്തിയാക്കി സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം വിശ്രമിച്ചു. താൻ സൃഷ്ടിച്ചുണ്ടാക്കിയ സകലപ്രവൃത്തിയിൽ നിന്നും അന്നു അവിടുന്ന് വിശ്രമിച്ചതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിൻ്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്ത് വേലചെയ്യുവാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽനിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനച്ചുവന്നു. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിതീർന്നു.
ഉൽപത്തി 2:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി. താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
ഉൽപത്തി 2:1-7 സമകാലിക മലയാളവിവർത്തനം (MCV)
ഇങ്ങനെ, ആകാശവും ഭൂമിയും അവയിലുള്ള സകലത്തിന്റെയും സൃഷ്ടി പൂർത്തിയായി. ദൈവം ചെയ്തുകൊണ്ടിരുന്ന സകലപ്രവൃത്തിയും ഏഴാംദിവസമായപ്പോഴേക്കും പൂർത്തീകരിച്ചു; അതിനുശേഷം തന്റെ സകലപ്രവൃത്തിയിൽനിന്നും ഏഴാംദിവസം ദൈവം വിശ്രമിച്ചു. സൃഷ്ടിസംബന്ധമായി അവിടന്നു ചെയ്ത സകലപ്രവൃത്തികളിൽനിന്നും സ്വസ്ഥനായതിനാൽ ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു. ആകാശത്തിന്റെയും ഭൂമിയുടെയും ഉൽപ്പത്തിവിവരം ഇപ്രകാരമാണ്: യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച അവസരത്തിൽ വയലിലെ ചെടികളും സസ്യങ്ങളും അന്നുവരെ ഭൂമിയിൽ മുളച്ചിരുന്നില്ല; യഹോവയായ ദൈവം ഭൂമിയിൽ മഴ അയച്ചിരുന്നില്ല, മണ്ണിൽ അധ്വാനിക്കാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയിൽനിന്ന് ഉറവ പൊങ്ങിയായിരുന്നു ഭൂതലം മുഴുവൻ നനഞ്ഞിരുന്നത്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.