ഉൽപത്തി 15:2-6
ഉൽപത്തി 15:2-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് അബ്രാം: കർത്താവായ യഹോവേ, നീ എനിക്ക് എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസർ അത്രേ എന്നു പറഞ്ഞു. നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു. അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻതന്നെ നിന്റെ അവകാശിയാകും എന്ന് അവനു യഹോവയുടെ അരുളപ്പാടുണ്ടായി. പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവൻ അവനു നീതിയായി കണക്കിട്ടു.
ഉൽപത്തി 15:2-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രാം പറഞ്ഞു: “സർവേശ്വരനായ ദൈവമേ, എന്തു പ്രതിഫലമാണ് അവിടുന്ന് എനിക്കു നല്കുക? എനിക്ക് ഒരു സന്തതി ഇല്ലല്ലോ. ദമാസ്കസുകാരനായ എലിയേസരാണല്ലോ ഇപ്പോൾ എന്റെ അനന്തരാവകാശി. അവിടുന്ന് എനിക്കൊരു സന്തതിയെ നല്കാത്തതിനാൽ എന്റെ വീട്ടിൽ പിറന്ന ഒരു ദാസനായിരിക്കും എന്റെ അവകാശി.” അബ്രാമിന് സർവേശ്വരന്റെ അരുളപ്പാടുണ്ടായി: “അവനല്ല, നിന്റെ പുത്രൻതന്നെ നിന്റെ അനന്തരാവകാശി ആയിരിക്കും.” അവിടുന്ന് അബ്രാമിനെ പുറത്തുകൊണ്ടുപോയി അരുളിച്ചെയ്തു: “നീ ആകാശത്തിലേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളെ എണ്ണാൻ നിനക്കു കഴിയുമോ? നിന്റെ സന്തതികളും അത്ര അധികമായിരിക്കും.” അബ്രാം സർവേശ്വരനിൽ വിശ്വസിച്ചു. അതിനാൽ അവിടുന്ന് അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.
ഉൽപത്തി 15:2-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് അബ്രാം: “കർത്താവായ യഹോവേ, അങ്ങ് എനിക്ക് എന്ത് തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ വീടിന്റെ അവകാശി ദമ്മേശെക്കുകാരനായ എല്യേസെർ അത്രേ” എന്നു പറഞ്ഞു. “നോക്കൂ, അങ്ങ് എനിക്ക് സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു” എന്നും അബ്രാം പറഞ്ഞു. അപ്പോൾ, യഹോവയുടെ അരുളപ്പാടു അവനു ഉണ്ടായതെന്തെന്നാൽ: “അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തില്നിന്ന് പുറപ്പെടുന്നവൻ തന്നെ നിന്റെ അവകാശിയാകും.” പിന്നെ അവിടുന്ന് അബ്രാമിനെ പുറത്തു കൊണ്ടുചെന്നു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കല്പിച്ചു. “നിന്റെ സന്തതി ഇങ്ങനെ ആകും” എന്നും അവിടുന്ന് അവനോട് കല്പിച്ചു. അവൻ യഹോവയിൽ വിശ്വസിച്ചു; അത് അവിടുന്ന് അബ്രാമിന് നീതിയായി കണക്കിട്ടു.
ഉൽപത്തി 15:2-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു അബ്രാം: കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസെർ അത്രേ എന്നു പറഞ്ഞു. നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു. അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി. പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.
ഉൽപത്തി 15:2-6 സമകാലിക മലയാളവിവർത്തനം (MCV)
അതിന് അബ്രാം, “കർത്താവായ യഹോവേ, അങ്ങ് എനിക്കെന്തു നൽകും? ഞാൻ മക്കളില്ലാത്തവനാണ്; എന്റെ സ്വത്തിന് അവകാശി ദമസ്കോസുകാരനായ എലീയേസറാണ്. അവിടന്ന് എനിക്കു മക്കളെ തന്നിട്ടില്ല; അതുകൊണ്ട് എന്റെ വീട്ടിലുള്ള ഒരു ദാസൻ എന്റെ അനന്തരാവകാശി ആയിത്തീരും.” അപ്പോൾ അദ്ദേഹത്തോട് യഹോവ അരുളിച്ചെയ്തു: “ഇവൻ നിന്റെ അനന്തരാവകാശി ആകുകയില്ല; പിന്നെയോ, നിന്നിൽനിന്നു ജനിക്കുന്നവൻതന്നെ നിന്റെ അനന്തരാവകാശി ആയിത്തീരും.” യഹോവ അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി: “നീ ആകാശത്തേക്കു നോക്കുക, നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കൽപ്പിച്ചു. പിന്നെ അവിടന്ന് അവനോട്, “നിന്റെ സന്തതി ഇങ്ങനെ അസംഖ്യമാകും” എന്ന് അരുളിച്ചെയ്തു. അബ്രാം യഹോവയിൽ വിശ്വസിച്ചു, അതുനിമിത്തം യഹോവ അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.