ഉൽപത്തി 16:1-13
ഉൽപത്തി 16:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു. സാറായി അബ്രാമിനോട്: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു. അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു. അവൻ ഹാഗാറിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി. അപ്പോൾ സാറായി അബ്രാമിനോട്: എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. അബ്രാം സാറായിയോട്: നിന്റെ ദാസി നിന്റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ട് ഓടിപ്പോയി. പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ അവളെ കണ്ടു. സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന് അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു. യഹോവയുടെ ദൂതൻ അവളോട്: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ പിന്നെയും അവളോട്: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേർ വിളിക്കേണം; അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും; അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരേ പാർക്കും എന്ന് അരുളിച്ചെയ്തു. എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
ഉൽപത്തി 16:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രാമിന്റെ ഭാര്യയായ സാറായിക്ക് ഇതുവരെ മക്കളുണ്ടായില്ല. അവൾക്കു ഹാഗാർ എന്ന ഒരു ഈജിപ്തുകാരി ദാസിയുണ്ടായിരുന്നു. സാറായി അബ്രാമിനോടു പറഞ്ഞു: “സർവേശ്വരൻ എനിക്കു സന്താനഭാഗ്യം നല്‌കിയില്ല. അങ്ങ് എന്റെ ദാസിയെ പ്രാപിക്കുക. അവളിൽനിന്ന് എനിക്കു മക്കളെ ലഭിച്ചേക്കും.” സാറായിയുടെ ഉപദേശം അബ്രാം സ്വീകരിച്ചു. കനാൻദേശത്ത് വാസം തുടങ്ങി പത്തു വർഷം കഴിഞ്ഞപ്പോഴാണു സാറായി തന്റെ ഈജിപ്തുകാരി ദാസി ഹാഗാറിനെ ഭർത്താവിന് ഉപഭാര്യയായി നല്‌കിയത്. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവൾ ഗർഭിണിയായി; താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾമുതൽ അവൾ യജമാനത്തിയെ നിന്ദിക്കാൻ തുടങ്ങി. സാറായി അബ്രാമിനോടു പറഞ്ഞു: “എന്റെ ദുഃഖത്തിനു കാരണം അങ്ങുതന്നെ. എന്റെ ദാസിയെ അങ്ങേക്കു നല്‌കിയത് ഞാനാണല്ലോ. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷംമുതൽ അവൾ എന്നെ നിന്ദയോടെ വീക്ഷിക്കുന്നു. കുറ്റം നമ്മിൽ ആരുടേതെന്നു സർവേശ്വരൻ വിധിക്കട്ടെ.” അബ്രാം പറഞ്ഞു: “നിന്റെ ദാസി നിന്റെ അധികാരത്തിൻ കീഴിൽത്തന്നെയാണ്. നിന്റെ ഇഷ്ടംപോലെ അവളോടു വർത്തിക്കുക”. പിന്നീട് സാറായി ഹാഗാറിനോടു ക്രൂരമായി പെരുമാറി; അവൾ അവിടെനിന്ന് ഓടിപ്പോയി. മരുഭൂമിയിൽ ശൂരിലേക്കുള്ള വഴിമധ്യേ ഒരു നീരുറവിന്റെ അരികിൽവച്ച് സർവേശ്വരന്റെ ദൂതൻ അവളെ കണ്ടു. ദൂതൻ അവളോടു ചോദിച്ചു: “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു?” അവൾ പറഞ്ഞു: “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുക്കൽനിന്നു ഓടിപ്പോവുകയാണ്.” ദൂതൻ പറഞ്ഞു: “നിന്റെ യജമാനത്തിയുടെ അടുക്കലേക്കു തിരിച്ചുപോയി അവൾക്കു കീഴ്പെട്ടിരിക്കുക. നിന്റെ സന്തതികളെ എണ്ണിയാൽ തീരാത്തവിധം ഞാൻ വർധിപ്പിക്കും. ഇപ്പോൾ നീ ഗർഭിണിയാണ്. നിനക്കു ഒരു മകൻ ജനിക്കും. സർവേശ്വരൻ നിന്റെ രോദനം കേട്ടതിനാൽ അവന് ഇശ്മായേൽ എന്നു പേരിടണം. അവൻ ഒരു കാട്ടുകഴുതയ്‍ക്കു സമനായിരിക്കും. അവൻ സകല മനുഷ്യർക്കും എതിരായും എല്ലാവരും അവന് എതിരായും പൊരുതും. സകല ചാർച്ചക്കാരിൽനിന്നും അവൻ അകന്നു ജീവിക്കും.” “എന്നെ കാണുന്നവനായ ദൈവത്തെ ഞാൻ ഇവിടെ കണ്ടുവല്ലോ” എന്നു പറഞ്ഞു, ഹാഗാർ തന്നോടു സംസാരിച്ച സർവേശ്വരനെ എൽറോയി എന്നു വിളിച്ചു.
ഉൽപത്തി 16:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അബ്രാമിൻ്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്ക് ഹാഗാർ എന്നു പേരുള്ള മിസ്രയീംകാരിയായ ഒരു ദാസി ഉണ്ടായിരുന്നു. സാറായി അബ്രാമിനോട്: “നോക്കൂ, മക്കളെ പ്രസവിക്കുന്നതിൽനിന്ന് യഹോവ എന്റെ ഗർഭം തടഞ്ഞിരിക്കുന്നുവല്ലോ. എന്‍റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്ക് മക്കളെ ലഭിക്കും” എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു. അബ്രാം കനാൻദേശത്ത് പാർത്ത് പത്തു വർഷം കഴിഞ്ഞപ്പോൾ അബ്രാമിൻ്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു. അവൻ ഹാഗാറിൻ്റെ അടുക്കൽ ചെന്നു; അവൾ ഗർഭംധരിച്ചു; താൻ ഗർഭംധരിച്ചു എന്നു ഹാഗാർ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന് നിന്ദിതയായി. അപ്പോൾ സാറായി അബ്രാമിനോട്: “എനിക്ക് നേരിട്ട അന്യായത്തിന് നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭംധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന് നിന്ദ്യയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ” എന്നു പറഞ്ഞു. അബ്രാം സാറായിയോട്: “നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊള്ളുക” എന്നു പറഞ്ഞു. സാറായി അവളോടു കഠിനമായി പെരുമാറിയപ്പോൾ ഹാഗാർ അവളുടെ അടുക്കൽനിന്ന് ഓടിപ്പോയി. പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്‍റെ അരികിൽ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ, അവളെ കണ്ടു. “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? എന്നു ചോദിച്ചു. അതിന് അവൾ: “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുക്കൽനിന്ന് ഓടിപ്പോകുകയാകുന്നു” എന്നു പറഞ്ഞു. യഹോവയുടെ ദൂതൻ അവളോട്: “നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവൾക്ക് കീഴടങ്ങിയിരിക്കുക” എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ പിന്നെയും അവളോട്: “ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതുകൊണ്ട് അവർ എണ്ണിക്കൂടാത്തവിധം പെരുപ്പമുള്ളതായിരിക്കും. നോക്കൂ, നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേട്ടതുകൊണ്ട് അവനു യിശ്മായേൽ എന്നു പേർ വിളിക്കേണം; അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈകൾ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ വസിക്കും” എന്നു അരുളിച്ചെയ്തു. അപ്പോൾ അവൾ: “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ? എന്നു പറഞ്ഞ് തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: “നീ കാണുന്നവനായ ദൈവമാകുന്നു” എന്നു പേർവിളിച്ചു.
ഉൽപത്തി 16:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു. സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു. അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു. അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി. അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. അബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി. പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ, അവളെ കണ്ടു. സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു. യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം; അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു. എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
ഉൽപത്തി 16:1-13 സമകാലിക മലയാളവിവർത്തനം (MCV)
അബ്രാമിന്റെ ഭാര്യയായ സാറായിക്കു മക്കൾ ജനിച്ചിരുന്നില്ല; അവൾക്കു ഹാഗാർ എന്നു പേരുള്ള ഈജിപ്റ്റുകാരിയായ ഒരു ദാസി ഉണ്ടായിരുന്നു. സാറായി അബ്രാമിനോട്, “യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നു. എന്റെ ദാസിയുടെ അടുക്കൽ ചെല്ലുക; അവളിലൂടെ ഒരുപക്ഷേ എനിക്ക് മക്കൾ ഉണ്ടായേക്കാം” എന്നു പറഞ്ഞു. സാറായിയുടെ നിർദേശം അബ്രാം അംഗീകരിച്ചു. അങ്ങനെ അബ്രാമിന്റെ ഭാര്യ സാറായി തന്റെ ഈജിപ്റ്റുകാരി ദാസി ഹാഗാറിനെ അദ്ദേഹത്തിനു ഭാര്യയായി കൊടുത്തു. ഇതു സംഭവിച്ചത് അബ്രാം കനാനിൽ താമസം ആരംഭിച്ചു പത്തുവർഷം കഴിഞ്ഞപ്പോഴാണ്. അദ്ദേഹം ഹാഗാറിന്റെ അടുക്കൽ ചെന്നു. അവൾ ഗർഭിണിയായിത്തീർന്നു. താൻ ഗർഭവതിയായിരിക്കുന്നു എന്നറിഞ്ഞതുമുതൽ ഹാഗാർ തന്റെ യജമാനത്തിയായ സാറായിയോട് അവജ്ഞയോടെ പെരുമാറാൻതുടങ്ങി. അപ്പോൾ സാറായി അബ്രാമിനോട്, “ഞാൻ സഹിക്കുന്ന ഈ അന്യായത്തിന് അങ്ങാണ് ഉത്തരവാദി. ഞാൻ എന്റെ ദാസിയെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു. ഇപ്പോഴിതാ, അവൾ ഗർഭവതിയാണെന്നറിഞ്ഞതുമുതൽ എന്നെ ആദരിക്കുന്നില്ല. യഹോവ അങ്ങേക്കും എനിക്കും മധ്യേ ന്യായംവിധിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾ അബ്രാം, “നിന്റെ ദാസി നിന്റെ കൈകളിൽത്തന്നെ. നിനക്ക് ഏറ്റവും ഉചിതമെന്നു തോന്നുന്നത് അവളോടു ചെയ്യുക” എന്നു പറഞ്ഞു. അപ്പോൾ സാറായി ഹാഗാറിനോട് നിർദയമായി പെരുമാറി; അതുകൊണ്ട് അവൾ സാറായിയെ വിട്ട് ഓടിപ്പോയി. യഹോവയുടെ ദൂതൻ മരുഭൂമിയിലെ ഒരു നീരുറവിനടുത്തുവെച്ച് ഹാഗാറിനെ കണ്ടു; ആ നീരുറവ ശൂരിലേക്കുള്ള പാതയുടെ അരികത്തായിരുന്നു. ദൂതൻ അവളോട്, “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു?” എന്നു ചോദിച്ചു. അതിന് ഹാഗാർ, “ഞാൻ എന്റെ യജമാനത്തിയുടെ അടുക്കൽനിന്ന് ഓടിപ്പോകുന്നു” എന്നു മറുപടി പറഞ്ഞു. അപ്പോൾ യഹോവയുടെ ദൂതൻ അവളോട്: “നീ യജമാനത്തിയുടെ അടുത്തേക്കു മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്കുക” എന്നു പറഞ്ഞു. ദൂതൻ തുടർന്നു, “ഞാൻ നിന്റെ സന്തതിയെ, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അത്യധികം വർധിപ്പിക്കും” എന്നും പറഞ്ഞു. യഹോവയുടെ ദൂതൻ അവളോടു വീണ്ടും പറഞ്ഞത്: “ഇപ്പോൾ നീ ഗർഭവതിയാണ്. നീ ഒരു മകനെ പ്രസവിക്കും. നീ അവന് യിശ്മായേൽ എന്നു പേരിടണം; യഹോവ നിന്റെ സങ്കടം കേട്ടിരിക്കുന്നു. അവൻ കാട്ടുകഴുതയെപ്പോലുള്ള ഒരു മനുഷ്യൻ ആയിരിക്കും. അവന്റെ കൈ എല്ലാവർക്കും വിരോധമായിരിക്കും; എല്ലാവരുടെയും കൈ അവനും വിരോധമായിരിക്കും; അവൻ തന്റെ സകലസഹോദരങ്ങളോടും ശത്രുതയിൽ ജീവിക്കും.” അതിനുശേഷം തന്നോടു സംസാരിച്ച യഹോവയ്ക്ക് അവൾ “എന്നെ കാണുന്ന ദൈവമാണ് അങ്ങ്,” എന്നു പേരിട്ടു; “എന്നെ കാണുന്ന ദൈവത്തെ ഇപ്പോൾ ഞാനും കണ്ടിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.