ഉൽപത്തി 18:11-15

ഉൽപത്തി 18:11-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ അബ്രാഹാമും സാറായും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറായ്ക്കു നിന്നുപോയിരുന്നു. ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു. യഹോവ അബ്രാഹാമിനോട്: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചത് എന്ത്? യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ട് കഴിഞ്ഞിട്ട് ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറായ്ക്ക് ഒരു മകൻ ഉണ്ടാകും എന്ന് അരുളിച്ചെയ്തു. സാറാ ഭയപ്പെട്ടു: ഇല്ല, ഞാൻ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്ന് അവൻ അരുളിച്ചെയ്തു.

ഉൽപത്തി 18:11-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അബ്രഹാമും സാറായും വയോവൃദ്ധരായിരുന്നു. സാറായ്‍ക്ക് ആർത്തവം നിലയ്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു സാറാ ഉള്ളിൽ ചിരിച്ചുകൊണ്ടു പറഞ്ഞു: “ഞാൻ വൃദ്ധയായി; എന്റെ ഭർത്താവും വൃദ്ധനാണ്. ഇനി എനിക്കു സുഖഭോഗമുണ്ടാകുമെന്നോ?” സർവേശ്വരൻ അബ്രഹാമിനോടു ചോദിച്ചു: “വൃദ്ധയായ എനിക്ക് സന്താനഭാഗ്യമുണ്ടാകുമോ എന്നു പറഞ്ഞ് സാറാ ഉള്ളിൽ ചിരിച്ചതെന്ത്? സർവേശ്വരന് അസാധ്യമായത് എന്തെങ്കിലുമുണ്ടോ? പറഞ്ഞതുപോലെ അടുത്ത വർഷം നിശ്ചിതസമയത്ത് ഞാൻ തിരിച്ചുവരുമ്പോൾ സാറായ്‍ക്ക് ഒരു പുത്രനുണ്ടായിരിക്കും.” സാറാ ഭയപ്പെട്ട് “ഞാൻ ചിരിച്ചില്ല” എന്നു പറഞ്ഞു. “അല്ല നീ ചിരിക്കുക തന്നെ ചെയ്തു” എന്ന് അവിടുന്ന് പറഞ്ഞു.

ഉൽപത്തി 18:11-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ അബ്രാഹാമും സാറായും വയസ്സുചെന്നു വൃദ്ധരായിരുന്നു. സാറായിക്ക് ഗർഭധാരണത്തിനുള്ള പ്രായം കഴിഞ്ഞിരുന്നു. ആകയാൽ സാറാ ഉള്ളിൽ ചിരിച്ചുകൊണ്ട്: “വൃദ്ധയായിരിക്കുന്ന എനിക്ക് സുഖഭോഗമുണ്ടാകുമോ? എന്‍റെ ഭർത്താവും വൃദ്ധനായിരിക്കുന്നു” എന്നു പറഞ്ഞു. യഹോവ അബ്രാഹാമിനോട് “വൃദ്ധയായ ഞാൻ പ്രസവിക്കുന്നത് വാസ്തവംതന്നെയോ’ എന്നു പറഞ്ഞ് സാറാ ചിരിച്ചത് എന്തുകൊണ്ട്? യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു വർഷം കഴിഞ്ഞിട്ട് നിശ്ചയിച്ച സമയത്ത് ഞാൻ നിന്‍റെ അടുക്കൽ മടങ്ങിവരും; സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്നു അരുളിച്ചെയ്തു. സാറാ ഭയപ്പെട്ടു: “ഞാൻ ചിരിച്ചില്ല” എന്നു നിരസിച്ചു പറഞ്ഞു. “അല്ല, നീ ചിരിച്ചു” എന്നു അവിടുന്ന് അരുളിച്ചെയ്തു.

ഉൽപത്തി 18:11-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു. ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു. യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു? യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു. സാറാ ഭയപ്പെട്ടു: ഇല്ല, ഞാൻ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവൻ അരുളിച്ചെയ്തു.

ഉൽപത്തി 18:11-15 സമകാലിക മലയാളവിവർത്തനം (MCV)

അബ്രാഹാമും സാറായും വൃദ്ധരും വളരെ പ്രായമായവരും ആയിരുന്നു. സാറായ്ക്കു ഗർഭധാരണത്തിനുള്ള പ്രായവും കഴിഞ്ഞുപോയിരുന്നു. “ഞാൻ വൃദ്ധയായി, എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു; ഇനി ഈ സൗഭാഗ്യം എനിക്കുണ്ടാകുമോ?” സാറാ ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു. അപ്പോൾ യഹോവ അബ്രാഹാമിനോട്, “വൃദ്ധയായ എനിക്കു കുട്ടിയുണ്ടാകുമോ എന്നു പറഞ്ഞു സാറാ ചിരിച്ചതെന്ത്? യഹോവയ്ക്ക് അസാധ്യമായ കാര്യം ഉണ്ടോ? അടുത്തവർഷം നിശ്ചിതസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും, അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു. സാറാ ഭയന്നുപോയി, അതുകൊണ്ട് അവൾ, “ഞാൻ ചിരിച്ചില്ല” എന്നു മാറ്റിപ്പറഞ്ഞു. എന്നാൽ അവിടന്ന്, “അല്ല, നീ ചിരിച്ചു” എന്ന് അരുളിച്ചെയ്തു.